അവളും പിള്ളേരും നാട്ടിലാണ്.അവധിയില്ലാത്ത ഈ അവധിക്കാലത്ത് ഞാന്‍ മാത്രം ഈ മഞ്ഞുപുതച്ച നാട്ടില്‍.
സമ്മര്‍ദ്ദങ്ങള്‍ ജോലിസ്ഥലത്തുപേക്ഷിച്ച് പോരാന്‍ പറ്റുന്നവര്‍ക്കു മാത്രമേ ഈ മാര്‍ക്കറ്റിങ്ങ് ജോലി ഇണങ്ങൂ എന്നറിയാഞ്ഞിട്ടല്ല.തനിക്കെതിരെ തന്നെയുള്ള ഒരു വെല്ലുവിളി പോലെ സ്വീകരിച്ചതാണ്.പിന്നെയതില്‍ തന്നെ അങ്ങ് സ്ഥിരപ്പെടുകയും ചെയ്തു.
വീക്കെന്‍ഡാണ്.ഒരു താത്കാലികാശ്വാസം!മരുപ്പച്ച കണ്ട മരുഭൂ സഞ്ചാരിയെപ്പോലെ.
ഇന്നിനി ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല.ഫ്രിഡ്ജിലുള്ളതെന്തെങ്കിലും സാപ്പിട്ട് നേരെ കിടന്നുറങ്ങണം.
കൈലിയെവിടെ? നമ്മുടെ ലോകത്തു വന്നാല്‍ പിന്നെ അവിടെ മറ്റാരുമില്ലെങ്കില്‍ വസ്ത്രങ്ങളെല്ലാം പറിച്ചെറിഞ്ഞ് ഒരു കൈലിയുടുത്ത് നാട്ടിലേതുപോലെ മടക്കി കുത്തി നടക്കണം.
സത്യത്തില്‍ എത്ര നല്ല വേഷമാണ് ഈ വെറും കൈലി!
എന്തൊരു വായു സഞ്ചാരം!
എന്തൊരു ഉല്ലാസം!!
മനുഷ്യന്‍ വിവസ്ത്രനായി ജീവിക്കാന്‍ ഡിസൈന്‍ ചെയ്യപ്പെട്ടവനാണ്.കെട്ടിപ്പൂട്ടിയ വസ്ത്രങ്ങള്‍ എന്തൊരു അസൗകര്യമാണ്.പ്രത്യേകിച്ചും ഈ ആംഗലേയരീതിയിലുളള ഇന്നേഴ്സ്.എല്ലാം ബഹിഷ്കരിച്ചു!
'വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിക്കുക!മഹാത്മാഗാന്ധി കീ ജയ്!കൈത്തറി കീ ജയ്!'
ഫോണില്‍ നൂറായിരം നോട്ടിഫിക്കേഷനുണ്ട്.ഒന്നും നോക്കുന്നില്ല.ആകാശമിടിഞ്ഞാല്‍ ഇടിയട്ടെ!!
എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ബെഡിലേയ്ക്കു മറിഞ്ഞു.ഇനി തണുക്കുമ്പോള്‍ ആ കൈലി പറിച്ചങ്ങ് പുതക്കണം..ആഹാ!!ടണ്‍ കണക്കിന് നൊസ്റ്റാള്‍ജിയ!
ലൈറ്റണച്ചു.ഇരുട്ടായി.അധികം താമസിയാതെ തലയിലും ഉറക്കത്തിന്റെ ഇരുള്‍ പരന്നു.
പെട്ടെന്നാണ്..
മൂടിപ്പുതച്ച് അവിടെയുമിവിടെയും ലോക്കിട്ടു വെച്ചിരിക്കുന്ന കൈലി പുതപ്പ് ഏതോ ഒരു അജ്ഞാതശക്തി പറിച്ചെടുത്തു!
മുറിയില്‍ വെളിച്ചത്തിന്റെ പ്രളയം!
ഒച്ചപ്പാട്!
ബഹളം!
തിളങ്ങുന്ന എന്തോ അജ്ഞാതകിരണങ്ങള്‍ എന്റെ മേനിയിലേയ്ക്ക്!!
"ഹാപ്പി ബേര്‍ഡേ ഡിയര്‍ ഷീബൂ.."നൂറു നൂറു കണ്ഠങ്ങള്‍ എന്തോ പാടുന്നു.
ഇതെല്ലാം ഒരു സ്പ്ളിറ്റ് സെക്കന്റു നേരത്തേക്കു മാത്രം.
ആകെയുള്ള ഒരേ ഒരു കൈലി നഷ്ടപ്പെട്ടു നില്‍ക്കുന്ന ഷീബൂ വിന്റെ ദര്‍ശനമാത്രയില്‍ എല്ലാവരും നിശബ്ദരായി.
ഓഫീസിലെ എല്ലാവരുമുണ്ട്!ചര്‍ച്ചിലെ ആളുകളുമുണ്ട്!ആ മുറിയില്‍ സന്നിഹിതരാകാതെ ഇനി ഈ നാട്ടില്‍ വേറെ ആരും മിച്ചമില്ലെന്നും പറയാം!
റീജിയണല്‍ മാനേജര്‍ മദാമ്മ സിറ്റുവേഷന്‍ മയപ്പെടുത്താന്‍ ശ്രമിച്ചു.
"ഓ മൈ ഗോഡ്.യു ലുക്ക് സോ സിമ്പിള്‍....ഉംംംംംആന്റ് ഗ്രേറ്റ് ഷീബൂ..ബട്ട്...ഓകായ്,ഐ ഗാട്ട് ദിസ്.സ്ളീപ്പിങ്ങ് നേക്കഡ് ഓണ്‍ യുര്‍ ബേര്‍ഡേ വില്‍ ബ്രിങ്ങ് ഗുഡ് ലക്ക്..ഈസിന്റ് സോ,ഷീബൂ?ഇന്തിയന്‍ കള്‍ച്ചര്..റിയലി വെരി.."
"നിന്നു പ്രസംഗിക്കാതെ എന്റെ കൈലിയിങ്ങു താ തള്ളച്ചീ!!"പറഞ്ഞതു മലയാളത്തിലാണെങ്കിലും ടോണ്‍ കേട്ടവര്‍ക്ക് കാര്യം മനസ്സിലായിക്കാണും.
പിറ്റേന്ന് വെളുപ്പിനെ നാട്ടീന്ന് അവളുടെ വിളി വന്നു.
"സര്‍പ്രൈസ് പാര്‍ട്ടി എങ്ങിനെ ഒണ്ടാരുന്നു ചേട്ടായീ?ഞാനാ അവര്‍ക്ക് ചാവി കൊടുത്തിട്ട് പോയത്."
"പാര്‍ട്ടി തകര്‍ത്തു.മെനി താങ്ക്സ്"
"ഹാപ്പി ബര്‍ത്ത് ഡേ ചേട്ടായീ.പറയാമ്മറന്നുപോയി.സോറീട്ടോ"
"പിന്നേം താങ്ക്സ്"
No comments:
Post a Comment