പുതിയ അഭിമുഖങ്ങള്‍ ഇങ്ങനെയാണ്-ഒരേ തൊഴില്‍ ചെയ്യുന്നവര്‍ തമ്മിലൊരു സൗഹൃദസംഭാഷണം പോലെ.ഇന്ന് എനിക്ക് അഭിമുഖസംഭാഷണം നടത്തേണ്ടത് കുപ്രസിദ്ധനായ ഒരു ഹൊറര്‍ നോവലിസ്റ്റുമായാണ്.
"ഞാന്‍ ഏട്ടന്റെ പുസ്തകങ്ങള്‍ ഭൂരിഭാഗവും ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തിട്ടുണ്ട്.എന്നാലും കാഴ്ചക്കാര്‍ക്കുവേണ്ടി പ്രധാന രചനകളുടെ വിശദാംശങ്ങള്‍ ഒന്നു പറയാമോ?"
"അതിനെന്താ?പറയാമല്ലോ!ഏട്ടനെന്നു വിളിക്കാനുള്ള പ്രായമൊന്നും എനിക്കില്ല അനിയാ.അറിയാലോ...ഏ?"
"അതറിയാം.എന്നാലും ബഹുമാനസൂചകമായി..രചനകളുടെ പേരു പറയാമോ?"
"ഷുവര്‍ ഷുവര്‍.രചനകളെന്നു പറഞ്ഞാല്‍ എല്ലാം ഒരു സീരീസുപോലെ വായിക്കാവുന്നതാണെങ്കിലും ഒന്നിനൊന്നു വ്യത്യസ്തമാണ്.അറിയാലോ... ഏ?
അതില് എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിലതാണ് ഫ്രിഡ്ജിലെ പ്രേതം,ടി.വി.യിലെ പ്രേതം,പത്തായത്തിലെ പ്രേതം,ചാരുകസേരയിലെ പ്രേതം,കറിച്ചട്ടിയിലെ പ്രേതം,കോളാമ്പിയിലെ പ്രേതം തുടങ്ങിയവ."
"ഏകദേശം ഗൃഹോപകരണങ്ങളുടെ ഒരു സമ്പൂര്‍ണ്ണശ്രേണി ആയി അല്ലേ?"
"ഹാ ഹാ..പക്ഷേ എല്ലാം വളരെ വ്യത്യസ്തങ്ങളായ സംഭവങ്ങളാണ്.അറിയാലോ..ഏ?"
"അതുപിന്നെ കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്ന കാര്യമല്ലേ!പുതിയ പുസ്തകങ്ങള്‍ വല്ലതും വരാനുണ്ടോ?"
"ഉണ്ട്.തീര്‍ച്ചയായും ഉണ്ട്.അല്‍പ്പം മോഡേണായ ഒരു വ്യത്യസ്തസംഭവമാണ്."
"ആഹാ...പേരിട്ടോ?നമ്മുടെ കാഴ്ചക്കാര്‍ക്കുവേണ്ടി ആ പേരൊന്ന് പറഞ്ഞൂടെ ഏട്ടാ?"
"പേര്..സത്യത്തില്‍ പേരു മാത്രമേ ഇട്ടിട്ടുള്ളൂ.മോഡേണാണ്.പറഞ്ഞല്ലോ..ഏ?യൂറോപ്യന്‍ ക്ളോസറ്റിലെ പ്രേതം!"
"അതു പൊളിക്കും.യൂറോപ്യന്‍ ക്ളോസറ്റ് മോഡേണാണല്ലോ!........കഥാതന്തു കൂടി ഒന്നു പങ്കുവെച്ചൂടെ?പേരൊക്കെ കേട്ടപ്പോള്‍ ആകാംക്ഷ അടക്കാന്‍ പറ്റുന്നില്ല!"
"വളരെ വ്യത്യസ്തമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.അറിയാലോ..ഏ?ഇതില്‍ ആരുടെ ഭാഗത്തു നിന്ന് കഥ പറഞ്ഞാലാണ് കൂടുതല്‍ മിഴിവ് കിട്ടുക എന്ന ചെറിയ ഒരു കണ്‍ഫ്യൂഷനുമുണ്ട്!"
"പ്രേതം അറ്റാക്കു ചെയ്ത ആരുടെയെങ്കിലും കണ്ണിലൂടെ കഥ പറഞ്ഞാലോ ഏട്ടാ?"
"അത് ആലോചിച്ചു.യൂറോപ്യന്‍ ക്ളോസറ്റാകുമ്പോള്‍ പ്രേതത്തിന്റെ ആക്രമണമേറ്റവരൊക്കെ പുറത്തു
പറയാന്‍ പറ്റാത്ത ഭാഗങ്ങള്‍ തകര്‍ന്ന്..അതിന്റെ ഭീകരതയും ദയനീയതയും നാടകീയതയുമൊക്കെയായി അങ്ങിനെ..വ്യത്യസ്തമായിരിക്കും."
"വ്യത്യസ്തമായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.അല്ല ഏട്ടാ..നമുക്ക് പ്രേതത്തിന്റെ ഭാഗത്തു നിന്ന് കഥ പറഞ്ഞാലോ?"
"അതും മോശമില്ല..പ്രേതത്തിന്റെ വീടാണല്ലോ ക്ളോസറ്റ്!അവിടെ വെള്ളമൊഴിക്കാതെ പോകുന്നവര്‍,ഹാര്‍പ്പിക് ഒരുപാട് കോരിയൊഴിക്കുന്നവര്‍,പ്രേതത്തിന് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍..കൊള്ളാമല്ലേ..ഏ?"
"കൊള്ളാം കൊള്ളാം.ഇനി ഈ കഥ പറയാന്‍ ഒരുപാട് സങ്കേതങ്ങളെ അന്വേഷിക്കാതിരിക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു!
അപ്പോ ഇന്നു മുതല്‍ ഞങ്ങളെല്ലാവരും യൂറോപ്യന്‍ ക്ളോസറ്റിലെ പ്രേതത്തിനായി ആകാംക്ഷയോടെ കാത്തിരിക്കും.എല്ലാവിധ ആശംസകളും.നമസ്കാരം"
"നമസ്കാരം"
No comments:
Post a Comment