കാത്തിരുന്നു കിട്ടിയ ജോലിയുമായി ഈ സ്വര്‍ഗ്ഗരാജ്യം പോലുള്ള ഗ്രാമത്തിലെത്തിയപ്പോള്‍ മുതല്‍ മനസ്സ് സിനിമ പാട്ടുകള്‍ പാടാന്‍ തുടങ്ങിയതാണ്.
"ആലിലക്കാവിലെ തെന്നലേ നിന്നെ ഞാന്‍ താമരത്താലിയില്‍..
ഹായ് ഹായ്
സ്വര്‍ണ്ണനൂലുപോല്‍ മെലീീീഞ്ഞ നിന്നെ ഞാന്‍"
അതുപോലൊരു സ്ഥലമാണെന്നെ!
കവികളും ചിത്രകാരന്‍മാരും സിനിമക്കാരും നൊസ്റ്റാള്‍ജിയ വാര്‍ദ്ധക്യങ്ങളും പാടിയും പറഞ്ഞും മനസ്സിലുറപ്പിച്ച സര്‍വ്വവിധ ലക്ഷണങ്ങളുമൊത്ത ഒരു ഗ്രാമം.തിളങ്ങുന്ന പച്ചനിറവും തങ്കനിറവും മാറിമാറിയണിയുന്ന പാടശേഖരവും,തെളിനീരൊഴുകുന്ന തോടും,തണുവാര്‍ന്ന കുളവും,ചെറു കുന്നുകളും,ദലമര്‍മ്മരമൊഴുകുന്ന ആല്‍ത്തറയും,ധാരാളം പക്ഷികളും,പൂച്ചെടികള്‍ തോരണം തൂക്കിയ നാട്ടുവഴികളും..
മനസ്സില്‍ ചില നിഗൂഡസ്വപ്നങ്ങളും തലപൊക്കിത്തുടങ്ങി.വേറൊന്നുമല്ല,കൊഞ്ചുന്ന കൊലുസ്സും ഗ്രാമത്തിന്റെ നിഷ്കളങ്കതയും അന്ധമായ സ്നേഹവും ചൊടിയും ചുണയും കുറുമ്പുമൊക്കെയുള്ള ഒരു സ്വര്‍ണ്ണനൂലിനെ ലൈനടിച്ച് കെട്ടണം.പിന്നീട് കാവ്യശില്‍പ്പം പോലെയൊരു ജീവിതം..ആഹാ.
വലിയ അത്യാഗ്രഹമൊന്നുമല്ല.ഇവിടെയെല്ലാവരും വളരെ ബഹുമാനത്തോടെ 'സാറേ' എന്നു വിളിക്കുന്ന ജോലിയും മാന്യമായ ശമ്പളവുമുണ്ടല്ലോ.കണ്ടാലും തരക്കേടില്ലെന്നാണ് പൊതുജനസംസാരം.
കണ്ടാല്‍ കുറച്ചുകൂടി നന്നെന്ന് തോന്നിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ വന്ന അതേ ദിവസം തന്നെ തുടങ്ങിയിരുന്നു.
എപ്പോഴാണ്,എവിടെയാണ് ആ അജ്ഞാതസൗന്ദര്യധാമവുമായുള്ള ആദ്യഘട്ട കൂടിക്കാഴ്ചയെന്നറിയില്ലല്ലോ!
പാല്‍പ്പാടയുടെ പോഷണമുള്ള സോപ്പിട്ട് കുളിക്കും,രാവിലെ രണ്ടു തവണയെങ്കിലും ഷേവുചെയ്യും,മീശയിലെ വിടവുകള്‍ കലാപരമായി അടച്ചുവെക്കും,പശയിട്ട് അലക്കിയ തുണികള്‍ വടിപോലെ തേച്ച് അവ ചുളുങ്ങാതെ ഉള്ള ആ നടപ്പ് ഒരല്‍പ്പം റോബോട്ടിക് ഡാന്‍സ്പോലാണ്. സാരമില്ല.വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയല്ലേ!
വന്നിട്ട് കുറച്ചു ദിവസങ്ങളായി.നാട്ടുകാര്‍ക്കെല്ലാം എന്നെയറിയാം.എനിക്കാണെങ്കില്‍ പലരേയും കാണുമ്പോള്‍ ആശയക്കുഴപ്പം കാരണം തിരിച്ചറിയാനും സാധിക്കുന്നില്ല.സൗഹൃദങ്ങളൊന്നും ആയിട്ടില്ല.
വഴികള്‍ പഠിച്ചു.കടകള്‍ പഠിച്ചു.ഓഫീസിലെ രീതികള്‍ ഏറ്റവുമാദ്യം പഠിച്ചു.വീട്ടിലേയ്ക്കു കത്തയക്കാന്‍ പോസ്റ്റാഫീസുമായും ഒരു ആത്മബന്ധം സ്ഥാപിച്ചെടുത്തു.
പഠനത്തിന്റെ ഇടവേളകളില്‍ ലൈനടി സ്വപ്നം തള്ളിക്കയറി വരുന്നുണ്ട്.
നല്ല കാര്യങ്ങള്‍ സമയമെടുത്തേ നടക്കാറുളളൂ എന്നാണല്ലോ!അതുകൊണ്ടാവാം ആ നാടന്‍ സുന്ദരിയെ ഇതുവരെ കാണാത്തത്.
നടപ്പുവഴിയിലെ വീടുകളുടെ വിശദാംശങ്ങളൊന്നും പഠിച്ചില്ല എന്ന കാര്യം പറഞ്ഞല്ലോ?അതിലൊരു ഒറ്റപ്പെട്ട വീടിനോട് എന്തോ ഒരടുപ്പം തോന്നുന്നില്ലേ എന്നൊരു സംശയം ബലപ്പെടുകയാണ്.വേലിപോലെ വളര്‍ന്നുനില്‍ക്കുന്ന സസ്യലതാതികള്‍ക്കിടയില്‍ ആ വീട് ചിപ്പിക്കുള്ളിലെ മുത്തുപോലെ ഗുപ്തമായി ഇരിക്കുകയാണ്.ഒരിക്കലും അവിടെനിന്ന് വലിയ ശബ്ദങ്ങളൊന്നും കേട്ടിട്ടില്ല.ഒരു സുന്ദരിയുടെ പൂര്‍വ്വാശ്രമമാകാനുള്ള യോഗ്യതകളൊക്കെ ആ വീടിനില്ലേ?അങ്ങിനെയൊരു ദിവസമാണ് മയൂരകര്‍ണ്ണങ്ങളില്‍ ഇടിമുഴക്കമെന്നപോല്‍ ഒരു സംഗീതാത്മക സ്വരം ആ വേലിക്കെട്ടിനകത്തുനിന്ന് കേട്ടത്.
ഒരു കൊലുസ്സിന്റെ.....കൊഞ്ചല്‍!!
സുന്ദരിയുടെ പൂര്‍വ്വാശ്രമമാക്കാന്‍ പറ്റിയ വീടു തന്നെ..സംശയമില്ല.മനം തുടികൊട്ടിപ്പറന്നു..ഇടക്കിടെ..അടിക്കടി!
ഒരു നോക്കു കാണണം!
കൊലുസ്സുനാദശ്രവണം പതിവായി.ഒരിക്കല്‍ കേട്ടാല്‍ പിന്നെ എപ്പോഴും കേള്‍ക്കുമല്ലോ!എന്തെങ്കിലും കാരണം പറഞ്ഞ് അകത്തു കയറി ഒന്നു കാണണം.
താന്‍ പാതി ദൈവം പാതി എന്നല്ലേ.ദൈവം ഈസി ആയ പാതി ചെയ്തു കഴിഞ്ഞു.ഇനി റിസ്കുളള പാതി ഞാനും ചെയ്യണമല്ലോ!
വേലിക്കിടയിലൂടെ നോക്കുന്നത് ശരിയല്ല.ആരെങ്കിലും കണ്ടാല്‍!!
അങ്ങിനെ....കണക്കുകൂട്ടലുകളുടേയും ധൈര്യം സംഭരിക്കലിന്റേയും രണ്ടു മൂന്നു നിദ്രാവിഹീന ദിനങ്ങള്‍ക്കപ്പുറം,ഓഫീസില്‍ നിന്നുള്ള മടക്കയാത്രയില്‍ എന്തെങ്കിലും കാരണം പറഞ്ഞ് സുന്ദരീഗൃഹത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു.
തടിക്കഷണങ്ങള്‍ ഫ്രെയിമില്‍ നിരക്കാവുന്ന തരത്തിലുള്ള പടിക്കെട്ട് കയറി.നല്ല പരിഭ്രമമുണ്ട്.വടിപോലിരുന്ന ഷര്‍ട്ടൊക്കെ വിയര്‍പ്പില്‍ മുങ്ങിയോ?അകത്തെ നിശബ്ദതയ്ക്ക് അല്‍പ്പം ഭയപ്പാടിന്റെ ഗന്ധവുമുണ്ടോ?
എന്തായാലും ഇറങ്ങിപ്പുറപ്പെട്ടു.ടെക്നിക്കലി,പടിപ്പുര കയറി പുറപ്പെട്ടു.
വിളിച്ചുനോക്കിയാലോ?വിളിച്ചു.
"ഹലോ,ഇവിടാരുമില്ലേ?"
നിശബ്ദത തന്നെയായിരുന്നു മറുപടി.അകത്ത് വെട്ടവും വെളിച്ചവുമൊന്നുമില്ല.പാതി ചാരിയ വാതിലിന്റെ പാളികള്‍ക്കപ്പുറത്തെ നിഗൂഢമായ ഇരുട്ടിലേയ്ക്ക് നോക്കിക്കൊണ്ട് സംശയിച്ച് നില്‍ക്കവേ,പൊടുന്നനെ..
ആനക്കോണ്ടയുടെ വളയത്തില്‍ പെട്ടതുപോലെ അസ്ഥികളൊടിയുന്ന അനുഭവം;പിന്‍കഴുത്തില്‍ ഒരു കാട്ടുമൃഗത്തിന്റെ നിശ്വാസത്തിന്റെ ചൂടും ബഹളവും.ആനക്കോണ്ടയല്ല.ആനക്കോണ്ട സൈസുള്ള കൈകളാണ് ഞെരിക്കുന്നത്.ശബ്ദമുണ്ടാക്കണമെന്നുണ്ട്.ശ്വാസം കഴിക്കാന്‍ സാധിച്ചിട്ടല്ലേ ശബ്ദമുണ്ടാക്കല്‍!അസ്ഥികളെല്ലാം ഞെരിഞ്ഞ് പഴന്തുണിപ്പരുവമായപ്പോള്‍ എന്നെ അവള്‍ മുറ്റത്തു നിക്ഷേപിച്ചു.
"അയ്യോ..അമ്മേ..നാട്ടാരേ..ഓടിവായോ..ഈ സാറെന്നെ.."ഭീകരരൂപിണിയുടെ ആശ്ചര്യജനകമായ നീക്കം.
വേലിപൊളിച്ചോ മറ്റോ ഉടനടി രണ്ട് ഘടോല്‍ക്കജന്‍മാര്‍ ആ മുറ്റത്തെത്തി.
അലിവോടെ താങ്ങിയെണീല്‍പ്പിച്ചു കാളംപൂളം തല്ലി.പാലക്കാടന്‍ തോര്‍ത്തുകൊണ്ട് മുറ്റത്തെ തെങ്ങില്‍ കെട്ടി.
എല്ലാം ഒരു സ്വപ്നംപോലെ.
താമസംവിനാ ഒരുപാടാളുകള്‍ ആ മുറ്റത്തെത്തി.അടുത്തുവന്നൊന്ന് നോക്കിയതിനുശേഷം എല്ലാവരും വട്ടംകൂടി ചര്‍ച്ചക്കുശുകുശുപ്പ് ആരംഭിച്ചു.അവസാനം ശാന്തസുന്ദരനായ ഒരു അപ്പാപ്പന്‍ "സാറിനെ കെട്ടിയിട്ട് തല്ലണ്ട ആവശ്യമൊന്നുമില്ല.പറഞ്ഞാല്‍ മനസ്സിലാവുന്ന ആളാണ്.വേറെ പ്രശ്നമൊന്നുമില്ല.
പ്രായമിതല്ലേ?അവിവാഹിതനും.മാന്യമായി ആ ചടങ്ങ് നാട്ടുകാര്‍ കാരണവന്‍മാരായി നമുക്കങ്ങ് നടത്താം"എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് എന്റെ അടുത്തേയ്ക്കു വന്നു.
"എന്നാലും സാറിനിതിന്റെ വല്ല ആവശ്യവുമുണ്ടാരുന്നോ?"അപ്പാപ്പന്‍.
"തല കറങ്ങിയപ്പോള്‍ ഇത്തിരി വെള്ളം വാങ്ങി കുടിക്കാന്‍,വീടറിയാതെ.."ഞാന്‍ ഗദ്ഗദകണ്ഠനായി.
"വെള്ളംകുടി,വെള്ളംകുടിയേ..ആഹഹാ."അപ്പാപ്പന്‍ ഉറക്കെപ്പറഞ്ഞു.എല്ലാവരും ചിരിച്ചു.
"ഇവിടെ ഈ വീട്ടില്‍ ജാനകീടടുത്ത് വെള്ളംകുടിക്കാര്‍ ഒരുപാടുണ്ടാരുന്നു.എന്തായാലും അവളുടെ യോഗത്തിന് ഇനി സര്‍ക്കാര്‍ ശമ്പളത്തില്‍ ജീവിക്കാമല്ലോ!"അപ്പാപ്പന്‍ എന്നോടായി പതിയെപ്പറഞ്ഞു.
"സത്യം പറഞ്ഞതാ അപ്പച്ചാ..ഒരു ദുരുദ്ദേശത്തോടുകൂടിയും വന്നതല്ല..
നിങ്ങളുടെ വീട്ടിലാര്‍ക്കെങ്കിലുമാണ് എന്റെ അവസ്ഥ വരുന്നതെങ്കിലോ?"ഞാനവസാനവട്ട അപേക്ഷാഫോറം പൂരിപ്പിച്ചു.
"ഞങ്ങടെ വീട്ടിലാര്‍ക്കും വെള്ളംകുടിയുടെ സൂക്കേടില്ല സാറേ!വീട്ടിലെ കാര്യമോര്‍ത്താണെങ്കില്‍ ഞങ്ങളു പറഞ്ഞു ശരിയാക്കാം.ഇത്തരം വിഷയങ്ങള്‍ നയത്തില്‍ പരിഹരിക്കാന്‍ ഈ നാട്ടുകാരെ കഴിഞ്ഞേ വേറെ ആളുകളുള്ളൂ.അല്ല..അതു സാറിനു വഴിയേ മനസ്സിലായിക്കൊള്ളും."അപ്പാപ്പന്‍ എന്റെ വിവാഹമാശീര്‍വദിച്ചേ പോകൂ.
വധുവിനെ ഞാനൊന്നു നോക്കി.നാലഞ്ചു പേരുടെ വലിപ്പമേ ഉള്ളൂ.കോങ്കണ്ണുണ്ടോ?ഉണ്ട്.എന്തിനു നോക്കുന്നു.കിണറ്റില്‍ ചാടി ചാകാനിറങ്ങിയവന്‍ കിണറ്
റിങ്ങ് വാര്‍ത്തതാണോ എന്നു നോക്കേണ്ടതുണ്ടോ!
"എന്നാലും അപ്പച്ചാ..ആ സ്ത്രീയെ കണ്ടാല്‍ തന്നെ പേടിയാകുന്നു.പിന്നെ ഞാനെങ്ങിനാ..."
"
പേടിക്കാനൊന്നുമില്ല.ആദ്യത്തെ കെട്ട്യോനിവിടെ കിടന്ന് ചത്തതിന്റെ കേസില്‍ ജാനകിയെ വെറുതെ വിട്ടതല്ലേ?പിന്നെയെന്താ!?"
ഇനിയെന്തു പറയാന്‍??!!
അച്ഛനേയും അമ്മയേയും ഒക്കത്തിരുത്തി വളര്‍ത്തിയ താമസിച്ചു കിട്ടിയ കുഞ്ഞിപ്പെങ്ങളേയുമോര്‍ത്തു.
ജാനകിയുടെ കൊലുസ്സ് അതിനിടെ ഒന്നു കിലുങ്ങി.യമധര്‍മ്മന്റെ പോത്തിന്റെ മണിയടിപോലത്തെ കിലുക്കം.
ആരുടെയെങ്കിലും രണ്ടുപേരുടെ
അരഞ്ഞാണമാവണം കൊലുസ്സായിട്ടിരിക്കുന്നത്.
മനസ്സുവീണ്ടും രംഗബോധമില്ലാതെ സിനിമാപ്പാട്ടു പാടിത്തുടങ്ങി.
'മുത്തുമഴക്കൊഞ്ചല്‍ പോലെ..
യു ആര്‍ മൈ ഡെസ്റ്റിനി.."
നീ എന്റെ വിധി ആണെന്ന്!!
"മുദ്രപ്പത്രത്തേല്‍ ഒപ്പിടുവിച്ച് വാങ്ങിയിട്ട് സാറിനെ വേണെല്‍ വിട്ടേക്കാം.എല്ലാരും കണ്ടുകഴിഞ്ഞതല്ലേ!?"അപ്പാപ്പന്‍.
No comments:
Post a Comment