Friday, 6 December 2019

ചോദിച്ചുവാങ്ങിയത്

"ഇനിയാരെങ്കിലും ഇരുപ്പുണ്ടോ,വിനീഷേ?"സൈക്യാട്രിസ്റ്റ് അറ്റന്‍ഡറോട് ചോദിച്ചു.

"രണ്ടൂന്നു പേരൂടെ ഒണ്ട്.അതിലാരാണ് കൂടെവന്നത്,ആരാണ് പേഷ്യന്റ് എന്നൊന്നും മനസ്സിലാകുന്നില്ല!"

"വിനീഷുപോയൊന്നു അന്വേഷിച്ച് വേഗം കയറ്റിവിട്."ഡോക്ടര്‍ക്കു മറ്റെന്തോ കാര്യപരിപാടികളുണ്ട്.

"രണ്ടു പേരു പേഷ്യന്റ്സും ഒരാള് കൂട്ടിനു വന്നതുമാണ് ഡോക്ടറെ.കൂടെ വന്നയാളെന്തോ ആദ്യം പറയാനുണ്ടെന്ന് പറയുന്നു"വിനീഷ് പുറത്തുപോയി കാര്യമന്വേഷിച്ചു വന്നു അവതരിപ്പിച്ചു.

"ആ.... അങ്ങേരോട് കയറി വരാന്‍ പറ."

"സാറേ നമസ്കാരം"കൂടെവന്ന ചെറുപ്പക്കാരന്‍ വിനീതവിധേയനായി നമസ്കാരം പറഞ്ഞു.

"നമസ്കാരം നമസ്കാരം.എന്താ പറയാനുള്ളേ?എന്താ പ്രശ്നം?"

"അവരു ഫാര്യേം ഫര്‍ത്താവുമാണ് സാറേ.പെരുമാറ്റത്തില്‍ കാര്യമായ പന്തികേടു കണ്ടപ്പോ അന്വേഷിച്ചു.അവരു ഡോക്ടറുടെ പേര് പറഞ്ഞതുകൊണ്ട് നേരെ ഇങ്ങോട്ടു കൊണ്ടുപോന്നു!"കൂടെയുള്ളയാള്‍ അവതാരിക അവതരിപ്പിച്ചു.

"എന്റെ പേര് പറഞ്ഞെന്നോ?!ഉപദ്രവം വല്ലതുമുണ്ടോ?"

"ഇല്ലില്ല.ഉപദ്രവമൊന്നുമില്ല.പെരുമാറ്റത്തില്‍.."

"എന്നാല്‍ കയറ്റിവിട്.നമുക്ക് നോക്കാം.ചേട്ടനെ പിന്നെ വിളിപ്പിക്കാം."അങ്ങിനെ കൂട്ടുവന്ന ചേട്ടന്‍ എന്തോ പറയാന്‍ ബാക്കി വെച്ച് പുറത്തേക്കിറങ്ങി.

ഫാര്യാഫര്‍ത്താക്കന്‍മാര്‍ ജാള്യതയോടെ അകത്തെത്തി തൊഴുതു നിന്നു.

"നിങ്ങളെ നല്ല പരിചയമുണ്ടല്ലോ!എന്നെ കാണാന്‍ വന്നിട്ടുണ്ടല്ലേ?!പേരുമാത്രം അങ്ങോട്ട് കിട്ടുന്നില്ല!"ഡോക്ടര്‍ രോഗികളെ കണ്ട് ആവേശത്തിലായി.

വലിയ സങ്കീര്‍ണ്ണതകളൊന്നുമുള്ള വിഷയമായിരിക്കില്ലെന്നും മനസ്സിലുറപ്പിച്ചു.
ഇരിക്കാന്‍ ആംഗ്യം കാണിച്ചു.അവരിരുന്നു.

"ഞങ്ങളു രണ്ടു മൂന്നു വര്‍ഷം മുമ്പാട് ഡോക്ടറിന്റെ അടുത്തു വന്നിട്ടുണ്ട്.എന്റെ പേര് ജോസപ്പ്.ഇവള് ലൗലി."

"അങ്ങനെ വരട്ടെ!നിങ്ങളല്ലേ ചെറിയ സൗന്ദര്യപ്പിണക്കങ്ങളുമായിട്ട് അന്ന് വന്നത്.ഞാന്‍ പറഞ്ഞുതന്ന സൊലൂഷന്‍ വര്‍ക്കൗട്ടായോ?മാറ്റം ഉണ്ടോ?ഇപ്പോ എന്താ കൂടെവന്ന ചേട്ടന്‍ പറയുന്ന പുതിയ വിഷയം!?" 

ജോസപ്പും ലൗലിയും ആകെയൊരു പാരവശ്യത്തോടെ പരസ്പരവും ചുറ്റുപാടുമൊക്കെ മാറി മാറി നോക്കി ഇരുപ്പാണ്.

"ഡോക്ടറു പറഞ്ഞുതന്ന മാര്‍ഗ്ഗം ഫലിച്ചോന്നു  ചോയിച്ചാല്‍.. "ജോസപ്പേട്ടനു പിന്നേയും നാണമാണ്.

ഡോക്ടറാകട്ടെ ആ സമയമാകെ ദമ്പതികളെ ആദ്യം കണ്ട ദിവസത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു.അധികം ആയാസപ്പെടാതെ തന്നെ ആഗ്രഹിച്ച വിശദാംശങ്ങള്‍ കിട്ടി.

"ഈ മനുഷ്യനെന്നോട് പുതുമോടിക്കാലത്തേതിന്റെ നൂറിലൊരംശം സ്നേഹമില്ല സാറേ!"അന്ന് പ്രശ്നം പറഞ്ഞുതുടങ്ങിയത് ചേച്ചിയായിരുന്നു.

"അയിനു നിന്റെ കൈയ്യില്‍ സ്നേഹമളക്കാനുള്ള മീറ്ററു വല്ലോമുണ്ടോ?ചുമ്മാ പറയുവാ ഡോക്ടറേ!എനിക്കുപിന്നെ വേറെയാരാ സ്നേഹിക്കാനൊള്ളത്?"ജോസപ്പേട്ടനു ശുണ്ഠി വന്നു.

"എന്നാലും ഭാര്യ ഇതു പറയുമ്പോള്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാവാതിരിക്കുമോ ജോസഫേട്ടാ?ഈ പെണ്ണുങ്ങള്‍ നമ്മളെക്കാലൊക്കെ ബുദ്ധിയുള്ള ആളുകളാണ്"ഡോക്ടര്‍ ഒന്നു ചികഞ്ഞു.

"അങ്ങിനെ ചോയിച്ചാലെന്റെ പൊന്നു സാറേ,ഇവളൊരു കാര്യം തുറന്നു പറയുകേല.പുറത്തെറങ്ങുമ്പോ ചായ വേണമെങ്കില്‍ ഇവളു പറയും 'എനിക്കെങ്ങും ഒരു സാധനം വേണ്ട കഴിക്കാന്‍..ചുമ്മാ കാശുകൊടുത്തു മായം വാങ്ങി കഴിക്കാന്‍' എന്നു.ഞാനതുകേട്ട് തമാശ പറഞ്ഞ് നിര്‍ബദ്ധിച്ച് ചായ വാങ്ങി കുടിപ്പിക്കണം.ഒരു ചുംബനം വേണമെങ്കില്‍ പറയും 'എന്റെ ദേഹത്തു തൊടുന്നതെനിക്കിഷ്ടമല്ലാ'ന്ന്.അപ്പോഴും ഞാന്‍ തമാശ പറഞ്ഞ് നിര്‍ബന്ധിച്ച് ചുംബനം നടപ്പാക്കണം.സോഭാവികമായിട്ടും,കുറേക്കാലം കഴിഞ്ഞപ്പോ ഞാനും 'ചായേടെ കാശ് ലാഭം','അല്ലെങ്കിലും ഈ ഓഞ്ഞ സൊഭാവമൊള്ളവടെ ചുംബനം ആര്‍ക്കുവേണം' എന്നൊക്കെ ചിന്തിച്ചു പോയി.അതൊരു കുറ്റവാണോ?"

"ഹ ഹ.ഞാന്‍ ഇതു നിങ്ങളുടെ വായില്‍ നിന്നു തന്നെ കേള്‍ക്കാന്‍ വേണ്ടി ചോദിച്ചതാണ്.കേട്ടോ ചേച്ചീ.ഇതു നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിന്റെയും പ്രശ്നമാണ്.അതൊക്കെ ഈ സായിപ്പിനേം മദാമ്മേനേം കണ്ടു പഠിക്കണം.അവരിതുമാതിരി ഒരു കാര്യങ്ങളും മനസ്സില്‍ വെച്ചു ഇരിക്കില്ല.അതിന്റെ ആരോഗ്യം അവര്‍ക്കുണ്ടു താനും."ഡോക്ടറിതു പറഞ്ഞപ്പോള്‍ ചേച്ചിക്ക് എന്തോ ട്രേഡ് സീക്രട്ട് ചോര്‍ന്ന ഒരു ഫീലിങ്ങുണ്ടായെങ്കിലും എന്തു കാര്യവും തുറന്നു സംസാരിക്കുക എന്ന പ്രായോഗിക നിര്‍ദ്ദേശത്തിനു കൈയ്യടിച്ച് കൈ കൊടുത്താണ് അന്നവര്‍ യാത്ര പറഞ്ഞതെന്ന് ഡോക്ടര്‍ പെട്ടെന്ന് 'ഓര്‍ത്തു' 'തീര്‍ത്തു'.

"ഇപ്പോഴെന്താ പ്രശ്നം എന്നു പറഞ്ഞില്ലല്ലോ ഇതുവരെ?നിങ്ങളിപ്പോള്‍ വീട്ടില്‍ നിന്നാണോ വരുന്നത്?"ഡോക്ടര്‍ വര്‍ത്തമാനകാലത്തില്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങി.

"അല്ല സാറേ.അങ്ങേ വീട്ടിലെ വല്ല്യപ്പന്‍ മരിച്ചു പോയി.അടക്കിനു മുമ്പോള്ള ചടങ്ങിന് ചെന്നതാണ് ഞങ്ങള്‍ രണ്ടുപേരും"ചേച്ചി പറഞ്ഞു.

"എന്നിട്ടോ?"രണ്ടുപേരുമൊന്നും പറയുന്നില്ല.ഡോക്ടറിനു വേറെ പരിപാടി ഉള്ളതാണ്.

"വേഗം പറ.എന്നോടല്ലേ പറയുന്നത്!"ഡോക്ടര്‍ ധൈര്യം കൊടുത്തു.

"ബോഡി എടുക്കും മുമ്പാടുള്ള ചടങ്ങുകള്‍ക്കിടയില്‍ ഡോക്ടറു പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്തു."ചേച്ചിക്ക് നാണമാണ്.

"പെട്ടന്ന് വെശന്നപ്പോള്‍ ചായ കുടിക്കണമെന്ന് ജോസപ്പേട്ടനോടു പറഞ്ഞോ?"

"അതല്ല.."രണ്ടു പേര്‍ക്കും നാണമാണ്.

"വിനീഷേ,ആ പുറത്തിരിക്കുന്ന കൂട്ടുകാരന്‍ ചേട്ടനെ ഇങ്ങ് വിളിച്ചേ.ഇവരിതു പറഞ്ഞു തീര്‍ത്തിട്ട് കാര്യം നടക്കുവെന്ന് തോന്നുന്നില്ല!'ഡോക്ടര്‍ മാന്യമായിത്തന്നെ അക്ഷമ പ്രകടിപ്പിച്ചു.

"എന്താ ഇവരുടെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പമുണ്ടെന്നു പറയാന്‍ കാരണം?ചേട്ടനും മരണവീട്ടില്‍ ആയിരുന്നോ?"ഡോക്ടര്‍ കൂട്ടു വന്ന ചേട്ടനോട് ചോദിച്ചു.

"ആം.ഞാനും മരണവീട്ടില്‍ ഉണ്ടാരുന്നു സാറേ.സാധാരണ മരിച്ചയാള്‍ക്ക് നമ്മള്‍ അന്ത്യചുംബനം കൊടുത്തുവിടാറുണ്ട്.ഇതിവര് തമ്മിത്തമ്മി..അതും ഒരുജാതി ആക്രാന്തം പിടിച്ച്..ചുംബനസമരം മാതിരി.ചോദിച്ചപ്പോ ഡോക്ടറു പറഞ്ഞിട്ടാണെന്നും പറഞ്ഞു."

ഡോക്ടര്‍ അമ്പരപ്പോടെ ഫാര്യയേയും ഫര്‍ത്താവിനേയും നോക്കി.

"വല്ല്യപ്പന്‍ മരിച്ചു കിടക്കുന്നതിനടുത്ത് വല്ല്യമ്മയുടെ സങ്കടം കണ്ടപ്പോള്‍ ഇങ്ങേരെങ്ങാനും എന്നെ തനിച്ചാക്കി
ആദ്യം മരിച്ചാലോ എന്നൊരു ചിന്ത ഉണ്ടായിപ്പോയി സാറേ.ആ സങ്കടത്തില്‍ ചേട്ടന് കൊറേ ചുംബനം കൊടുക്കണമെന്നു തോന്നി.സാറു പറഞ്ഞപോലെ തുറന്നു പറഞ്ഞ് അതങ്ങു സാധിക്കുകേം ചെയ്തു.അതാണ് നാട്ടുകാരുടെ വിഷയം" ചേച്ചി പറഞ്ഞു നിര്‍ത്തി.

No comments:

Post a Comment