പിന്‍കഥ നടക്കുന്നത് മധ്യപൂര്‍വ്വദേശത്തെ മണലാരണ്യത്തിനിടയിലെ ഹൈ ടെക് മരുപ്പച്ചകളിലാണ്.
ഒരു ബഹുരാഷ്ട്ര കമ്പനിയിലെ അന്താരാഷ്ട്ര വാണിജ്യ മാനേജര്‍ 'ജെന്റില്‍മാന്‍' എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങളിലേയ്ക്കു ഊളിയിടുകയാണ്.
ആ നാട്ടിലെ ജെന്റില്‍മാന്‍ എങ്ങിനെയാണ്!,ഈ നാട്ടിലെ ജെന്റില്‍മാന്‍ എങ്ങിനെയാണ്!,ജെന്റില്‍മാന്റെ ഷൂസില്‍ വള്ളി കെട്ടിയുറപ്പിക്കാനുള്ള എത്ര ജോഡി ദ്വാരങ്ങള്‍ വേണം!,ഏതൊക്കെ പരിപാടിക്കു പോകുമ്പോള്‍ ഏതേത് ഡ്രസ്സ് കോഡ് സ്വീകരിക്കണം!ഇങ്ങിനെ നൂറായിരം വിഷയങ്ങള്‍.
ഇത്തരം കലാപരിപാടികള്‍ക്കെല്ലാം ഒരു പൊതുസ്വഭാവവുമുണ്ട്-ഒരാളെയെങ്കിലും എല്ലാറ്റിനും കൂടെക്കൂട്ടുക.ആ സീസണിലെ ഇര നോം ആയിരുന്നു.ജൂനിയര്‍ ജെന്റില്‍മാന്‍ ഗ്രേഡ് രണ്ട്!!
എന്നിട്ടെന്തായി??
ജെന്റില്‍മെന്‍സ് രണ്ടുപേരും കൂടി ഒരിക്കല്‍ ഏതോ പെരിയ ഹോട്ടലില്‍ ഒന്നിച്ചു ഭക്ഷണം കഴിക്കാനിടയായി.
"മിസ്റ്റര്‍.ജൂനിയര്‍ ഗ്രേഡ് റ്റു,ഈ നാട്ടില്‍ ഈ കാലത്ത് വേണ്ടത് വ്യക്തിബന്ധങ്ങളാണ്.വ്യക്തിബന്ധങ്ങളാണ് ബിസിനസ് കൊണ്ടുവരേണ്ടത്.വ്യക്തിബന്ധങ്ങളുണ്ടാവാന്‍ നമ്മള്‍ വളരെ ജാഗരൂഗതയോടെ പെരുമാറുന്നവരാകണം.നമ്മുടെ പെരുമാറ്റത്തിന്റെ ഹൃദ്യത കണ്ടാല്‍ ആരും നമ്മളെ സുഹൃത്താക്കാന്‍ കൊതിക്കണം.ഇപ്പോള്‍ ഈ ഹോട്ടലിലെ കാര്യം തന്നെ എടുക്കാം.പഴയ ഫ്യൂഡലിസ്റ്റ് രീതിയിലാണെങ്കില്‍ നമുക്ക് പരിചാരകന്‍മാരുടെ സേവനം മാക്സിമം പ്രയോജനപ്പെടുത്താം..അവരെ കഷ്ടപ്പെടുത്താം.പക്ഷേ ഇവിടെ വേറെ രീതിയാണ് പ്രയോജനപ്പെടുത്തേണ്ടത്.നമ്മള്‍ അത്യാവശ്യകാര്യങ്ങള്‍ക്കൊഴിച്ച് ജീവനക്കാരെ ഒട്ടും ആശ്രയിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല.ഭക്ഷണമൊന്നും മേശയില്‍ തൂവി പോകാതെ നമ്മള്‍ ശ്രദ്ധിക്കും.നാപ്കിനുകള്‍ പ്ളേറ്റില്‍ തന്നെ നിക്ഷേപിക്കും.എണീറ്റു പോരുമ്പോള്‍ ഇരിപ്പിടങ്ങള്‍ സ്ഥാനത്ത് വലിച്ചിടും.ഇവരൊക്കെയായിരിക്കാം നാളെ നമ്മുടെ ബിസിനസിലും പ്രത്യക്ഷപ്പെടുക"
"നോട്ടഡ് സര്‍.വില്‍ ഡു!"പിന്തുണ അറിയിച്ചു.
എല്ലാം പ്ളാന്‍ ചെയ്തതുപോലെ തന്നെ നടന്നു.കൃതജ്ഞതാ,അഭിനന്ദനഭാവത്തില്‍ തല കുനിച്ചും പുഞ്ചിരിച്ചും നിരന്നു നില്‍ക്കുന്ന ഹോട്ടല്‍ ജീവനക്കാരുടെ ഇടയിലൂടെ ഞങ്ങള്‍ ജെന്റില്‍മോന്‍സ് അവിടം വിട്ടു.
ബാക്കി കഥ നമ്മുടെ കൊച്ചുകേരളത്തിലാണ്.അത്യാവശ്യം രുചിയുള്ള ഭക്ഷണം വേഗത്തില്‍ കുറഞ്ഞവിലയില്‍ കിട്ടാന്‍ സാധാരണ ഹോട്ടലുകളാണ് നല്ലത് എന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണല്ലോ!
ഒന്നോ ഒന്നരയോ ജീവനക്കാരും മുതലാളിയും മുതലാളിയുടെ വീട്ടിലെ ആരെങ്കിലുമൊക്കെ കൂടി പറന്നു നടന്നു ജോലി ചെയ്യുന്ന അത്തരമൊരു ഹോട്ടലിലാണ് ഇന്ന് കയറിയത്.
ഭക്ഷണം കഴിച്ചു.മേശയില്‍ വീണ വേസ്റ്റ് ജെന്റില്‍മാനായി പെറുക്കി പ്ളേറ്റിലിട്ടു.കറിപ്പാത്രങ്ങള്‍ മെയിന്‍ പാത്രത്തിലേയ്ക്ക് എടുത്തു അത്യാവശ്യം ഭംഗിയില്‍ അടുക്കി വെച്ചു.കസേര പൂര്‍വ്വസ്ഥാനത്ത് ശബദമുണ്ടാക്കാതെ അറേഞ്ച് ചെയ്തിട്ടു.ബില്ല് കൊടുത്തു.പോകാനായി പടിയിറങ്ങിയപ്പോള്‍ തോളിലൊരു തട്ട്.ആരോ വിളിച്ചതാണ്.
"എടേയ്,ജ്വോലി ഹോട്ടലീ തന്നെ... അല്ലീ?ഒരു പ്രമോഷനൊക്കെ വേണ്ടേടേയ്?യിവടെയൊരു സപ്ളേറ് വേക്കന്‍സിയുണ്ട് കെട്ടാ"ജെന്റില്‍മാനു യോജിച്ച രീതിയില്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കുക എന്ന പഴയ പാഠത്തിന്റെ അടിസ്ഥാനത്തില്‍ കസേര നീക്കിയിട്ടതും വേസ്റ്റ് വാരി പ്ളേറ്റിലിട്ടതും യെവന്‍മാര്‍ ഏതോ ഹോട്ടലിലെ ക്ളീനിങ്ങ് സ്റ്റാഫായ നോം ശീലം കൊണ്ട് ഇതൊക്കെ
ചെയ്തു പോയതാണെന്ന് ധരിച്ചിരിക്കുകയാണ്.
കൊള്ളാം!!
സന്ദര്‍ഭവും സാഹചര്യവും നോക്കാതെ ജെന്റില്‍മാനാകാനിറങ്ങിയാല്‍ ഇങ്ങനെയൊക്കെ ആണെന്ന് മനസ്സിലായി!!
പിന്നെഴുത്ത്:എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്.ക്ളീനിങ്ങ് സ്റ്റാഫിന്റെ ജോലി മോശമാണെന്ന് അര്‍ത്ഥമാക്കിയിട്ടില്ല.ബിസിനസില്‍ ആവശ്യം വന്നാലും ഇല്ലെങ്കിലും, വ്യക്തിബന്ധങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും മറ്റുള്ളവരുടെ ജോലികള്‍ അനാവശ്യഭാരമില്ലാത്തതാകുംവിധം പെരുമാറുന്നതില്‍ ഒരൂ ജാള്യതയും വിചാരിക്കണമെന്നില്ല.വെറും തമാശക്കായി മാത്രം എഴുതിയത്.
No comments:
Post a Comment