Wednesday, 4 December 2019

ബുദ്ധന്‍

ആധുനികസിദ്ധാര്‍ത്ഥന്‍ സിലിക്കണ്‍ വാലിയിലെ ബില്യണ്‍ ഡോളര്‍ സാമ്രാജ്യത്തിന്റെ യുവരാജാവാകേണ്ടവനാണ്.കുടുംബവൃക്ഷത്തിന്റെ വേരുകള്‍ കിടന്നു ജീര്‍ണ്ണിക്കുന്ന ഈ കൊച്ചുകേരളത്തിലെ റബ്ബറുദ്യാനങ്ങള്‍ നിറഞ്ഞ നാട്ടില്‍ സ്ഥിതിചെയ്യുന്ന കലാലയമാണ് അദ്ദേഹത്തിന്റെ ബിരുദഠനം കൊണ്ട് അനുഗൃഹീതമാവാന്‍ വിധിക്കപ്പെട്ടത്.മട്ടുപ്പാവില്‍ നീന്തല്‍ കുളവും ഫിറ്റ്നെസിന് മള്‍ട്ടി ജിംനേഷ്യവും ക്ളോസ്ഡ് സര്‍ക്യൂട്ട് ടെലവിഷന്‍ സുരക്ഷയുമുള്ള അദ്ദേഹത്തിന്റെ കൊട്ടാരങ്ങളിലൊന്ന് പ്രസ്തുത കലാലയത്തിനടുത്താണ്.ഡോളര്‍കെട്ടുകള്‍ വിതച്ച മഞ്ചത്തില്‍ ഉണര്‍ന്ന് പതിനാറു കുതിരകളെ പൂട്ടിയ ഹീറോ ഹോണ്ട കരിസ്മ രഥത്തിലേറിയാണ് അദ്ദേഹം സഞ്ചരിച്ചെത്താറ്.സോണി എറിക്സണ്‍ വാക്മാന്‍ സീരീസും കാര്‍ഗോ ജീന്‍സുകളും നിറപ്പകിട്ടാര്‍ന്ന ടി-ഷര്‍ട്ടുകളും റോക്ക് മ്യൂസിക്കും മദ്യപാനവുമെന്നപോലെ പെണ്‍കുട്ടികളും അദ്ദേഹത്തിന്റെ ഹൃദയത്തുടിപ്പുകളായിരുന്നു.നാലുചക്രമുള്ള ഒരു രഥം അദ്ദേഹത്തിനൊരു സ്വകാര്യദുഃഖമായിരുന്നു.ഇറക്കത്തിന് കയറ്റമെന്നതുപോലെ,വെളിച്ചത്തിന് ഇരുളെന്നപോലെ ബുദ്ധനും തന്റെ അനിവാര്യമായ ഭൂതകാലം അഭിനയിക്കുകയായിരുന്നു.ബുദ്ധനിലേയ്ക്കുള്ള തന്റെ യാത്രക്കിടയില്‍ പ്രപഞ്ചത്തിന്റെ കേന്ദ്രം താനാണെന്നുള്ള ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ടായി.എല്ലാ ഗോളങ്ങളും തന്നെ ചുറ്റുന്നുവെന്നും എല്ലാം സ്രഷ്ടിക്കപ്പെട്ടത് തനിക്കുവേണ്ടി ആണെന്നും ഉള്ള ഒരു നസ്രാണി വിശ്വാസമായി അതു രൂപാന്തരപ്പെട്ടു.അങ്ങിനെയിരിക്കെ,പ്രപഞ്ചം കാത്തിരുന്ന ആ ദിനം വന്നെത്തി.റിക്കിമാര്‍ട്ടിന്‍ ലളിതഗാനത്തിന്റെ ചടുലത ആക്സിലറേറ്ററിലാവാഹിച്ച ആ ദിനത്തില്‍ കരിസ്മ രഥം സ്കിഡ് ചെയ്ത് നിലം പതിച്ചു.ഒടിഞ്ഞ കാലുമായി ചോരയില്‍ മുങ്ങിക്കിടക്കുന്ന കുമാരന്‍ തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങള്‍ ചെറുചിരിയോടെ നടന്നകലുന്നത് ഇരുട്ടു നിറഞ്ഞ കണ്ണാല്‍ കണ്ടു.യുഗങ്ങളുടെ ദൈര്‍ഘ്യമുള്ള ആ അര മണിക്കൂറില്‍ സമീപത്തുനിന്ന വൈദ്യുതമരം ബോധിവൃക്ഷത്തിന്റെ ഭാഗം അഭിനയിച്ചു.കുമാരന്‍ ബുദ്ധനായി..ബുദ്ധിമാനായി..തന്നെക്കൂടാതെ പ്രപഞ്ചത്തിന് വേറെയും ചില കേന്ദ്രങ്ങളുണ്ട്.ബോധജ്ഞാനത്തിന്റെ പുതിയ സമവാക്യങ്ങള്‍ക്കായി കാതോര്‍ക്കൂ.

No comments:

Post a Comment