വെറും തറ ഉദാഹരണമാണേ!പറഞ്ഞില്ലെന്നു വേണ്ട!!
ഞാനും വലിയ കുടുംബവും താമസിക്കുന്ന വീടിനു ചുറ്റും ഒരുപാടു മരങ്ങളുണ്ട്.അവയില്‍ നിന്നെല്ലാം ഒരുപാട് കരിയിലയും ഉണക്ക കമ്പുമൊക്കെ മുറ്റത്തേയ്ക്ക് പൊഴിഞ്ഞു വീഴാറുമുണ്ട്.അങ്ങനെ പത്തെഴുപതു കൊല്ലം കടന്നുപോയി.താടിയുള്ളൊരമ്മാവന്‍ രണ്ടാമതും കാരണവരായി വന്നപ്പോഴാണ് മുറ്റം വൃത്തികേടാണെന്നും അതുവഴി നടക്കാന്‍ പറ്റുന്നില്ലെന്നും വീടിന്റെ പുരോഗതിയെയും മുഖഛായയേയും മുറ്റത്തെ കരിയിലകള്‍ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ച് ശുദ്ധികലശം തീരുമാനമായത്.കരിയില വീഴുന്നുണ്ടോ എന്നു നോക്കാനും പെറുക്കി കളയാനുമൊക്കെ ഈ എഴുപതു കൊല്ലവും ചുമതലപ്പെട്ടവര്‍ ഉണ്ടായിരുന്നു.അവരൊക്കെ ഉണ്ടും ഉടുത്തും ചളിവാരിയെറിഞ്ഞ് കളിച്ചും ഫയല്‍ക്കാടുകള്‍ക്കും മാധ്യമമറകള്‍ക്കും പിറകില്‍ ഒളിച്ചും കണ്ടും പതിവുപോലെ സമയം കൊല്ലുകയായിരുന്നു.കരിയിലയും കമ്പും എടുത്തു കളയുമ്പോള്‍ തനിക്കിഷ്ടപ്പെട്ട മാവിലയും,കാപ്പിവടിയുമൊക്കെ മുറ്റത്തു തന്നെ ഉപേക്ഷിച്ചേക്കാന്‍ താടിയുള്ളമ്മാവന്‍ ശട്ടം കെട്ടി.തീരുമാനം വന്നയുടനേ വീട്ടിലുള്ളോര്‍ കാപ്പിവടിയെയും മാവിലയെയുമൊക്കെ ചൊല്ലി തമ്മില്‍ തല്ലു തുടങ്ങി.ആളുകള്‍ മരിക്കാനും കൊല്ലാനും വരെ തയ്യാറായി.സ്ഥിരം നീതിന്യായക്കാരണോര്‍ ഇടപെടാന്‍ സൗകര്യമില്ലെന്നു പറഞ്ഞൊഴിഞ്ഞു.ഇനിയെന്താകും??
പൗരത്വഭേദഗതി ബില്ലിന്റെ ഗസറ്റ് കോപ്പി കണ്ടു.മുന്‍പുള്ള നിയമത്തിന്റെയോ ക്ളോസിന്റെയോ ഒക്കെ
ഇടയില്‍ തിരുകേണ്ട(ഇന്‍സേര്‍ട്ട് ചെയ്യുകയോ ആഡ് ചെയ്യുകയോ)വിഷയമായതിനാലും ഇംഗ്ളീഷ് പരിജ്ഞാനം കുറവായതിനാലും കാര്യമായി ഒന്നും മനസ്സിലായില്ല.അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ മതപീഡനമേല്‍ക്കുന്നവരെ(അവിടുത്തെ മത ന്യൂനപക്ഷത്തെ) സ്വീകരിക്കാനാണ് തീരുമാനം എന്നു തോന്നുന്നു.
കരിയിലയും ഉണക്കകമ്പുമെന്നൊക്കെ അഭയാര്‍ത്ഥികളെ വിശേഷിപ്പിച്ചത് കാര്യം മനസ്സിലാക്കാനുള്ള എളുപ്പത്തിനുവേണ്ടി മാത്രമാണേ!രാജ്യങ്ങളും അതിര്‍ത്തികളും ഉണ്ടാവുന്നതിനു മുന്‍പെ മനുഷ്യരുണ്ടായിരുന്നു.മനുഷ്യജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് രാജ്യങ്ങളും അതിര്‍ത്തിയും മതിലുകളുമൊക്കെ ഉണ്ടായതുപോലും!തക്കതായ കാരണമില്ലാതെ മനുഷ്യരെ ദ്രോഹിക്കുന്നതിന് ഒരു ന്യായീകരണവും കാലം സ്വീകരിക്കില്ല!
ഈയടുത്ത കാലത്തെ പല സുപ്രധാന'വിധി'കളും പരിശോധിച്ച് ആയിരം കൊല്ലത്തെ ചരിത്രമൊക്കെ ചികഞ്ഞാല്‍ ഈ നിയമമുണ്ടാക്കിയ പലരും എങ്ങുനിന്നോ ഇടിച്ചുകയറി വന്നവരായി തെളിയിക്കപ്പെട്ട് പുറത്തുപോകേണ്ടി വന്നേക്കാം എന്ന കാര്യവും പ്രസ്താവ്യമാണ്. ചെറിയ മനുഷ്യജീവിതങ്ങളെ മര്‍ക്കടമുഷ്ഠിയുടെയും ചെറിയ രാഷ്ട്രീയ താത്പര്യങ്ങളുടേയും പേരില്‍ ദുരിതത്തിലാക്കുന്നത് കഷ്ടമാണ്.
പക്ഷേ മനസ്സുകൊണ്ട് വിശ്വമാനവരായവര്‍ക്കും സ്വന്തം
വീട് സമാധാനപൂര്‍ണ്ണമാവണമെന്നു തന്നെയാവണമല്ലോ ആഗ്രഹം!രാജ്യത്തോടും അതിലെ സംവിധാനങ്ങളോടും കൂറു പുലര്‍ത്തുക എന്ന സ്വാര്‍ത്ഥത നല്ല രീതിയില്‍ ഉപയോഗിക്കാനാണ് എനിക്കിഷ്ടം.
വേഷവും മുഖഛായയും നോക്കി മുന്‍വിധിയോടെ സംസാരിക്കുന്ന കാടന്‍ രീതിയില്‍ നിന്ന് വളര്‍ന്ന് ഡിജിറ്റല്‍ ക്രൈം റെക്കോഡുകളും ബയോമെട്രിക് തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് അഭയാര്‍ത്ഥികളെ വേര്‍തിരിക്കണമെന്നത് നിര്‍ബന്ധമെങ്കില്‍ വേര്‍തിരിക്കണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും; കോടതി വാഴക്കുല കട്ട കേസിലും രൂപമില്ലാത്തവയുടെ വ്യക്തിത്വം ഡിഫൈന്‍ ചെയ്യുന്ന കേസിലും മാത്രം അഭിപ്രായവും വിധിയും പറഞ്ഞ് കാലം കഴിക്കാതെ ജീവനുള്ളവരുടെ കാര്യത്തിലുമൊന്നു താത്പര്യം കാണിക്കണമെന്നുമൊക്കെയാണ് വിഷയത്തില്‍ പരിമിതമായ അറിവുള്ള എന്റെ അഭിപ്രായം.
No comments:
Post a Comment