Wednesday, 4 December 2019

ലാഭമുള്ള കൃഷി

ജീവിതത്തോടുള്ള സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് മനുഷ്യരെ രണ്ടു വിശാല ഗ്രൂപ്പുകളില്‍ പെടുത്താം-ഒഴുക്കുള്ളതും ഒഴുക്കു കുറഞ്ഞതുമായ വ്യക്തിത്വമുള്ളവര്‍.

തീര്‍ച്ചയായും,മനുഷ്യരുടെ സാമൂഹിക ഇടപെടലുകളായ ബന്ധങ്ങളുടെ സ്വഭാവങ്ങളെ ആസ്പദമാക്കിയാണ് ഈ വര്‍ഗ്ഗീകരണം നടത്തിയിരിക്കുന്നത്.

ഒഴുക്കുള്ള വ്യക്തിത്വമുള്ളവര്‍ ബന്ധങ്ങളുടെ ലാഭനഷ്ട കണക്കുകളെ വളരെ നന്നായി വിശകലനം ചെയ്ത് പെട്ടെന്ന് പിണങ്ങിയും അതിലേറെ പെട്ടെന്ന് ഇണങ്ങിയും ജീവിതം വര്‍ണ്ണശോഭയോടെ ജീവിക്കുന്നവരാണ്.ഒഴുക്കു കുറഞ്ഞ വ്യക്തിത്വമുള്ളവര്‍ ഇതിന്റെ നേരെ എതിര് സ്വഭാവമുള്ള-സ്ഥിരമായി പിണങ്ങുന്ന,പതിയേ ഇണങ്ങുന്ന - ആളുകളാവും.

ഇന്നത്തെ കഥാപാത്രം ഒഴുക്കില്ലാത്ത വ്യക്തിത്വമുള്ള ഞാനാണ്!

ഒരുപാട് ചിന്തിക്കുന്ന,ഒരുപാട് സമയമുള്ള,മെല്ലെ സംസാരിക്കുന്ന,എല്ലാത്തിനും ചെവി തുറന്നു വച്ചിരിക്കുന്ന ഞാന്‍!!

സ്വഭാവികമായും,ലോകം എന്നെയും കാരണമുണ്ടായിട്ടോ ഇല്ലാതെയോ തടസ്സപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങി.

ചോദ്യം ചോദിക്കാന്‍ പലരുമുണ്ട്..ഉത്തരത്തിനായി പാഴാക്കാന്‍ സമയമില്ല.സമയക്കുറവു മൂലം മിക്കവരും എവിടെയെങ്കിലും കേട്ട എന്തെങ്കിലും കമന്റുകള്‍ പറഞ്ഞ് അവരായിതന്നെ തുടങ്ങിയ സംഭാഷണം അവസാനിപ്പിക്കാറാണ്.

വെറുപ്പ് രൂപപ്പെട്ടു!!

അതിന് ഒഴുകിപ്പോവാന്‍ സ്ഥലമില്ല..ഒഴുകി ശീലവുമില്ല.

വെറുപ്പ് പ്രകടിപ്പിക്കണം.സമയമില്ലാത്തവര്‍ സംസാരിക്കാനടുത്തു വരാത്ത ഒരു അകലമുണ്ടാക്കണം.എന്തു ചെയ്യും!?

പഠിക്കാനുണ്ട്!!

മനുഷ്യമനസ്സുകളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളെ ആദ്യം പഠിക്കാന്‍  തീരുമാനിച്ചു!

പൊതുജനമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരുപാടു സംഭവങ്ങളുടെ പൂര്‍ണ്ണവിവരണങ്ങളടങ്ങുന്ന ഒരു വിജ്ഞാനകോശമാണ് മാധ്യമങ്ങള്‍.

ബോധം തല്ലിക്കെടുത്തുന്ന എന്തിലെങ്കിലുമൊക്കെ ആശയങ്ങളിലോ വസ്തുക്കളിലോ ചാടിയിറങ്ങാം.കള്ളോ കഞ്ചാവോ മയക്കുമരുന്നോ വിവേചനമില്ലാത്ത തീവ്രവാദമോ അങ്ങിനെ എന്തെങ്കിലുമൊക്കെ.ചതിക്കാനറിയാമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാക്കാന്‍ വരെ സാധിക്കും!

അങ്ങിനെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന എന്തെങ്കിലുമൊക്കെ ഉടനടി ചെയ്യാനാവും എന്നത് ഉറപ്പു വരുത്താം.

വൃത്തികെട്ട മനുഷ്യരെ വെറുപ്പിന്റെ മതിലു കെട്ടി മറച്ചുകളയാം.

പക്ഷേ അപ്പോഴൊക്കെ പ്രതീക്ഷിക്കാത്തതും ആവശ്യമില്ലാത്തതുമായ ഒരുപാട് പാര്‍ശ്വഫലങ്ങളുണ്ടാവില്ലേ?

അതിന്റെ ആവശ്യമുണ്ടോ!?

ചിന്തകള്‍ ആ വഴിക്കും പോയി.

അങ്ങിനെയാണ് ഒരു കര്‍ഷകത്തൊഴിലാളിയാകാന്‍ തീരുമാനിച്ചത്.

രാസവസ്തുക്കള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന കര്‍ഷകനല്ല..സാധാരണക്കാരന്‍!

തീരുമാനത്തിന്റെ ഫലം പ്രതീക്ഷിച്ച പോലെ തന്നെ!!

ആരുടേയും കള്ളസ്നേഹത്തിന് ഇരയാവേണ്ടതില്ല ഇപ്പോള്‍!

വെറുപ്പിന്റെ മതില്‍ ഉയര്‍ന്നു കഴിഞ്ഞു...ഏകദേശം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒരാള്‍ക്കു കിട്ടുന്ന വെറുപ്പിന്റെ ആനുകൂല്യങ്ങള്‍ തന്നെ ഇപ്പോള്‍ ഇവിടെയും.

മുഖം തിരിച്ച് മൗനത്തിന്റെ ആശ്വാസം പെയ്യിക്കുന്ന ഒരുപാടുപേര്‍.മുഖം തിരിക്കാനാവാത്തിടത്ത് സ്വരം വല്ലാതെ താഴ്ത്തുന്ന ചിലര്‍.

അതുകൊണ്ട് ലോകത്തോട് അനുരഞ്ജനപ്പെടാന്‍ ബുദ്ധിമുട്ടുള്ളവരൊക്കെ സാധാരണ കൃഷിപ്പണിപോലെ എന്തെങ്കിലും ചെയ്തു പരമാവധി കാര്യക്ഷമതയോടെ വെറുപ്പു പ്രകടിപ്പിച്ച് വെറുപ്പു സമ്പാദിക്കണമെന്നാണ്  ഇപ്പോള്‍ ഞാന്‍ ഉപദേശിക്കാറുള്ളത്. 



പിന്നെഴുത്ത്:ആക്ഷേപമാണ്.ഹാസ്യം കുറവാണ്.

No comments:

Post a Comment