"എന്റെ പൊന്നു സാറേ,എന്നെക്കൊണ്ട് വയ്യ"ആത്മാക്കളുടെ വിധിയാഫീസിലെ തിരക്കിട്ട പ്രവൃത്തിദിവസമാണ്.ഒരു ക്ളരിക്കല്‍ ഉദ്യോഗസ്ഥന്‍ സൂപ്രണ്ടായ ദൈവന്‍ സാറിനോട് എന്തോ ആവലാതിയുമായി വന്നിരിക്കുകയാണ്.
"ലീവാണേല്‍ ചോദിക്കണ്ട.ഈ തിരക്ക് താനും കാണുന്നില്ലേ!"ദൈവന്‍ സര്‍ സോഫ്റ്റ് കോണറുകളെല്ലാം സിമന്റിട്ടടച്ചു വട്ടത്തിലാക്കി.
"അതിനു ഞാനങ്ങിനെ ആവശ്യമില്ലാതെ എന്നെങ്കിലും സാറിനോട് ലീവ് ചോദിച്ചിട്ടുണ്ടോ?ഇതതൊന്നുമല്ല!"
"പിന്നെ?!"ദൈവന്‍ ഗൗരവം വിട്ടിട്ടില്ല.ഒരു സൂപ്പര്‍വൈസര്‍ ഗൗരവം കൈവിടുന്നത് പ്രാണന്‍ കൈവിടുന്നതുപോലെ അപകടകരവും സങ്കടകരവുമാണല്ലോ!
"ദേ ഞാനീ അവസാനം വന്ന അലവലാതി ആത്മാവിന്റെ കെ.വൈ.സി.ഫോം പൂരിപ്പിച്ച് സ്കോര്‍ നോക്കി തരംതിരിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ നട്ടം തിരിയുകയാണ്."
"താനിത്രേം എക്സ്പീരിയന്‍സുള്ള ആളല്ലേ?!എന്നിട്ടാ?"ദൈവന്‍ സര്.
"സാറിതൊന്നു കണ്ടിട്ട് പറഞ്ഞാട്ടെ!ഞാനവനോട് നാടെവിടെ ആണെന്ന് ചോദിച്ചു.സ്വന്തമായി നാടില്ല;എല്ലായിടവും ഒരുപോലെ എന്ന്!വീടുണ്ടോന്ന് ചോദിച്ചു.അതുമില്ല.പഠിച്ചതൊക്കെ എവിടെയാണെന്നു ചോദിച്ചപ്പോള്‍ പഠിച്ചിട്ടേ ഇല്ലെന്ന്!ജാതിയില്ല!മതമില്ല!രാഷ്ട്രീയപാര്‍ട്ടി ഇല്ല!ഇഷ്ടഭക്ഷണം ഇല്ല!ഇഷ്ടനിറമില്ല!ഇഷ്ടവേഷമില്ല!ഹോബി ഇല്ല!മോഹന്‍ലാലിനെ ആണോ മമ്മൂട്ടിയെ ആണോ ഇഷ്ടമെന്നു ചോദിച്ചിട്ട് അതുമറിയില്ല!!ഇഷ്ടപ്പെട്ട നടി പോലുമില്ല!!
സോഷ്യല്‍ മീഡിയ അനലിസിസിനു പോലുമുള്ള ഡാറ്റ ഇല്ല.
ഇതൊന്നുമില്ലാത്ത ഒരുത്തനെ ഞാനെങ്ങനെ സോര്‍ട്ടു ചെയ്ത് വിധിക്ക് അയയ്ക്കും??!!"
"അതെന്ത് ആത്മാവാടോ?ഇന്നും വീട്ടീപ്പോക്ക് മാത്തമാറ്റിക്സായല്ലോ!"വെറ്ററനായ ദൈവന്‍ സാറും സംഗതിയുടെ ഗ്രാവിറ്റി മനസ്സിലാക്കി.
"ഞാനിങ്ങോട്ട് വിടാം.സാറെന്തേലും ചെയ്യാമോ?"
"ഞാനെന്തു ചെയ്യാന്‍!?യെവനെയൊക്കെ നേരേ ആ സൈത്താന്റെ ഓഫീസിലേയ്ക്ക് തള്ളണമെന്ന് അറിയാവുന്നതല്ലേ?"
"അതിനു ഇതുപോലെ കുനിഷ്ഠാണെന്നു നമ്മളുണ്ടോ നേരത്തേ അറിയുന്നു?സാറു കൂടി കൈവിട്ടാല്‍!!സാറിന് ഇതൊക്കെ സിമ്പിളായി ഹാന്റിലു ചെയ്യാവുന്നതേയുള്ളൂവെന്ന് ഈ ഓഫീസിലെല്ലാവര്‍ക്കുമറിയാം"
"അതങ്ങു സുഖിച്ചെടോ!പക്ഷേ ഇതിവിടെ ചിലവാകില്ല.ഒരു ലേബലുമില്ലാത്തവനെ വിധിക്കാന്‍.....
ആ ഒരു മാര്‍ഗ്ഗമുണ്ട്!!
സമയമൊരുപാടെടുക്കും!ആ തലതിരിഞ്ഞ ആത്മാവിന്റെ ജനനം മുതല്‍ മരണം വരെ ഉള്ള സി.സി.ടി.വി., സാറ്റലൈറ്റ് ഇമേജറി എല്ലാം എടുത്ത് ആദ്യം മുതല്‍ ഇട്ടു കണ്ടിട്ട് പ്രവൃത്തി നോക്കി വിധിച്ചോ!"ദൈവന്‍ അറത്തുമുറിച്ചു പറഞ്ഞു.
"സാാാര്.."
"ആ..നേരം കളയാതെ തുടങ്ങിക്കോ.ഓരോരുത്തരുടെ ഒക്കെ കെ.വൈ.സി.കണ്ടാല്‍ കൊതിയാകും.വാട്സാപ്പ് ഗ്രൂപ്പിന്റെ ലിസ്റ്റ് നോക്കിയാല്‍ തന്നെ വിധി പറയാന്‍ പറ്റും.കൊതിയാവും!"
പിന്നെഴുത്ത്:ദൈവന്‍ ജാതിയില്ലാത്ത ഒരു വിധിയെഴുത്തുകാരനാണ്.മുന്‍വിധികളുണ്ടാക്കുന്നോര്‍ക്ക് വിധിയെഴുതാനാണ് പുള്ളിക്കിഷ്ടം.
അല്ലെങ്കില്‍ അങ്ങേരെ എന്തിനു ഇതിലേയ്ക്കു വലിച്ചിഴക്കുന്നു,അല്ലേ?
ദൈവന്റെ ഡയലോഗുകളെല്ലാം സ്വന്തം സ്വരത്തില്‍ പറഞ്ഞു നോക്കൂ.ആരെക്കുറിച്ചും,എന്തിനെക്കുറിച്ചും മുന്‍വിധികള്‍ ഉണ്ടാക്കി മനസ്സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടുപെട്ട് ശ്രമിക്കുന്ന നമ്മളോരോരുത്തരേയും കാണാനാവുന്നുണ്ടോ?പരിചയപ്പെടലുകളെന്നാല്‍ ഒരു ലോഡ് മുന്‍വിധികളുടെ ജനനമെന്നാവുമല്ലേ അര്‍ത്ഥം?
No comments:
Post a Comment