Friday, 22 May 2020

കൊഞ്ചം ഓവ‍ര്‍

അക്കൗണ്ടന്‍സിയെന്നാല്‍ ഒരു മഹാസാഗരമാണത്രെ.അക്കൗണ്ടിങ്ങ് സോഫ്റ്റ്വെയറുകളും മോശമല്ല-പാത്രത്തില്‍ തളച്ചിട്ട സാഗരം പോലെയാണ് അവയും. 

ഓഡിറ്റിങ്ങ് രസമുള്ള പണിയാണ്.വെറുതേയിങ്ങനെ ചോദ്യങ്ങള്‍ ചോദിച്ച് കേള്‍ക്കുന്നവരെയൊക്കെ ഒരു പ്രത്യേകമാനസികാവസ്ഥയിലെത്തിക്കുക എന്നതാണ് ഓഡിറ്റിങ്ങ് ജോലിയുടെ കാതലായ ഭാഗം.
സ്ഥിരം ശല്യങ്ങളായ സ്റ്റാഫുകളെ ഒരാള്‍ വെറുതേയാണെങ്കിലും ചൊറിയുന്നത് മാനേജുമെന്റിനും സുഖമുള്ള കാര്യമാണ്.

ഇന്നത്തെ ഓഡിറ്റ് നടത്തേണ്ടിടത്തും പുതുമുഖമാണ്.ചുക്കെന്താ,ചുണ്ണാമ്പെന്താ,ക്രെഡിറ്റെന്താ,ഡെബിറ്റെന്താന്നൊക്കെ ചോദിച്ചാല്‍ നവരസങ്ങള്‍ വിരിയിക്കുന്ന ഒരപ്പാവി.

"ഇതെന്താടോ ഈ കാണിച്ചു വെച്ചിരിക്കുന്നത്?ഒരേ എക്സ്പന്‍സ് എത്ര പേരിലാ കാണിച്ചിരിക്കുന്നെ."ചോദ്യം ചോദിക്കാതിരുന്നാല്‍ പിന്നെ ഓഡിറ്ററില്ല.

"സത്യത്തില്‍ ഞാന്‍ വന്നിട്ട് ഒന്നര ആഴ്ചയേ ആയുള്ളു സാര്‍.ഇവിടുത്തെ സാര്‍ കുറച്ചു സ്ട്രിക്റ്റായതുകൊണ്ട് ഇടക്കിടെ ആളുകള് മാറി മാറി വരാറുണ്ടെന്നാണ് കേട്ടത്.വരുന്നവര്‍ക്ക് സംഗതികള്‍ പരിചയപ്പെടുത്തി കൊടുക്കാന്‍ ആരും ഉണ്ടാവാറുമില്ല താനും.അതാണെന്ന് തോന്നുന്നു"അപ്പാവി വിനയപുരസ്സരം മൊഴിഞ്ഞു.

"ആര് വന്നാലെന്താ?പോയാലെന്താ?ബോധമില്ലാത്തവരാണോ ജോലിക്ക് വരുന്നത്?ഇത് കണ്ടോ?!ടീ ആന്റ് സ്നാക്ക്സ് - ഒരു എക്സ്പെന്‍സ്..ഇതു കുഴപ്പമില്ല.കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും!"

"അതേ സര്‍.ക്രിയേറ്റു ചെയ്ത ആള് മിടുക്കനാണ്!"

"ദാ കെടക്കുന്നു റിഫ്രഷ്മെന്റ് എക്സ്പെന്‍സ്.ഇതിലുമുണ്ട് കുറേ എന്‍ട്രി.അവനൊക്കെ BCom ആരുന്നോ BA  ലിറ്ററേച്ചറാരുന്നോ?'

"റിഫ്രഷ്മെന്റ്..ഹൗ..ഇച്ചിരി കട്ടിയാ"അപ്പാവി.

"ദേ ചായേം കടീം!!എന്തുവാടോ ഇതൊക്കെ?"

"മാതൃഭാഷാസ്നേഹിയാരിക്കും സാറേ!"

"അപ്പോ ഈ ചായേം പൊരിപ്പുമോ?!!"

"അത് കൊട്ടാരക്കര സൈഡിലുള്ള ഏതേലും മാതൃഭാഷാസ്നേഹിയാരിക്കും!"

"ചായ പഫ്സ്, ചായ സുഖിയന്‍..ഒാരോ ദിവസവും കഴിച്ചതിന്റെ പേരെല്ലാം വേറെവേറെ എക്സ്പെന്‍സാക്കിയത് ഏത് സ്റ്റുപ്പിഡാടോ?!"

"ഏതോ സത്യസന്ധനാവും സര്‍.സുതാര്യമായ അക്കൗണ്ടിങ്ങ്!"

"ഈ പണി ഇട്ടിട്ടു പോവാന്‍ തോന്നുവാണ്"

"സാറ് ടെന്‍ഷനാവണ്ട!ഇതിന്റെ പേര് തന്നെ ഓവര്‍ഹെഡ്സ് എന്നല്ലേ?കുറച്ചു ഓവറാകും.നാച്വറല്‍!"

നല്ല ഭാവനയുടെ മണം അടിക്കുന്നു.അടുത്ത വരവില്‍ ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കാനുള്ള വകുപ്പ് കാണുന്നുണ്ട്.

Saturday, 16 May 2020

സംഗീതത്തിലേയ്ക്ക്

ചെറുതാണെങ്കിലും പണ്ടൊരു ഹോളിവുഡ് കൗബോയ് ഗാംഗ്സ്റ്റര്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതായിരുന്നു.

ഒരു കുപ്പി വിസ്കി ഒറ്റയടിക്ക് കുടിച്ചിട്ട് "ലെറ്റ്സ് ഹണ്ട് ഹിം ഡൗണെ"ന്ന്  കൂടെയുള്ളവരോട് നല്ല കനത്തില്‍ പറഞ്ഞിട്ട് കുതിരപ്പുറത്തു ചാടി കയറണം.

കുതിരപ്പുറത്ത് കയറാന്‍ പറ്റാത്തതുകൊണ്ടൊന്നുമല്ല;ആഫ്രിക്കന്‍ ടച്ചുള്ള folk മ്യൂസിക്കാണ് കൂടുതല്‍ ചേരുക എന്ന അഭിപ്രായത്തിലാണ് അവര്‍ പറഞ്ഞുവിട്ടത്.

കാരണം എത്ര കഴിച്ചാലും നാവ് കുഴയത്തേ ഇല്ല..ലെസ് ഹണ്ടിംണ്ടൗ..ഷെരിയല്ലെ🎸

Friday, 15 May 2020

മെഗാ ഇവന്റ്🤕

ഈയടുത്ത് നോം ചുമടെടുത്തു വിയര്‍ത്തൊലിച്ചെങ്കിലും, ഉള്ള പരിമിതമായ മസിലൊക്കെ പെരുപ്പിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ dp ആക്കിയതിന്‍മേല്‍ ഇഹലോകത്തുനിന്നും പരലോകത്തുനിന്നും പല പ്രതികരണങ്ങളും കിട്ടിയത് സ്മരിക്കുന്നു.

സത്യത്തില്‍ അത് വലിയ ഒരു സംഗതിയ്ക്കായുള്ള മുന്നൊരുക്കം മാത്രമായിരുന്നു..

ഒരു മെഗാ ഇവന്റ്!!

ഒറ്റവാക്കില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം..ഇനിയിപ്പോ ബുദ്ധിമുട്ടില്ലെങ്കിലും എനിക്ക് ഇന്ന് പ്രത്യേക ജോലിയില്ലാത്തതിനാല്‍ ഒറ്റവാക്കില്‍ പറഞ്ഞ് നിര്‍ത്താന്‍ മനസ്സില്ല.

എന്റെ ജോലി സവാള,ഉരുളക്കിഴങ്ങ്,തേങ്ങ,ചുവന്നുള്ളി,വെളുത്തുള്ളി എന്നീ ഭക്ഷ്യവസ്തുക്കള്‍ പല കടകളില്‍ കൊണ്ടുപോയി വിലപേശി വിറ്റഴിച്ച് ,ചുമന്നിറക്കി,ബില്ലെഴുതി,പണം വാങ്ങി,വൈകുന്നേരങ്ങളില്‍ സ്റ്റൊക്കും ബില്ലും പണവും മാതൃഷോപ്പില്‍ ബോധിപ്പിച്ച് ഏല്‍പ്പിച്ച് കൂലിയും കൈപ്പറ്റി വീട്ടിലേയ്ക്കു നടക്കുക എന്നതാണ്.

ജോലി എന്തുതന്നെയായാലും അതിലെ 'നടപ്പ്' എന്ന ഭാഗത്തിന് പ്രത്യേകശ്രദ്ധ കൊടുക്കുവാന്‍ നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

വീടും മാതൃഷോപ്പുമായി ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്.

ഇതില്‍ നിരപ്പുള്ള ടാറിട്ട റോഡ്,കയറ്റമുള്ള ടാറിട്ട റോഡ് ഇവ രണ്ടും വരുന്നതിനാല്‍ നടപ്പിന് മാനുഫാക്ചുറേഴ്സ് വാഗ്ദാനം ചെയ്ത മൈലേജില്ലെന്നു മാത്രമല്ല മുപ്പതു മിനിട്ടോളം സമയവുമെടുക്കും.

രാവിലെ അഞ്ചേമുക്കാലിനുള്ള അങ്ങോട്ട് നടപ്പിനും സന്ധ്യ മയങ്ങി മയങ്ങി വീഴാറാകുമ്പോഴുളള തിരിച്ചു നടപ്പിനും ഈ ലോക്ഡൗണ്‍ കാലത്ത് പല പ്രത്യേകതകളുമുണ്ട്.

കേരളത്തില്‍ സ്ത്രീപുരുഷ അനുപാതം കുറവാണെന്ന പഠനം തെറ്റാണെന്നാണ് എന്റെ വൈയക്തികമായ ഒരു നിരീക്ഷണം.രാവിലെയും വൈകിട്ടും നടക്കുന്ന ഈ രണ്ടര കിലോമീറ്ററിനിടയില്‍ ജോഗിങ്ങിലും പത്രപാരായണത്തിലും ഫോണിലും ഉറക്കപ്പിച്ചിലുമൊക്കെ മുഴുകി എത്രയോ അവിവാഹിതകളെ വീടടക്കം കണ്ടിരിക്കുന്നു.പ്രായം കുറഞ്ഞവര്‍ ഇങ്ങനെ പരസ്പരം വായില്‍ നോക്കിയപ്പോള്‍ (പരസ്പരം എന്നു ഒരു ആഗ്രഹം പറഞ്ഞതാണ്.അങ്ങോട്ടു മാത്രമേ നോട്ടം പോവാറുള്ളൂ)ഈ രണ്ടരക്കിലോമീറ്ററിലെ വീടുകളിലിരിക്കുന്ന അട്ടയുടെ കണ്ണു കണ്ടവരായ മാതാപിതാക്കളും മ്മളെ നോക്കി.അവരുടെ മനസ്സില്‍ കയറി ഞാനാലോചിച്ചു"എന്നാലും എല്ലാരും പണിയില്ലാതെ വീട്ടിലിരിക്കുമ്പോള്‍ ഇവനിതെങ്ങോട്ട്..??!!തിരിച്ചു പോകുമ്പോള്‍ സഞ്ചികളില്‍ സാധനങ്ങള്‍!!"

പലരും നമ്മളിലേയ്ക്കെത്തിത്തുടങ്ങി....

ലോക്ക്ഡൗണങ്ങിനെ കൊടുംപിരി കൊള്ളുകയാണെന്ന് ഓര്‍മ്മ വേണം.

എത്ര നാളിത് തുടരുമെന്നറിയില്ല....

ലോകം എങ്ങോട്ടെന്നറിയില്ല....
..

NRI കള്‍ തിരിച്ചു വരുന്നു...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തുലാസ്സിലാടുന്നു..

അവിവാഹിതകളുടെ മാതാപിതാക്കളുടെ ആധി കൂടും തോറും ഞാന്‍ എന്റെ ഭാഗത്തു നിന്നുള്ള വായില്‍ നോട്ടം കുറച്ചു.അറ്റന്‍ഷന്‍ കിട്ടിത്തുടങ്ങിയാല്‍ ബലം പിടുത്തവും ആകാമെന്നാണ് മാര്‍ക്കറ്റിങ്ങ് ഗുരുക്കളുടെ പാഠം.

ഏറ്റവും പ്രധാനമായി അവിവാഹിതകളുടെ തീരുമാനം എടുക്കേണ്ട പിതാശ്രീകള്‍ മദ്യത്തിന്റെ ദൗര്‍ലഭ്യം മൂലം സ്വബോധത്തിലാണ് എന്നതാണ്.

ഇതിനിടയില്‍ ചിലര്‍ എന്റെ ആറേഴു പോക്കറ്റുള്ള പാന്റിലേയ്ക്കു നോക്കി കുശുകുശുക്കുന്നതു കണ്ടപ്പോള്‍ അപായ സിഗ്നല്‍ കത്തി.അതിഥി തൊഴിലാളി തെറ്റിദ്ധാരണ എന്ന അപായം.അങ്ങനെയുള്ളവരെ കാണുമ്പോ ഫോണെടുത്ത് മലയാള കവിതയൊക്കെ ചൊല്ലി അതും പരിഹരിച്ചു!!

അങ്ങനെ മെഗാ ഇവന്റിലേയ്ക്കുള്ള പരിശീലനവും  റിക്രൂട്ട്മെന്റും ജോറായി നടക്കുകയാണ്.

"മോനെവിടുത്തെയാ.ഇവിടെ അധികം കാണാത്തകൊണ്ടു ചോദിച്ചതാ കെട്ടോ!"ഫലം കണ്ടുതുടങ്ങി.

"എബ്രോഡാരുന്നു അങ്ക്ള്‍.എന്റെ ബുദ്ധിയും കഴിവും എന്റെ നാടിനാവശ്യമുണ്ടെന്നു തോന്നിയപ്പോള്‍ എല്ലാം പുല്ലുപോലെ ഇട്ടെറിഞ്ഞ് നാട്ടിലേയ്ക്കിങ്ങ് പോന്നു..ഹല്ല പിന്നെ"

"അതു നന്നായി മോനേ..ഇനി വിദേശത്തൊന്നും വല്ല്യ രക്ഷയുണ്ടെന്നു തോന്നുന്നില്ല.അതെന്നാ നടന്നു പോണെ?മടുക്കുവേലേ?"

"നടപ്പിലാണ് അങ്ക്ള്‍ ശരീരത്തിന് മുഴുവന്‍ എക്സസൈസ് കിട്ടുന്നത്.തടിയൊന്നു കണ്‍ട്രോള്‍ ചെയ്യണം!"

"വളരെ നല്ലതാ.വെള്ളം വല്ലോം കുടിക്കാന്‍ വേണാരുന്നോ?സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് വിധി പ്രകാരം ഉണ്ടാക്കിയ കരിഞ്ഞാലി വെളളമുണ്ട്"

"ഓ..താങ്ക്യൂ അങ്കിള്‍.ബട്ട് നോ താങ്ക്യൂ.വെള്ളം രണ്ടു കുപ്പി എന്റെ കൈയ്യിലുണ്ട്."സഞ്ചി പൊക്കി കാണിച്ച്.

"ആഹാ ലുലുമാളിന്റെ കവറാണല്ലോ.അറബി എഴുതിയത്.അവിടൊക്കെ പോയിട്ടുണ്ടോ?!"

""പിന്നേ!!ഞങ്ങളൊക്കെ തീപ്പെട്ടി വാങ്ങാന്‍ പോലും പോകുന്നത് ലുലുമാളിലല്ലാരുന്നോ?!"

"ഹോ"പൊളിഞ്ഞ വായ്കള്‍ രണ്ടു ദിവസം കഴിഞ്ഞാണ് അടഞ്ഞതത്രെ!

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് വാ അടക്കാനായതിനുശേഷം അവര്‍ വീണ്ടും സംസാരിക്കാന്‍ വന്നു.

"മോന് തിരക്കില്ലെങ്കില്‍ കുറച്ചു സംസാരിക്കാമോ?!"

"അയ്യയ്യോ!നെലത്ത് നിക്കാന്‍ സമയമില്ല.ഞങ്ങളുടെ ബിസിനസിന്റെ നെടുംതൂണാണ് ഞാന്‍.പക്ഷേ അങ്ക്ള്‍ വെഷ്മിക്കണ്ട.കാര്യം മനസ്സിലായി.
കുട്ടിയുടെ മോസ്റ്റ് റീസന്റ് ഫുള്‍ സൈസ് ഫോട്ടോ വൈറ്റ് ബാക്ഗ്രൗണ്ടില്‍ അറ്റാച്ച് ചെയ്ത ബയോ ഡാറ്റ എന്റെ വീട്ടിലൊരു സ്റ്റാഫിനെ ഇരുത്തിയിട്ടുണ്ട്;അവിടെ കൊടുത്താല്‍ മതി.ആപ്ളിക്കേഷനു ഫീ തത്കാലം വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.കോ കരിക്കുലര്‍ ആക്ടിവിറ്റീസും നിര്‍ബന്ധമായും മെന്‍ഷന്‍ ചെയ്യണം.സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി അറ്റാച്ച് ചെയ്താല്‍ മതിയാവും.ഇന്‍കംപ്ളീറ്റായ അപേക്ഷകള്‍ അറിയിപ്പില്ലാതെ റിജക്ട് ചെയ്യും.

ആ പിന്നെ അങ്ക്ള്‍..സ്റ്റാഫിന് കുറേ ആപ്ളിക്കേഷനൊക്കെയായി നല്ല തിരക്കൊണ്ടാവും.ധൃതി വെച്ച് ബുദ്ധിമുട്ടിക്കല്ലേ..മ്മളൊക്കെ ഹ്യൂമന്‍ ബീയിങ്ങ്സല്ലേ!"

"ഹോ!ആശ്വാസായി.ഇനി ആപ്ളിക്കേഷന്റെ കാര്യം നോക്കിയാ മതിയല്ലോ!എടി മോളേ.."

ഇതേ മാതൃകയില്‍ ഈ രണ്ടരക്കിലോമീറ്ററിനിടയിലെ നൂറുകണക്കിന് അവിവാഹിതാഗൃഹങ്ങളില്‍ സന്ദേശമെത്തിക്കപ്പെട്ടു.

ആപ്ളിക്കേഷനുകള്‍ വിത്ത് ഫോട്ടോ കൂമ്പാരമായി.റെക്കമെന്റേഷന്‍ ഫോണ്‍ കോളുകള്‍കൊണ്ട് ഞങ്ങടെ നാട്ടിലെ ടവറ് കരിഞ്ഞു പോയി.

മെഗാ ഇവന്റ് എന്താണെന്ന് ഇനിയും മനസ്സിലാവാത്തവരുണ്ടോ??!!!

അതിന് പണ്ടു കാലങ്ങളില്‍ സ്വയംവരം എന്നായിരുന്നു പേര്..ഇന്നിപ്പോ ഗെയിം ഷോ!

അതേ..ലോക് ഡൗണില്‍ എന്നും പണിക്കു പോകുന്ന യുവാവിനുവേണ്ടി ഒരു ബറ്റാലിയന്‍ യുവതികള്‍ നടത്തുന്ന ഗംഭീരയുദ്ധം..

ഇവിടെ പാട്ടുണ്ട്,ഡാന്‍സുണ്ട്,സുന്ദരിക്ക് പൊട്ടുതൊടലുണ്ട്,വാലു പറിക്കലുണ്ട്..അങ്ങനെ ത്രസ്സിപ്പിക്കുന്ന ഒരുപാട് മത്സരങ്ങള്‍ക്കും എലിമിനേഷനുകള്‍ക്കും SMS കള്‍ക്കുമവസാനം പണിയില്ലാത്ത ഒരു ഞായറാഴ്ച വിജയി എന്നെ വരണമാല്യം അണിയിക്കുന്നതോടെ മെഗാ ഇവന്റിന് തിരശ്ശീല.

ഇതിന്റെടേലാണ് ഈ ഒണക്ക ഗവണ്‍മെന്റ് കൊറോണയോട് ഇണങ്ങി ജീവിച്ചോളൂ,എല്ലാരും പണിക്കു പൊക്കോളൂ,ലോക്ഡൗണ്‍ വേണ്ട എന്നൊക്കെ പ്രഖ്യാപനവുമായി വന്നത്.

മെഗാ ഇവന്റിനുവേണ്ടി മാത്രം മുട്ടക്കാട്ടന്‍ സവാള ചാക്കു ചുമന്ന് നട്ടെല്ലിന്റെ ബോള്‍ട്ടിളകിയ ഞാന്‍ വീണ്ടും വെറും സോമന്‍!!!

ഞാനൊരു അരാജകവാദിയായതില്‍ തെറ്റുണ്ടോ??!!

നിങ്ങള് പറ!!

Thursday, 14 May 2020

പ്രവചനങ്ങള്‍

പ്രവചനങ്ങളേക്കുറിച്ച് കുറേ അന്വേഷിച്ചപ്പോള്‍/വായിച്ചപ്പോള്‍ തോന്നി അതിനെ വേറൊരു കഥയുമായി ബന്ധിപ്പിക്കാമെന്ന്.

നിലച്ചുപോയ ഘടികാരം ദിവസത്തില്‍ രണ്ടു തവണ ശരിയായ സമയം കാണിക്കുമെന്ന ചെറിയോരു കഥ കേട്ടിട്ടില്ലേ?!ആ കഥ തന്നെയല്ലേ പ്രവചനങ്ങളുടേയും കഥ?

പ്രവാചകന്‍മാര്‍ വിജയിക്കുന്നത് എങ്ങിനെയെന്ന സംശയം ബാക്കിയായി.അത് അവരുടെ പരിവേഷത്തിലേയും സംഭാഷണരീതിയിലേയും മികവ്/പ്രത്യേകത കൊണ്ട് മാത്രമാണെന്നതാണ്.

സാധ്യതകളുടെ സ്വഭാവികമായ ധാരാളിത്തം  കൊണ്ടു ഉളവാക്കപ്പെടുന്ന ഒരു പ്രഹേളികയാണ് പ്രവചനം എന്നു ഇതിനെ ലളിതമായി നിര്‍വ്വചിക്കാം😂😂😂

ഇതുപോലെ ഏതു വിഷയത്തിലും
ലളിതമായ നിര്‍വ്വചനങ്ങള്‍ക്കായി സമീപിക്കാവുന്നതാണേ☺

Wednesday, 13 May 2020

ഗൂഗിളുദ്യോഗം എന്ന ദുര്യോഗം!

അങ്ങിനെയിരിക്കെ ഒരു ദിവസം ഗൂഗിളില്‍ നിന്നൊരു ഇ മെയില്‍ വന്നു!

'ജി - മെയില്‍,ഗൂഗിള്‍ സെര്‍ച്ച്,മാപ്സ്,ഫോട്ടോസ് അങ്ങിനെ ഗൂഗിളിന്റെ ഒരുവിധം എല്ലാ പ്രൊഡക്ടുകളും -ഗൂഗിള്‍ പേ - ഒഴിച്ച് ഇത്ര നന്നായി ഉപയോഗിക്കുന്ന ;അതും പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ഒരാളെന്ന നിലയില്‍ താങ്കളെ അംഗീകരിക്കാനും കഴിയുമെങ്കില്‍ ഞങ്ങളുടെ ഭാഗമാക്കാനും താത്പര്യപ്പെടുന്നു.കരിക്കുലം വിറ്റെയും സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരിക.'എത്തേണ്ട സ്ഥലവും ഡ്രസ്സ് കോഡും മാന്യത വിടാതെ മെയിലില്‍ എഴുതിയിരുന്നു.

ആദ്യം അമ്പരപ്പാണ് തോന്നിയത്!

പിന്നെ ആവേശം!

നെഞ്ചിടിപ്പ് 'ലബ് - ഡബ്' മാറി 'ഗുള്‍ - ഗൂഗിള്‍' എന്നായി.വെള്ളം കുടിക്കുന്ന ശബ്ദം മാത്രം 'ഗള്‍ ഗള്‍ ഗംഗിള്‍' എന്നു പഴയ പടി തന്നെ.കൂര്‍ക്കംവലി എങ്ങിനെയായി എന്ന് അറിയില്ല!

അവര്‍ വിളിച്ചതില്‍ തെറ്റില്ല...

എത്ര കാലമായി രണ്ടു മൂന്നു രാജ്യത്തെ എത്രയോ സ്ഥലങ്ങളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നു,റിവ്യൂ ഇട്ടിരിക്കുന്നു,അതൊക്കെ എത്രയോ ലക്ഷം ആളുകള്‍ക്ക് പ്രയോജനപ്പെട്ടിരിക്കുന്നു.പിച്ചക്കാരന്‍ ലോട്ടറിയുമായി മാനസികമായി പൊരുത്തപ്പെടും പോലെ ഈ ചിന്തകള്‍ തുടര്‍ന്നു!

മെയിലില്‍ പറഞ്ഞ ദിവസമെത്തി.ഡ്രസ്സ് കോഡിലെ ഡ്രസ്സ്, കോഡൊപ്പിച്ച് ധരിച്ച് സര്‍ട്ടിഫിക്കറ്റും CV യുമടങ്ങുന്ന ഫോള്‍ഡറും പിടിച്ച് ജോലി ഉറപ്പായതിനാല്‍ തറവാട് വീട്ടില്‍ പോകുന്ന സ്വാതന്ത്ര്യത്തോടെ മുറിയിലേയ്ക്ക് സ്വയം ആവാഹിച്ചിരുത്തി.

"പക്ഷേ CV യിലെ പേര് അപ്പര്‍കേയ്സ് ലെറ്റേഴ്സിലല്ലല്ലോ!" അഭിമുഖം നടത്തുന്ന ആള്‍ അതൃപ്തി ഭാവത്തോടെ കമന്റടിച്ചു.

പുത്തരിയില്‍ കല്ലു കടിച്ചോ?.ഇനിയിപ്പോ എനിക്കങ്ങോട്ട് മെയില്‍ വന്ന കാര്യം ഇയാള്‍ക്കറിയില്ലേ പോലും. അല്ലെങ്കിലും പേര് വലിയക്ഷരത്തില്‍ എഴുതുക എന്നതൊക്കെ വലിയ കാര്യമാണോ?എന്നാലും മാന്യത വിടാതെ സേഫായി ഇരുന്നേക്കാം.

"അപോളജീസ് സര്‍.ശ്രദ്ധക്കുറവു കൊണ്ട് പറ്റിയതാണ്'

"ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരും.പറ്റുമോ?യാത്രകളോടു പരിചയം ഉണ്ടോ?"

ഇത്തവണ ശരിക്കും ഞെട്ടി.ഞമ്മളൊരു മാസം എത്ര മൈല്‍ സഞ്ചരിച്ചു,അതില്‍ കാല്‍നട എത്ര,ഓട്ടര്‍ഷയില്‍ എത്ര എന്നൊക്കെ റിപ്പോര്‍ട്ട് ചോദിക്കാതെ അയച്ചു തരുന്ന കമ്പനിയുടെ പ്രതിനിധി.ഈ എന്നോട്!!ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യും.

"യാത്ര ചെയ്തു പരിചയം ഉണ്ട് സര്‍.ഇനിയും ചെയ്യാന്‍ ബുദ്ധിമുട്ടില്ല!"

"ഗൂഗിള്‍ പ്രൊഡക്ട്സിന്റെ എല്ലാം ഉപയോഗമറിയാമോ?"

ഇയാള്‍ എനിക്ക് മെയിലയച്ച ആളുടെ മുള്ളിത്തെറിച്ച റിലേഷനിലുള്ള അളിയന്‍ പോലുമല്ല.പക്ഷേ ക്ഷമ നല്ലതാണ്.

"അത്യാവശ്യത്തിന് അറിയാം സര്"‍

"പിന്നെ അഥവാ തനിക്ക് ജോലി കിട്ടിയാല്‍, ഓഫീസിലിരിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പറ്റില്ല.ഡെസ്ക്ടോപ്പിലും നെറ്റുണ്ടാവില്ല.ചുമ്മാ ഗൂഗിളും നോക്കിയിരുന്നാല്‍ പണി നടക്കില്ല"അടിപൊളി.

ഫയല്‍ ഫോള്‍ഡറുകൊണ്ട് ആ വര്‍ഗ്ഗവഞ്ചകന്റെ തലയ്ക്കടിച്ച് മത്തങ്ങാത്തലയാന്നും വിളിച്ച് ഇറങ്ങി നടന്നതാണ്.പിന്നെ ഇതുപോലെ ഇംപ്രസ്സ്ഡാകുന്നവരുടെ ഇന്റര്‍വ്യൂ വിന് പോകാറില്ല.

പിന്നെഴുത്ത് :

ഗൂഗിള്‍ കാമ്പസ് ലോകത്തില്‍ ഏറ്റവും എംപ്ളോയി ഫ്രണ്ട്ലി ആണെന്നാണ് അറിവ്.ജോലിക്കാരുടെ മനസ്സിന്റെ സന്തോഷത്തെയും സംതൃപ്തിയെയും പരമാവധി കാര്യക്ഷമത ആക്കി മാറ്റുക എന്ന നല്ല സങ്കല്‍പ്പം അവിടെ നടപ്പിലാകുന്നുണ്ടെന്നതാണ് വായിച്ചും വീഡിയോകളില്‍ കണ്ടും മനസ്സിലായത്.
മറ്റൊരു വിഷയം അവതരിപ്പിക്കാനായി അവരുടെ പേര് വലിച്ചിട്ടെന്നേ ഉള്ളൂ.
അവിടെ നിന്ന് ജോലി ഓഫറൊന്നും വരാനും സാധ്യതയില്ല.ഗൂഗിള്‍ മാപ്സിന്റെ ലോക്കല്‍ ഗൈഡുകളുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള ആപ്ളിക്കേഷനയക്കാമെന്നു പറഞ്ഞൊരു മെയില്‍ വന്നിരുന്നു.(സ്വയം പൊങ്ങലിന്റെ ലേശം മസാലയും ഇട്ടേക്കാം)

നമ്മളിങ്ങനെ ഭാരമുള്ള ഒരു മേശ തനിയെ വലിച്ചു മാറ്റി അതില്‍ കയറി നിന്ന് ചുമരില്‍ അത്യാവശ്യം കൊള്ളാവുന്ന ചിത്രം വരയ്ക്കുകയാണ് എന്നു സങ്കല്‍പ്പിക്കൂ.

താഴെ നിന്ന് നമ്മളെ അനുമോദിക്കുന്ന ഒരു സംരഭകത്വമുള്ള ആളുടെ ചിന്ത ഇവന് ഭാരമുള്ള മേശ തന്നെ എടുക്കാന്‍ പറ്റുന്നുണ്ട്.കൂടെ കൂട്ടി ഈ പടംവരയുടെ ദുശ്ശീലം മാറ്റിയെടുത്താല്‍ നല്ലൊരു ചുമട്ടു കാരനാക്കാം എന്നാകാനാണ് സാധ്യത.😂😂

ചുമടെടുക്കുന്നത് മോശമാണെന്നല്ല.

ചെയ്യേണ്ടി വന്നാല്‍ ചെയ്യണം.

ജോലി സമയത്ത് ജോലിയും ഒഴിവു സമയത്ത് ക്രിയേറ്റീവായ കാര്യങ്ങളും ചെയ്യാന്‍ പറ്റണം.

അതിന് സോഷ്യല്‍ സ്റ്റാന്‍ഡാഡനുസരിച്ച് ന്യായമായ ഒഴിവു സമയമുള്ള ജോലി കിട്ടുമെങ്കില്‍ വളരെ നന്ന്.

പക്ഷേ അനുമോദിക്കുന്നവരെപ്പറ്റി പത്തു പ്രാവശ്യമെങ്കിലും ചിന്തിച്ചില്ലെങ്കില്‍ വലിയ  ഇച്ഛാഭംഗവും അനാവശ്യദേഷ്യവും ഉണ്ടായേക്കാം.

ആളുകള്‍ നമ്മളില്‍ നമ്മളുദ്ദേശിക്കുന്നത് കാണണമെന്നില്ല.അവരുദ്ദേശിക്കുന്നതാവും കാണുക. 

എഴുത്തുകാരുണ്ടാവുന്നത്

 "നീയെന്തൂളത്തരമൊക്കെയാണീ പറയണത്.ശബ്ദോം കുറവ്,ബോറന്‍ സബ്ജക്ടും,കടിച്ചാപ്പൊട്ടാത്ത വാക്കുകളും..
ഇങ്ങോട്ടു കാശു തരാന്നു പറഞ്ഞാ പോലും ഇത് സഹിക്കാന്‍ പറ്റൂല' അങ്ങിനെയാണ് ഒന്നാമത്തെ എഴുത്തുകാരന്‍/കാരി ഉണ്ടായത്. 

"ഇവിടെയിപ്പോ നമ്മളു രണ്ടുപേരും മാത്രമേയുള്ളൂ.cctv ഒന്നും ഇല്ലല്ലോ!ഞാനെന്തു വേണേലും പറയും..ചെയ്യും."അങ്ങിനെ രണ്ടാമത്തെ എഴുത്തുകാരന്‍/കാരി ഉണ്ടായി.

"ഒരുപാടിങ്ങനെ പറഞ്ഞു കൂട്ടിയാല്‍ ഇതിനൊക്കെ ഒരു അക്കൗണ്ടബിലിറ്റി വേണ്ടേ?ഇതൊക്കെ മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ പറയുന്ന നിന്നെക്കൊണ്ടു പോലും സാധിക്കുമോ?"അങ്ങിനെ മൂന്നാമത്തെ എഴുത്തുകാരന്‍/കാരിയും ഉണ്ടായി. 

"ചത്തുകഴിഞ്ഞാല്‍ നമ്മളൊക്കെ വെറും എല്ലുപൊടി.മറ്റുള്ളോര് പറയുന്ന കഥകളിലൂടെ മാത്രം നമ്മളെ ലോകം ഓര്‍ക്കും!"അങ്ങിനെ നാലാമത്തെ എഴുത്തുകാരന്‍ /കാരിയും ഉണ്ടായി.

"എനിക്കൊര്‍മ്മയില്ല ഇതൊന്നും.ചുമ്മാ സ്വപ്നം കണ്ടതൊക്കെ മറ്റുള്ളവര്‍ ചെയ്തു,പറഞ്ഞു എന്നൊന്നും ആരോപിക്കാന്‍ വരല്ലേ!"അഞ്ചാമത്തെ എഴുത്തുകാരന്‍/കാരി ഉണ്ടായി.

ഇങ്ങനെയൊക്കെയാണ്..വല്ലതും അറിയുന്നുണ്ടോ?!

Tuesday, 12 May 2020

ഏതോ ഒരു വീട്ടുകാരുടെ കല്യാണസദ്യ പോലെ

വീട്ടുപേര് പറയുന്നില്ല!

കോട്ടയം ഭാഗത്തുള്ള ഒരു വലിയ കുടുംബത്തെപ്പറ്റിയുള്ള ഫ്രെയിസാണ്.അവരുടെ കല്ല്യാണവിരുന്നുകളുടെ പ്രത്യേകത എന്തെന്നാല്‍ അതിഥികളും ആതിഥേയരുമെല്ലാം അവരുടെ കുടുംബക്കാര്‍ തന്നെയാണ്.സദ്യ ആസ്വദിച്ചു കഴിച്ച ശേഷം അവര്‍ തമ്മില്‍ തമ്മില്‍ പറയും '....വീട്ടുകാരുടെ കല്യാണസദ്യ തകര്‍ത്തു' എന്ന്.കാലാകാലങ്ങളായി ഈ സ്വയം പുകഴ്ത്തല്‍ തുടര്‍ന്നു വന്നപ്പോള്‍ ഇത് സ്വയം പൊങ്ങലിനെ സൂചിപ്പിക്കുന്ന ഒരു ഭാഷാപ്രയോഗമായി മാറുകയായിരുന്നു.

നമ്മള്‍ മനുഷ്യരുടെ ജോലികളും ഇങ്ങനെയല്ലേ?

ഇതിലെ പരിഹാസം കഷ്ടപ്പെട്ട് ജോലി കരസ്ഥമാക്കി ഉത്തരവാദിത്വത്തോടെ അതു ചെയ്യുന്നവരെ ഉദ്ദേശിച്ചല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ.ജോലി ചെയ്യാതെ ജീവിക്കാനാവില്ല എന്ന അറിവ് ഉണ്ട് എന്നു ധരിച്ചോളൂ.

പരിഹസിക്കുന്നത് ജോലിയുടെ ബലത്തില്‍ അഹങ്കരിക്കുന്നവരേയും ഡിസ്ക്രിമിനേഷന്‍ കാണിക്കുന്നവരേയുമാണ്.

ഈയടുത്തായി എന്നും കാണാം ഡോക്ടര്‍മാരും പട്ടാളക്കാരും നഴ്സുമാരും കൃഷിക്കാരും പോലീസുകാരുമില്ലെങ്കില്‍..പിന്നെയും,  സ്വന്തം ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുന്ന ഏവരേയും നന്ദിയോടെയും ബഹുമാനത്തോടെയും സ്മരിക്കുന്നു.

പക്ഷേ യാഥാര്‍ത്ഥ്യമെന്തെന്നാല്‍ ഈ ജോലി ചെയ്തില്ലെങ്കിലും ഈ ഭൂഗോളം ഇങ്ങനെ തന്നെയോ ഇതിലും കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിലോ നിലനില്‍ക്കും എന്നു തന്നെയാണ്!!

ഇംഗ്ളീഷ് സാഹിത്യകാരനായ റുഡ്യാഡ് ക്ളിപ്പിങ്ങിന്റെ (ഇതൊരു പേരാണ്,ക്ളിപ്പ് വാട്സാപ്പിലയക്കാന്‍ പറയല്ലേ!)ജംഗിള്‍ ബുക്കില്‍ വന്യമൃഗങ്ങള്‍ ദത്തെടുത്ത മൗഗ്ളി എന്നൊരു ബാലനെ പ്രതിപാദിക്കുന്നതായി നമുക്കെല്ലാമറിയാമല്ലോ.കാട്ടിലെ അവന്റെ ഗുരുക്കളും രക്ഷിതാക്കളും മനുഷ്യന്റേതായ സൂത്രപ്പണികള്‍ ചെയ്യുന്നതില്‍ നിന്ന് അവനെ വിലക്കുന്നുണ്ട്.മൗഗ്ളി മാനുഷികമായ അവന്റെ ശാരീരികപരിമിതികളെ മേക്കപ്പ് ചെയ്യുന്നതിനായി ചെയ്യുന്ന സൂത്രപ്പണികള്‍ കാടിന്റെ നിലനില്‍പ്പിനെ തകിടം മറിക്കുമെന്ന അന്തര്‍ജ്ഞാനം (ഇന്റ്യൂഷന്‍)മൃഗങ്ങള്‍ക്കുണ്ടെന്നാണ് കഥാകൃത്ത് പറഞ്ഞു വെക്കുന്നത്.

ആദ്യം പറഞ്ഞ തൊഴിലുകള്‍ - ഡോക്ടര്‍,നഴ്സ്,പട്ടാളം,കൃഷി - എല്ലാം പ്രകൃതിയുടെ സ്വഭാവികചലനത്തെ കറപ്റ്റ് ചെയ്യുന്ന ജോലികളാണ്!!

മരണം നീട്ടിക്കൊണ്ടുപോവുക,മരണം വിതയ്ക്കുക,തനിയെ വളരാത്തതിനെ സൂത്രപ്പണികളുപയോഗിച്ച് വളര്‍ത്തുക ഇവയ്ക്കെല്ലാം ഗുണഫലങ്ങളേക്കാള്‍ കൂടുതല്‍ ദോഷഫലങ്ങളാണെന്നു പറഞ്ഞാല്‍ മണസ്സിലാക്കാനുള്ള ലാളിത്യം നമുക്കുണ്ടാവുമോ?

മനുഷ്യനിന്നു ചെയ്യുന്ന എല്ലാ ജോലികളും സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നതാണ് പരമമായ സത്യം.

മറ്റു ജീവികളേപ്പോലെ പ്രകൃതിയുടെ മടിത്തട്ടില്‍ ജനിച്ച്,നഗ്നരായി കാലാവസ്ഥയെ നേരിട്ട്,വെറും കൈ കൊണ്ട് ഇരപിടിച്ചും പോരാടിയും,ഇണ ചേര്‍ന്നും മരണത്തിനു കീഴടങ്ങിയുമൊക്കെ മനുഷ്യര്‍ ജീവിച്ചിരുന്നെങ്കില്‍ ഈ ഭൂഗോളം ഇത്രയും ശ്വാസം മുട്ടില്ലായിരുന്നു എന്നാണ് പറഞ്ഞത്.അതുകൊണ്ട് ദയവായി സ്വന്തം ജോലിയുടെ മഹത്വത്തെക്കുറിച്ച് അഹങ്കരിക്കാതിരിക്കാനും മറ്റുള്ളവരോട് വിവേചനം കാണിക്കാതിരിക്കാനും ശ്രമിക്കാം.

പല തവണ പറഞ്ഞതുപോലെ ഇത് അഹങ്കാരികളോട് പറഞ്ഞതാണ്.

രോഗം വരുമ്പോ നിന്നെ ആശൂത്രീല്‍ കൊണ്ടുപോവാതിരിക്കട്ടേ,പാക്കിസ്ഥാന്‍ കാര്‍ വെടി വെക്കുമ്പോള്‍
നിന്നെ മുന്നില്‍
കയറ്റി നിര്‍ത്തട്ടെ,കൃഷി ചെയ്ത അരിയും പച്ചക്കറിയും തരാതിരിക്കട്ടെ ഇമ്മാതിരി ഊള ചോദ്യങ്ങളൊന്നും ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു😂

Monday, 11 May 2020

പ്രതികാരബുദ്ധി

അതേ,പ്രതികാരബുദ്ധിയുള്ള ഒരാളാണ്!

മിഡില്‍ ഈസ്റ്റില്‍ വീസ റിലേറ്റഡ് ജോലികളൊക്കെ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു.അത്യാവശ്യം MNC എന്നൊക്കെ വിളിക്കാവുന്ന ഒരു കമ്പനിയുടെ PRO  പട്ടമെന്നാല്‍ അല്‍പ്പം നിഗളിക്കാനോ കമ്മീഷന്‍ കാശുണ്ടാക്കാനോ  അധികാരത്തിന്റെ ഗര്‍വ്വ് കാണിക്കാനോ ഒക്കെ പറ്റുമായിരുന്ന സമയമാണ്.

മേല്‍പ്പറഞ്ഞതില്‍ എന്തെങ്കിലും ചെയ്തോ എന്ന് കൂടെയുണ്ടായിരുന്നവര്‍ പറയട്ടെ.

അന്നത്തെ ഒരു സംഭവമാണ് ഓര്‍മ്മയില്‍.ചെയിന്‍ സ്മോക്കറായ ഒരാള്‍ എന്നെ കാണുമ്പോള്‍ പലപ്പോഴും എരിയുന്ന സിഗററ്റ് മറച്ചുപിടിച്ച് വല്ലാത്തൊരു ബഹുമാനം കാണിക്കും.അങ്ങനത്തെ ഫോര്‍മാലിറ്റികളൊന്നും വേണ്ടെന്ന് പറഞ്ഞ് ആ അഭ്യാസത്തെ നിര്‍ത്തുകയാണുണ്ടായത്.രസകരമായ കാര്യമെന്തെന്നാല്‍ ജോലി മതിയാക്കി നാട്ടില്‍ പോരുകയാണെന്ന് പറഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം പല തവണ എന്റെ ദര്‍ശനമാത്രയില്‍ എവിടെനിന്നെങ്കിലും സിഗററ്റ് വലിച്ചൂരി കത്തിച്ച് എന്റെ മുഖത്തേയ്ക്കെന്നപോലെ പുക ഊതി വിടാന്‍ വരെ ശ്രമിക്കുമായിരുന്നു.

ആശ്ചര്യവും ഇറിറ്റേഷനും സഹതാപവുമൊക്കെ തോന്നിപ്പോയി.

അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ എന്തെങ്കിലും കടന്നു കയറ്റ ശ്രമം നടത്തിയ ആളായിരുന്നു  ഞാനെങ്കില്‍ ഈ പ്രതികാരം ന്യായീകരിക്കപ്പെടുമായിരുന്നു.ഇന്നീ പിച്ചക്കണക്ക് എഴുതപ്പെടുകയുമില്ലായിരുന്നു.

ചില അന്‍പു സഹോദരിമാരുടെ ഇന്‍ഫാക്ച്വേഷനുകളും ഇതേ പാറ്റേണില്‍ തന്നെ.വാ തുറന്ന് ഒന്നും സംസാരിക്കുകയോ തീരുമാനിക്കുകയോ തീരുമാനങ്ങളെ മാനിക്കുകയോ ഇല്ല.പകയും പ്രതികാരവും കൊതികുത്തും അനസ്യൂതം തുടരുകയും ചെയ്യും.എന്റെ ഹസ്സിന്റെ 'അതു കണ്ടോ,ഇതു കണ്ടോ'..അതൊക്കെ നിങ്ങള്‍ ഒറ്റയ്ക്ക് കണ്ടോളൂ..എനിക്കതൊന്നും കണ്ട് പുളകം കൊള്ളുന്ന ശീലം ഇല്ലാത്തതുകൊണ്ടാ. 
'പണ്ടെന്റെ മൗനരാഗത്തെ അവഗണിച്ച നീ കഷ്ടപ്പെടുന്നു.ഞാനിങ്ങനെ സുഖിക്കുന്നു'..ഇതൊക്കെ അനവസരത്തില്‍ പറയുന്നവരോട് സഹതപിക്കാം.മൗനരാഗം അവഗണിച്ച് സുഖിക്കാന്‍ അവസരം തന്ന എന്നോട് നന്ദി പറയുകയല്ലേ വേണ്ടത്! 

അവരുടെ മനസ്സിലെ സങ്കല്‍പ്പങ്ങള്‍,അത് തകര്‍ന്നാല്‍ അവര്‍ വേറൊരാളുടെ മുകളില്‍ കുതിര കയറുന്നു.എത്ര യുക്തിഭദ്രവും നീതിപൂര്‍വ്വകവുമായ പ്രവൃത്തിയാണല്ലേ?

എന്റെ ജീവിതത്തിലെ ജോലി ചെയ്യാന്‍ തുടങ്ങിയ കാലം മുതലുള്ള കാര്യം ഓര്‍മ്മിച്ചാല്‍ അപ്പാ എന്നു വിളിച്ചോണ്ടിരുന്ന ആളെ ഞാനിപ്പോഴും അങ്ങിനെ തന്നെ ആണ് വിളിക്കാറ്.അങ്കിള്‍,ആന്റി,ചേട്ടായി,ചേച്ചി ഇങ്ങനെയൊക്കെ വിളിച്ചവരേയും അങ്ങിനെ തന്നെ വിളിച്ചു പോരുന്നു.(തെറി പറയാന്‍ ഡയറക്ടായ കാരണമുണ്ടാക്കി തന്നാല്‍ പറയും.അതു വേറെ വിഷയം).ഇതിനിടെ അപ്പനും അങ്കിളും മറ്റുളളവരുമൊക്കെ സാമ്പത്തികമായും ശാരീരികമായുമൊക്കെ പല അവസ്ഥാ വ്യത്യാസങ്ങളിലൂടെയും കടന്നു പോയി.പല ജോലികള്‍ ചെയ്തു.ജോലി ഇല്ലാതായി.ശാരീരികശേഷി കുറഞ്ഞു.മരണാസന്നരായി ആശുപത്രിയില്‍ കിടന്നു.എടാ അപ്പാ,എടാ ചേട്ടായീ എന്ന് ആരെയെങ്കിലും വിളിച്ചതായോ പഴയ സമീപനങ്ങളില്‍ മാറ്റം വരുത്തിയതായോ ഓര്‍ക്കുന്നുണ്ടോ?!!

പക്ഷേ എന്നോടുള്ള സമീപനങ്ങളോ?മാഷ്,സാറ്,പേര്,ഭയ്യാ (മിഡില്‍ ഈസ്റ്റില്‍ ഈ വിളി അല്‍പ്പം മാന്യമാണ്),ഭായീ (ഇൗ വിളിയുടെ ടോണില്‍ തന്നെ പുച്ഛം നിഴലിക്കും,മിക്കപ്പോഴും),മാ,പൂ ..ഇതൊന്നും വ്യക്തിപരമായ വിരോധത്താല്‍ മാറി വന്ന വിളികളല്ല.ഞാന്‍ എന്റെ കരിയര്‍ മാറ്റിയതിലുള്ള പ്രതികരണം.

പ്രിയരേ,ഒന്നേ പറയാനുള്ളൂ..ഞാന്‍ നിങ്ങള്‍ക്കോ നിങ്ങള്‍ എനിക്കോ ഔദാര്യമൊന്നും ചെയ്യാത്തിടത്തോളം കാലം വെറുതേ മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെ ഇങ്ങനെ ഓന്തിന്റെ സ്വഭാവം കാണിക്കണോ?

ഇത് മതിപ്പ് ഉണ്ടാക്കാനും മതിപ്പ് കുറഞ്ഞു എന്നു സൂചിപ്പിക്കാനും വേണ്ടിയാണെങ്കില്‍ ശരിയായ ഫലപ്രാപ്തി ഉണ്ടാവുന്നുണ്ടോ എന്ന് ദയവായി പരിശോധിക്കുക.

നിങ്ങളുടെ വിജയഫോര്‍മുലയാണ് ഈ ഓന്ത് സ്വഭാവം എങ്കില്‍ പറഞ്ഞോട്ടെ..

നിങ്ങളുടെ കരിയര്‍,റിലേഷന്‍ഷിപ്പ് തിരഞ്ഞെടുപ്പുകളുടെ പേരില്‍ എന്നെ ഹ്യുമിലിയേറ്റ് ചെയ്താല്‍,എനിക്കൊരവസരം വരുമ്പോള്‍ അതു തന്നെ ചെയ്യും.

ഒന്നുമില്ലാത്തവനായിരിക്കുമ്പോള്‍ ഈ പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ അവസരവാദി ആയി പോകുമല്ലോ!!അതാണ് ഇപ്പോള്‍ ഇത് പറഞ്ഞത്.

Friday, 8 May 2020

വിശ്വാസം - അതാണോ എല്ലാം?!

വിശ്വാസമെന്നാല്‍ വളരെ വിശാലമായ അര്‍ത്ഥതലങ്ങളുള്ള;വൈവിധ്യമാര്‍ന്ന ഉപയോഗശ്രേണിയുള്ള ഒരു പദമാണല്ലേ?

വിശ്വാസിയാണോ എന്നു ചോദിച്ചാല്‍ അല്ല എന്നുത്തരം പറയാനിഷ്ടപ്പെട്ടിരുന്ന ഒരാളാണ് ഞാന്‍.

ദൈവത്തില്‍ വിശ്വാസമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല.കാരണം വിശ്വാസയോഗ്യനായ ഒരു ദൈവം എനിക്ക് വെളിവായിട്ടില്ല.

സ്വയം വിശ്വസിക്കുന്നോ എന്നു ചോദിച്ചാല്‍ അതുമില്ല.ഏത് ആകസ്മികതയും എപ്പോഴും എങ്ങോട്ടുവേണമെങ്കിലും നയിക്കാവുന്ന ഒരാളാണെന്ന ഉറച്ച ബോധ്യമുണ്ട്.

മറ്റുള്ളവരെ വിശ്വാസമാണോ എന്നു ചോദിച്ചാല്‍ അവിടെയും മേല്‍പ്പറഞ്ഞ ആകസ്മികതകള്‍ക്കും കോണ്‍ഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ്സിനും വലിയ സ്ഥാനമുണ്ടെന്ന് പറയാതെ വയ്യ.

മുകളിലേതുപോലെ വിശ്വാസരാഹിത്യം തുറന്നു പറയുന്നത് വലിയ മണ്ടത്തരമാണ്.ആരേയും ഒന്നിനേയും വിശ്വാസമില്ലെങ്കിലും അതൊന്നും പുറത്ത് പറയരുത്.

വിമര്‍ശനബുദ്ധ്യാ നോക്കിയാല്‍ 'എനിക്കു നിന്നെ വിശ്വാസമാണെന്ന്' ആരെങ്കിലും പറയുന്നതില്‍ ഏറിയപങ്കും ഭീഷണിയും ഉത്തരവാദിത്വം ഏല്‍പ്പിക്കലുമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇത്തരത്തില്‍ കൊടിയ അവിശ്വാസിയായ നോം 'ദ സിക്സ്ത് സെന്‍സ്' എന്നൊരു സിനിമ കാണാനിടയായി.ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന ഒരു മുതിര്‍ന്ന ആളും അതിന്ദ്രീയജ്ഞാനമുള്ളതിനാല്‍ എല്ലാവരാലും വേട്ടയാടപ്പെടുന്ന ഒരു കൊച്ചു സ്കൂള്‍ കുട്ടിയുമാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍.സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഈ രണ്ടു വ്യക്തികളും തമ്മില്‍ ഒരു മാത്സര്യം സൃഷ്ടിക്കുകയും അതില്‍ സ്കൂള്‍ കുട്ടി വിജയിക്കുന്നതായി കഥ ചുരുക്കുകയും ചെയ്യുന്നു.എന്തോ, ഈ അതീന്ദ്രിയതയുടെ ജയം/എക്സിസ്റ്റന്‍സ് എന്നില്‍ വല്ലാത്ത ആഹ്ളാദമുണ്ടാക്കി.
 

ചുരുക്കിപ്പറഞ്ഞാല്‍ അവിശ്വാസിയായ എനിയ്ക്കും മനസ്സിന്റെ/തലച്ചോറിന്റെ എക്സ്പ്ളോര്‍ ചെയ്യപ്പെടാത്ത ശക്തികളില്‍ വിശ്വസിക്കാന്‍ കൊതി തോന്നിപ്പോയി.

ഈ ചിന്തകളെ ബലപ്പെടുത്താന്‍ ചില അനുഭവങ്ങളും കിട്ടി എന്നതാണ് തമാശ.ചില ആശങ്കകളും ചിന്തകളിലുരുവാകുന്ന സ്പാര്‍ക്കുകളുമൊക്കെ എനിക്കപ്പുറത്തുള്ള ലോകത്ത് സത്യമായി വരുന്നതുപോലെയൊക്കെ തോന്നി.

സ്കൂള്‍ ജീവിതത്തില്‍ രണ്ടു വര്‍ഷം ഒരു ബോര്‍ഡിങ്ങ് ഹൗസിലായിരുന്നു.അവിടുത്തെ ഞങ്ങളുടെ പാത്രം ചോറ് അല്ലെങ്കില്‍ മുഖ്യാഹാരം ഇടാന്‍ വലിയ ഒരു കുഴി;കറികള്‍ക്കായി മറ്റു നാലഞ്ചു കുഴികള്‍ എന്നിവ ഉള്ള; നിങ്ങള്‍ക്കൊക്കെ പരിചിതമായിരിക്കാവുന്ന സ്റ്റീലുകൊണ്ട് ഉണ്ടാക്കിയവയായിരുന്നു.ഇതിലെല്ലാം സാധനങ്ങള്‍ നിറഞ്ഞിരുന്നില്ലെങ്കില്‍ വിശപ്പ് പകുതി ചത്തു പോകും.അതുപോലെ എന്നിലും വിശ്വസം നിറയ്ക്കാനുള്ള ചില കുഴികള്‍/void കള്‍ ഉണ്ടായേക്കാം.അതാവും ആരെയെങ്കിലും,എന്തിനെയെങ്കിലും വിശ്വസിക്കാന്‍ കൊതി തോന്നുന്നത്.ഈ വിശ്വസിക്കാനുള്ള പ്രേരണ ഏതു പ്രായത്തില്‍ സൃഷ്ടിക്കപ്പെടുന്നു എന്നൊന്നും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

Tuesday, 5 May 2020

കൊറോണക്കാലത്തെ സ്വപ്നം

മനസ്സിലെന്തെങ്കിലും തട്ടിത്തടയുന്ന ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട ഒരു സ്വപ്നവും നിര്‍ബന്ധമാണ്.

കൊറോണ ലോക്ഡൗണൊക്കെ കഴിഞ്ഞ് വരുമ്പോഴേയ്ക്കും ജീവിതവും സാമ്പത്തികവുമൊക്കെ ഒരു 50,60 വര്‍ഷം പിറകോട്ടു പോകുമെന്നതാണ് കഴിഞ്ഞദിവസം മനസ്സില്‍ തടഞ്ഞ സംഭാഷണശകലം.രാത്രി പ്രതീക്ഷിതമായ സ്വപ്നവും.


സ്വപ്നത്തില്‍ ഉറക്കമുണരുകയാണ്.ചാണകം മെഴുകിയ തറയിലെ തഴപ്പായിലാണ് ഉണര്‍ന്നത്.മുകളില്‍ പുല്ലുമേഞ്ഞ മേല്‍ക്കൂര.മേശയും കസേരയുമൊന്നുമില്ല.രണ്ടു മൂന്നു കൊരണ്ടി ഉണ്ട്.പല്ലുതേക്കാന്‍ കല്ലുപ്പിട്ട ഉമിക്കരി ഇല്ലിയില്‍ തീര്‍ത്ത പാത്രത്തില്‍.വെള്ളമെടുക്കുന്നത് ചിരട്ടയില്‍.പഞ്ചായത്ത് വെളിയിടവിസര്‍ജ്ജനവിമുക്തമല്ല.കുളിക്കാന്‍ ഇഞ്ച മാത്രം.വേണമെങ്കില്‍ ചെമ്പരത്തിയില.രാവിലെ വിത്തൗട്ട് കട്ടനും കാച്ചിലും.തുണി മാറാന്‍ ചെന്നപ്പോള്‍ ജോക്കിക്ക് പകരം ഇന്ത്യന്‍ ടൈ.ഉടുക്കാന്‍ നിറം മങ്ങിയ ഒറ്റ മുണ്ട്.കുപ്പായം ഒരെണ്ണം മാത്രം.ജംഗ്ഷനില്‍ സൂപ്പര്‍മാര്‍ക്കറ്റില്ല.ബാര്‍ബിക്യു വിനു പകരം ചക്കക്കുരു ചുട്ടത്.ഒരു ട്രാന്‍സിസ്റ്റര്‍
റേഡിയോയ്ക്കു ചുറ്റും ഒരുപാട് ആളുകള്‍.അഞ്ചലോട്ടക്കാരന്‍,കല്‍ക്കരി തീവണ്ടി,അപൂര്‍വ്വമായി മോട്ടോര്‍ ബസ്.നിക്കറിട്ട പോലീസുകാരനെ കളിയാക്കണമെന്നുണ്ടായിരുന്നു.പക്ഷേ നമ്മളും ഇന്ത്യന്‍ ടൈ യില്‍ ആണല്ലോ.

കൊതുകു എന്നൊരു പക്ഷി വിളിച്ചുണര്‍ത്തിയതുകൊണ്ട് ഈ അക്രമം അവിടം കൊണ്ടവസാനിച്ചു.ഇല്ലെങ്കില്‍...ഹോ!

Sunday, 3 May 2020

നക്ഷത്രക്കാഴ്ച വഴിപിരിഞ്ഞ രാത്രി

പണ്ടെങ്ങോ,ആ രാത്രി അവളെന്റെ കൈത്തണ്ടയില്‍ തലയും വെച്ച് ആകാശം നോക്കി കിടക്കുകയായിരുന്നു.

ഞാനും നിലത്ത് കിടക്കുകയാണ്.

ആകാശത്തിലെ നക്ഷത്രങ്ങളും മരത്തലപ്പിലെ മിന്നാമിന്നികളും മത്സരിച്ച് മിന്നുന്നു.

വെളിച്ചത്തിന്റെ സംഗീതം.

സ്വരമില്ലാത്ത സംഗീതം.

താളമുള്ള എന്തും സംഗീതമാവുമായിരിക്കാമല്ലേ?

കൈത്തണ്ട വേദനിയ്ക്കുന്നുണ്ട്.പക്ഷേ കരുത്തനെന്ന മുഖംമൂടി അഴിക്കാനിഷ്ടപ്പെടാത്തതിനാല്‍ അവളോട് വേദന പറഞ്ഞില്ല.

ഇരമ്പലിന്റെ ശബ്ദം ആ സംഗീതത്തിനുമേല്‍ കടന്നുകയറിയത് അപ്പോഴാണ്.

ഒഴുകി വരുന്ന ഇരമ്പം..അല്ലല്ല,അത് ഒഴുകിയെന്നപോലെ വരുന്ന ഒരു വലിയ കൂട്ടത്തിന്റെ ഇരമ്പമാണ്.

വലിയ ബഹളങ്ങള്‍.വെളിച്ചം.

ഞങ്ങള്‍ക്ക് തൊട്ടരികിലൂടെയാണ് ഒഴുക്ക് നീങ്ങുന്നത്.കരയെ ഇനിയുമത് വിഴുങ്ങിയേക്കാം എന്നു തോന്നിപ്പിച്ചു.

അവളെണീറ്റു.ഞാനും.

ഒഴുക്കിലേയ്ക്കു ഇമവെട്ടാതെ നോക്കിയിരിക്കുന്ന അവളെ മൃദുവായി പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു..പരാജയപ്പെട്ടു.

ഒഴുകുന്നത് ആളുകളാണ്.പരിഭ്രാന്തി നിറഞ്ഞ ചുവടുകളാല്‍ മറ്റുള്ളവരെ ചവിട്ടി മെതിക്കുന്നുണ്ട്.പക്ഷേ മിക്കവരും വേദന സഹിച്ച് പുഞ്ചിരിച്ച് ചിത്രങ്ങള്‍ക്ക് പോസു ചെയ്തുകൊണ്ടേയിരുന്നു.

എത്ര വിചിത്രം..എനിയ്ക്കു മാത്രം തോന്നി!!

"നമ്മളുമിതിലേയ്ക്ക് ചാടണം!"അവളുടെ വാക്കുകള്‍ ഇരമ്പലിനേക്കാള്‍ എന്നെ ചകിതനാക്കി.

"അതെന്തിനാ?"

"ദാ കണ്ടില്ലേ എല്ലാവരും ഇവിടെയുണ്ട്.എന്റെ ദൈവങ്ങളും അവരുടെ ഇടനിലക്കാരും എന്റെ ആരാധനാപാത്രങ്ങളും സ്വന്തവും ബന്ധവുമെല്ലാം ദാ ഈ ഒഴുക്കിലുണ്ട്.എല്ലാവരുമെന്നെ വിളിക്കുന്നുമുണ്ട്!"

"ഇവിടെ നമുക്ക് ആവശ്യത്തിന് ഇടമുണ്ടല്ലോ?അവര്‍ക്ക് സമാന്തരമായി സ്വതന്ത്രമായി ചവിട്ട് കൊള്ളാതെ നടക്കാം,ഓടാം,വിശ്രമിക്കാം,കാഴ്ച കാണാം,കാറ്റു കൊള്ളാം"

"പക്ഷേ ചവിട്ടുകൊണ്ടാല്‍ ചവിട്ടിത്തിരുമ്മാന്‍ അവിടെ പഞ്ചനക്ഷത്ര ആശുപത്രികളുണ്ട്.അവിടെയൊക്കെ കയറിപ്പറ്റണേല്‍ ഒഴുക്കിന്റെ ഒത്ത നടുക്ക് വരെ എത്തിപ്പെടണം!"

"അതെന്തിനാണ് ചവിട്ട്  സമ്പാദിച്ചിട്ട് ചവിട്ടിത്തിരുമ്മിക്കുന്നത്?നമ്മുടെ നക്ഷത്രക്കാഴ്ചകള്‍ നഷ്ടപ്പെടില്ലേ??ദാ ഇത് അടുത്തുകൂടി പോയപ്പോള്‍ തന്നെ പൊടി പറന്ന് ആകാശം കാണാന്‍ വയ്യാതായി."

"ഒഴുക്കിന് കുറച്ചു മുന്‍പില്‍ ഒരു പന്ത്രണ്ടു നിലയുള്ള കച്ചവടകേന്ദ്രമുണ്ടത്രെ!അതിന്റെ മട്ടുപ്പാവില്‍ ചാരിക്കിടന്ന് വര്‍ണ്ണക്കണ്ണാടിയിലൂടെ നക്ഷത്രങ്ങളേയും കാണാം.പക്ഷേ ഒഴുക്കിന്റെ ഒത്ത നടുക്ക് പിടിച്ചു നില്‍ക്കണം."

"ആ കാഴ്ച ഞാന്‍ കണ്ടിട്ടുളളതാണല്ലോ!വേണമെങ്കില്‍ വല്ലപ്പോഴും തന്നെയും കൊണ്ടുപോയി കാണിക്കാം.അത് സ്ഥിരമായി കണ്ടാല്‍ മടുക്കും.ഉറപ്പാണ്."

"നുണ.എനിയ്ക്ക് മടുക്കില്ല!"

"നുണ പറയാറില്ലല്ലോ തന്നോട്!"

"ആവോ ആര്‍ക്കറിയാം!"ഇതെന്തൊരു കറുത്ത മായാജാലമാണ്.ഇങ്ങനെയൊന്നും സംസാരിക്കാത്തവളാണ്.ഞാനും അതിനിടകൊടുത്തിട്ടില്ല.

"വാ സമയം പോയി.ഒഴുക്കിലേയ്ക്കു ചാടാം.അല്ലെങ്കില്‍ അവരുടെ കൂട്ടം വിട്ടുപോകും."

"പക്ഷേ ഞാന്‍..അതിനു തയ്യാറല്ലെന്നു തോന്നുന്നല്ലോ!എന്റെ അഭിപ്രായവുമൊന്ന്.."

"ചതിക്കാനുള്ള പുറപ്പാടാണ് അല്ലേ?!"

"ചതിയോ.."വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.

"അതേ ചതി.ക്രൂരന്‍,ഹൃദയമില്ലാത്തവന്‍,പിന്‍തിരിപ്പന്‍"

"പക്ഷേ എന്തിനുവേണ്ടിയാണ് ഈ തീ എന്റെമേല്‍ കോരിയിടുന്നതെന്ന് മനസ്സിലാക്കുന്നുണ്ടോ?"

"നിനക്ക് ഭ്രാന്താണ്!"

അങ്ങനെ നക്ഷത്രക്കാഴ്ചകള്‍ വഴിപിരിഞ്ഞു.

എന്റെ കാഴ്ചകളെ ആ വൃത്തികെട്ട ഒഴുക്കിന്റെ
 ഇരമ്പം ഇടക്കിടെ അലോസരപ്പെടുത്താറുണ്ട്.

എന്റെ കരയെ അത് നിത്യമായി നശിപ്പിക്കാനും സാധ്യതയുണ്ട്.

തീരാത്ത വെറുപ്പോടെ പണ്ട് സ്നേഹിച്ചിരുന്നവരെന്ന് പറയപ്പെട്ടിരുന്നവര്‍ കല്ലെറിഞ്ഞു കൊല്ലാനും സാധ്യതയുണ്ട്.

ഒരാള്‍ ഒരു പഞ്ചവര്‍ണ്ണക്കിളിയോടു ചോദിച്ചത്രെ"നിന്നെ ഞാന്‍ കെണിവെച്ചു പിടിച്ചാലാണോ നീ താനേ പറന്ന് എന്റെ അരികിലിരുന്നാലാണോ നമ്മളീ കൂട്ടില്‍ സന്തുഷ്ടരാവുക?" 

കിളി പറഞ്ഞതെന്താണെന്ന് എന്നോടു ചോദിക്കല്ലേ!

കാരണം കിളി പറയേണ്ടത് കിളി തന്നെ പറയണമല്ലോ!!

Saturday, 2 May 2020

സരസോപദേശം

സരസന് ഒരു പെണ്ണു കെട്ടണം.

സരസന്‍ എന്നത് സ്വഭാവമല്ല;ആണുടെ പേരായ നാമം അഥവാ നൗണ്‍ ആണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി പാര്‍ട്സ് ഓഫ് സ്പീച്ച് റഫറു ചെയ്യുക.

ദല്ലാളിന് പയ്യനെ വലിയ പരിചയമില്ല.ആദ്യമായിട്ടാണ് കാണുന്നതെന്നു തന്നെ പറയാം.

നോക്കാലളക്കാനും വാക്കാലളക്കാനും അങ്ങിനെ നൂറായിരം അളവുകോലുകളുള്ള ദല്ലാളന് അതൊന്നുമൊരു തടസ്സമല്ല.

നടന്നു പോയി പെണ്ണു കാണണം.പഴയ കാലമാണ്.നടപ്പു തുടങ്ങി.

ദല്ലാള്‍ വെറ്റിലതുപ്പലിന്റെ പുകമറയ്ക്ക് പിറകില്‍ മൗനിയായി ഒളിച്ച് ചെറുക്കനെ പഠിക്കാന്‍ ശ്രമിച്ചു.

തനി നാട്ടിന്‍പുറത്തുകാരന്‍.

സംസാരത്തിലൊന്നും പരിഷ്കാരം തൊട്ടുതേച്ചിട്ടില്ല.പെണ്ണു വീട്ടുകാര്‍ ഇംപ്രെസ്ഡാകാനുള്ള ചാന്‍സ് തുലോം കമ്മി.

പരിഹാരം കാണണം.കാണാമല്ലോ!!!ഇങ്ങനെ എന്തെല്ലാം പരിഹരിച്ചിരിക്കുന്നു.

വെറ്റിലമുറുക്കിനിടയിലൂടെ കാര്യമാത്രപ്രസക്തമായി ഒന്നു ഉപദേശിച്ചേക്കാം.ഇപ്പോ വേണ്ട.മറന്നു പോകും.സമയമാവട്ടെ.

അങ്ങനെ നടന്നു നടന്ന് പെണ്ണിന്റെ ദേശമെത്തി.ചെക്കനും ദല്ലാളും കുളിച്ച് വസ്ത്രം മാറി പെണ്ണു വീട്ടിലെത്തി.

വീടിന്റെ പടി കടക്കാന്‍ നേരം ദല്ലാള്‍ വെറ്റില തുപ്പാതെ മൊഴിഞ്ഞു'ചുമ്മാ വളവളാന്ന് സംസാരിച്ചാ പെണ്ണു കിട്ടുവേല.ചോദിക്കുന്നതിനു മാത്രം വളരെ കടുപ്പമുള്ള വാക്കുകളില്‍..ചെറുതായിട്ട് മറുപടി..മനസ്സിലായോ?"

"ഉം"സരസന്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു.സുരേഷ് ഗോപി 'ഫാഷ'യില്‍ സ്റ്റിഫ് അപ്പര്‍ ലിപ്.

"ആ ഇതാരൊക്കെയാ..എട്യേ..ആ കസാലയിങ്ങെടുത്തേ..ചായയ്ക്ക് വെള്ളം വെച്ചോ.."പെണ്ണിന്റച്ഛന്റെ അപ്പര്‍ ലിപ് അത്ര സ്റ്റിഫ്ഫല്ല.

ആദ്യത്തെ ബഹളം കഴിഞ്ഞു.അച്ഛനും അമ്മാവനും ദല്ലാളും സരസനും പൂമുഖത്തും അവരെ നിരീക്ഷിച്ച് കുറേ സ്ത്രീനയനങ്ങള്‍ വാതിലിന്റെ വിടവിലും മറ്റും..

"എന്താ മോന്റെ പേര്..ചോദിക്കാമ്മറന്നുപോയി!"

"റോഡ് റോളര്"‍കട്ടി ഒട്ടും കുറച്ചില്ല.

"ഓ എന്നാ ജാതി പേരൊക്കെയാ!അച്ഛന്റെ പേരെന്തുവാ?"

"ആട്ടുകല്ല്"

എന്താണെന്നറിയില്ല സരസന് ആ പെണ്ണിനെ കെട്ടാന്‍ പറ്റിയില്ല.

ഈ പഴയ കഥയിലെ ഗുണപാഠം എന്തെന്നാല്‍ എന്തുമാത്രം വിജ്ഞാനവും നന്മയും കുഴച്ച് ഉരുട്ടി കൊടുക്കുന്നു എന്നതിലല്ല;അത് എന്തു ഫലം ചെയ്യുന്നു എന്നതിലാണ് കാര്യമെന്നായിരിക്കും അല്ലേ??

Friday, 1 May 2020

ബലഹീനതയുടെ മുഖങ്ങള്‍

ഇതു തികച്ചും വ്യക്തിപരമായ പോസ്റ്റാണ്.യഥാര്‍ത്ഥ ജീവിതത്തില്‍ എന്നോട് ഇടപെട്ടിട്ടുള്ളവര്‍ വായിച്ചാല്‍ മതിയാവും.

അല്ലാത്തവര്‍ വായിച്ച് എന്റെ അനാരോഗ്യം/രോഗാതുരത(??!!)മനസ്സിലാക്കി കളഞ്ഞാലും ഒരു പുളിങ്കുരുവും ഇല്ല.കാരണം ഇവിടെ മധുരഭാഷണത്തില്‍ കൂടിയും ഭക്താഭ്യാസങ്ങളില്‍ കൂടിയും വെള്ള വസ്ത്രം ധരിച്ചും ഭൂതകാലത്തെയോ തനിസ്വഭാവത്തെയോ കുഴിച്ചു മൂടാനുള്ള യാതൊരു ശ്രമങ്ങളും നടക്കുന്നില്ല.

വെറുതെ ഊള കമന്റിട്ടാല്‍ മറുപടി കേള്‍ക്കേണ്ടി വന്നേക്കാം എന്ന മുന്നറിയിപ്പുണ്ട്.പറഞ്ഞതുപോലെ ഇത് ജീവിതാനുഭവങ്ങളാണ്,സര്‍ക്കസ് കോമാളിതതരമല്ല!

എന്തിനു വ്യക്തിപരമായ പോസ്റ്റ് പരസ്യമായി ഇടുന്നു എന്നു ചോദിച്ചാല്‍ ജീവിതത്തിലെ കുറെ കള്ളക്കമ്മട്ടങ്ങളെ ഒഴിവാക്കാനോ നിലയ്ക്കു നിര്‍ത്താനോ ഉള്ള ശ്രമത്തിന്റെ ഭാഗമായി എന്നാവും മറുപടി.ഒാരോരുത്തരോടും ഇത് നേരിട്ടു പറയുക പ്രായോഗികമല്ല.

നമ്മള്‍ പറയുന്ന വാക്കുകള്‍ നമ്മുടെ അരുമ പെണ്‍മക്കളാളെന്ന് കരുതുക.അവരെ നമ്മള്‍ എങ്ങിനെ കാണാനാണ് ഇഷ്ടപ്പെടുക?സ്വന്തം ലൈംഗികത പണത്തിനായി പലര്‍ക്കു വില്‍ക്കുന്നവരായി കാണാനാണോ അതോ കുടുംബമായി സന്താനങ്ങളെ പരിപാലിച്ചു കാണാനോ!

പലര്‍ക്കും പല കാഴ്ചപ്പാടുകളുണ്ടായേക്കാം!!

എനിക്ക് എന്റെ വാക്കുകളും പെണ്‍മക്കളുണ്ടായാല്‍ അവരും സ്വഭാവികമായ ചോദനകളോടെ പെരുമാറുന്നതു കാണാനാണ് ഇഷ്ടം. അവരെ വ്യഭിചാരികളായി കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു മറ്റു വാക്കുകളില്‍.

വാക്കുകളെ വ്യഭിചരിക്കുന്നതെങ്ങിനെയെന്നു  ചോദിച്ചാല്‍ ഉദാഹരണം പറയാം.ഞാനൊരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരുന്ന കാലത്ത് അയല്‍വീട്ടിലെ ധനികനായ ബന്ധുവിന്റെ വീട്ടില്‍ ടി.വി. കാണാന്‍ പോകാറുണ്ടായിരുന്നു എന്നു സങ്കല്‍പ്പിക്കൂ.അവര്‍ക്ക് അവരുടെ സ്വകാര്യലോകത്ത് മറ്റൊരാളെ ഇഷ്ടമല്ലാത്തതിനാല്‍ അവിടെ നിന്നും എന്തെങ്കിലും വിലപിടിച്ച സാധനം കാണാതെ പോയി എന്നൊരു മോഷണ ആരോപണമായോ അവിടുത്തെ മൂക്കള പെങ്കൊച്ചിനെ ട്യൂണ്‍ ചെയ്യാന്‍ വേണ്ടിയാണ്  ദരിദ്രവാസി ചെല്ലുന്നതെന്ന അവിഹിത ആരോപണമായോ സംഗതിയെ അവതരിപ്പിക്കാം.എളുപ്പത്തില്‍ അവരുദ്ദേശിച്ച കാര്യം (അകറ്റി നിര്‍ത്തല്‍) സാധ്യമാവും.

പക്ഷേ ആ ആരോപണത്തിന് വിധേയനാകുന്ന ആളുടെ മാനസികാവസ്ഥയും പ്രതികരണവുമൊക്കെ എന്തായിരിക്കും?!അതൊക്കെ ചിന്തിച്ചാല്‍ എങ്ങിനെയാണല്ലേ..ഇതാണ് വാക്കകളെ വ്യഭിചരിക്കാന്‍ വിട്ടുകൊടുക്കല്‍..തമാശയെന്തെന്നാല്‍ ഇതേ ധനവാന്‍ തന്നെ എന്നെങ്കിലും നമ്മളും പത്തു പുത്തന്‍ സമ്പാദിച്ചൂ  കഴിയുമ്പോള്‍ ഒരു ഉളുപ്പുമില്ലാതെ നമ്മുടെ വീട്ടില്‍ വന്ന് ദൈവസ്നേഹത്തെക്കുറിച്ചും പരസ്നേഹത്തേക്കുറിച്ചുമൊക്കെ ക്ളാസെടുത്തു കളയുമെന്നതാണ്.

ഇത്തരത്തില്‍ ചെറിയ കാര്യസാധ്യത്തിനുവേണ്ടി വലിയ,സങ്കീര്‍ണ്ണമായ ആരോപണങ്ങള്‍ ഉന്നയിച്ചവരെയും ആ സാഹചര്യങ്ങളെയും എനിക്ക് വെറുപ്പാണ്.

വെറുപ്പിനെ അതിജീവിക്കണോ അതോ അവിടെ നിന്നു അകന്നു മാറണോ എന്ന ചിന്തകളില്‍ പലപ്പോഴും അകന്നു മാറലാണ് വിജയം കാണാറ്.ഞാന്‍ വിലമതിക്കാനാവാത്ത എന്തോ സംഭവമാണെന്ന് ഇതിനര്‍ത്ഥമില്ല.പക്ഷേ എന്റെ ചെറുതോ വലുതോ ആയ നല്ല വശങ്ങള്‍ അതിസാമര്‍ത്ഥ്യം അനാവശ്യമായി കാണിക്കുന്നവരുമായി ഷെയര്‍ ചെയ്യാന്‍ ഞാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം.ഇതിനെ മനോ'വൈകല്യം' (വൈകല്യം...എത്ര മനോഹരമായ വാക്ക്!!)
ആയി നിങ്ങള്‍ക്ക് ഗണിക്കാവുന്നതാണ്.

ചില അനുഭവങ്ങള്‍ക്കൂടി പരാമര്‍ശിക്കാതെ ഇത് പൂര്‍ണ്ണമാവില്ല.സ്വഭാവമൊക്കെ രൂപപ്പെടുന്ന പതിനേഴാം വയസ്സിലെ കോളേജ് ജീവിതത്തിന്റെ ആരംഭത്തില്‍ ഞാന്‍ എതിര്‍ലിംഗത്തോട് സംസാരിക്കാന്‍ മടിയുള്ള ഒരു നാണംകുണുങ്ങിയായിരുന്നു.കാലം പുരോഗമിക്കേ ക്ളാസിലെ മൂന്നു പെണ്‍കുട്ടികളുടെ ഒരു ഗാങ്ങിന്റെ ശ്രദ്ധയില്‍ ഞാന്‍ പെട്ടു.അത്യാവശ്യം പണക്കാരായ മൂന്നു പേര്‍.അതിലൊരാള്‍ക്ക് കമ്പയിന്‍ഡ് ക്ളാസിനു പോകാറുള്ള ഡിപാര്‍ട്മെന്റില്‍ ഒരു പ്രണയവുമുണ്ട്.മൂന്നുപേരില്‍ ഏറ്റവും കാണാന്‍ ബോറായ പെണ്‍കുട്ടിയ്ക്കാണീ അനശ്വരപ്രണയമുണ്ടായിരുന്നത്.ജാതിസംവരണത്തില്‍ ജോലി കിട്ടിയ ആ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ധനികജീവിതത്തിന്റെ പച്ചപ്പ് മാത്രം.എന്നിട്ടും ഉണക്ക നത്തോലി വറുത്തപ്പോള്‍ കരിഞ്ഞു പോയ സൗന്ദര്യമൊക്കെ ഉണ്ടായിരുന്നു എന്നു പറയാം.എന്നെപ്പോലെ വെയിലത്തൊക്കെ ഇറങ്ങി ജോലി ചെയ്യേണ്ട സാഹചര്യമുള്ള ഒരു കുട്ടിയായിരുന്നു അതെങ്കില്‍ അതിന്റെ കോലം എന്തായിപ്പോയേനെ എന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്.പറഞ്ഞുവന്നത് ഈ പെങ്കുട്ടിയുടെ ലൈന്‍ മാറ്റിവലിക്കാന്‍ വന്ന കാതല്‍ രോഗിയായി ഞാന്‍ മാറ്റപ്പെടുന്നു.കാമുകനെ കൊണ്ട് പരസ്യമായി എനിക്ക് വാണിങ്ങ് തരുവിക്കുന്നു.അവരുടെ സില്‍ബന്ധികളോടെല്ലാം കഥകള്‍ പറഞ്ഞ് ഗ്രൗണ്ട് സപ്പോര്‍ട്ട് ഉറപ്പിക്കുന്നു.'കുഞ്ഞാലിക്കുട്ടി സായ്വിന്റെ മാതിരി പീഡനക്കേസ് നിന്നെപ്പറ്റി കേട്ടല്ലോ','കറുപ്പാന കൈയ്യാലെ നിന്നെ പുടിച്ചാല്‍','പെങ്ങളെപ്പോലെ കാണേണ്ടവുടെ പ്രണയം തകര്‍ത്ത് അവളെ സ്വന്തമാക്കാന്‍ നോക്കിയതിന്റെ കുറ്റബോധം നിന്നില്‍ കാണാനുണ്ട്' അങ്ങിനെ വളരെ നിസ്സാരങ്ങളായ ആരോപണങ്ങളിലൂടെയും കമന്റുകളിലൂടെയുമായിരുന്നു മൗനിയായി നടന്നു പോകേണ്ടി വന്നത്.പെങ്ങളെപ്പോലെ കാണേണ്ടവളെ!!

ഇപ്പോ ആലോചിക്കുമ്പോള്‍ തോന്നും ഈ വാണിങ്ങ് നാടകവുമായി ആ കാമുകന്‍ നാറി വന്നപ്പോള്‍ അവളുടെ ജാതിയെയും സൗന്ദര്യത്തെയും പരാമര്‍ശിച്ച് ഉരുളയ്ക്ക് ഉപ്പേരി കൊടുത്തിരുന്നുവെങ്കില്‍ ഒരു ചെറിയ വഴക്കില്‍ അതു തീര്‍ന്നേനെ!!അന്നു ജാതിയും തൊലിയുടെ നിറവുമൊന്നും വെച്ച് ഒരു സാഹചര്യത്തിലും ആരെയും മുറിപ്പെടുത്തില്ല എന്നു തീരുമാനിച്ചിരുന്ന ഈയുള്ളവന് അന്നത്തെയും തുടര്‍ന്നുമുള്ള ലോകം വയര്‍ നിറയെ തന്നു.എന്തിനേറെ പെറ്റ തള്ളവരെ വിവരം അന്വേഷിക്കാന്‍ വന്ന പള്ളീലച്ചനോട് 'അവന് മൂന്നു പെമ്പിള്ളേരോട് എന്തോ പ്രത്യേക സ്നേഹം വന്നതിന്റെ പ്രശ്നമാണിതൊക്കെ' എന്നു പറയുന്നത് മിണ്ടാതിരുന്നു കേള്‍ക്കേണ്ടിയും വന്നു.അതില്‍പ്പരം എന്തു കിട്ടാന്‍?പോക്കറ്റു മണി വാങ്ങേണ്ടുന്ന പ്രായത്തില്‍ കൂലിപ്പണിയ്ക്കു പോയി വീട്ടിലെ ചിലവു നടത്താന്‍ സഹകരിച്ചുകൊണ്ടിരുന്ന എനിയ്ക്ക് വീട് നല്‍കിയ കൃതജ്ഞത.വീട്ടിലൂണില്ലാത്തവന് വിരുന്നൂണും ഉണ്ടാവില്ലല്ലോ!സ്വഭാവികം.ഇനി കറുത്ത പെണ്‍കുട്ടികളുടെ അടുത്തു മാത്രം പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് മ്മടേതെന്ന് വിശ്വസിക്കന്ന അതിബുദ്ധിജീവികള്‍ക്ക് വെളുത്ത കൊള്ളാവുന്ന സ്വഭാവമുള്ള ഒരു പെണ്‍കൊച്ചിനെ കെട്ടിച്ചു തന്ന് വേണമെങ്കില്‍ സംശയം മാറ്റാവുന്നതുമാണ്😌

ഈ പെങ്ങളുടെ പ്രേമം തകര്‍ക്കല്‍ ശ്രമം പാളി നിന്ന സമയത്താണ് ക്ളാസിലൊരു സഖാവ് കള്ളുഷാപ്പില്‍ നിന്നിറങ്ങിയ വഴി പൂസായി വീണ് കോമയിലാവുന്നത്.ലോകത്തോടു മഴുവന്‍ പകയുമായി നടക്കുന്ന ഞാനുള്ളപ്പോള്‍ വേറെ ആരെയെങ്കിലും സംശയിക്കേണ്ടതുണ്ടോ!!കൂടെയിരുന്നു കുടിച്ചു പൂസായവരടക്കം അന്വേഷിച്ചത് അവനെ ഞാന്‍ എന്തു ചെയ്തുവെന്നായിരുന്നു.അതും വളരെ മനോഹരമായ രീതിയില്‍.ആ ഇന്ററോഗേഷന്‍ നാടകത്തില്‍ പങ്കെടുത്തവരോടുള്ള എന്റെ അകൈതവമായ നന്ദിയും ഇത്തരുണത്തില്‍ രേഖപ്പെടുത്തിക്കൊള്ളട്ടെ.

അടുത്തത് ഒരു ആശുപത്രി ബൈസ്റ്റാന്റര്‍ കാലമാണ്.വേറെ പണിയൊന്നും കിട്ടാഞ്ഞിട്ടല്ല.ചില കടപ്പാടുകള്‍ ഉണ്ടായിരുന്നു എന്നു വെറുതെ ധരിച്ചിരുന്നതുകൊണ്ടൂും (ചെറുപ്പത്തിലെ സ്നേഹത്തിന് നന്ദി എന്നൊരു വലിയ മണ്ടത്തരമാണ് അതിനു പിന്നില്‍.ചെറുപ്പത്തില്‍ ഏതു കുഞ്ഞിനോടും ആരും പരിഗണന കാട്ടും.ആ പരിഗണന തീരുമ്പോള്‍ നന്ദിയും തീര്‍ക്കേണ്ടതാണ്..അനുഭവം!!)അവര്‍ ക്ഷണിച്ചതുകൊണ്ടും ആശുപത്രിക്കിടക്കയില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി കിടന്ന ആളെ ശുശ്രൂഷിക്കാന്‍ പോയി നിന്നു.കുറച്ചുകാലത്തെനുശേഷം അയാളുടെ മക്കളുടേയും ആശുപത്രിയിലെ ഡോക്ടറുടേയും മറ്റു ജീവനക്കാരുടേയും സാമീപ്യത്തില്‍ രോഗി മരണത്തിന് കീഴടങ്ങി.അതവിടെ തീര്‍ന്നില്ല.കൂടത്തായി എന്ന സ്ഥലത്ത് ഒരു മനോരോഗിണി തന്റെ ബന്ധുജനങ്ങളെ വിഷം കൊടുത്തു കൊന്ന വാര്‍ത്ത പത്രത്തില്‍ വന്നു.അതിനെപ്പറ്റി മുകളില്‍ പറഞ്ഞ മരിച്ചുപോയ രോഗിയുടെ വിട്ടില്‍ ചെറിയ ചര്‍ച്ച നടന്നു.ചര്‍ച്ചയുടെ ശേഷമെന്നോണം മരണപ്പെട്ട ആളുടെ ഭാര്യയും ഞാനും ഒറ്റയ്ക്കായപ്പോള്‍ മുനയള്ള ചോദ്യം വന്നു."എടാ ....എങ്ങിനെയാണ് മരിച്ചത്?നിന്നോട് എന്താ മരണസമയത്ത് പറഞ്ഞത്??!!"എങ്ങിനെ പ്രതികരിക്കണം.ദേഷ്യപ്പടണോ?ദേഷ്യപ്പെട്ടാല്‍ സംശയം ബലപ്പെടുകയല്ലേ ഉള്ളൂ.
"പരിചയമുള്ള ഒരാളുടെ ശബ്ദത്തില്‍ വൈഷമ്യം അന്വേഷിച്ചാല്‍ അര്‍ദ്ധബോധത്തിലുള്ള രോഗി ചിലപ്പോള്‍ പ്രതികരിച്ചേക്കാം എന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ വിവരമന്വേഷിച്ചത്.ചോദിച്ചതിന് മറപടി പറഞ്ഞത് മനസ്സിലാകാത്തവിധം അസ്പഷ്ടവുമായിരുന്നു" എന്നു മറുപടി സത്യസന്ധമായി പറഞ്ഞ് ഞാന്‍ അവസാനിപ്പിച്ചു.അതിലുമപ്പുറം എന്ത് ഉപചാപകഥയാണ് അവര്‍ പ്രതീക്ഷിച്ചിരുന്നതെന്ന് അറിയില്ല.എന്തായാലും കൂടുതല്‍ രോഗികളെ ശുശ്രൂഷിച്ച് വെറുതേ ചങ്കു തകര്‍ക്കുന്ന,ആരോപണച്ചുവയുള്ള ചോദ്യങ്ങള്‍ക്ക് തലവെച്ച് കൊടുക്കണ് എന്ന തീരുമാനത്തിലാണ് ഉള്ളത്.

ഇതിലെ തമാശ എന്തെന്നാല്‍ ചെറുപ്പം മുതലേ നിഗൂഢ പുസ്തകങ്ങള്‍ വായിക്കുന്നു,നിഗൂഢ സിനിമകള്‍ കാണുന്നു,നിഗൂഢ സ്വഭാവം കാണിക്കുന്നു എന്നൊക്കെയുള്ള ആരോപണം കേട്ടുകൊണ്ടിരുന്ന എനിയ്ക്ക് ഇതുപോലെ ആരെയും നിഗൂഢ കഥകളിലോ ഇന്റൊറഗേഷനിലോ സാമൂഹിക ചങ്കുതകര്‍ക്കല്‍ കള്ള നാടകങ്ങളിലോ
കൊണ്ടുപോയി ചാടിക്കാന്‍ കഴിഞ്ഞിട്ടില്ല.സിനിമകളൊന്നും കാണാത്തവര്‍ക്ക് എന്നൊട് ഇത് വിജയകരമായി ചെയ്യാന്‍ സാധിക്കുന്നുമുണ്ട്.

ഇതെല്ലാം വെറും വാക്കുകള്‍ മാത്രമല്ലേ എന്നു പറയാന്‍ ഭാവമുണ്ടെങ്കില്‍ വേണ്ട.കട്ടിക്കാലം മുതലേ ശരീരത്തിന്റെ വേദന അവഗണിച്ചാലും മനസ്സിന്റെ വേദന അവഗണിക്കാന്‍ കഴിയാത്ത ഒരു ദുര്‍ബലനാണ് ഞാന്‍.

എന്റെ മാതാപിതാക്കള്‍ നിലവിലെ മാര്‍ക്കറ്റു നിലവാരമനുസരിച്ച് ഒരു കോടിക്കുമേല്‍ മൂല്യമുള്ള പിതൃസ്വത്ത് യാതൊരു കാരണവുമില്ലാതെ അന്യാധീനപ്പെടുത്തിയവരാണ്.അതിന്റെ പീഢനവും ഞാനേല്‍ക്കണം.പതിനഞ്ചാം വയസ്സുമുതല്‍ കുലിപ്പണിയെന്നോ വൈറ്റ് കോളറെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും അടിക്കടി മാതാപിതാക്കളുടെ കാര്യവും പറഞ്ഞ് കുതിര കയറുന്നവര്‍ അനവധിയാണ്.

എനിയ്ക്ക് മനസ്സിലാകാത്തത് ഈ മാനുഷികമൂല്യങ്ങളെന്നൊക്കെ പറയുന്നത് പുരപ്പുറത്തിടുന്ന കോണാന്‍ പോലെ ഉപയോഗിക്കേണ്ടതാണോ??!!ഈ പറഞ്ഞതിന് ഞാന്‍ ജീവിതത്തിലുടനീളം നല്ലവനായിരുന്നു എന്നല്ല.എന്നാലും എന്നോടീ ലോകം കാണിച്ചതുപോലെ കുതിരകയറാന്‍ നില്‍ക്കാറില്ലെന്നു വിശ്വസിക്കുന്നു.

പലപ്പോഴും ചിന്തിക്കാറുണ്ട് ഈ ജീവിതത്തില്‍ അനാവശ്യനാടകങ്ങളോടും സംസാരത്തോടും എങ്ങിനെ ഡീല്‍ ചെയ്യണമെന്ന്!!

എന്തെങ്കിലും മരുന്നു കഴിച്ചാല്‍ മതിയാകുമോ?

അതോ ജീവിതാവസാനം വരെ ഈ അപമാനങ്ങള്‍ പഞ്ചപുച്ഛ മടക്കി സ്വീകരിക്കണോ??!!

പ്രതികാരത്തേക്കുറിച്ചാവും ഇതു വായിച്ചവര്‍ സ്വഭാവികമായും ചിന്തിക്കുക.നായകളെ കൊന്നാലോ ഉപദ്രവിച്ചാലോ ഏഴു വര്‍ഷം ജയിലില്‍ കിടക്കേണ്ട ഒരു നാട്ടിലാണ് ഞാനെന്ന് സങ്കല്‍പ്പിക്കൂ. അയലത്തെ വീട്ടിലെ നായ എന്നെ പൊതുവഴിയില്‍ വെച്ച് കടിച്ചാല്‍ ഞാന്‍ പ്രതികരിച്ചെന്നു വരില്ല.കാരണം കടിയുടെ വേദന കൂടാതെ വേറൊരു ഏഴു വര്‍ഷത്തെ ജീവിതം കൂടി എന്തിനു കളയണം.ഈ പ്രായോഗിക ചിന്ത പ്രതികാരത്തില്‍ നിന്നു തടയാറുണ്ടെങ്കിലും അനീതികള്‍ക്കും കാലം പ്രതിഫലം നല്‍കണമെന്ന് തന്നെയാണ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്.അത് എന്റെ അനീതിയായാലും!!

പറഞ്ഞുവന്നത് ദയവായി എന്തും പറയാവുന്ന ഒരാളായി എന്നെ ഇനിയും കണക്കാക്കരുതെന്ന് മാത്രമാണ്.മര്യാദവിട്ടാല്‍ ആദ്യപടിയായി പരിഗണനകള്‍ കട്ട് ചെയ്യും.ഒരു മനുഷ്യജീവിയെന്ന നിലയ്ക്ക് സ്വന്തം വെല്‍ബീയിങ്ങിന് ആവശ്യമായ നടപടികള്‍ എടുക്കേണ്ടതും അനാവശ്യകുനിഷ്ഠുകളില്‍ നിന്നും ഒഴിഞ്ഞുമാറേണ്ടതും എന്റെ ആവശ്യമാണ്.