Sunday, 26 April 2020

ക്രിക്കറ്റ്

വട്ടത്താടിയൊക്കെയായി ഒരു പാക്കിസ്ഥാനി ലുക്കുള്ളതുകൊണ്ട് സൗഹൃദത്തിനു വന്നതാണ് ജനാബ് സഫറുള്ള ഖാനും.

ഞങ്ങള്‍ രണ്ടുപേരുമന്ന് പ്രവാസികള്‍.

ഇപ്പോള്‍ രണ്ടുപേരും അവരവരുടെ രാജ്യത്താണ്.ഞങ്ങള്‍ വലിയ ക്രിക്കറ്റ് പ്രേമികളുമാണ്.

ജനാബ് നിഷ്കളങ്കസ്നേഹത്തിന്റെ വക്താവാണ്.ഇടയ്ക്കിടെ ക്രിക്കറ്റു വിശേഷങ്ങളൊക്കെ പറഞ്ഞ് സ്കൈപ്പിലും വാട്സപ്പിലുമൊക്കെ വിളിക്കും.അന്ന് വിളിച്ചപ്പോള്‍ ഞാന്‍ നോര്‍ത്തിന്ത്യയില്‍ ഒരു ബിസിനസ് യാത്രയിലായിരുന്നു - ട്രെയിനില്‍.

"അസലാമു അലൈക്കും മല്‍ബാറീ,കൈഫാലഹുക്കും ഇന്തെ?" സുഖമാണോ എന്നു അറബിയില്‍ പഴയ ഓര്‍മ്മകളയവിറക്കി ചോദിച്ചതാണ്.

"അല്‍ഹം ദുല്ലില്ലാഹ് സഫര്‍."തൊണ്ടയില്‍ ചെറിയ കിച് കിച്ച് ഉണ്ടായിരുന്നതുകൊണ്ട് പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞു.

"കല്‍ കാ മേച്ച് ദേഖാ തുനെ?അബ് ബോലോ കോന്‍ ജീതാ മേരെ ഭായ്!"
ക്രിക്കറ്റ് കണ്ടോ?അതിലാരാണ് ജയിച്ചത് എന്നു പറയെടോ എന്ന് ജനാബ് കളിയാക്കുകയാണ്.

"ഇസ് ബാര്‍ ജീതാ അപനീ പാക്കിസ്ഥാന്‍"ജയിച്ചത് നമ്മടെ പാക്കിസ്ഥാനല്ലേ!ആ വിവരദോഷിയുടെ മുന്നില്‍ സമ്മതിച്ചു കൊടുത്തില്ലെങ്കില്‍ തൊണ്ടവേദനയുടെ കൂടെ തലവേദനയും വരും.

"അപനെ കിയാപ്റ്റന്‍ കൈസെ മാരാ ദേഖാ?ഭും ഭും ഭും'അവരുടെ ക്യാപ്റ്റന്‍ വെടിയുതിര്‍ക്കും പോലാണത്രെ പന്തുകള്‍ അടിച്ചുപറത്തിയത്. 

"ഹാ ജനാബ്.ഭും ഭും"ഞാന്‍ ചുമച്ചുപോയി.

"അബ് ബോലോ കോന്‍സീ ടീം ബഹത്തര്‍ ഹെ?"സഫറുളള അവസാനചോദ്യമെടുത്തിട്ടു.ഏതു ടീമാണ് നല്ലതെന്ന്.

ഇനി പ്രതികരിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല."ബദലാ ലേംഗാ ജനാബ്.യെ സബ് കോ ഹം ലാസിം ബദലാ ലേംഗ.ആപ് ദേഖോ അഗലെ ബാര് ‍
കൈസെ ഹം സബ്കൊ ഊപര്‍ ഭേജേഗ" അടുത്ത തവണ പ്രതികാരമായി എല്ലാ (പന്തുകളും) മുകളിലേയ്ക്ക് വിടുമെന്ന് വെച്ചു കീച്ചിയതും തലയില്‍ ഒരു ലോഹക്കുഴലിന്റെ തണുപ്പു പരന്നു.

"ഹാത്ത് ഊപ്പര്‍ കര്‍ സാലാ പാക്കി സുവര്"‍കൈത്തൊക്ക് തലയില്‍ ചൂണ്ടി കൈ പൊക്കാന്‍ പറഞ്ഞത് സിവില്‍ ഡ്രസ്സില്‍ കൂടെ യാത്ര ചെയ്തിരുന്ന ഏതോ സുരക്ഷ ഉദ്യോഗസ്ഥനാവണം.

"ലേകിന്‍ സാബ് ഹം തോ.."പക്ഷേ സാറേ ഞങ്ങള്‍

ഒന്നും പറയേണ്ടി വന്നില്ല.പത്രത്തില്‍ തീവ്രവാദബന്ധത്തെക്കുറിച്ചുള്ള ഫോട്ടോ പടം സഹിതം വന്നു.ഏതോ ഒരു ഭീകരസംഘടന എന്റെ ഭീകരവാദബന്ധത്തിന്റെ ഉത്തരവാദിത്വവുമേറ്റെടുത്തു.ഇപ്പോ തിഹാര്‍ ജയിലിലാണ്.

സഫറുള്ള ഇതുവല്ലതും അറിയുന്നാണ്ടുവോ എന്തോ!

വിരേചനം

വിരേചനം അഥവാ വിസര്‍ജ്ജനത്തിന് എന്തുമാത്രം പ്രസക്തി ഉണ്ടെന്നറിയാമോ?

ഒരു ദിവസം എന്തെങ്കിലും കാരണം കൊണ്ട് ടോയ്ലെറ്റില്‍ പോവാതെ ഇരുന്നു നോക്കിയാലറിയാം വിരേചനമില്ലാതാവുന്ന വിഷമം.ഭക്ഷണം കഴിക്കലിനേക്കാള്‍ ഒട്ടും താഴെയല്ലാത്ത പ്രാധാന്യം വിരേചനത്തിനുമുണ്ട്.

വൈകാരികമായ വിരേചനമോ?അതും വൈകാരികമായ ഇന്‍ടേക്കുകള്‍ പോലെ തന്നെ പ്രധാനമത്രെ.

സന്തുഷ്ടജീവിതം നയിക്കുന്നു എന്ന് അവകാശപ്പെടുന്ന പല സ്ത്രീപുരുഷന്‍മാരും മതപരമായ മാസ് ഹിപ്നോട്ടിസം നടക്കുന്ന ധ്യാനങ്ങള്‍,പൂജകള്‍ എന്നിവയുടെ സമയത്ത് അമിതമായ വികാരപ്രകടനങ്ങള്‍ നടത്താറില്ലേ?!!

പക്ഷിശാസ്ത്രക്കാരന്‍ പോലും 'താങ്കളുടെ മുഖത്ത് വല്ലാത്ത ദുഃഖം അനുഭവിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ട്'എന്നു പറഞ്ഞാല്‍ നമ്മള്‍ വീണുപോവാറുമുണ്ട്.അന്ധവിശ്വാസങ്ങള്‍ ആചരിച്ചില്ലെങ്കില്‍ ശാപം വരുമെന്ന ഇന്റിമിഡേഷനില്‍ വീണു പോവാത്തവര്‍ ആരും തന്നെ കാണില്ലത്രെ.

ഈ വൈകാരിക വള്‍നറബിലിറ്റിയ്ക്ക് കാരണം എന്തെന്ന് സ്വയം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം വിരേചനത്തിന്റെ കുറവ് എന്നതു മാത്രമാണ്.

മനുഷ്യന്‍ ഒരു ജൈവപ്രപഞ്ചമാണ്.പ്രപഞ്ചത്തിന് ആകര്‍ഷണം എന്ന പ്രോപേര്‍ട്ടിയോളം ശക്തമായി വികര്‍ഷണവും ഉണ്ട്.

ഏതു മനുഷ്യനും തന്റെ സാമൂഹിക ഇടപെടലുകളില്‍ അസംതൃപ്തിയുടേതായ ധാരാളം എലമെന്റ്സ് ഉണ്ട്.ജീവിതത്തിലെ പല രംഗങ്ങളിലും കരുത്തു കൂടിയവയുടെ ചൂഷണത്തിന് നാം ഇരയാകുന്നു.ചൂഷണത്തിന്റെ അടുത്ത ഘട്ടമായ വായടപ്പിക്കല്‍/ചോദ്യം ചെയ്യലുകള്‍ക്ക് തടയിടല്‍ എന്നിവ സ്വഭാവികമായും ഒരു കുന്ന് അമര്‍ഷത്തെയും നൈരാശ്യത്തേയും നമ്മുടെ ബോധമണ്ഡലത്തില്‍ നിറയ്ക്കും.ഈ അമര്‍ഷത്തെ പലരും പല രീതിയിലാണ് വിസര്‍ജ്ജിക്കാന്‍ ശ്രമിക്കാറ്.ക്രിയേറ്റിവിറ്റി പലപ്പോഴും നെഗറ്റീവ് എനര്‍ജി ചിലവഴിക്കാനുള്ള മാര്‍ഗ്ഗമല്ലേ?

നേരത്തെ പറഞ്ഞ ഉദാഹരണത്തിലെ സംതൃപ്തി അഭിനയിക്കുന്ന ആളുകളുടെ മനസ്സിലെ അടിച്ചമര്‍ത്തപ്പെട്ട അമര്‍ഷവും വികാരങ്ങളുമാണ് സാഹചര്യം വരുമ്പോള്‍ അപസ്മാരലക്ഷണങ്ങളോടെ പുറത്തു വരാറ്.

വൈകാരിക വിരേചനം ഉറപ്പു വരുത്താന്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം കൃത്യമായ പ്രതികരണങ്ങള്‍ ഉറപ്പുവരുത്തുക എന്നതാവും.മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നു കരുതി നെഗറ്റിവിറ്റിയെ മനസ്സില്‍ സൂക്ഷിച്ചിരുന്ന കാലം എന്നെക്കൊണ്ട് രണ്ടു മാസത്തോളം വിഷാദരോഗത്തിനുള്ള മരുന്നു കഴിപ്പിച്ചു.ലോകത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിക്കാന്‍ ഞാന്‍ ദൈവപുത്രനല്ലാത്തതിനാല്‍ ഇപ്പോള്‍ കൃത്യമായി പ്രതികരിച്ച് വൈകാരികമായ വിരേചനം സാധ്യമാക്കുന്നു.

ഇത് എന്റെ മാതൃക പിന്‍തുടരാനുള്ള ആഹ്വാനമല്ല.എന്തുകൊണ്ട് ഇങ്ങനെ പ്രതികരണങ്ങളില്‍ നിഷ്കര്‍ഷ വെയ്ക്കുന്നു എന്നതിന്റെ കാരണമാണ്.

ചൂഷണത്തോട് പ്രതികരിക്കാതെ രോഗിയായി മാറുന്ന ഞാന്‍ ഇന്നുള്ള ജനങ്ങളെ കയ്യിലെടുക്കാനറിയാത്ത എന്നേക്കാള്‍ ബോറനാണ്.സത്യം.പരീക്ഷിച്ചറിഞ്ഞ കാര്യമാണ്

Monday, 20 April 2020

അതിഥി വിശേഷങ്ങള്‍

പ്രവാസികളായി ജീവിച്ചവര്‍ക്കും ജീവിക്കുന്നവര്‍ക്കും അറിയാവുന്ന ചില കാര്യങ്ങള്‍ ആദ്യമേ പറയട്ടെ.മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റിലും ഒരേ ഡെസിഗ്നേഷനിലുള്ള തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും രണ്ട് രീതിയിലാണ് ശമ്പളം കൊടുക്കാറ്.

ഉദാഹരണത്തിന് എന്റെ uae യെലെ ശമ്പളം 2000 ദിര്‍ഹമാണെങ്കില്‍ അതേ പോസ്റ്റില്‍ കൂടെയുള്ള എമറാത്തിയ്ക്ക് ശമ്പളം ആറായിരമാണ്.

മാത്രമല്ല,എമറാത്തിയ്ക്കും കുടുംബത്തിനും പോക്കറ്റ് മണിയും ട്രാഫിക് വയലേഷനുകളിലെ പിഴ ഇളവും സ്ഥാപനങ്ങളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ എന്നൊരു ഡമ്മി പോസ്റ്റില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗവും അവിടുത്തെ ഗവണ്‍മെന്റ് ഒരുക്കുന്നുണ്ട്.തദ്ദേശീയനും എനിയ്ക്കും ഒരു ചായ കുടിക്കണമെങ്കില്‍ കൊടുക്കേണ്ടുന്ന തുക ഒന്നു തന്നെയുമാണ്.സ്വന്തം നാട്ടിലെ എക്സ്ചേഞ്ച് നിരക്കിലെ വ്യത്യാസമെന്ന പീനട്ടുകൊണ്ട് പ്രവാസി എന്ന അതിഥി തൃപ്തിപ്പെടണം എന്നു സാരം.

നമ്മുടെ കൊച്ചുകേരളത്തിലെ കാര്യമെടുത്താലോ?ഇന്ന് ഭൂരിഭാഗം അതിഥി തൊഴിലാളികള്‍ക്കും അതേ തൊഴിലെടുക്കുന്ന മലയാളിയുടെ പ്രതിഫലം ലഭിക്കുന്നില്ലേ?

ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ക്ക് പ്രത്യേക പരിഗണന?ഒരേ രീതിയില്‍ സമ്പാദിക്കുന്നവര്‍ക്ക് ഒരേ ആനുകൂല്യങ്ങള്‍ കൊടുക്കുക എന്നതല്ലേ സാമൂഹ്യനീതി?

അതോ ജാതി അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ജോലി സംവരണം,റേഷനിങ്ങ് വ്യവസ്ഥ ഒക്കെപ്പോലെ അതിഥിസ്നേഹവും ഒരു അനീതിയില്‍ അടിസ്ഥിതമായ സംഗതിയാണോ? 

ചിന്തിക്കണം.

അര്‍ഹിക്കുന്നവന് അര്‍ഹിക്കുന്നതു കൊടുക്കലാണ് നീതി!

തിരിച്ചടി തടയല്‍

രാവിലെ പുറത്തേക്കിറങ്ങിയതാണ്.

പൈദല്‍..

രാഷ്ട്രഭാഷയില്‍ പറഞ്ഞതാണ്;നടന്നാണ് പോകുന്നതെന്ന്.

അപ്പുറത്തെ വീട്ടില്‍ നിന്നൊരു കുരുന്നു ഗന്ധര്‍വന്റെ ഹൈ ഫ്രീക്വന്‍സി സംഗീതം കേട്ടു

"അലക്കാത്ത ചന്ദനമരം ബഹുപൂക പൂത്തിരിക്കൂ"വാണത്രെ.

'അമ്മയോടു പറഞ്ഞാല്‍ അലക്കി തരു'മെന്ന് കമന്റടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗന്ധര്‍വന്റെ അമ്മയെ ശ്രദ്ധിച്ചത്.പണ്ട് ഇതുപോലൊരു പ്രായത്തില്‍ ഈയുള്ളവന്‍ 'പുക്കാലാ മുക്കാമ്പൂലാ" എന്നു ശ്രുതിമധുരമായി പാടുമ്പോഴൊക്കെ 'അതെന്നാടാ കുഞ്ഞിന് മുക്കാമ്പൂലാത്തേ'ന്ന് ചോദിച്ചിരുന്ന മാന്യമഹിളാരത്നമാണ് അത്.

വെറുതേ സ്മരണകളെ തിരിച്ചുവിളിച്ച് തിരിച്ചടി വാങ്ങേണ്ടന്നു കരുതി പറയാന്‍ വന്ന കമന്റ് ഉടുമ്പിന്റെ കയ്പ പോലെ വെള്ളം തൊടാതങ്ങു വിഴുങ്ങിക്കളഞ്ഞു.

Sunday, 19 April 2020

താളം(പ്രകൃതി,മനുഷ്യന്‍,കലകള്‍)

ഏറ്റവുമാദ്യം താളത്തില്‍ പെയ്തത് മഴയാണ്..

താളം കേട്ടു പഠിച്ചതെന്റെ നെഞ്ചാണ്.. 

മേളത്തിനു രൂപം വെച്ചത് പിന്നാണ്..

താളം സമയത്തിനപ്പുറം പോകുന്ന ഒന്നാണ്...

പോസിറ്റിവിറ്റി

ജീവിതം ഒരുപാടു കാലം പറഞ്ഞും പാടിയും തല്ലിയുമൊക്കെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന പാഠമാണല്ലോ എങ്ങിനെ അതിനെ പോസിറ്റീവായി കാണാം എന്നത്!

പഠിക്കാന്‍ തുടങ്ങിയോ/കഴിഞ്ഞോ എന്നുള്ളതൊക്കെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ തന്നെ!

എന്തായാലും പോസിറ്റീവാകാനുള്ള ശ്രമങ്ങളില്‍ ചിലതിനെപ്പറ്റി സൂചനകളുണ്ട്.

സ്വയം പരിപാലനം തന്നെയാണ് പോസിറ്റിവിറ്റിയുടെ പരമപ്രധാന ഉപായം.സ്വന്തം ശരീരത്തോടും ജീവിതത്തോടും കാണിക്കുന്ന നീതിയില്‍ അല്‍പ്പം പോലും കൂടുതല്‍ മറ്റുള്ളവരോട് കാണിക്കാന്‍ ഒരാള്‍ക്കുമാവില്ല എന്നതാണ് വെയ്പ്പ്.

ആത്മഹത്യ ചെയ്യുന്നവര്‍ വെറുക്കപ്പെടുന്നതിന് കാരണമിതാണ്.ബോഡി ബില്‍ഡേഴ്സും സുന്ദരീ സുന്ദരന്‍മാരുമൊക്കെ ആരാധിക്കപ്പെടുന്നതും ഇൗ ചിന്തകളുടെ മറുവശത്തു കൂടി തന്നെയല്ലേ!?

രണ്ടാമത്തേത് സദ്ജനസംസര്‍ഗ്ഗമാണ്.

ആരാണ് സദ്ജനം എന്നൊരു ചോദ്യം സ്വഭാവികം!

പല നിബന്ധനകള്‍ക്കും വിധേയമായാണ് സദ്ജനങ്ങള്‍ വരുന്നത്.

ചില നല്ല പ്രവൃത്തികള്‍ക്കൊണ്ട് നമുക്ക് സദ്ജനമായവരുണ്ട്,സദ്ജനമെന്ന് നമുക്ക് വിശ്വാസമുള്ളവര്‍ പറഞ്ഞ് പറഞ്ഞ് അങ്ങിനെ കരുതപ്പെട്ടവരുണ്ട്,തങ്ങളുടെ വാചാലതകൊണ്ടും കഴിവുകൊണ്ടും സദ്ജനമെന്ന് വിളിക്കപ്പെടുന്നവരുണ്ട്,ആകെ പ്രവൃത്തികളില്‍ ഭൂരിഭാഗവും നല്ലതായതുകൊണ്ട് സജ്ജനമെന്ന് വിളിക്കപ്പെടുന്നവരുണ്ട്..ഇത് ഒരു രീതിയിലുള്ള വര്‍ഗ്ഗീകരണം മാത്രമേ ആയുള്ളൂ.

ഒരാളോട് നമ്മള്‍ ഇടപെടുന്ന സമയത്തിന്റെ അളവും ആവൃത്തിയുമൊക്കെ ഈ കാഴ്ചപ്പാടിനെ ബാധിക്കില്ലേ?

ഉദാഹരണം പറയാം.സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച സ്ത്രീ പുരൂഷന്‍മാരുണ്ട്.ലോകം അതിന്റെ പരമോന്നത ബഹുമതി നല്‍കിയവര്‍.പക്ഷേ ഇവരുടെ ഭാര്യാഭര്‍ത്താക്കന്‍മാരും തനിസ്വഭാവം പുറത്തെടുക്കുന്ന സമയങ്ങളില്‍ വിചാരിക്കുക"കൂടെക്കിടക്കുന്നോര്‍ക്കല്ലേ രാപ്പനി അറിയാവൂ" എന്നായിരിക്കും.

അതുകൊണ്ട് എപ്പോഴും കൂടെയുള്ളവരെ നമ്മള്‍ ഗ്രേസ് മാര്‍ക്കും മോഡറേഷനും NCC,NSS,സ്പോര്‍ട്സ് എന്നിങ്ങനെ എല്ലാ മാര്‍ക്കുകളും ചേര്‍ത്ത് മുഷിവെന്ന വലിയ പരിമിതിയെ തോല്‍പ്പിച്ചു മാത്രമേ സദ്ജനസര്‍ട്ടിഫിക്കറ്റ് കൊടുക്കാവൂ.

പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ നമ്മളുടേതും നമ്മള്‍ ആയിരിക്കുന്ന ഗ്രൂപ്പിന്റെയും(രണ്ടും ഫലത്തില്‍ ഒന്നു തന്നെ) ലക്ഷ്യമാണ് നമ്മളെ സജ്ജനമോ ദുര്‍ജനമോ ആക്കുന്നത്.

തീര്‍ച്ചയായും യഥാര്‍ത്ഥ കാരണങ്ങളോടു കൂടിയ യഥാര്‍ത്ഥ ലക്ഷ്യങ്ങളുള്ളവരാണ് സദ്ജനമാകാന്‍ സാധ്യതയുള്ളത്.വിശദീകരിച്ച് ബോറഡിപ്പിക്കാം.

പര്‍ണ്ണശാലയിലെ മുനിക്കും കുടുംബത്തിനും ശിഷ്യഗണങ്ങള്‍ക്കും ജീവന്‍ നിലനില്‍ക്കാനുള്ള ആഹാരവും സൗകര്യങ്ങളും മതി.അതിനുള്ള ബഹളമേ അവര്‍ ഉണ്ടാക്കാറുള്ളൂ.അവരുണ്ടാക്കുന്ന കൊലാറ്ററല്‍ ഡാമേജുകളും മിനിമം ആയിരിക്കും.കാരണം അവരുടെ ലക്ഷ്യം വിശപ്പ്,വേദന തുടങ്ങിയ യഥാര്‍ത്ഥ  ആവശ്യങ്ങളെ പരിഹരിക്കലാണ്.

ഞാന്‍ മാക്സിമം റീട്ടെയില്‍ പ്രൈസില്ലാത്ത(M.R.P.) ഒരു നാട്ടില്‍ കച്ചവടക്കാരുടെ കൂടെ
 ജോലി ചെയ്ത ആളാണ്.അന്നത്തെ ജീവിതത്തെ തള്ളിപ്പറുന്നതായി തെറ്റിദ്ധരിക്കരുതേ.പക്ഷേ കാര്യങ്ങള്‍ undo ചെയ്യാനോ അടുത്ത ജന്മത്തില്‍ വന്നു പറയാനോ സാധിക്കാത്തതുകൊണ്ട് തുറന്നു പറയുന്നു എന്നേ ഉള്ളൂ.അവിടെയുള്ളവരുടെ മിക്കവരുടേയും ആവശ്യങ്ങള്‍ റിയലല്ല!!
വിശപ്പു സഹിക്കാനാവാതെ അവിടെ എത്തിപ്പെടുന്നവര്‍ ചുരുക്കം.എന്തൊക്കെയോ തെളിയിക്കാനും വാരിക്കൂട്ടാനും ഒരുമ്പെട്ടിറങ്ങിയവരുടെ ലോകമായിരുന്നു അത്.

പോക്കറ്റു മണി തരാത്ത അച്ഛനെ തോല്‍പ്പിക്കാന്‍,വീട്ടില്‍ നിന്ന് പുറത്തു വിടാത്ത അമ്മയെ തോല്‍പ്പിക്കാന്‍,ലൈഫില്‍ സെറ്റിലായില്ലെന്നു നുണ പറഞ്ഞു പിരിഞ്ഞ പൂര്‍വ്വ കാമുകിയെ തോല്‍പ്പിക്കാന്‍,സ്ഥിരവരുമാനമില്ലാതിരുന്നപ്പോള്‍ കളിയാക്കിയ സ്വന്തക്കാരേയും നാട്ടുകാരേയും തോല്‍പ്പിക്കുവാന്‍..അങ്ങിനെ ആര്‍ക്കും ഒരു പ്രയോജനമില്ലാത്ത കാരണങ്ങള്‍ക്കൊണ്ട് ആര്‍ക്കും വലിയ പ്രയോജനമൊന്നുമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ സദ്ജനങ്ങളായി മാറുക ദുഷ്കരമത്രെ.അത്തരക്കാരുടെ
സംസര്‍ഗ്ഗം നല്ല ജീവിതവീക്ഷണം ഉണ്ടാക്കാനും സാധ്യതയില്ല.

കുറേ വാരിക്കൂട്ടി,കെട്ടിപ്പൊക്കി,തല്ലിത്തകര്‍ത്ത് പൂഴിമണ്ണില്‍ കളിക്കുന്ന കുട്ടികളെപ്പോലെ..

ലോകത്തിന്റെ സ്വാര്‍ത്ഥതയോടുള്ള അന്ധമായ പ്രതിഷേധമല്ല മുകളില്‍ സൂചിപ്പിച്ചത്.ലോകം സ്വാര്‍ത്ഥമാണ്.ഉത്തരവാദിത്വങ്ങളുടെ ദുരിതങ്ങള്‍ സുഖങ്ങളുടെ പഞ്ചസാരയില്‍ പൊതിഞ്ഞാണ് വരാറുള്ളത്.എന്തൊക്കെയോ സ്വാര്‍ത്ഥചിന്തള്‍ ട്രിഗര്‍ ചെയ്താണ് മുലപ്പാലു പോലും ചുരക്കുന്നത്.പച്ചപ്പ് കണ്ണിന് കുളിരു പകരുന്ന നിറമായതും മരങ്ങളും നിലനില്‍പ്പിന് ആവശ്യമായതും ഒരുമിച്ചാണ്.

സ്വാര്‍ത്ഥത്തെ നീതിയുക്തമായി ഉപയോഗിക്കുന്നതിലൂടെ നമുക്കും കൂടെയുള്ളവര്‍ക്കും പോസിറ്റിവിറ്റി ലഭിച്ചേക്കാമെന്നാണ് വിവക്ഷ.

ദുഃഖങ്ങളും പ്രശ്നങ്ങളും സ്വന്തമായി അബ്സോര്‍ബു ചെയ്ത് പോസിറ്റീവായി ഇരിക്കലല്ലേ ധീരത എന്നു ചോദിക്കുന്നവരെ കണ്ടിട്ടുണ്ട്.അങ്ങിനെ എല്ലാം ഉള്ളിലൊതുക്കി പുറത്തു വിടാതെ ജീവിക്കുക മനുഷ്യസാധ്യമല്ല എന്നതാണ് സത്യം.

ബാലന്‍സു ചെയ്യാന്‍ എല്ലാവര്‍ക്കും എന്തെങ്കിലും വേണം.

എന്നെ സംബന്ധിച്ചിടത്തോളം അത് ശരിയായി റെസിപ്രൊക്കേറ്റ് ചെയ്യുന്ന ആളുകളാണ്.നന്മയെ നന്‍മയായും തിന്‍മയെ തിന്‍മയായും കണ്ട് മറ്റു രാഷ്ട്രീയതാത്പര്യങ്ങളില്ലാതെ
അതേ രീതിയില്‍ പ്രതികരിക്കാനറിയാവുന്നവര്‍.

സ്വയം നിരീക്ഷണങ്ങളാണ് കുറേക്കൂടി സമഗ്രം എന്നതിനാലാണ് സ്വന്തം ഉദാഹരണങ്ങള്‍ ലോഡു കണക്കിന് തട്ടുന്നത്.ഇത്തരത്തില്‍ സ്വന്തം
ആഗ്രഹങ്ങള്‍ യഥാര്‍ത്ഥം ആയാലും അത്തരം ആഗ്രഹങ്ങളള്ളവരുടെ സഹവാസവും ജീവിതത്തിന് വലിയ ആശ്വാസം കൊണ്ടെത്തിക്കും.

അറിവിനായുള്ള അന്വേഷണവും ജീവിതത്തില്‍ നിലയ്ക്കാത്ത പ്രതീക്ഷകള്‍ കൊണ്ടുവരും.പ്രതീക്ഷകളാണല്ലോ പോസിറ്റിവിറ്റി

ഇത് ശാസ്ത്രീയമായ പഠനമൊന്നുമല്ല.അത്ര സമഗ്രവുമല്ല.വിയോജിപ്പുകളുണ്ടെങ്കില്‍ കാര്യകാരണസഹിതം പ്രകടിപ്പിക്കാവുന്നതാണ്.

Friday, 17 April 2020

ഹൃദയത്തിന്റെ ഭാഷ

അങ്ങിനെയുമൊരു ഭാഷയുണ്ടല്ലേ?!

വലിയ പണിപ്പെടാതെ തന്നെ വിനിമയം ചെയ്യപ്പെടുന്ന ചില ആശയങ്ങളില്ലേ?!

പ്രാര്‍ത്ഥനയ്ക്ക് കുപ്രസിദ്ധമായ വീടായിരുന്നു ഞങ്ങളുടേത്.പരമ്പരാഗത പ്രാര്‍ത്ഥനകള്‍ക്ക് പുറമേ ആര്,എവിടെനിന്ന് എന്തു പ്രാര്‍ത്ഥന അച്ചടിച്ചു തന്നാലും ഞങ്ങളത് പ്രാര്‍ത്ഥിക്കും.

ഞാന്‍ ജനിച്ച വര്‍ഷത്തെ ഇടവകധ്യാനവിജയത്തിനുള്ള പ്രാര്‍ത്ഥന ഈ താപ്പത്തഞ്ചാം വയസ്സില്‍ കഴിഞ്ഞ അവധിക്കു ചെന്നപ്പോഴും താളത്തില്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

പ്രാര്‍ത്ഥനയല്ലേ?നല്ല കാര്യമല്ലേ?വിമര്‍ശിക്കേണ്ട!

"എടാ,നിന്റെ തെരക്ക് കഴിഞ്ഞെങ്കി അമ്മച്ചിക്ക് ഈ പ്രാര്‍ത്ഥനയൊന്ന് മലയാളത്തിലാക്കി എഴുതിത്താ..പരിശുദ്ധകന്യാസ്ത്രീമറിയത്തോടുള്ള എന്തോ ജപമാണ്.കൊണ്ടു വന്നു തന്നയാള് പറഞ്ഞതൊന്നും തിരിഞ്ഞില്ലെങ്കിലും കാര്യം മനസ്സിലായി.ഹൃദയത്തിന്റെ ഭാഷ എല്ലാ നാട്ടിലുമൊരുപോലാ!"

ഇതാരാണ് ഈ അറബ് നാട്ടില്‍ കന്യാമറിയത്തിന്റെ ജപം അച്ചടിച്ചു വിതരണം ചെയ്യുക എന്ന ഒരു ആശ്ചര്യത്തില്‍ ഞാനല്‍പ്പം വിജൃംഭിതനായി.ഉത്തുങ്കകുലോല്‍പ്പലനായി.

ആ..പറയാന്‍ മറന്നുപോയി.പ്രാര്‍ത്ഥനകുടുംബത്തിലെ അമ്മച്ചി സന്ദര്‍ശകവിസയില്‍ എന്നൊടൊപ്പം ഈ മരുപ്പച്ചയിലാണ്. 

"അങ്ങനെ വരാന്‍ കാര്യമില്ലല്ലോ..അമ്മച്ചിയതിങ്ങ് കാട്ടിക്കേ..

ആഹാ..ഈ പര്‍ദ്ദയിട്ട വെളുമ്പി അറബിച്ചിയാണോ കന്യാസ്ത്രീമറിയം?ഇത് ഇവിടുത്തെ ഇന്റര്‍നെറ്റൊക്കെ കൊടുക്കുന്ന ഇത്തിസലാത്ത് എന്ന കമ്പനിയുടെ പരസ്യവാന്നേ.മോഡലുകളൊക്കെ മുഖത്ത്
മേക്കപ്പും ചെയ്തു പര്‍ദ്ദയിട്ടാല്‍ മറിയം തന്നെ.

പക്ഷേ ഹൃദയത്തിന്റെ ഭാഷ ഇത്തവണ ഇച്ചിരെ മാറിപ്പോയി"

Tuesday, 14 April 2020

കുറിപ്പടിജീവിതം

ഒരു ഫാര്‍മസിസ്റ്റ് ജീവിതസഖിയായത് നാടകീയമായൊരു കഥയാണ്.

മാര്‍ക്കറ്റിങ്ങ് ജീവിതത്തിന്റെ തുടക്കത്തിലെ അലച്ചിലുകള്‍ക്കിടെയാണ്.

വല്ലാത്തൊരു ചുമ.കഫക്കെട്ടില്ലാത്ത ചുമ.

'പോയ് വല്ല ഡോക്ടറേയും കാണ്'എന്ന പല അഭ്യുദയകാംക്ഷീസിന്റെയും ഉപദേശം തള്ളിക്കളയാനായില്ല.

ക്ളിഷേ കഥകളിലേപ്പോലെ അതിനിഗൂഢമായ കൈയ്യക്ഷരം ഉള്ള ഒരു ഡോക്ടറെ കണ്ടു സംസാരിച്ചു.അദ്ദേഹം എന്തോ കുറിച്ച് സഗൗരവം തരികയും ചെയ്തു.

അവിടെനിന്ന് പുറത്തിറങ്ങിയ വഴി ഒരിക്കലുമില്ലാത്തത്ര ഫോണ്‍ കോളുകള്‍.അതങ്ങിനെയാണല്ലോ!എന്തെങ്കിലും ജോലി ചെയ്യുകയോ സംസാരിക്കാതിരിക്കേണ്ട സാഹചര്യം ആണെങ്കിലോ കോളുകളുടെ ബഹളമായിരിക്കും.വെറുതേ ഇരിക്കുമ്പോള്‍ വഴിതെറ്റി പോലും ഒന്നും വരാറുമില്ല.

എന്തായാലും കുറിപ്പടി തത്കാലം വിസ്മരിക്കപ്പെട്ടു.

വീടിരിക്കുന്ന ചെറുപട്ടണത്തില്‍ എത്തിയത് രാത്രി നന്നേ വൈകിയാണ്.ചുമ നാടു കണ്ട സന്തോഷത്തിലെന്ന പോലെ വീണ്ടും ശക്തിയായി ആരംഭിച്ചു.

"കുരയുടെ ഗാംഭീര്യത്തില്‍ അള്‍സേഷ്യന്‍ മാറി നില്‍ക്കുമല്ലോ?ഇന്നും ഡോക്ടറെ കാണാന്‍ സാറിന് നേരം കിട്ടിക്കാണില്ലല്ലേ?"വീടിനടുത്തുള്ള ഒരു കടയുടമയാണ്.കട അടക്കാനുളള തിരക്കിനിടയിലും കുശലം ചോദിക്കാന്‍ മറന്നില്ല. 

"അയ്യോ!ഡോക്ടറെ കണ്ടതാണല്ലോ!!പക്ഷേ മരുന്ന്....വാങ്ങാമ്മറന്നുപോയ്..മെഡിക്കഷോപ്പെല്ലാം അടച്ചു കാണുവല്ലേ?"ഞാന്‍ പകുതി ആത്മഗതമായും മറ്റേ നല്ലപകുതി ഉത്തരമായും പറഞ്ഞു.

"പിന്നെ.മെഡിക്കല്‍ ഷാപ്പൊക്കെ എപ്പളേ അടച്ചു.ഇനി നാളെ!"കടക്കാരന്‍ അയല്‍വാസി ധൃതിയില്‍ പറഞ്ഞു.

എന്നാലും ഒരു ഇച്ഛാഭംഗം.പകുതിയില്‍ വെച്ചൊരു ദൗത്യം ഉപേക്ഷിക്കുക എന്നാല്‍..ഛായ്!

മെഡിക്കല്‍ ഷോപ്പിന്റെ മുന്നിലേയ്ക്കു വെറുതെ നടന്നു.ബോഡില്‍ വലിയ അക്ഷരത്തില്‍ പേരും സ്ഥലപ്പേരും ഫോണ്‍നമ്പറുകളും ചുവന്ന കുരിശുമൊക്കെയുണ്ട്..

ഫോണ്‍ നമ്പര്‍!

ഫോണ്‍ നമ്പര്‍ ഉണ്ടല്ലോ!ഡോക്ടറുടെ നിഗൂഢമായ കുറിപ്പടിയിലെ അതിനിഗൂഢ ഔഷധം മെഡിക്കല്‍ ഷോപ്പിലുണ്ടോ എന്ന് ഉറപ്പു വരുത്തുകയെങ്കിലും ചെയ്യാതെ ഒരു സമാധാനം കിട്ടില്ല.ചുമ അപ്പോഴും അനസ്യൂതം തുടരുകയാണ്.ഈ സമയത്തിനി ചുമച്ച് വിളിച്ച് സീനാക്കണോ!ഉംംംം

വേണ്ടല്ലോ!

രണ്ട് നമ്പറുണ്ട്.

സേവ് ചെയ്ത് വാട്സാപ്പയച്ചു നോക്കാം.

നമ്പറുകള്‍ രണ്ടും MS 1,MS 2 എന്നു യഥാകൃമം സേവുചെയ്തു.

ഒന്നിലേ വാട്സപ്പുള്ളൂ.

നെറ്റ്വര്‍ക്ക് അപാരസ്പീഡായതിനാല്‍ മറ്റേ നമ്പറിലെ ആളുടെ പ്രൊഫൈല്‍ ഡീറ്റേലൊന്നും കാണാന്‍ പറ്റുന്നില്ല.

എന്തായാലും കുറിപ്പടിയുടെ കാതലായ ഭാഗം എന്നു തോന്നിയ ഭാഗത്തിന്റെ ഫോട്ടോ വാട്സപ്പില്‍ എടുത്തു.അവൈലബിള്‍ ആണോ എന്നു ടൈപ്പ് ചെയ്ത് ഇടുകയും ചെയ്തു.പിന്നെയും കോളുകള്‍ വന്നു.വീട്ടില്‍ നിന്നാണ്.ഒരിക്കലുമില്ലാത്ത എന്തൊക്കെയോ പ്രശ്നങ്ങള്‍!വീട്ടിലെത്തി അതിനെല്ലാം പരിഹാരം കണ്ടു.ഒന്നു രണ്ടു ദിവസങ്ങള്‍ അങ്ങിനെ പോയി.

മൂന്നാം ദിവസം ഒരു ചെറുപ്പക്കാരന്‍ കട്ട കലിപ്പ് ഭാവത്തില്‍ വഴി തടഞ്ഞു.
"ഞങ്ങള് കുറച്ചു പാവപ്പെട്ട ഫാമിലിയാണെന്നത് ശരിയാണ്.പക്ഷേ അഭിമാനം വിടേണ്ടി വന്നാല്‍ ചാകണം,അല്ലേല്‍ കൊല്ലണം എന്നാണ് അപ്പന്‍ പഠിപ്പിച്ചേക്കുന്നത്!"ചെറുപ്പക്കാരന്റെ ചൊടികള്‍ വിറച്ചു.

"അയിന് ഞാനെന്നാ ചെയ്തെന്നാ?"എനിക്കൊരു പിടിയും കിട്ടിയില്ല.

"മേഴ്സിയോട് മാത്രമേ ഇങ്ങനെയുള്ളോ അതോ ഒരുപാടു പേരുടെയടുത്ത്.."അവന്റെ ശബ്ദം പൊങ്ങുന്നതുപോലെ.ഇതിനിടയില്‍ അവന്‍ മൊബൈലെടുത്ത് 'അവൈലബിള്‍ ആണോ' എന്ന എന്റെ മെസേജ് അവന്റെ മേഴ്സിപ്പെങ്ങള്‍ക്കു ചെന്നതിന്റെ ഒരു സ്ക്രീന്‍ഷോട്ടും കാട്ടി!!

അയ്യോ!മിനിങ്ങാന്നത്തെ മെഡിക്കല്‍ സ്റ്റോര്‍.അപ്പോ ഡോക്ടറുടെ കുറിപ്പടി എങ്കെ?
ധൃതിയില്‍ ഫോണെടുത്തു നോക്കി.

"ചേട്ടനെന്താ ഒന്നും മിണ്ടാത്തെ?"അവന്റെ ശബ്ദം കനക്കുകയാണ്.

MS 2 വില്‍ 'അവൈലബിള്‍ ആണോ' എന്ന ചോദ്യം മാത്രമേ സെന്റായിട്ടുള്ളൂ..കുറിപ്പടി മോളിലേയ്ക്കൊരു ആരോമാര്‍ക്കും നെഞ്ചിലേറ്റി നില്‍പ്പുണ്ട്..നെറ്റ്വര്‍ക്കിനു നന്ദി.

പിന്നെ അവനൊരു സോഡ നാരങ്ങാവെള്ളം വാങ്ങിക്കൊടുത്ത് യു.പി.സ്കൂള്‍ കാലം മുതലുള്ള ഒരു വണ്‍വേ പ്രേമത്തിന്റെ നിമിഷകഥയും മെനഞ്ഞ് മേഴ്സിയെന്ന ഫാര്‍മസിസ്റ്റിനെ കൂടെ കൂട്ടുകയാണുണ്ടായത്. 

കൂടിപ്പിണഞ്ഞ ചില വേരുകള്‍

"ഒരു മരത്തിനെത്ര വേരുകളുണ്ടെന്നും അവ എവിടം വരെ പോയി എന്തെല്ലാം ലൂട്ടീസ് ചെയ്യുന്നുണ്ടെന്നും അറിയാവോ?" ഒന്നിച്ചിരിക്കുന്ന സമയത്ത് അയാളെ വെറുതെ ശുണ്ഠി പിടിപ്പിക്കാന്‍ രസമാണ്.കള്ളശുണ്ഠിയാണ് -കൈക്കുഞ്ഞിന്റേതിനേക്കാള്‍ നിഷ്കളങ്കം.

"ഞാനിതുവരെ മരം പിഴുതു നോക്കുകയോ വേരുളള ഭാഗം തുരന്നു നോക്കുകയോ ഒന്നും ചെയ്തിട്ടാല്ലാാ..അതിന്റെ ഡ്യൂട്ടി അറിയാന്‍!"പ്രതീക്ഷിച്ച ഫലം തന്നെ ഉണ്ടായി.അയാളുടെ സ്വപ്നങ്ങളുടെ നിറക്കൂട്ടുള്ള മുഖത്ത് ദേഷ്യഭാവം വേനല്‍മഴപോലെ വന്നെത്തി.

"അതുപോലുമറിയില്ലേ??!മനുഷ്യരുടെ വേരുകള്‍ എവിടെവരെ പോകുമെന്നെങ്കിലും അറിയാമോ?"വിട്ടുകൊടുക്കാനുദ്ദേശിച്ചിട്ടില്ല.

"ഇവിടെയൊരാള്‍ കസേരയില്‍ അമങ്ങിയിരുന്ന് വേരിറങ്ങി പോയ വിവരം അറിയാം!"അയാള്‍ കുലുങ്ങിച്ചിരിച്ചു.

പരിഹസിച്ചു ചിരിച്ചാലും എനിക്ക് മുഷിയാത്ത ഒരേ ഒരാളാണ്!

ഈ കള്ളദേഷ്യവും കള്ളച്ചിരിയുമൊക്കെ പോലെ എന്തൊക്കെയോ കള്ളങ്ങളുടെ പ്രയോഗംകൊണ്ട് എന്റെ മനസ്സിനെ ഇങ്ങനെ മാറ്റിയെടുത്തതാവും...വൈയക്തികമായ ഒരു മഹാത്ഭുതമാണ്!!സഹിഷ്ണുതയെന്തെന്ന് കേട്ടുകേള്‍വി പോലുമില്ലാതിരുന്നൊരാളെ!

"അറിയില്ലെങ്കില്‍ വിവരദോഷം സമ്മതിക്കെടോ!"ഞാനും വിട്ടുകൊടുത്തില്ല.

"പറഞ്ഞപോലെ എനിക്ക് ഒരുപാട് ജോലികളുള്ളതിനാല്‍ വേരിറങ്ങിയിട്ടില്ല.ആയതിനാല്‍ ആ വിഷയത്തെക്കുറിച്ച് അജ്ഞയുമാണ്!"അയാളുടെ മുഖത്ത് ഹാസ്യം മിന്നിമറയുകയാണ്.

അയാളെ ഞാനെന്തേ കുറേക്കൂടി മുന്‍പ് കണ്ടില്ല?!തുമ്പികളുടെ പിറകേ ഓടിനടന്നിരുന്ന കാലത്ത്!!ചങ്കു തകര്‍ക്കാതെ,തകരാതെ കളിവാക്കു പറയാമായിരുന്ന ഒരു കാലത്ത്!ഉരുളക്കുപ്പേരി വിളമ്പാന്‍ പ്രാപ്തിയുള്ള ഒരു കൂട്ടായിട്ട്!

അയാളോടൊപ്പമുള്ള സമയം നീട്ടിക്കിട്ടണമെന്ന ഭീമഹര്‍ജിയാണ് മനസ്സിലോടിക്കൊണ്ടിരിക്കുന്നത്.

എന്റെ ശിരസ്സ് അരഭിത്തിയില്‍ ചെരിഞ്ഞിരിക്കുന്ന അയാളുടെ മടിത്തട്ടിലേയ്ക്ക് ചെരിഞ്ഞു.മനസ്സില്‍ പെയ്തുകൊണ്ടിരിക്കുന്ന പ്രണയമഴയുടെ ചാറല്‍ അടിച്ച് തണുത്തു വിറച്ചാലെന്നവണ്ണം.

"മരത്തിന്റെ വേരുകള്‍ മുഴുവനും കണ്ടുപിടിച്ചാലും മനുഷ്യന്റെ വേരുകള്‍ മുഴുവനും കണ്ടുപിടിക്കാനാവില്ലെടോ!അതങ്ങിനെ  വ്യക്തികളിലും പുസ്തകങ്ങളിലും വാമൊഴിയിലും ജീനുകളിലുമൊക്കെയായി
 പരന്ന് കിടക്കും."അയാളുടെ കൈവിരല്‍ വേരുകള്‍ എന്റെ മുടിയിഴകളിലേയ്ക്ക് വാത്സല്യം ചുരത്താനാരംഭിച്ചിരുന്നു.

"ഉം"അയാളുടെ ഈ ശബ്ദം വളരെ വലിയ ഒരു അംഗീകാരമാണ്.താരാട്ടു കേട്ട് ഉറങ്ങിയിരുന്ന കാലം മുതല്‍ മനസ്സിലുണ്ടായിരുന്ന ശബ്ദശകലം.മധുരമെല്ലാം കാച്ചിക്കുറുക്കിയെടുത്ത എന്തോ പലഹാരം.

വേരുകള്‍ അനന്തതയ്ക്കപ്പുറവും ആലിംഗനത്തിലായിരിക്കട്ടെ!

Saturday, 11 April 2020

തടയണയും ചങ്ങാടവും

പണ്ട് പണ്ട് ഒരിടത്ത് മലയടിവാരത്തുള്ള ഒരു ഗ്രാമത്തിലെ പുഴയില്‍ ഒരു തടയണ(ചെക്ക് ഡാം) ഉണ്ടായിരുന്നു.സിമന്റൊക്കെ കണ്ടുപിടിക്കപ്പെടാതിരുന്ന കാലമായതിനാല്‍ മരത്തടികളും ചുള്ളിക്കമ്പുകളും കാട്ടു വള്ളികളും കൊണ്ടാണ് തടയണ നിര്‍മ്മിക്കപ്പെട്ടിരുന്നത്.തടയണ തകര്‍ന്നാല്‍ ഗ്രാമം നാമാവശേഷമാകും എന്ന തരത്തിലായിരുന്നു അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം.

അങ്ങനെയിരിക്കെ ഒരിക്കല്‍ അവിടുത്തെ കാലാവസ്ഥാനിരീക്ഷകന്‍ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി വന്നു.ആ വര്‍ഷത്തെ മഴയെയും മലവെള്ളത്തേയും താങ്ങാന്‍ നിലവിലുള്ള തടയണയ്ക്ക് സാധിച്ചേക്കില്ല എന്ന ഭീതിജനകമായ നിരീക്ഷണമാണ് അദ്ദേഹം പങ്കുവെച്ചത്.ആളുകള്‍ അവരവരുടേതായ രീതിയില്‍ പരിഭ്രാന്തരാകാനും രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാനും തുടങ്ങി.

ഒരാള്‍ പറഞ്ഞു'നിലവിലുള്ള തടയണയെ ശക്ടിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങണം.ഇല്ലെങ്കില്‍ നമ്മുടെ ഗ്രാമത്തിന് മാത്രമല്ല;പുഴ ഒഴുകിയിരുന്ന വഴിയിലെ മറ്റുള്ളവര്‍ക്കും ആപത്താണ്"നിഷ്പക്ഷമതികള്‍ക്ക് അത് സ്വീകാര്യമായിത്തോന്നി.

പക്ഷേ പതിവുപോലെ എതിര്‍പ്പിന്റെ ശബ്ദവും വന്നു.'മഴക്കാലത്തിന് ഇനി അധികം സമയമില്ല.നമുക്ക് കിട്ടാവുന്ന മരക്കഷണങ്ങള്‍ കൊണ്ട് ചങ്ങാടം ഉണ്ടാക്കുന്നതാണ് നല്ലത്.രക്ഷപെട്ട് നല്ലൊരു കരയില്‍ കുറേക്കൂടി ജീവിതസൗകര്യങ്ങളോടെ ജീവിക്കാന്‍ നമുക്കാവും'ഈ ആശയം ആളുകള്‍ക്ക്
 കൂടുതല്‍ ആകര്‍ഷണീയമായി തോന്നി.അവര്‍ തടയണയില്‍ നിന്നടക്കം തടിയും വള്ളിയും വലിച്ചൂരി ചങ്ങാടങ്ങള്‍ ഉണ്ടാക്കാനാരംഭിച്ചു.ചങ്ങാടങ്ങള്‍ ഉണ്ടാക്കാനറിയാത്തവര്‍ മറ്റുള്ളവര്‍ക്ക് പണം നല്‍കി ഉണ്ടാക്കിച്ചു.ശേഷം എന്തു സംഭവിച്ചു  എന്നത് എനിക്കറിയില്ല.

വിമര്‍ശനബുദ്ധ്യാ നോക്കിയാല്‍ രണ്ട് ആശയങ്ങള്‍ മുന്നോട്ടു വെച്ചവരും ദീര്‍ഘവീക്ഷണം ഉള്ളവരാണ്.വിഷനറി എന്നൊക്കെ പല ഇനീഷ്യേറ്റീവുകളെടുത്തവരേയും നമ്മള്‍ വിളിക്കാറില്ലേ!

അതുപോലെ..എനിക്ക് തോന്നിയത് രണ്ടു പേരും വിഷനറികള്‍ തന്നെയാണെന്നാണ്.

പക്ഷേ അവരുടെ ശൈലിയും പ്രവര്‍ത്തികളുടെ ഫലവും വളരെ വ്യത്യസ്തമായിരിക്കും.

ജീവിതത്തില്‍ ഇത്തരത്തില്‍ രണ്ടു തരം ദീര്‍ഘവീക്ഷണവും തമ്മില്‍ സംതുലനം വേണം.അവിടെ നമ്മുടെ കാര്യവും നമ്മളായിരിക്കുന്നിടത്തിന്റെ കാര്യവും ഒരുപോലെ പ്രാധാന്യം കൊടുക്കേണ്ടതല്ലേ?!

പതിയെ പ്രവര്‍ത്തിക്കുന്ന;അരുതുകളുടെ ആശയങ്ങളോട് നമുക്കെന്നും അത്ര പ്രതിപത്തി പോര!

പണ്ടു പറഞ്ഞ ഒരുദാഹരണം ഒന്നുകൂടി പറഞ്ഞ് വെറുപ്പിച്ചേക്കാം.ഉണങ്ങിയ തേങ്ങയുള്ള തെങ്ങിന്‍ ചുവട്ടില്‍ കാറ്റുള്ള സമയത്ത് നില്‍ക്കുന്ന ഒരാളോട് 'ദേഹത്ത് തേങ്ങ വീഴാന്‍ സാധ്യത ഉണ്ട്.മാറി നില്‍ക്കൂ'എന്നു പറഞ്ഞാല്‍ അയാള്‍ക്ക് വലിയ കടപ്പാടും സ്നേഹവുമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല.

പറഞ്ഞ ആള്‍ ഒരു മൂരാച്ചിയാണെന്നോ കരിനാക്കനാണെന്നോ ചിന്തിച്ചെന്നും വരാം.

പക്ഷേ ആ തേങ്ങ കണ്ടുനിന്ന ആള്‍ ഒന്നും പറയാതെ  തലയില്‍ വീണാല്‍ സംഗതി ആകെ മാറും.ആദ്യം പരിചരിച്ച ആള്‍,ആംബുലന്‍സ് വിളിച്ചയാള്‍,ആംബുലന്‍സ് ഓടിച്ചയാള്‍,ഡോക്ടര്‍,നഴ്സ് അങ്ങിനെ നമുക്ക് ഒരിക്കലും തീരാത്ത കടപ്പാടുള്ള എത്ര പേര്‍ അങ്ങിനെ സ്രഷ്ടിക്കപ്പെടുമല്ലേ?

ഇവിടേയും സംതുലനം ആവശ്യമാണ്.

മുന്നറിയിപ്പുകള്‍ തരുന്നവര്‍ എക്സ്ട്രിമിറ്റികളിലേയ്ക്ക് പോയാല്‍ അമിത ആശങ്കയും ഭയപ്പെടുത്തല്‍ സ്വഭാവവും കാണാനാവും.

അതുപോലെ അപകടം സംഭവിച്ചിട്ട് രക്ഷിക്കുന്നവര്‍ എക്സ്ട്രിമിറ്റികളില്‍ പോയാലും അവിടെ മറ്റുള്ളവര്‍ക്ക് ദോഷം വന്നിട്ട് എന്റെ വരുമാനം വര്‍ദ്ധിക്കണമെന്ന അപകടകരമായ ചിന്ത വരാം!

രണ്ടു കൂട്ടര്‍ക്കും അവരുടേതായ ബുദ്ധിമുട്ടുകളുമുണ്ട്.ഒരു കൂട്ടര്‍ പിന്തിരിപ്പന്‍ എന്ന ലേബലില്‍ പട്ടിണി കിടക്കുമ്പോള്‍ മറ്റേ കൂട്ടത്തിന് സമയം നോക്കാതെ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ജോലി ചെയ്യേണ്ടിവരുന്നു.

പറഞ്ഞുവന്നത് വിപരീത ചിന്താധാരകള്‍ തമ്മിലുളള സംതുലനം നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് മാത്രമാണ്.

Thursday, 9 April 2020

യേശു ഇന്നാണെങ്കിലോ?!

അങ്ങിനെയൊരു ചോദ്യത്തിനും പ്രസക്തിയില്ലേ?

യേശു ഇന്ന് നമ്മളുടെ നാട്ടില്‍ അതേ കെട്ടിലും മട്ടിലും ജനിച്ച് വളര്‍ന്നാലോ?

യേശുവിന്റെ അമ്മ പുരുഷനെ അറിയും മുന്‍പേ ദൈവനിവേശിതമായി ഗര്‍ഭിണി ആയ ആളാണ്.പണം കൊണ്ടും സ്വാധീനം കൊണ്ടും സംരക്ഷിക്കാനാരുമില്ലാത്ത ഒരു പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടി ഇന്ന് ഇത്തരമൊരു വെളിപ്പെടുത്തലുമായി നമ്മുടെ കണ്‍മുന്നില്‍ വന്നാല്‍...എന്താകും അവളുടെ അവസ്ഥ??!!ദയവായി നിത്യജീവിതത്തിലെ നമുക്ക് വിശ്വസനീയമല്ലാത്ത  (അവിഹിത) കഥകളുമായി കൂട്ടിവായിക്കുക.

അവളുടെ പുരുഷന്‍ മാന്യതയുടെ നിറകുടമായിരുന്നതുകൊണ്ട് ആ പ്രശ്നം അവസാനിച്ചു.പക്ഷേ അയാള്‍ ഒരു മരപ്പണിക്കാരനായിരുന്നു.സമൂഹത്തിന്റെ തരംതിരിവുകളില്‍ താഴെത്തട്ടില്‍ മാത്രം എന്നും ഉണ്ടായിരുന്ന ഒരാള്‍.സാമ്പത്തികമായും അങ്ങിനെ തന്നെ.അദ്ദേഹത്തിന് ക്രെഡിറ്റ് കാഡോ ക്ളമ്പുകളില്‍ മെമ്പര്‍ഷിപ്പോ ബന്ധുവീടുകളിലെ ആഘോഷങ്ങളില്‍ മാനുഷികപരിഗണനയോ ഒന്നും ലഭിക്കുമായിരുന്നില്ല.

യേശു ജനിച്ചത് കന്നുകാലികളെ കെട്ടിയിരുന്ന സ്ഥലത്തിനടുത്ത് ഒരു ഭൂഗര്‍ഭ ഗുഹയിലാണ്.സ്നേഹവും പരിചരണവും വാരിവിതറാന്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല!

പന്ത്രണ്ടാം വയസ്സില്‍ അദ്ദേഹത്തെ ദേവാലയത്തില്‍ കാണാതെ പോയി.വലിയ ബിരുദങ്ങളുള്ളവരുമായി തര്‍ക്കിച്ചുകൊണ്ടിരിക്കേയാണ് കണ്ടുപിടിച്ചത്.മാതാപിതാക്കള്‍ കുട്ടിയെ
നല്ലൊരു ധ്യാനം/പൂജ/മന്ത്രം ല്‍ പങ്കെടുപ്പിക്കാനോ ഡോക്ടറെ കാണിക്കാനോ ഉള്ള എല്ലാ വകുപ്പും ഉണ്ടായിരുന്നു.അവരതു ചെയ്തു കാണില്ല.കഷ്ടം തോന്നുന്നില്ലേ?ഒരു കുട്ടിയുടെ ഭാവിയല്ലേ ചികിത്സയില്ലാതെ നശിപ്പിച്ചത്!

പിന്നീടുള്ള കുറേ സംവത്സരങ്ങള്‍ കരിയറില്‍ വലിയ ഗ്യാപ്പ് ആയിരുന്നു.ആ സമയത്ത് എന്തു ചെയ്യുകയായിരുന്നു എന്നതിന് രേഖകളില്ല.യൂണിവേഴ്സിറ്റിയില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയില്ല;കോര്‍പ്പറേറ്റ് ജോലി ചെയ്ത് സാലറി സ്ളിപ്പോ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റോ കരസ്ഥമാക്കിയില്ല.ഇനി ആസ്ത്രേലിയ,കാനഡ,ന്യൂസീലാന്റ് എന്തിന് ഫിലിപ്പൈന്‍സിലോ മാള്‍ട്ടയിലോ എങ്കിലും പോകാമ്പറ്റുമോ?ഏതെങ്കിലും കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലി കിട്ടുമോ?ഏജ് ഓവറായാല്‍ പി.എസ്.സി.പഠിച്ച് പരീക്ഷ എഴുതാന്‍ പറ്റുവോ?
മാതാപിതാക്കളേയും നാട്ടുകാരേയും സഹായിച്ചും വിധേയപ്പെട്ടും സമയം ചിലവഴിച്ചുവത്രെ!എന്തൊരു മണ്ടത്തരമാണ്!

പൊതുജീവിതത്തിന് ഇറങ്ങി ആദ്യം പോയത് സ്നാപകയോഹന്നാന്‍ എന്നൊരു അരപ്പിരിയന്റെ അടുത്തേയ്ക്ക്..നല്ല പ്രതാപികളായ തലതൊട്ടപ്പന്‍മാരില്ലാതെ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയാല്‍ ഗുണം പിടിക്കുവോ??!!

ശിഷ്യന്‍മാരായി കൂടെ കൂട്ടിയത് രാഷ്ട്രീയസ്വാധീനവും ഗ്ളാമറുമില്ലാത്ത വെറും മുക്കുവന്‍മാരെ!!സായിപ്പും മദാമ്മയും ഡോക്ടറും IAS കാരനും ജഡ്ജിയും ശിഷ്യനല്ലാത്ത ഏതെങ്കിലും ആള്‍ദൈവം വിജയിച്ചിട്ടുണ്ടോ??!!അവിടേയും മണ്ടത്തരമല്ലേ പുള്ളി കാണിച്ചത്..അത്ഭുതമൊക്കെ കാണിച്ച് കൊള്ളാവുന്ന പത്തു പേരെ കൂടെ കൂട്ടിയിരുന്നെങ്കില്‍ ആ പത്തുപേര്‍ അതുപോലെ നൂറു പേരെ കൊണ്ടുവരുമായിരുന്നല്ലോ!!

രാജാക്കന്‍മാരുടെ വിരുന്ന് സ്വീകരിക്കാന്‍ പോയില്ല!!പിന്നെയെന്താണ് ഈ പൊതുജീവിതത്തിന്റെ രസം??!!

പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാനൊരുമ്പെട്ടവരെ തടഞ്ഞു..അവിഹിതവും വേശ്യാവൃത്തിയും  നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനെ തടയുക എന്നൊക്കെ പറഞ്ഞാല്‍ എന്താണല്ലേ??!!മാക്സിമം ജനവികാരത്തെ ചൂഷണം ചെയ്യുന്ന നിലപാടല്ലായിരുന്നോ എടുക്കേണ്ടിയിരുന്നത്??!!മണ്ടത്തരം..

രോഗികളെ സുഖപ്പെടുത്തി..ഒരു കൃപാസനപരസ്യമോ സാക്ഷ്യമോ കൂടാതെ അങ്ങിനെ രോഗികളെ സുഖപ്പെടുത്താന്‍ പാടുണ്ടോ??!പിന്നേയും മണ്ടത്തരം!!

ദേവാലയത്തിലെ കച്ചവടക്കാരെ പുറത്താക്കി..എന്തൊരക്രമമാണല്ലേ??!!ദേവാലയം,നേര്‍ച്ച,കച്ചവടം ഇതെല്ലാം ഒരമ്മപെറ്റ മക്കളല്ലേ??അവരെ പിരിക്കാന്‍ പാടുണ്ടോ??!!മെഴുകുതിരി,അടിമവെപ്പ്,ജമന്തിപ്പൂ,ആള്‍രൂപം..കച്ചവടമില്ലാടെ എന്തു ദേവാലയം??!!

സ്ത്രീകള്‍ക്ക് പൊതുസഭയില്‍ ആയിരിക്കാനും സംസാരിക്കാനും അവസരം കൊടുത്തു!!തലകള്‍ 'വിരിഞ്ഞി'രിക്കുന്നിടത്ത് വാല് ആട്ടാന്‍ പെര്‍മിഷനേയ്!!!

സാബത്തിന് ഭക്ഷണം കഴിച്ചവരെ ന്യയീകരിച്ചു!!ഫരിസേയരുടേയും സദുക്കായരുടേയും പുളിമാവിനെ വിമര്‍ശിച്ചു!!അണലിസന്തതികളെന്ന് വിളിച്ചു!!തെമ്മാടിക്കുഴിക്കും പുറത്ത് ഇടമുണ്ടെങ്കില്‍ അവിടെ കുഴിച്ചിടുവിക്കാനുള്ള എല്ലാ പണിയും ഒപ്പിച്ചു..

സ്നേഹത്തിന്റെയും മര്യാദയുടേയും കല്‍പ്പന നല്‍കി.മറ്റുള്ളവര്‍ നിന്നോട് എങ്ങിനെ പെരുമാറണമെന്ന് നീ ആഗ്രഹിക്കുന്നുവോ അപ്രകാരം നീ അവരോടും പെരുമാറാന്‍!!!എന്താല്ലേ??!!മുതലാളിയും പ്രമാണിയും  സുന്ദരനും കരുത്തനു നാക്കിന് ഫ്ളെക്സിബിലിറ്റി ഉള്ളവനുമായ
എന്നോട് അവര്‍ നന്നായി പെരുമാറട്ടെ..തിരിച്ച് നന്നായി പെരുമാറിയില്ലെങ്കില്‍ അവരെന്നെ എന്തു ചെയ്യും??അടുത്തകൊല്ലം വെള്ളപ്പൊക്കം വരുമെന്ന് കരുതി ഇപ്പളേ മുണ്ട് പൊക്കിപ്പിടിക്കണോ??ആനമണ്ടത്തരം!!

പ്രമാണിമാരുമായി കോമ്പ്രമൈസ് ഡീലുകള്‍ക്ക് പിന്നീടും സമയമുണ്ടായിരുന്നു..ചെയ്തില്ല..

തനിക്ക് ആര്‍പ്പുവിളിച്ച ജനക്കൂട്ടം 'അവനെ ക്രൂശിക്കുക' എന്നു വിളിച്ചു പറയുന്നത് മൂകനായി കേട്ടുനിന്നു..ഇളയദളപതി പടങ്ങളിലേതു പോലെ ജനവികാരത്തെ തിരിച്ചു വിട്ടില്ല!

മനുഷ്യന് സാധ്യമായ എല്ലാ പീഡകളും സഹിച്ച് മരിച്ചു.

എന്റെ പ്രിയ ക്രിസ്ത്യാനി സ്വന്തക്കാരേ,സുഹൃത്തുക്കളേ..

യേശു നമ്മുടെ ഇടയില്‍ ഇന്ന് ഉള്ള ഒരാളാണെങ്കില്‍ നിങ്ങളവനെ എന്തു ചെയ്യുമായിരുന്നു??!!എങ്ങിനെ സ്വീകരിക്കുമായിരുന്നു?!!എങ്ങിനെ പീഡിപ്പിച്ച് കൊല്ലുമായിരുന്നു??!!

ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ (ഫിഷിയായ ക്ളോസൊന്നുമല്ല;തൃപ്തിയായാല്‍ തൃപ്തിയെന്ന് സത്യസന്ധമായി സമ്മതിക്കും..അതില്‍ ഒരു ദുരഭിമാനപ്രശ്നവുമില്ല)ഉത്തരം തരാനാകുന്നവര്‍ എന്നെ വിശ്വാസകാര്യങ്ങളില്‍ ഉപദേശിച്ചാല്‍ മതിയാവും..വിരട്ടലും വിലപേശലുമൊന്നും വേണമെന്നില്ല..

എന്തിന് ഇതൊക്കെ പൊതുവായി എഴുതുന്നു എന്നു ചോദിച്ചാലും മറുപടിയുണ്ട്.

മര്യാദയുടെ പേരില്‍ ഒരു ചായ വാങ്ങിത്തരേണ്ടി വരുമെന്ന് ഭയന്ന് എന്നെ നിരീശ്വരവാദിയെന്നൊക്കെ വിളിച്ച് മുറിപ്പെടുത്തിയ ഒരുപാട് അല്‍പ്പന്‍മാരുമായി കണ്ടുമുട്ടിയിട്ടുണ്ട്..അന്ന് ഞാന്‍ കുട്ടിക്കാലത്തെ കുരിശുവരയുടേയും പള്ളിപ്പെരുന്നാളിന്റേയും നൊസ്റ്റാള്‍ജിയയില്‍ ജീവിക്കുന്ന/നിരീശ്വരവാദിയെന്നൊക്കെ ഏതു കളളക്കച്ചവടക്കാരന്‍ വിളിച്ചാലും സങ്കടപ്പെടുന്ന ഒരു പൊട്ടനായിരുന്നു..ഇന്ന് ചില പൊട്ടത്തരങ്ങളൊക്കെ തിരുത്താന്‍ ശ്രമിക്കുന്നു.

ക്രിസ്ത്യാനി എന്നാല്‍ ക്രിസ്തുവിനെ അനുകരിക്കുന്നവന്‍ എന്നാണ് വെപ്പ്.ഭക്താഭ്യാസങ്ങള്‍ എന്നാല്‍ ഭക്തി അഭ്യസിക്കലാണ്;ഭക്തിയെ അഭ്യാസമാക്കലല്ല.

ക്രിസ്തുവിനെ അനുകരിക്കുന്നത് പോട്ടെ,അവനെ ക്രൂശിക്കുക എന്നു വഞ്ചകരോട് ചേര്‍ന്നു വിളിച്ചു കൂവാത്തവരെങ്കിലും ആകാമോ??!!അതിനുശേഷം നിങ്ങള്‍ നല്‍കുന്ന വിശ്വാസസാക്ഷ്യം സ്വീകരിക്കാം..വളരെ നന്ദി🙂

reserve

ലോഹനാണയങ്ങളുടെ കാലത്ത് പണം റിയലായും വിലയുള്ളതായിരുന്നു.

നാണയമായി രൂപാന്തരപ്പെടുത്തിയ ലോഹം തല്ലിപ്പരത്തി വിറ്റാല്‍ നാണയത്തോളം മൂല്യം ഉണ്ട് എന്ന് മറ്റു വാക്കുകളില്‍.

കാര്‍ഷികവൃത്തി വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വഴിമാറിയപ്പോള്‍ കൈമാറ്റം ചെയ്യപ്പെടേണ്ട പണത്തിന്റെ അളവും കൈമാറ്റങ്ങളുടെ തോതും ക്രമാതീതമായി വര്‍ദ്ധിച്ചു.അങ്ങിനെയാണ് പേപ്പര്‍ മണി രംഗത്തെത്തുന്നത്.

നൂറുരൂപയുടെ ഒരു നോട്ടില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറുടെ സത്യപ്രസ്താവന കാണാം.ഈ നോട്ടിന്റെ അവകാശിക്ക് കൈമാറ്റത്തില്‍ നൂറു രൂപയുടെ മൂല്യം വാഗ്ദാനം ചെയ്യുന്നു എന്ന്..

ഈ വാഗ്ദാനം കൊണ്ടു മാത്രം പേപ്പര്‍ മണിക്ക് മൂല്യം ഉണ്ടാവുമോ?ഇല്ല എന്നാണ് എന്റെ പരിമിതമായ അറിവ്.

അക്കൗണ്ടില്‍ പണമില്ലാത്ത ഒരാള്‍ കൊടുക്കുന്ന ചെക്ക് വണ്ടിച്ചെക്കാകുന്നതു പോലെ തന്നെ അടിച്ചിറക്കുന്ന പേപ്പര്‍ കറന്‍സിയുടെ മൂല്യത്തിന് ആനുപാതികമായ റിസര്‍വ് ഇല്ലാത്ത സാമ്പത്തികസിസ്റ്റവും നിലനില്‍പ്പില്ലാത്തതാണ്(unstable).

രാജ്യത്ത് വലിയ ദുരന്തങ്ങള്‍ വരുന്നതിനു മുന്‍പേ (മതത്തിന്റേയും പാരമ്പര്യത്തിന്റെയും പേരിലുള്ള ചില ഗിമിക്കുകളും ഓണ്‍ലൈന്‍ അബദ്ധപ്രചരണങ്ങളും കുതിരക്കച്ചവടവും
 മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലരെ അതിമാനുഷരാക്കി ചിത്രീകരിക്കലും വഴി ഭരണം കൈയടക്കല്‍ എന്ന ദുരന്തം മാത്രം സംഭവിച്ചിരുന്നു)ഈ റിസര്‍വില്‍ കുറേയേറെ പണയത്തിലായി എന്ന അവ്യക്തമായ അറിവുണ്ട്.

പ്രാണഭയം ഇടക്കിടെ ഉണ്ടാവാറുള്ളതുകൊണ്ട് ഈ ആശങ്കകള്‍ കുറേക്കാലം മനസ്സില്‍ മാത്രം ഒതുങ്ങി.കള്ളം ചോദ്യം ചെയ്താല്‍ കൊല്ലാന്‍ മടിയില്ലാത്തവനെന്ന് തെളിയിച്ച ആളുകളെ ഭയക്കാതിരിക്കാന്‍ മാര്‍ഗ്ഗമില്ലല്ലോ!

ചവിട്ടിനില്‍ക്കാനെങ്കിലും മണ്ണുള്ളവര്‍ സമൂലം ഭക്ഷിക്കാന്‍ കൊള്ളാവുന്നതെന്തെങ്കിലും കുഴിച്ചു വെക്കാന്‍ ശ്രമിച്ചോളൂ.ദിനംപ്രതി ആവശ്യത്തിന് വെള്ളമൊഴിച്ചോളൂ.പ്രയോജനപ്പെടും.

നിങ്ങളുടെ സൂപ്പര്‍ഹീറോകളും  അക്കൗണ്ടില്‍ ആറായിരം ഇട്ടുതരുന്ന ദൈവങ്ങളും കണ്ണും ചെവിയും പൂട്ടുന്ന ഒരു കാലം വന്നേക്കാം.ഹോപ് ഫോര്‍ ദ ബെസ്റ്റ്.പ്ളാന്‍ ഫോര്‍ ദ വഴ്സ്റ്റ്.


https://www.nationalheraldindia.com/amp/story/national%2Frti-reply-raises-doubts-on-the-fate-of-200-tonnes-of-rbis-gold-under-the-modi-govt

Monday, 6 April 2020

പോസിങ്ങ്

"എല്ലാരും എത്ത്യോ?സമയം നോട്ടമൊന്നുമില്ലേ ആര്‍ക്കും.മീറ്റിങ്ങ് തുടങ്ങ്ാണ്"ടീം ലീഡറാണ്.

ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റിന്റെ കോള്‍ സെന്ററിലെ ടീം ലീഡര്‍.ജനനമരണങ്ങള്‍ കൈവെള്ളയിലുള്ള ഈശ്വരന് സമന്‍.

"ആ എല്ലാരും ....ആ..ആയീലോ!തൊടങ്ങാം സര്"‍സിനി കസേരകളിലാകെ പാറി നോക്കി പറഞ്ഞുറപ്പിച്ചു.

"ഗുഡ് മോണിങ്ങ് ആള്‍"

"ഗുഡ് മോണീങ്ങ് സാാര്"

"‍സ്കൂളീ പോയി കൊതി തീരാത്ത പോലെയുണ്ടല്ലോ ഗുഡ്മോണിങ്ങ്!"ടീം ലീഡര്‍ പരിഹസിച്ചു."എല്ലാരും ഇന്നു ഫോളോ അപ്  ചെയ്ത് കുഴീ ചാടിക്കേണ്ടവരുടെ ലിസ്റ്റ് എടുത്തിട്ടില്ലേ?പ്രിന്റൗട്ട്സ് കയ്യിലുണ്ടോന്ന്?!ഏ.."

"ഒണ്ട് സാര്"

"‍ഗുഡ്..അപ്പോ ഇനി വിളി തുടങ്ങാം.ആറുമാസവരിസംഖ്യയെങ്കിലും വാങ്ങിയെടുക്കണമെന്ന ലക്ഷ്യം എപ്പോഴും മനസ്സിലുണ്ടാവണം.ട്രെയിനിങ്ങ് സെഷനൊക്കെ ഓര്‍മ്മയില്ലേ?"

"ഒണ്ട് സാര്"

"‍ഗുഡ്.എന്നാപ്പിന്നെ മീറ്റിങ്ങ് വൈന്റപ്പ് ചെയ്ത് പണി തൊടങ്ങാം,അല്ലേ?എല്ലാം ക്ളിയറല്ലേ?ഏ..ഏ..അവിടെയെന്താ കുശുകുശുപ്പ്??ജയകൃഷ്ണന്‍ ഒ.സി.?എന്താ ഇഷ്യൂ?"

"പ്രത്യേകിച്ചൊന്നുമില്ല സര്‍.പിന്നെ,ജയന്‍ ന്നു വിളിച്ചാ മതി.അതാ കേള്‍വിക്കൊരു സുഖം."

"ഒന്നുവില്ലേല്‍ പിരിയാം!"ടീംലീഡര്‍ എല്ലാരോടുമായിട്ട് മൊഴിഞ്ഞു.

"പിന്നേം കുശുകുശുപ്പ് തുടങ്ങിയോ ഒ.സി.?എന്താന്നേ പ്രശ്നം?"

"ഇതിലൊരുത്തനെ വിളിക്കാന്‍ തോന്നണില്ല സര്‍.അതാണ്."

"തോന്നണില്ലെന്നോ?ആരെ?കാട്ടിയേ!

ഈ പള്ളീലച്ചന്റെ മൊഖമുള്ളോനെയോ?അവനെ താന്‍ കെട്ടാന്‍ സമ്മതിക്കുലേ?"

"മഹാകുടിയനാണ് സാര്‍.വൃത്തികെട്ടവന്‍!"

"അത് താനെങ്ങിനെയറിഞ്ഞു.പ്രിന്റൗട്ട് കാട്ടിയേ!

ദാ..ഇതില് ഡ്രിങ്കിങ്ങ് സോഷ്യലീന്നാണല്ലോ."

"നൊണയാണ് സാര്‍.പെരും കുടിയനാണ്!"

"അതുകൊണ്ടൊന്നും വിളിക്കാതിരിക്കാന്‍ പറ്റില്ല.താനിയാളെ നേരിട്ടറിയുമോ?"

"ജയേട്ടന്റെ മുറപ്പെണ്ണിനെ പുള്ളി ലൈക്കടിച്ചു സാര്!‍അതിന്റെയാണോ?"അടുത്തിരുന്നവന്‍ അവസരം ഉപയോഗിച്ചു.

"അതൊക്കെ ഒ.സി.യുടെ പേഴ്സണല്‍ കാര്യങ്ങള്‍.ഇവടെ നമ്മടെ ജോബ് നടക്കണം!"ടീംലീഡര്‍ സ്വരം കടുപ്പിച്ചു.

"പൊന്നു സാര്‍,രാജിയെ ലൈക്കടിച്ചകൊണ്ടോ ഷോര്‍ട്ട്ലിസ്റ്റിലാക്കിയതുകൊണ്ടോ ഒന്നുമല്ല.അവനീ പ്രൊഫൈലു ക്രിയേറ്റു ചെയ്തപ്പഴത്തെ കഥ സാറു കേക്കണം.നമ്മടെ പരസ്യത്തിലെ വിരല് പൊക്കി നിക്കണ ധോണിയുടെ പോസില്‍ ഒരു സെല്‍ഫി എടുത്ത് അയക്കാന്‍ പറഞ്ഞതിന് അവന്‍ അടിച്ച് വെളിവില്ലാതെ കണ്ണു പോലും കാണാതെ ഗ്ളാസില്‍ മദ്യം പൊക്കിപ്പിടിച്ച് സെല്‍ഫിയെടുത്ത് അയച്ചിരിക്കുന്നു!!"ജയന്‍ കിതച്ചുപോയി.

ഇതേസമയം ഭൂഗോളത്തിന്റെ മറ്റുരു കഷണത്തില്‍ തന്റെ സെല്‍ഫി റിജക്ടായെന്ന മെയിലും വായിച്ച് അതിന്റെ കാരണങ്ങളേപ്പറ്റി ആലോചിച്ചിരിക്കയാണ് പള്ളീലച്ചന്റെ മുഖവുമായൊരുത്തന്‍! 

Saturday, 4 April 2020

അറ്റാക്ക്

"അയ്യോ!ഇതാരാ കുത്തിയിരിക്കുന്നെ?ചങ്ക് പൊത്തിപ്പിടിക്കുന്നുണ്ടല്ലോ?രാജപ്പനല്ലേ?"രാജപ്പന്‍ കഠിനാധ്വാനിയായ ഒരു ചുമട്ടുതൊഴിലാളിയാണ്.ഒരു ക്വിന്റലുളള ചാക്കും താങ്ങുന്ന കരുത്തന്‍!

"അറ്റാക്കാണോ?ഇടനെഞ്ച് പൊത്തിപ്പിടിച്ചേക്കുന്ന കണ്ടില്ലേ?മൊഖത്തു നോക്കിയാലേ അറിയാം വേദനയുടെ ശക്തി!"ഹാര്‍ട്ട് അറ്റാക്കിന്റെ വേദന നെഞ്ചിന്റെ അടിഭാഗത്തുനിന്നും പടര്‍ന്നു കയറാറാണല്ലോ!

"കൊച്ചാപ്പു ഓന് വെള്ളമെന്തോ കൊടുത്തല്ലോ!കുപ്പീം കൊണ്ടതാ പീട്യേലേയ്ക്ക് തിരിച്ചു പോണു.അതിനെക്കൊണ്ട് ആവും വിധം സഹായിച്ചു."കൊച്ചാപ്പു ചെറിയ ഒരു മാടപീട്യക്കാരനാണ്.ടിയാന് ഏകാഗ്രത കുറച്ചേറെ കൂടുതലാണ്.അദ്ദേഹത്തിന്റെ മനസ്സില്‍ ഓടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട സംസാരം മാത്രമേ ഉള്ളൂ.മാങ്ങയെപ്പറ്റി ചിന്തിച്ചിരിക്കുന്ന സമയത്ത് തീമഴ പെയ്താലും പുള്ളി മാങ്ങയെക്കുറിച്ച് മാത്രം സംസാരിക്കും.

"രാജപ്പന്‍ അരിക്കടേലെ ലോഡിറക്കുന്നത് കുറച്ചു നേരത്തെ കണ്ടതാണല്ലോ!എത്ര പെട്ടെന്നാണല്ലേ?!നാളെ ടൗണില്‍ പോകേണ്ട ഒരു അത്യാവശ്യവും ഉണ്ടായിരുന്നു.അടക്ക് കൂടാനും പറ്റില്ലല്ലോ!"

"ഫോണൊള്ളോര് ആംബുലന്‍സ് വിളിക്കാനേ!ചെയ്യാനൊള്ളത് ചെയ്യണ്ടേ!"

"നമ്പര് എന്താ ചേട്ടാ?"

"അതു പോലും അറിയില്ലേടാ!നൂറ്റിയെട്ട് വിളി.ഇല്ലേല്‍ വണ്‍ റ്റൂ  നയനേടറ്റ് കുത്ത്."

"ആംബുലന്‍സ് വരാനൊക്കെ സമയമെടുക്കും.നിങ്ങളൊരു ജീപ്പ് വിളി.വേഗം വേഗം."

ജീപ്പു വന്നു.രാജപ്പന്‍ നെഞ്ചും പൊത്തിപ്പിടിച്ച് ഇരുപ്പാണ്.ആളെ പിടിച്ചു നേരേ നിര്‍ത്തിയിട്ടും നടക്കാന്‍ സാധിക്കുന്നില്ല.

"ഷോഡേന്റെ പൈശ താ!"കൊച്ചാപ്പു ആരോടെന്നില്ലാതെ പറഞ്ഞു.കേട്ടവര്‍ക്കാകെ ദേഷ്യം.എന്തു പറയാന്‍!കൊച്ചാപ്പു അങ്ങനെയൊരു ഒറ്റ പുത്തിക്കാരനാണല്ലോ!

"പൈസയൊക്കെ തരും കൊച്ചാപ്പൂ.നമ്മളൊക്കെ മനുഷ്യമ്മാരല്ലേ!"

ഇതിനിടെ  മറ്റുള്ളവരുടെ തോളില്‍ തൂങ്ങി നില്‍ക്കുന്ന രാജപ്പന്‍ വല്ലാത്ത വിമ്മിട്ടത്തോടെ ഒരു ഏമ്പക്കം വിട്ടു.

"എനിക്ക് കൊഴപ്പമൊന്നുമില്ലന്നേ.സോഡ ചങ്കി കെട്ടിയതാ.ആളെ വെറുതെ പറഞ്ഞ് കൊല്ലല്ലേ!"രാജപ്പന് ദേഷ്യപ്പെടണോ നന്ദി പറയണോ എന്നറിയാത്ത അവസ്ഥയായി.

"നിങ്ങളിവിടെ ചങ്കും പൊത്തിപ്പിടിച്ചിരുന്നപ്പോ കൊച്ചാപ്പു വെള്ളം കൊണ്ടുവന്നു തന്നതാന്നല്ലേ ഞാന്‍ കരുതിയേ!"

"സോഡ ചങ്കില്‍ കെട്ടിയ എന്റെ കൈയ്യില്‍ നിന്ന് കുപ്പി പൊട്ടാതിരിക്കാന്‍ അവന്‍ തിരിച്ചു വാങ്ങിയതാണെന്നേ!"

സോഡ പ്രശ്നക്കാരനാണ്!