Thursday, 9 May 2019

മനുഷ്യന്റെ വഴി

പലപ്പോഴും മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവുമൊക്കെ പ്രസംഗിക്കുമ്പോള്‍ സ്വയം തോന്നാറുണ്ട് 'നമുക്കിതിന്റെ ആവശ്യമുണ്ടോ?സ്വന്തം പ്രശ്നങ്ങള്‍ (ഡയറക്ടായവ)ഒഴിച്ച് മറ്റുള്ളതെല്ലാം അവഗണിച്ച് ഈ ചെറിയ ജീവിതം അങ്ങു ജീവിച്ചു തീര്‍ത്തുകൂടെ?'

സ്നേഹവും സമഭാവനയുമൊന്നും സഹജമല്ല താനും..കരുണാനിധികളുടെ രാജകുടുംബത്തിലല്ലല്ലോ ജനിച്ചത്..ഇപ്പോള്‍ വരെ ജീവിച്ചു പോന്നതും വളരെ സാധാരണക്കാരനായാണ്.വെറുതെ ഒരു ഭംഗിക്ക് നീതിന്യായം സംസാരിക്കേണ്ട ആവശ്യമില്ല എന്നു സാരം.

ജോലിസംബന്ധമായി കൂടുതല്‍ പേരുമായി ഇടപഴകി തുടങ്ങിയപ്പോള്‍ മനസ്സിലായി ജീവിതത്തെ കഠിനവും ദുരിതപൂര്‍ണ്ണവുമാക്കുന്നത് സംവിധാനങ്ങളും (സിസ്റ്റം)അതിലെ കണ്ണികളും പ്രത്യേകിച്ച് വിവേചനാധികാരമുള്ള ഉദ്യോഗസ്ഥരുമാണെന്ന്.പല അനുഭവങ്ങളിലൂടെ കടന്നു പോയി,പലതിനും സാക്ഷ്യം വഹിച്ചു,പല അനുഭവങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വില്ലനാവുകയും ചെയ്തു.ഇതിനെല്ലാം ശേഷമാണ് 'മനുഷ്യനാണ് ആദ്യം ജനിച്ചത്,പിന്നീടാണ് മറ്റുള്ളവയെല്ലാം; പണവും സിസ്റ്റങ്ങളും ജാതിമതവര്‍ഗ്ഗവര്‍ണ്ണ ഭേദഭാവങ്ങളുമൊക്കെ' ഉണ്ടായതെന്ന് മനസ്സില്‍ മുഴങ്ങാന്‍ തുടങ്ങിയത്.മനുഷ്യനുണ്ടാക്കിയ സംവിധാനങ്ങള്‍ മനുഷ്യകേന്ദ്രീകൃതം ആവേണ്ടതല്ലേ??(പ്രകൃതിയെ ചൂഷണം ചെയ്യുന്ന അര്‍ത്ഥത്തില്‍ അല്ല ഈ ചോദ്യം)

'നിനക്ക് പിന്നെ വീട്ടില്‍ ഒരാളല്ലേ ഉള്ളൂ,കല്ല്യാണം കഴിക്കാത്തതുകൊണ്ടും മാതാപിതാക്കള്‍ക്ക് ആരോഗ്യമുള്ളതുകൊണ്ടും പേടിക്കണ്ടല്ലോ' ആദ്യ ഗള്‍ഫ് ജോലിയിലെ സഹജീവനക്കാരുടെ മിക്കവരുടേയും
മനോഭാവം ഇതായിരുന്നു.അറബിയുടെ ഒപ്പ് ഇല്ലാതെ വിസ എടുക്കാവുന്ന ഒരു കമ്പനിയിലെ വിസ സംബന്ധമായ ജോലികള്‍ കുറേക്കാലം എന്റെ ചുമലിലായിരുന്നു.വിസ മെസേജിങ്ങും ആളുകളെ കൊണ്ടുവരുന്നതും കൊണ്ടുവിടുന്നതും അടിക്കടി മാനേജുമെന്റുമായി അഭിപ്രായവ്യത്യാസമുണ്ടായി പുറത്താക്കപ്പെടുന്നവരെ കയറ്റിവിടുന്നതും ഒക്കെ ഉത്തരവാദിത്വത്തില്‍ വരും.രണ്ടു വര്‍ഷത്തെ ജോലിക്കിടയില്‍ മുപ്പതോളം വിസ കാന്‍സല്‍ ചെയ്യുവാനുള്ള ഉത്തരവാദിത്വം ലഭിച്ച ആരാച്ചാരാണ് ഈയുള്ളവന്‍.വേറെ മാര്‍ഗ്ഗങ്ങള്‍ കണ്ടുവെച്ച് ജോലിയില്‍ നിന്ന് ഇറങ്ങുന്നവര്‍ പോലും വല്ലാത്ത ദാരിദ്ര്യം നടിക്കുന്ന വേളകളില്‍ ഞാനാണ് കൂടെ എന്നു പറയേണ്ടതില്ലല്ലോ!നാട്ടില്‍ ബംഗ്ളാവും കാറുമുള്ളവനും നിഗൂഡമായൊരു വാശിയോടെ കമ്പനിയുടെ കയ്യില്‍ കിട്ടിയ പ്രതിനിധിയായ ഈയുള്ളവനെ നാട്ടിലേയ്ക്ക് ഒരു ഫോണ്‍കോളെങ്കിലുമായിട്ട് മുതലെടുക്കാന്‍ ശ്രമിക്കാറുണ്ട്.എച്ചിക്കണക്ക്  പറഞ്ഞതിന്റെ ബാക്കി ഭാഗം കൂടി പറയാം.അന്നു ടാക്സിക്കാശും(മുതലാളിയുടെ തിരുവായ്ക്ക് എതിര്‍വാ പൊളിച്ചവനെ ഉപദ്രവിക്കാന്‍ സാലറി പിടിച്ചു വെക്കും,വിസ കാന്‍സലേഷനും തിരിച്ചും വണ്ടി അയക്കാന്‍ സമ്മതിക്കില്ല)ചെലവുമൊക്കെ കൊടുത്ത പലരും പിന്നീട് 'നിന്റെ പിടിപ്പുകേടുകൊണ്ട് ഇതുവരെ രക്ഷപെട്ടില്ല അല്ലേ!?'എന്നു പുച്ഛിച്ചിട്ടുണ്ട്.എന്താണ് മറുപടി പറയെണ്ടതെന്നറിയില്ല.'ശരിയാണ്.പിടിപ്പുകേടുകൊണ്ട് രക്ഷപെട്ടില്ല'എന്നു സമ്മതിച്ചാല്‍ വൃത്തികെട്ട ഉപദശം തുടരും.'അന്നു താങ്കളും എന്റെ പിടിപ്പുകേടിന്റെ നല്ല ഫലം അനുഭവിച്ചിട്ടില്ലേ!?'എന്നു ചോദിച്ചാല്‍ രോക്ഷം കൊണ്ട്,അന്നു ചിലവായ കാശിന്റെ കണക്കു ചോദിച്ചു തിരിച്ചു തരാന്‍ ഒരുമ്പെട്ടേക്കാം..അതല്ലല്ലോ അന്നും ഇന്നും ഉദ്ദേശിക്കുന്നത്.

പലപ്പോഴും നന്ദി പറയാനാവാതെ പോയ പല സഹായങ്ങളും(കൂടുതലും ഇമോഷണല്‍ ആയ സഹായമാണ്)സ്വീകരിച്ചിട്ടുണ്ട്.ഇതുപോലെ ആരെയെങ്കിലും ആവശ്യക്കാരെ കണ്ടാല്‍ മുഖം തിരിക്കരുതെന്ന് അവര്‍ ഉപദേശിച്ചിട്ടുമുണ്ട്.അതുകൊണ്ടാണ് സാധാരണ ഉദ്യോഗസ്ഥനെപ്പോലെ ജോലി നഷ്ടപ്പെട്ടു നില്‍ക്കുന്നവരെ പിഴിഞ്ഞ് കാശുണ്ടാക്കാതിരിക്കാന്‍ തോന്നിയത്.എന്തായാലും വിഷമഘട്ടങ്ങളില്‍ ആവശ്യമില്ലാത്ത ക്ഷമ കാട്ടിയ ഒരാളെ 'പിടിപ്പു കെട്ടവന്‍'എന്നൊക്കെ അപമാനിക്കുന്നത് എത്രമാത്രം ശരിയായ കാര്യമാണ്.

നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തൊഴിലുടമകളും രഹസ്യമായി സമ്പാദിച്ചു കൂട്ടുന്നത് എന്തിനാണെന്നറിയാമോ?സാധാരണക്കാര്‍ നമ്മളുടെ നന്ദികേടിനേയും പുച്ഛത്തെയും മുന്‍കൂട്ടി കണ്ട് ആഡംബരത്തില്‍ അതിനെ കഴുകിക്കളയാന്‍ വേണ്ടിയാണ്.

ഞാന്‍ P.R.O.ആയിരുന്നപ്പോള്‍ കൂടെ സേവനം അഭ്യര്‍ത്ഥിച്ചു വരുന്നവനെ ഞെക്കിപ്പിഴിഞ്ഞരുന്നെങ്കില്‍ പിന്നീടെന്നെങ്കിലും അവന്‍ 'പിടിപ്പു കെട്ടവന്‍' എന്നു പരിഹസിക്കുമ്പോള്‍( പിഴിയുന്നവരെ ആരും അങ്ങിനെ വിളിക്കില്ല എന്നത് വേറൊരു വശം)മനസ്സുകൊണ്ട് കളിയാക്കി ചിരിക്കാമായിരുന്നു.നമ്മള്‍ ഇന്നു കാണുന്ന ബൂര്‍ഷ്വകള്‍ ഇത്തരം നീക്കങ്ങളെ മുന്‍കൂട്ടി കണ്ടവരോ പാരമ്പര്യത്തിലൂടെ പഠിച്ചവരോ ആണ്.

നമ്മളൊക്കെ ജീവിതത്തില്‍ വികലാംഗര്‍ക്കും മറ്റ് ശാരീരിക അവശതകളുള്ളവര്‍ക്കും പരിഗണന കൊടുക്കാറില്ലേ?അതുപോലെ ഒരു പരിഗണന(കുറഞ്ഞപക്ഷം തൊഴിലെടുത്തു ജീവിക്കാനുള്ള അവസരമെങ്കിലും)പിടിപ്പു കെട്ടവര്‍ക്ക് കൊടുത്തുകൂടെ!?അങ്ങിനെയല്ല,പഴയ മൃഗവാസനകള്‍ ആണ് ഇവിടെ നടപ്പിലുള്ളതെങ്കില്‍ (സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് പോലെ)ദയവായി മനുഷത്വത്തെക്കുറിച്ച് ഇനി ഒന്നും പറയാതിരിക്കുക.🤐

No comments:

Post a Comment