Wednesday, 8 May 2019

പോരുകോഴികള്‍

പോരുകോഴികളെ ചെറുപ്പത്തിലേ പരിശീലിപ്പിച്ചു തുടങ്ങുമത്രെ!പീഡിപ്പിച്ചു തുടങ്ങുമെന്നതാവും കൂടുതല്‍ ശരി.കൂട്ടത്തില്‍ നിന്ന് മാറ്റി ഒറ്റപ്പെടുത്തി,ചാരായം കൊടുത്ത്,കാലില്‍ കത്തി വെച്ചുകെട്ടി കാണുന്നതിനെയെല്ലാം ചികഞ്ഞും കൊത്തിയും പിളര്‍ക്കാനുള്ള മനസ്സ് പരുവപ്പെടുത്തിയെടുക്കും.സഹോദരന്‍ സാധാരണ പൂവന്‍കോഴി നാലു പിടകളുടെ മുന്‍പില്‍ മസില്‍ പിടിച്ച് കൊക്കി കുരവയിട്ട് സന്തോഷവാനും ഭീരുവായ ഒരു സമാധാനപ്രിയനുമായി ജീവിക്കും.

മനുഷ്യനടക്കം മിക്ക ജീവജാലങ്ങള്‍ക്കും ഇതേ കാര്യങ്ങള്‍ സംഭവ്യമാണ്.

ഇരുളടഞ്ഞ് തുടങ്ങി,ഇരുളില്‍ തുടരുന്നവര്‍ അതി പ്രാദേശികവാദികളും വര്‍ഗ്ഗ വംശീയവാദികളും ആയിത്തീരുക സ്വഭാവികം.യാത്ര ചെയ്യുന്നവരും പല സംസ്കാരങ്ങളെ കുറച്ചേറെ ആഴത്തില്‍ പരിചയപ്പെടാന്‍ അവസരം കിട്ടിയവരും സങ്കുചിതമായ അക്രമണോത്മുഖ പക്ഷപാതങ്ങളില്‍ നിന്ന് രക്ഷപെട്ട് സഹജീവി(മനുഷ്യനെന്നും സങ്കുചിതമായി പറയാം)സ്നേഹം എന്ന സനാതനമായ ഗുണത്തെ പ്രാപിക്കുന്നത് സ്വഭാവികമാണ്.

നമ്മുടെ നാട്ടില്‍ ആരോ അടിച്ചേല്‍പ്പിച്ച 'നീണ്ട' പ്രാഥമികവിദ്യാഭ്യാസവും അതിനുശേഷം മനസ്സു മരവിപ്പിക്കാന്‍ ജോലി തേടി അലയലും ലോകത്തോടു മുഴുവനുള്ള വെറുപ്പും സ്വന്തം കാര്യങ്ങള്‍ നോക്കാനുള്ള വ്യഗ്രതയുമായി ജോലിക്കു പ്രവേശിക്കുന്നതും പോരുകോഴികളെ ധാരാളമായി പരിശീലിപ്പിക്കുംപോലെ അല്ലേ!?

നീതിന്യായം നടപ്പിലാക്കാന്‍ ചിലവഴിക്കുന്നതിന്റെ പകുതി വിഭവങ്ങള്‍ കൊണ്ട് യോഗ്യരായവരെ ഒരുപാടു മനസ്സു മുരടിപ്പിക്കാതെ ജോലിക്കെടുക്കാനും അപ്രകാരം ജോലിയില്‍ പ്രവേശിച്ചവരുടെ
മനസ്സിലെ സംതൃപ്തി മറ്റുള്ളവര്‍ക്ക്  പകര്‍ന്നുകൊടുക്കാനും ആത്യന്തികമായി സമൂഹത്തില്‍ സമാധാനവും സമൃദ്ധിയും ഉണ്ടാകുവാനും സാധിക്കും എന്ന കാര്യം വ്യക്തമാണ്.

ചുരുങ്ങിയ കാലത്തേയ്ക്ക് കൗമാരക്കാര്‍ക്ക് നിര്‍ബന്ധിതജോലി നിര്‍ദ്ദേശിക്കുന്ന പല രാജ്യങ്ങളും അറിയാം.അവരുടെ ജനതയില്‍ ഈ നിര്‍ബന്ധിത സേവനം പടര്‍ത്തുന്ന അച്ചടക്കവും ഒരുമയും ഹൃദയവിശാലതയും കണ്ടിട്ടുമുണ്ട്.

നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോളും ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ സ്വദേശികളെ ഉപയോഗിച്ച് മര്‍ദ്ദിക്കാനായി ഒരുക്കിവെച്ച കെണികളുടെ രീതിയില്‍ തന്നെ പോകുന്നത് എത്ര നിരാശാജനകമാണ്.

ദേശീയത എന്നത് തമ്മിലടിച്ച് തല പിളര്‍ക്കാനുള്ളതല്ലെന്ന് നമ്മള്‍ തിരിച്ചറിയണമെങ്കില്‍ നമ്മള്‍
അല്‍പ്പം കഷ്ടപ്പെട്ട്,പല സംസ്കാരങ്ങളെയും പരിചയപ്പെടേണ്ടിയിരിക്കുന്നു.കൊട്ടിഘോഷിക്കപ്പെടുന്ന വ്യാജങ്ങളുടെ നീര്‍ക്കുമിളകള്‍ സ്വന്തമായി തട്ടി ഉടയ്ക്കേണ്ടിയിരിക്കുന്നു.പോരുകോഴികളെ വളര്‍ത്തുന്ന ശീലം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു..

No comments:

Post a Comment