Thursday, 2 May 2019

ഞാറ്റുവേല

നാടുവാഴുന്ന സരസനും പ്രത്യുത്പന്നമതിയുമായ തമ്പുരാനോട് സചിവോത്തമന്‍ 'ഉടമ്പടി ലംഘിച്ച് വെള്ള കച്ചവടക്കാര്‍ നമ്മുടെ കുരുമുളകിന്റെ നടീല്‍ വസ്തുവായ തണ്ട് കടത്തിക്കൊണ്ടു പോവാന്‍ കോപ്പുകൂട്ടുന്നതായി വാര്‍ത്ത ലഭിച്ചു' എന്നുണര്‍ത്തിച്ചു.അപ്പോള്‍ തമ്പുരാന്‍ കുലുങ്ങിച്ചിരിച്ചുകൊണ്ട് 'പക്ഷേ നമ്മുടെ ഞാറ്റുവേല കൊണ്ടുപോവാന്‍ അവര്‍ക്കാവില്ലല്ലോ മന്ത്രീ'യെന്ന് മൊഴിഞ്ഞു എന്നാണ് ഐതിഹ്യം.

തമ്പുരാനും മന്ത്രിയുമൊക്കെ പോയ്മറഞ്ഞു.

ആഗോളവത്കരണമെന്ന മയക്കുമരുന്ന്, വീട്ടിലെ കഞ്ഞിക്കലവും കറിച്ചട്ടിയുമെടുത്ത് വിറ്റ് ചൂതുകളിക്കുന്ന നിലവാരത്തിലെത്തി നില്‍ക്കുന്ന ലോകത്തിന്റെ, വിരല്‍ത്തുമ്പിലൊതുങ്ങുന്ന ത്രിമാനചിത്രങ്ങളില്‍ എവിടെയാണ് ഞാറ്റുവേല എന്ന് 'തമ്പുരാനറിയാം'..ഈ തമ്പുരാനറിയാം നെഗറ്റീവായ അര്‍ത്ഥമുള്ള ഒരു പ്രയോഗമാണെന്ന് പ്രത്യേകം പറയട്ടെ.

കാലാവസ്ഥയെക്കുറിച്ചും പ്രകൃതിജീവനത്തെക്കുറിച്ചും അബദ്ധവശാല്‍ ചിന്തിക്കാനിടയായാല്‍ ഉടന്‍ തന്നെ മറ്റൊരു ചിന്ത ചാടിവീഴും.ഇനി പത്തോ നാപ്പതോ കൊല്ലം മാത്രം ആയുസ്സുള്ള ഞാന്‍ ഇതിനൊക്കെ പ്രത്യേകിച്ച് എന്തുചെയ്യാനാണെന്ന രസമുള്ള ചിന്ത.

ഇപ്രകാരം പ്രായോഗികതയുടെ സുവിശേഷകന്‍മാരും വിരോധാഭാസമെന്നപോലെ സന്താനങ്ങളെ സൃഷ്ടിക്കുന്നുണ്ട്.ഗണിതവും ഭാഷകളും സംഗീതവും പെരുമാറ്റരീതികളും ആയോധനകലകളും ഡ്രൈവിങ്ങുമൊക്കെ പഠിപ്പിക്കുന്നുമുണ്ട്.എന്തിനാണാവോ?

എട്ടോ പത്തോ വര്‍ഷങ്ങളുടെ കമ്പോളസംസ്കാരത്തിലൂടെ നമുക്ക് കാലാവസ്ഥ പ്പെട്ടിരിക്കുന്നു.കാണുന്നില്ലേ!? ഇനി എത്ര കാലം ഇത് മുന്‍പോട്ടു പോകുമോ എന്തോ?ഒരുപക്ഷേ മറ്റേതെങ്കിലും ഗ്രഹം റെഡിയാക്കി വെച്ചിട്ടുണ്ടെന്ന സമാധാനത്തിലാവാം നമ്മളും വരുംതലമുറയും ഇന്ന് ഉറങ്ങുന്നത്.

സത്യത്തില്‍ മറ്റുള്ളവരെ ഞെക്കിപ്പിഴിഞ്ഞ കാശുകൊണ്ട് സ്പേസ് റിസേര്‍ച്ച് അഭ്യാസങ്ങള്‍ നടത്തി  വാസയോഗ്യമായ ഗ്രഹങ്ങള്‍,ജലത്തിന്റെയും ജീവന്റെയും സാന്നിദ്ധ്യം എന്നൊക്കെയുള്ള അനാവശ്യ ആവേശമുളവാക്കും വാര്‍ത്തകളോട് പരമ പുച്ഛമാണ്.സ്വന്തം കിടപ്പാടമായ ഗ്രഹം വൃത്തിയായി സൂക്ഷിക്കാത്ത വിവരദോഷികള്‍ക്ക് എന്തിനാണ് വേറെ ഗ്രഹം??കാടുവെട്ടിത്തെളിച്ച് പുട്ടടിക്കുന്നവര്‍ക്ക് അന്യഗ്രഹത്തില്‍ താമസിക്കാന്‍ പോകുന്നവരുടെ ഒരു സിനിമ പിടിച്ചാല്‍ ആവശ്യത്തിന് ന്യായീകരണമാവുമല്ലോ!ചിന്തിക്കണം

No comments:

Post a Comment