"ജാണ്‍സന്‍,രണ്ടു മിനിറ്റ് ഇരിക്കാം മാന്‍" തമിള്‍ മാതൃഭാഷക്കാരനായ മാര്‍ക്കറ്റിങ്ങ് മാനേജരാണ്.അദ്ദേഹം 'ജാണ്‍സന്‍' എന്നും 'നെഗോസിയേസന്‍' എന്നുമൊക്കെ ഉച്ചരിക്കുമ്പോള്‍ എന്തോ തമാശ തോന്നാറുണ്ട്.പക്ഷേ ഹാസ്യഭാവം പുറത്തു കാണിച്ചിട്ടില്ല.ഞാനുമിതുപോലെ ഫണ്ണി ആക്സന്റില്‍ എന്തെല്ലാം പറയുന്നു.അല്ലെങ്കിലും ആള് പ്രതാപശാലിയായ ബോസ്സും ഞാന്‍ മുന്‍ ജോലിപരിചയത്തിന്റെ തൂവലും തൊങ്ങലുമില്ലാത്ത ഒരു കോര്‍പ്പറേറ്റ് അപ്പാവിയും.
"തീര്‍ച്ചയായും സര്"പുട്ടിനു തേങ്ങപോലെ സര്‍ ഉം ചേര്‍ക്കാറുണ്ട്.
"നിന്നെക്കൊണ്ട് ഞാന്‍ മടുത്തു മാന്‍. എന്റെ എല്ലാ സ്ട്രാറ്റജികളും തീര്‍ന്നു എക്സോസ്റ്റഡായി"
"എന്തിനെ സംബന്ധിച്ചാണ് സര്‍?"
"നീയൊരു മുന്‍പരിചയം ഇല്ലാത്ത ആളാണ്.സൂപ്പര്‍വിഷന്‍ ജോലികള്‍ സ്നേഹം കൊണ്ടല്ല,പ്രഷര്‍ കൊടുത്താണ് ചെയ്യിക്കേണ്ടത്.ഉദ്ദേശിച്ച വര്‍ക്ക് നടന്നു കഴിയുമ്പോള്‍ അല്‍പ്പം സോഫ്റ്റായാലും സാരമില്ല.ഞങ്ങള്‍ ചെയ്യുന്നത് കണ്ടിട്ടില്ലേ!?"
"ഉണ്ട് സര്"
"ഞാന്‍ നിനക്ക് എത്രമാത്രം പ്രഷര്‍ തന്നു.മിക്കപ്പോഴും മനപൂര്‍വ്വം.നീ അത് എന്തുചെയ്യുമെന്നറിയാന്‍!എപ്പോഴെങ്കിലും വിക്ടോറിയ റ്റെര്‍മിനസ് റെയില്‍വേസ്റ്റേഷനില്‍ പോയിട്ടുണ്ടോ?"
"ഇല്ല സര്"
"കന്യാകുമാരി എന്തായാലും പോയിട്ടുണ്ടാവുമല്ലോ!റെയില്‍ ചെന്ന് അവസാനിക്കുന്നതു കണ്ടിട്ടില്ലേ?നീയുമതുപോലെയാണ്!നിനക്ക് തരുന്ന സമ്മര്‍ദ്ദങ്ങള്‍ കൃത്യമായി വീതിച്ചു നല്‍കാതെ എല്ലാം വിഴുങ്ങിക്കളയും!അതുകൊണ്ട് എന്താ പ്രയോജനം?"
പറയുവാന്‍ ഒരുപാടു മറുപടികള്‍ ഉണ്ടെങ്കിലും തലയാട്ടി കേട്ടതേ ഉള്ളൂ.അവരുടെ സംസാരത്തില്‍ ഇടക്കിടെ വരുന്ന എന്‍ഡ് ഓഫ് ദി ഡേ പ്രയോഗം പോലെ ദിവസമവസാനിക്കുന്നതു വരെ നീളുന്ന ഫിലോസഫി മാത്രമുള്ള ഈ ലോകത്ത് എന്ത് മറുപടി കൊടുക്കാനാണ്!
അങ്ങിനെ അങ്ങിനെ എല്ലാ കാര്യങ്ങളും വരമൊഴിയില്‍ പകര്‍ത്തി മെയിലുകളായി അയച്ചു തുടങ്ങി.എഴുതുന്നവനും വായിക്കുന്നവനും എപ്പോള്‍ വേണമെങ്കിലും റെഫര്‍ ചെയ്യവുന്ന ഒരു ഉപായം.'ഞാനങ്ങിനെ അല്ല പറഞ്ഞത്','അങ്ങിനെ പറഞ്ഞിട്ടേയില്ല' മുതലായ സമയംകൊല്ലി വാഗ്വാദങ്ങള്‍ക്ക് അവസാനമിടാന്‍ അല്‍പ്പം സമയം ചിലവഴിച്ച്,നാളെയും ഇത് വായിക്കപ്പെടാം എന്ന റിസ്ക് എടുത്ത് മെയിലുകള്‍ തയ്യാറാക്കി തുടങ്ങി.ഇരുട്ടുകൊണ്ട് ഓട്ട അടക്കാന്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ക്കടക്കം പലര്‍ക്കും സാധിക്കാതെ വരുന്നു.അടുത്ത ഉപദേശത്തിനുള്ള സമയമായി.
"ജാണ്‍സന്‍,നിന്റെ ഈ ബ്ളാ ബളാ മെയിലുകളൊന്നും ഇതുപോലെ ബിസിയായ ഒരു ലോകത്ത് ചിലവാകില്ല.ആരാണ് ഇതൊക്കെ വായിക്കുക.നമ്മള്‍ സ്ട്രോങ്ങായി സംസാരിച്ചൂ തുടങ്ങണം.ഞങ്ങളെയൊക്കെ കണ്ടില്ലേ!?"
"ശ്രമിക്കാം സര്"
വെറുതെ പറഞ്ഞതല്ല.ആത്മാര്‍ത്ഥമായി ശ്രമിച്ചു. പക്ഷേ വീണ്ടുമതില്‍ പ്രശ്നങ്ങളാണ്.
അടുത്ത മീറ്റിങ്ങ്.
"ജാണ്‍സന്‍,നമ്മളെല്ലാരും നമ്മുടെ നാടിനെ വിട്ട് ഈ മരുഭൂമിയില്‍ കഷ്ടപ്പെടുന്നവരല്ലേ?എല്ലാവര്‍ക്കും അവരവരുടേതായ ഒരുപാടു പ്രശ്നങ്ങളും ആവശ്യങ്ങളുമുണ്ട്.അതിനിടയില്‍ ചെറിയ കള്ളങ്ങള്‍ കാണിച്ചാലോ എന്തെങ്കിലുമൊക്കെ മറന്നുപോയാലോ ഇത്ര സംസാരിക്കണോ?ഒന്നു തലകറങ്ങി വീണാല്‍ പരസ്പരം സഹായിക്കാന്‍ നമ്മളൊക്കെയല്ലേ ഈ ലോകത്തുള്ളൂ!"
അപ്പോ പിന്നെ അതല്ലേ ആദ്യം ചെയ്തുകൊണ്ടിരുന്നതെന്ന് ചോദിച്ചിട്ട് പ്രത്യേക ഗുണമൊന്നുമില്ല."എങ്ങിനെയെങ്കിലും" ജീവിക്കാനാണ് മണലാരണ്യത്തില്‍ എത്തിയതെന്ന മറുപടി പറഞ്ഞു കഴിഞ്ഞല്ലോ!പിന്നെ ചില നിഗമനങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശിക്കാന്‍ പാടില്ല എന്നുമാണ് വഴക്കം.കറങ്ങേണ്ട വഴികളിലൊക്കെ കറങ്ങി കേള്‍ക്കേണ്ടതെല്ലാം കേട്ട് നിഗമനത്തില്‍ എത്തിച്ചേരണം.
ഇതൊക്കെ ജാണ്‍സന്‍ എത്രമാത്രം മൂരാച്ചി ആണെന്നതിനെ കുറിക്കുന്ന കഥകളാണ്.
No comments:
Post a Comment