Saturday, 18 May 2019

അമ്മാത്ത്

"ഞാനവനെ വിളിച്ചാല്‍ ഷൗട്ട് ചെയ്യും.വിളിക്ക് വിളിക്ക്..പെട്ടെന്ന് എങ്ങിനെയെങ്കിലും ഓഫീസിലെത്താന്‍ പറ"മാനേജിങ്ങ് ഡയറക്ടറാണ്.

"അവന്റെ മതപരമായ എന്തോ അവധിയല്ലെ സാറെ.നിര്‍ബന്ധിക്കണോ?"

"നമ്മളാരെങ്കിലും മതപരമായ ലീവെടുക്കുന്നുണ്ടോ?എക്സ്ക്യൂസു പറയുന്ന ഒരു ലോകമല്ലിത്.പെട്ടെന്ന് വരാന്‍ പറ"ആളുതന്നെ ഇന്റര്‍വ്യു നടത്തി കൊണ്ടുവന്ന ചെറുപ്പക്കാരന്‍ അക്കൗണ്ടന്റ് എന്തോ മതപരമായ അവധിദിവസം വരാതിരുന്നതിനാണ് അങ്കം.

ഇടക്കു പെട്ട അവസ്ഥ.അവന്റെ വകുപ്പും ന്യായവും പറയലുകള്‍ സഹിച്ച് ഫോണ്‍ വെച്ചു.കാഞ്ഞിരക്കുരു വിഴുങ്ങിയ ഭാവവുമായി അക്കൗണ്ടന്റ് ഓഫീസിലെത്തി കീബോര്‍ഡില്‍ ഹാര്‍മോണിയം വായ്ക്കാനാരംഭിച്ചു.

എം.ഡി.ക്ക് കലിയടങ്ങുന്നില്ല."അവനെ ഇന്നുതന്നെ പാക്കു ചെയ്താലോ?നിങ്ങള്‍ക്ക് കുറച്ചു ദിവസത്തേയ്ക്ക് ഒന്നു അഡ്ജസ്റ്റ് ചെയ്ത് അവന്റെ പണികൂടി ചെയ്യാമോ?നാട്ടിലെ മൂരാച്ചികളുടെ മാതിരി അവധിയ്ക്ക് കാത്തിരുന്നു.അതും എന്റയര്‍ മാര്‍ക്കറ്റ് സ്ട്രഗ്ഗള്‍ ചെയ്യുന്ന ഈ സമയത്ത്.വിളിച്ച് വരുത്തിയപ്പോള്‍ വന്ന കോലം കണ്ടോ?റൂമിലിടുന്ന ടി ഷര്‍ട്ടൊക്കെയിട്ട്.ഇറ്റ്സ് എ സ്റ്റേറ്റ്മെന്റ്.എന്നെ പിണ്ണം വെക്കാന്‍ വന്നപോലെ.എന്നെന്നു പറഞ്ഞാല്‍ കമ്പനിയെ.സമയം നോക്കാതെ ജോലി ചെയ്യുന്ന നിങ്ങളെയും.ഇത്ര അരഗന്‍സ് കാണിക്കണോ?ഞാനല്ലേ വിളിച്ചത്?അതര്‍വൈസ് ഹീ കുഡ് ഹാവ് പ്ളേയ്ഡ് ഇറ്റ് സ്മാര്‍ട്ട്.സാറേ,വയറുവേദനയാണെന്നോ മറ്റോ പറഞ്ഞു അവധി എടുക്കണമായിരുന്നു......!"അതങ്ങിനെ തുടരുകയാണ്.

അദ്ദേഹത്തിന്റെ കണ്ടെത്തലുകളും നിരീക്ഷണപാടവവുമൊക്കെ സൂപ്പറാണ്.പക്ഷേ പണം സമ്പാദിക്കുന്ന രീതി ഏറിയ പങ്കും തട്ടിപ്പും വെട്ടിപ്പും.നേരും നെറിവും വളരെ കുറവുള്ളയൊരാള്‍ മറ്റൊരുത്തന്റെ സ്വഭാവം റേറ്റു ചെയ്യുന്നതൊക്കെ കേട്ടിരിക്കുന്നത് എത്ര ബോറാണ്.

ഇവിടെ പലതും ബോറാണ്.റൂമിലെ ജനലു തുറന്നാല്‍ പൊടിയും മണല്‍ക്കാറ്റുമാണ്.വീട്ടിലേതുപോലെ നിറമുള്ള മനുഷ്യരും കിളികളും പച്ചപ്പുമൊന്നുമില്ല.ഫ്ളാറ്റില്‍ ഉണക്കമീന്‍ വറുക്കല്‍ അനുവദനീയമല്ല.മറ്റുള്ളവര്‍ക്കു ശല്യമത്രെ.യൂറോപ്യന്‍ ക്ളോസറ്റിന്റെ വീതിയില്ലാത്ത വക്കില്‍ കയറി ഇരുന്ന് കാര്യം സാധിക്കാന്‍ എന്തു പാടാണ്?അങ്ങിനെ ഇരുന്നാലേ സാധിക്കൂ  എന്നാണെങ്കില്‍ എന്തു ചെയ്യും.പോരാത്തതിന് നിലവാരമില്ലാത്ത ക്ളോസറ്റ് പൊട്ടി തകര്‍ന്നു കുത്തിക്കയറിയ ഫോട്ടോ ഏതോ സാമദ്രോഹി വാട്ട്സാപ്പിലയച്ചു തന്നു കാണുകയും ചെയ്തു.
ചൂടുകാലത്ത് മൂടു കഴുകുന്ന വെള്ളം നൂറു ഡിഗ്രിയില്‍ തിളച്ചു  നില്‍ക്കും.കഴുകാനായുമ്പോള്‍ ടോം ആന്റ് ജെറി കാര്‍ട്ടൂണിലേതുപോലെ കുതിച്ച് ചാടല്‍  പതിവാണ്.ഇതൊക്കെ നഗരത്തിന്റെ പരിഷ്കാരമാണത്രെ?

വല്യ പരിഷ്കാരമാണ്.അപ്പുറത്തെ ഫ്ളാറ്റിലെ മാന്യന്‍ ചേച്ചി നാട്ടില്‍ പോയാല്‍ ഓരോ വീക്കെന്റിലും രണ്ടു കൂട്ടുകാരികളെയെങ്കിലും കൊണ്ടുവരും.ലിഫ്റ്റില്‍ ഒന്നിച്ചായാല്‍ നമ്മുടെ തൊലിയുരിയും.ഫ്ളാറ്റിലുള്ള മൂക്കളപ്പിള്ളേരുടെ പല ഭാഷ കലര്‍ന്ന സംസാരവും ശ്രദ്ധിച്ചാല്‍ ഓക്കാനം വന്നു പോകും.ഒക്കെ പ്രശ്നങ്ങളാണ്.

നല്ല വഴിയും കെട്ടിടങ്ങളും കാറുകളും സംവിധാനങ്ങളുമൊക്കെ കാണാനിഷ്ടമാണ്.പക്ഷേ ജീവിതം.അറിയില്ല..പറയാനാവുന്നില്ല...തറവാട്ടില്‍ നിന്നു പുറപ്പെട്ടു താനും അമ്മാത്ത് ഒട്ടു എത്തിയുമില്ല തരത്തിലാണ് കാര്യങ്ങള്‍....ഒരു ജീവിതത്തില്‍ പല ജീവിതങ്ങള്‍ വരുമ്പോഴുള്ള ആശയക്കുഴപ്പം....ആശയം കുഴപ്പം...

No comments:

Post a Comment