2005 കാലത്താണ്.പ്ളസ് വണ്ണിന്റെ ആനുവല്‍ പരീക്ഷ കഴിഞ്ഞുള്ള അവധിക്കിടയിലോ മറ്റോ.യു.പി.സ്കൂളിലെ ഒരു അധ്യാപകനും നല്ല അയല്‍ക്കാരനുമായ ഒരാളുടെ നിര്‍ദ്ദേശപ്രകാരം ജീസസ് യൂത്ത് എന്ന ഭക്തസംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഒരു ധ്യാനത്തിന് പോയി.ഒരു കൂട്ടുകാരനും കൂടെയുണ്ട്.ഞങ്ങളായിരുന്നു പ്രായത്തില്‍ ഏറ്റവും ചെറുത്.
പ്രസംഗങ്ങളും പരിപാടികളുമൊക്കെയായി ദിവസങ്ങള്‍ കടന്നു പോകുന്നു.അവസാനദിനം കുര്‍ബാനയ്ക്കിടെ ലേഖനം വായിക്കാന്‍ എനിക്ക് കുറി വീഴുന്നു.അന്നൊക്കെ നിഷേധം വളരെ ബുദ്ധിമുട്ടായിരുന്നതു കൊണ്ട് സമ്മതിച്ചു.സഭാകമ്പം കലശലായിരുന്നതിനാല്‍ വായിക്കേണ്ട ഭാഗം വീണ്ടും വീണ്ടും നോക്കി അള്‍ത്താരയുടെ ഒരു വശത്ത് മാറി നിന്നു.ഇടക്കെപ്പൊഴോ അന്നത്തെ കുര്‍ബാനയ്ക്കും പ്രസംഗത്തിനുമായി വന്ന ഒരു പുരോഹിതന്‍ അങ്ങോട്ടു കടന്നുവന്നു.വായന പ്രാക്റ്റീസില്‍ മുഴുകിയിരുന്ന ഞാന്‍ ചെറുതായി ഒന്നു തല കുനിച്ച് ആദരവ് പ്രകടിപ്പിച്ചതേ ഉള്ളൂ.കുര്‍ബാന തുടങ്ങി.ലേഖനം വായിക്കാന്‍ സമയമായി.വായിച്ചു.തെറ്റൊന്നും വന്നില്ലെങ്കിലും വായനയുടെ വേഗം കൂടിയെന്നു തോന്നി.തിരിച്ച് വിശ്വാസികളിരിക്കുന്നിടത്ത് കസേരയിലേയ്ക്ക് മടങ്ങി.അച്ചന്റെ പ്രസംഗം വന്നു.അദ്ദേഹം കൃഷ്ണമണികളൊക്കെ മേല്‍പ്പോട്ടാക്കി മുകളില്‍ നിന്ന് എന്തോ മെസേജ് സ്വീകരിച്ച് പ്രസംഗിച്ചു തുടങ്ങി'ഇന്ന് ഇവിടെ ലേഖനം വായിച്ചത് ശ്രദ്ധിക്കാനിടയായി......ഭാഗം.ബൈബിളിലെ വളരെ മനോഹരമായ ഭാഗം.അത് വേണമെങ്കില്‍ ഇങ്ങിനെയും വായിക്കാം.'എന്നു പറഞ്ഞിട്ട് അച്ചന്‍മാരുടെ സ്ഥിരം പാട്ടും പദ്യവും കൂടിച്ചേര്‍ന്ന ശൈലിയില്‍ വായിച്ചു തീര്‍ത്തു.അതിന്റെ വിശദീകരണങ്ങളും നടത്തി.കുര്‍ബാന തീര്‍ന്നപ്പോള്‍ ആരോ പറഞ്ഞു'വായന നന്നായിരുന്നു'എന്ന്.അപമാനിതനായെന്ന് തോന്നലായി.
അച്ചന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ലേഖനം വേണമെങ്കില്‍ ഇങ്ങിനെയും വായിക്കാം' എന്നതുപോലെ മൈക്കിന്റെയും ജനക്കൂട്ടത്തിന്റെയും സാന്നിദ്ധ്യമില്ലാതെ
ഒരാളെ ഉപദേശിക്കാന്‍ വ്യക്തിപരമായി വിളിച്ചു നിര്‍ത്തിയും ആകാമായിരുന്നല്ലോ!'ഇങ്ങിനേയും' വായിക്കാമെന്നു പൊതുവേദിയില്‍ പറഞ്ഞ ആളോട് 'അങ്ങിനെയും' ചെയ്യാമല്ലോ എന്നൊരു മറുപടി കൊടുക്കണമെന്ന് തോന്നി.ചെയ്തില്ല.കൃഷ്ണമണികള്‍ മേല്‍പ്പോട്ടാക്കി നിന്നപ്പോള്‍ അച്ചനു കിട്ടിയ വെളിപാടിന്റെ ഫലമാണ് അദ്ദേഹത്തിന്റെ നടപടിയെങ്കില്‍ ചോദ്യം ചെയ്യാന്‍ ഞാനാരാണ്!?
എന്തായാലും കാലക്രമേണ ജോലിയും പദവിയും വ്യക്തിയുമൊക്കെ വേര്‍തിരിച്ചു കാണാന്‍ ഞാന്‍ ശ്രമിച്ചു തുടങ്ങി.ഒരു ട്രാഫിക് പോലീസുകാരന്റെ നിര്‍ദ്ദേശം റോഡില്‍ അനുസരിക്കുന്നത് അങ്ങേരുടെ വ്യക്തിജീവിതത്തിന്റെ ക്വാളിറ്റി നോക്കി അല്ലല്ലോ!അതുപോലെ.
No comments:
Post a Comment