Monday, 23 December 2019

കോണ്‍ടാക്റ്റ് ലിസ്റ്റ്

കല്ല്യാണമാണ്.എല്ലാം പെട്ടെന്നായിരുന്നു.നൂ റുകൂട്ടം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.

"നിന്റെ കൂട്ടുകാരെ മുഴുവനും വിളിച്ചോടാ?എവിടെ വരെയായി?"ചാച്ചനാണ്.

"എവടെ!ആരേയും വിളിച്ചില്ല ചാച്ചാ.കെടക്കുന്നു ഒരു ചൊമട് പണി ഇനീം"കോളേജാണ് നമ്മളെ നമ്മളാക്കിയത്.യൂണിയന്‍ ഭാരവാഹിയൊക്കെയായിരുന്നല്ലോ!എല്ലാവരേയും വിളിക്കണം.പത്തഞ്ഞൂറ് പേരെയെങ്കിലും,ചുരുങ്ങിയത്.

"അതേയ് ചാച്ചാ,കുറേ പേരെ വിളിക്കാനുണ്ട്.ഞാന്‍ വിളിച്ചാല്‍ ഒാരോരുത്തരും മുക്കാ മണിക്കൂറു കത്തിവെക്കും.സമയം തെകയത്തില്ലന്നറിയാവല്ലോ!ചാച്ചനങ്ങു വിളി.ഒരു ആധികാരികതയും വരട്ടെ!" 

"അവരെ മാത്രം വിളിക്കുന്നതും ശരിയല്ലടാ.ഓരോരുത്തരടേം വീട്ടിലും വിളിക്കണം.അതാ അതിന്റെ ഒരു മര്യാദ!വരുവോ വരാതിരിക്കുവോ..അതവരുടെ സൗകര്യം.നമ്മളു നോക്കണ്ട!"

"അതിനിപ്പം ആരുടേം വീട്ടിലെ നമ്പറൊന്നും എന്റേലില്ല.എന്നാ ചെയ്യും?...ചാച്ചന്‍ അവരോടു തന്നെ ചോദിച്ച് വാങ്ങി വിളി.പറ്റുവോ?"

"വിളീം നമ്പറെഴുതലും എല്ലാം കൂടെ നടക്കത്തില്ല.എട്യേ..നീ നമ്പറൊക്കെ എഴുതി വെക്കുകേലേ?"

"എനിക്കെവിടുന്നാ നേരം?നിങ്ങക്കറിയാവുന്നതല്ലേ!"അമ്മച്ചി കൈയ്യൊഴിഞ്ഞു.

"ഇനിയിപ്പം എന്നാ ചെയ്യും?......ആ..ഒരൈഡിയാ ഒണ്ട്.എല്ലാത്തിനും വാട്സപ്പുള്ളതാണ്.വീട്ടിലെ നമ്പര്‍ വാട്സപ്പിലയച്ചു തരാന്‍ ചാച്ചന്‍ അവരോടങ്ങു പറഞ്ഞാ മതി.ചാച്ചന്‍ പറയുമ്പോ ആരും തമാശ കളിക്കുകേം ഇല്ല.അയക്കും.ഉംം...അയച്ചാല്‍ സേവു ചെയ്യാനൊക്കെ അറിയാവോ?"

"അതിനെന്നാടാ!വാഴ്സപ്പിലെമ്മേ കഴിഞ്ഞതല്ലേ ഞാന്‍"

"ആഹാ..എന്നാ എമ്മേക്കാരന്‍ വിളിക്കുക.കാര്യം പറയുക.വാട്സപ്പില്‍ കോണ്‍ടാക്ട് വരുമ്പോള്‍ ആഡ് റ്റു കോണ്‍ടാക്റ്റ് കൊടുക്കുക.സിമ്പിളല്ലേ?പറഞ്ഞേ?"കാര്യം മനസ്സിലായോ എന്നറിയണമല്ലോ!

"വിളിക്കുക.ക്ഷണിക്കുക.വീട്ടിലെ നമ്പര്‍ വാഴ്സപ്പിലയ്ക്കാന്‍ പറയുക.സേവ് ചെയ്യുക.ഹമ്പട"

"ആ പ്വൊളിച്ചു.എന്നാ തൊടങ്ങിക്കോ.ഞാന്‍ ഫോട്ടോഷൂട്ടിനു പോട്ടെ.ഫോണിനു ലോക്കില്ല.യൂണിവേഴ്സിറ്റിയെന്നു സെര്‍ച്ച് ചെയ്താല്‍ അഞ്ഞൂറ്റി ചില്വാനം കോണ്‍ടാക്റ്റ്സ് വരും.ആദ്യം മൊതല്‍ വിട്ടു പോകാതെ വിളിക്കണം.ഓകായ്?"

"ഓക്കെഡാ മ്വുത്തേ.ചാച്ചനേറ്റു!"

വൈകുന്നേരമായി.

"വിളി കഴിഞ്ഞോ?എന്നതാ ഒരു മ്ളാനത?"

"കൂട്ടുകാരെ ഒരുവിധം എല്ലാം വിളിച്ചു.പക്ഷേ വീടുകളിലെ നമ്പറങ്ങോട്ടു ശരിയാകുന്നില്ല.നീ തന്നെ നോക്കു"

അതെന്താണാവോ?!

ആകാംക്ഷാഭരിതനായി ഫോണെടുത്തു.

കോണ്‍ടാക്ട് ലിസ്റ്റെടുത്തു.

ഡാഡി 39 എണ്ണം.

പപ്പ 147 എണ്ണം.

അച്ഛന്‍ 16 എണ്ണം.

ഉപ്പ 8 എണ്ണം.

വാപ്പച്ചി 34 എണ്ണം.

ഹോം 238 എണ്ണം.

മൈ ഹോം 41 എണ്ണം.

ഡാഡി,പപ്പ,അച്ഛന്‍,ഉപ്പ,ബാപ്പ,ഹോം എല്ലാം സ്ഥലപ്പേരോട് കൂടിയത് 167 എണ്ണം.

വാ പൊത്തി നില്‍ക്കുന്ന കുരങ്ങിന്റെയും ബംഗ്ളാവിന്റെയും ഒക്കെ ഇമോജി ഇട്ട അഞ്ചെട്ടെണ്ണം വേറെയും.

അടിപൊളി!!

1 comment: