"സുകുച്ചേട്ടന്റെ വൈഫല്ലേ?"
ഇതാരപ്പാ രണ്ടുമൂന്നു പേര്?സുകുച്ചേട്ടന്റെ വൈഫെന്നു വിളിച്ചത് കളിയാക്കിയാണോ?എല്ലാവരേയും മുഖപരിചയമുണ്ട്.ഈ പരിസരങ്ങളിലൊക്കെ ഉള്ളവരായിരിക്കണം.ഒരു മുന്‍കരുതലെന്ന നിലയില്‍ മുഖത്ത് ഇഷ്ടക്കേടിന്റെ ഒരു ഭാവമണിഞ്ഞു പറഞ്ഞു.
"സുകുവിന്റെ വൈഫല്ല.രാജന്റെ വൈഫാണ്.പഴയ ഹസ്ബന്റിന്റെ പേര് സുകൂന്നോ മറ്റോ ആയിരുന്നു!എന്താ കാര്യം?"
"അയ്യോ!ചേച്ചി തെറ്റിദ്ധരിക്കല്ലേ!സുകുച്ചേട്ടന് ഒരു ചിട്ടിയുണ്ടായിരുന്നു.ഞങ്ങള് പരിചയക്കാരു കുറച്ചുപേരു കൂടി നടത്തിയതാ.നമ്മടെ ആല്‍ത്തറമൂട്ടില്‍ ഞങ്ങളെല്ലാമാസവും കൂടാറുണ്ടായിരുന്നു.ആളു മരിച്ചതില്‍ പിന്നെ ചേച്ചിയോട് ചിട്ടിപ്പൈസ ചോദിക്കാതിരുന്നത് ഇവിടെ കാര്യമായ വരുമാനമില്ലെന്ന് ചേട്ടന്‍ പറഞ്ഞ് അറിയാവുന്നതുകൊണ്ടാണ്."
"ആല്‍ത്തറമൂട്ടിലോ?ചിട്ടിക്കാണോ?"ആശ്ചര്യവും സങ്കടവും കലര്‍ന്ന ഭാഷയില്‍ അവള്‍ പറഞ്ഞു.
"അതേന്നേ!ചേച്ചിക്കെന്തോ സ്കൂട്ടി വാങ്ങി സര്‍പ്രൈസ് തരണമെന്നുള്ളകൊണ്ട്
ചിട്ടിയുടെ കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലാന്നുമൊക്കെ ഞങ്ങള്‍ക്കറിയാം. ഇപ്പോ ചിട്ടി മച്യൂറായി.ഒപ്പിട്ടു തന്നാല്‍ അടച്ച പൈസയും പലിശയും തന്നേക്കാം.ആളുടെ മരണം നേരത്തേ സംഭവിച്ചതുകൊണ്ട് സ്കൂട്ടിയ്ക്ക് തികയുമോ എന്നറിയില്ല"
"നിങ്ങളീപ്പറഞ്ഞത് നേരു തന്നെയാണോ?"ഭാനുമതിക്ക് തല കറങ്ങുന്നതുപോലെ തോന്നി.
"പിന്നെ അങ്ങോട്ടു കാശു തരാനുണ്ടെന്ന് ആരെങ്കിലും വന്ന് നുണ പറയുമോ ചേച്ചീ!?"
ലോകം കീഴ്മേല്‍ മറിയുംപോലെ ഭാനുമതിക്ക് തോന്നി.തലച്ചോറിലെ ഡിസ്പ്ളേയില്‍ പല കാഴ്ചകളും വിത്ത് ഓഡിയോ മിന്നിമറഞ്ഞു.
"പുനരുജന്മം അമ്മാ പുനരുജന്മം!"
"എല്ലാക്കാര്യോം നിന്നോടു പറയുന്ന ആ പുണ്യാളനെന്താ ആല്‍ത്തറമൂടിനടുത്തെ ആ ഗള്‍ഫുകാരന്റെ കെട്ട്യോളും തള്ളയും തനിച്ചു താമസിക്കുന്നിടത്തു കാര്യം!നീയിങ്ങനെയൊു പൊട്ടക്കൊണാപ്പത്തിയായി പോയല്ലോ!"
"നിനക്കു ഞാനൊരു സര്‍പ്രൈസു തരുന്നുണ്ട് പെണ്ണൂസേ.കണ്ടുപിടിക്കാമെങ്കില്‍ കണ്ടുപിടിച്ചോളൂ!"
മോഹാലസ്യപ്പെടാനുള്ള ഷോട്ട് റെഡിയായി!!
നിരാശപ്പെടുത്തുന്നില്ല!!
ഭാനുമതി മോഹാലസ്യപ്പെടാനുള്ള പ്രാരംഭതയ്യാറെടുപ്പുകള്‍ തുടങ്ങി.ചുറ്റും നോക്കി.തറയാണ്.വീണാല്‍ എല്ലൊടിയും!
കുറച്ചങ്ങു മാറി സോഫയുണ്ട്.അവിടം വരെ നടന്നു ചെന്നിട്ട് ഒറ്റ മോഹാലസ്യപ്പെടലങ്ങു പെട്ടുകളഞ്ഞു ചേച്ചി.
സാധാരണ മോഹാലസ്യപ്പെടുന്നതിന്റെ പിറകെയാണല്ലോ പഴയ ഓര്‍മ്മകളൊക്കെ വരുന്നത്.
ഓര്‍മ്മകളും നിരാശപ്പെടുത്തിയില്ല!!
കിര്‍ലോസ്കര്‍ പമ്പുസെറ്റിന്റെ പരസ്യത്തില്‍ പുഞ്ചപ്പാടത്തേയ്ക്കു വെള്ളം തെറിച്ചു വീഴുംപോലെ ഓര്‍മ്മകളും
നല്ല ഫോഴ്സില്‍ തള്ളിക്കയറി വന്നു.
ഭാനുമതിയും സുകുവും അവരുടെ രണ്ട് ഓമനക്കുഞ്ഞുങ്ങളും!
നാട്ടുകാരും വീട്ടുകാരുമൊക്കെ അത്ഭുതത്തോടെയും അസൂയയോടെയും കണ്ടുകൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു അവരുടേത്.
ഒരാള്‍ മൂക്കിപ്പൊടി വലിച്ചാല്‍ മറ്റുള്ള മൂന്നുപേരും തുമ്മും..ഒരാള്‍ മുക്കിയാല്‍ മറ്റുളള മൂന്നുപേരും ബീീപ് (സെന്‍സര്‍ബോഡ് കട്ടുചെയ്യുന്ന ശബ്ദം).
അത്ര മനപ്പൊരുത്തം!
അത്ര ഹൃദയൈക്യം!
സുകുവിന്റെ മരണം പെട്ടെന്നായിരുന്നു.ബൈക്ക് ആക്സിഡന്റ്!ആല്‍ത്തറമൂടിനടുത്തുള്ള ഒരു വളവില്‍!
സ്നേഹിച്ചു മതിവരാത്ത ആത്മാക്കളുടെ സങ്കടത്തിന് ആ വീടും നാടും സാക്ഷ്യം വഹിച്ചു.
"മോളേ നിന്റെ കാര്യമോര്‍ത്തിട്ട് ഞങ്ങളുടെ നെഞ്ചു നീറുകയാണ്.വേറൊരു ആലോചന കൊണ്ടുവരട്ടെ.ജീവിതം ഒരു പുഴപോലെ ഒഴുകേണ്ടതല്ലേ?"ഭാനുമതിയുടെ അച്ചനുമമ്മയും വിഷമത്തോടെ പറഞ്ഞു.
"ഈ പിള്ളേരുടെ മുഖത്തു നോക്കിയിട്ട് അങ്ങിനെയൊരു കാര്യത്തിന് സമ്മതിക്കാന്‍ എനിക്കു പറ്റുമോ അച്ഛാ?!"ഭാനുമതി വിതുമ്പി.അച്ഛനുമമ്മയും മൂകരായി.
കുറച്ചേറെ മാസങ്ങള്‍ വേദനയുടെ കനലില്‍ അല്‍പ്പാല്‍പ്പം ചാരം ചൂടിച്ച് കടന്നുപോയി.
ഒരു ദിവസം....തൊട്ടയല്‍വക്കത്തെ വകയിലൊമ്മായി സ്ഥിരം സന്ദര്‍ശനവുമായി വീട്ടില്‍ വന്നപ്പോഴാണ്.
"നിനക്കീ കൊച്ചിനെ കണ്ടിട്ട് ആരുടെയെങ്കിലും ചായ (ഛായ) തോന്നുന്നുണ്ടോ മാളേ.കട്ട് ബേബി കണ്‍..ഇതെന്നതാ ഇതിന്റെ തലക്കെട്ട്.പുതിയ ഇംഗ്ളീഷാ..മനസ്സിലാവുന്നില്ല!" വകയിലമ്മായി സപ്ളിമെന്റിലെ കുറേ കുഞ്ഞുങ്ങളുടെ ഫോട്ടോയുളള പേജ് നിരക്കി നീക്കി വെച്ചുതന്നു.
"ക്യൂട്ട് ബേബി കണ്‍ടെസ്റ്റാണ് അമ്മായീ!ഏതാ?ഈ കൊച്ചാണോ?നല്ല ഭംഗീണ്ടല്ലോ!"
"ആരുടെയെങ്കിലും മുഖഛായ തോന്നുന്നുണ്ടോ?"
"മുഖഛായ...ആ..സുകുച്ചേട്ടന്റെ കുഞ്ഞുംനാളിലെ ഫോട്ടോ ആല്‍ബത്തില്‍ കണ്ടിട്ടുള്ളത് ഇതുപോലൊക്കെ തന്നെയാണല്ലോ!"ഭാനുമതിയും അലേര്‍ട്ടായി.
"സംശയം വന്നാല്‍ പിന്നെ വെച്ചോണ്ടിരിക്കല്ലേ!മാളാ ആല്‍ബമിങ്ങെടുത്തേ!"
ആല്‍ബമെടുത്തു.പരിശോധിച്ചു.ഒരേ ഫോട്ടോയുടെ രണ്ടു കോപ്പികള്‍ പോലെ!അത്ര സാമ്യം!എന്നാലുമിതെങ്ങനെ...
കൊച്ചിന്റെ അഡ്രസ്സും ഉണ്ട്.ആല്‍ത്തറമൂട്ടിലാണ് വീട്.സുകുച്ചേട്ടന്‍ മരിച്ച അതേ ആല്‍ത്തറമൂട്!!
"അവനെടക്കെടെ ബൈക്കുമെടുത്ത് മുങ്ങാറുണ്ടായിരുന്നല്ലോ!അതെങ്ങോട്ടാന്ന് മോക്കറിയാവാരുന്നോ?"
"എടക്കെടക്കല്ല.മാസത്തില്‍ ഒന്നോ മറ്റോ!അതിപ്പം എല്ലാ കാര്യങ്ങളും പിറകേ നടന്ന് അന്വേഷിക്കേണ്ട കാര്യമുണ്ടോ അമ്മായീ?!"
"അന്വേഷിക്കാതിരുന്നത് നിന്റെ മണ്ടത്തരം എന്നേ ഞാമ്പറയൂ.സുകുവെടക്കെടക്ക് ഇവിടുന്നു മുങ്ങാറുണ്ടായിരുന്നു.മരിച്ചത് ആല്‍ത്തറമൂടിനടുത്ത്.കൊച്ചിന്റെ മുഖഛായ!നമ്മളു പെണ്ണുങ്ങള് പൊട്ടികള്!"
"അമ്മായി വെറുതെ മരിച്ച് തലക്കുമുകളിലിരിക്കുന്നവരെക്കുറിച്ച്..ശ്ശെ!"
"ഞാനൊന്നും പറയുന്നില്ലേ!നിന്റെ ജീവിതം."
അങ്ങനെ വിത്തു പാകല്‍ ചടങ്ങ് കഴിഞ്ഞു.
ഭാനുമതി വിഷയം പഠിക്കാന്‍ തീരുമാനിച്ചു.
വിവാദ ക്യൂട്ട് കുട്ടിയുടെ വീട് ആല്‍ത്തറമൂട്ടിനടുത്താണെന്നത് നേരത്തേ മനസ്സിലായതാണല്ലോ!കുട്ടിയുടെ അമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്!ഭര്‍ത്താവിന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ വീക്കായ അമ്മ മാത്രമേ അവരെക്കൂടാതെ വീട്ടിലുള്ളൂ.ക്യൂട്ട് കുട്ടിയുടെ അമ്മ അത്യാവശ്യം സുന്ദരിക്കോത!പോരേ പൂരം.
വകയിലമ്മായി അടിക്കടി ഭാനുമതിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തി.
കുട്ടിയുടെ ബ്ളഡ് ഗ്രൂപ്പ് ടിയാന്‍ ജനിച്ച ഓം ശാന്തി ഓശാന ആശുപത്രിയിലെ അറ്റന്‍ഡര്‍ക്ക് കൈമടക്കു കൊടുത്ത് മനസ്സിലാക്കി.
ബി പോസറ്റീവ്.
കാഞ്ഞുപോയ സുകുവിന്റേതും ബി പോസറ്റീവ്!
ബ്ളഡ് ഗ്രൂപ്പിന്റെ ലിറ്ററല്‍ മീനിങ്ങില്‍ ഇനി ഈ പ്രശ്നത്തെ സമീപിച്ചാല്‍ താന്‍ ക്രൂരമായി വഞ്ചിക്കപ്പെടുമെന്ന് ഭാനുമതിക്ക് മനസ്സിലായി.
വകയിലമ്മായി സ്വന്തം വീട്ടിലെ കേബിള്‍ കട്ടു ചെയ്തു.സീരിയലും കണ്ണീരും കിനാവും ചാനല്‍ ചര്‍ച്ചയുമൊന്നും കാണാനിനി കാശു കളയണ്ടല്ലോ!
മംഗളം,മനോരമ,മാമാങ്കം തുടരന്‍ നോവലുകള്‍ വായന നിര്‍ത്തി.ഇഷ്ടം പോലെ എരിവും പുളിയുമുള്ള വിഷയങ്ങള്‍ ലൈവായിട്ട് ഉള്ളപ്പോള്‍ പിന്നെയെന്തിനാ വെറുതേ!
ഭാനുമതിയും സീരിയല്‍ കാണല്‍ നിറുത്തി.
പിന്നീടെല്ലാം അടുക്കിവെച്ച സ്റ്റീല്‍ പാത്രങ്ങള്‍ മറിഞ്ഞുവീഴുംപോലെ ച്ലും ക്ളിലും എന്നായിരുന്നു.
അല്ലെങ്കിലും ഒരാള്‍ക്ക് സംശയം തോന്നിത്തുടങ്ങിയാല്‍ അതു ബലപ്പെടുത്താനായി ലോകം മുഴുവനും ഗൂഢാലോചന നടത്തും എന്നാണല്ലോ മഹാന്‍മാര്‍ പറഞ്ഞുവെച്ചിരിക്കുന്നത്.ഇവിടെയും അതു തന്നെ സംഭവിച്ചു.
ഗള്‍ഫുകാരനെ ആരോ കമ്പിക്കടിച്ച് വിളിച്ചുവരുത്തി.വിഷയമവതരിപ്പിച്ചു.സുകുച്ചേട്ടനെ ഇടക്കിടെ ആ പരിസരത്ത് കാണാറുണ്ടായിരുന്നെന്ന് ഏതോ ഒരു നിഷ്കളങ്കന്‍ സാക്ഷി പറഞ്ഞു.ഗള്‍ഫുകാരനും ഭാര്യയും തമ്മില്‍ തെറ്റി.ജ്ഞാനേന്ദ്രിയമില്ലാത്ത അമ്മായിയമ്മ അതീന്ദ്രീയജ്ഞാനമുപയോഗിച്ചും മരുമോക്കെതിരെ സാക്ഷി പറഞ്ഞു!
അവിടെയും സഹായത്തിനായി സീരിയല്‍ കാണല്‍ മാറ്റിവെച്ച് പലരും ചെന്നു.
കേസ് കുടുംബക്കോടതിയിലെത്തി. രണ്ടുപരുടേയും ആവശ്യപ്രകാരം ബന്ധം കോടതി റിബണ്‍ മുറിക്കും പോലെ മുറിച്ചു തള്ളി.ക്യൂട്ട് ബേബി ഏതോ മോഡേണ്‍ അനാഥാലയത്തില്‍ തള്ളപ്പെട്ടു(അതിനിവിടെ പ്രസക്തി ഇല്ലല്ലോ അല്ലെ?!ക്ഷമി.അറിയാതെ പറഞ്ഞതാണ്)
സുകുവിന്റെ ഫോട്ടോ മാല സഹിതം നടക്കലുടയ്ക്കുന്ന തേങ്ങ പോലെ പ്രതീകാത്മകമായി ഭാനുമതി എറിഞ്ഞുടച്ചു.ചാണകവെള്ളം ലഭ്യമല്ലാതിരുന്നതിനാല്‍ ഗോബര്‍ ഗ്യാസ് പ്ളാന്റില്‍ നിന്നു വരുന്ന പൈപ്പ് തുറന്നു പിടിച്ച് ഗ്യാസടിച്ച് ഫോട്ടോയിരുന്നിടം ശുദ്ധമാക്കി.
"അച്ഛനിന്നാളു പറഞ്ഞ ആലോചനയുമായി മുന്നോട്ടു പൊക്കോ!"ഭാനുമതി പറഞ്ഞു.
"അപ്പോ കുട്ടികള്‍?!"അച്ഛന്‍ പഴയൊരു സംഭാഷണശകലമോര്‍ത്തു.
"ആ ചതിയന്റെ വിത്തുകളല്ലേ!എവിടെയെങ്കിലും പോയി തുലയട്ടെ.വല്ല ബോര്‍ഡിങ്ങിലോ മറ്റോ നിര്‍ത്താം.എനിക്കാ വിഷയത്തില്‍ ഇനി സെന്റിമെന്‍സില്ല!"
ഇടക്കെങ്ങോ ഒരു ദിവസം വീട്ടിലൊരു കാക്കാലത്തി ഫൂതം,ഫാവി,വര്‍ത്താനങ്ങള്‍ പറയാനെത്തി.
"ഐസ്വര്യമൊള്ള മൊഹം നിറേ വ്യാകുലമാണല്ലോ അമ്മാ!ഇവിടെ യാരാവത് പുനര്ജന്മപ്പെട്ടതായി എന്നോടെ സാസ്ത്രം ശൊല്‍റത്."
"എന്ത് ജാതി ജന്മം?"വകയിലമ്മായി ചാടി ഇടപെട്ടു.
"പുനരുജന്മം അമ്മാ പുനരുജന്മം!"
"ഇനിയിപ്പം അങ്ങിനെ വല്ലതും ആകുമോ അമ്മായീ.സുകുവേട്ടന്റെ പുനര്‍ജന്മമാണോ
ആ കൊച്ച്?"
"ഓ ഒരു ചുകുവേട്ടന്‍!"അമ്മായി മുഖം കോട്ടി.
"അതെന്താ അമ്മായീ!?"
"എല്ലാക്കാര്യോം നിന്നോടു പറയുന്ന ആ പുണ്യാളനെന്താ ആല്‍ത്തറമൂടിനടുത്തെ ആ ഗള്‍ഫുകാരന്റെ കെട്ട്യോളും തള്ളയും തനിച്ചു താമസിക്കുന്നിടത്തു കാര്യം!നീയിങ്ങനെയൊു പൊട്ടക്കൊണാപ്പത്തിയായി പോയല്ലോ!"
അങ്ങനെ പിള്ളേര് വേറൊരു മോഡേണ്‍ അനാഥമന്ദിരത്തിലായി.രാജന്‍ ഭാനുമതിയെ വിവാഹം കഴിച്ചു.
അതിനിടയില്‍ സുകുവിന്റെ ആല്‍ത്തറമൂട് സന്ദര്‍ശനത്തിന്റെ മഹാരഹസ്യം കാലം കൊഞ്ചം ലേറ്റായാലും റൊമ്പ ലേറ്റസ്റ്റായി വെളിപ്പെടുത്തി.
ഇതിനെല്ലാം കാരണം പുനര്‍ജന്മമാണ്.ഈ സംഭവം നിലക്കാത്ത ചദ്ധനമഴപോലെ ഇനിയും വലിഞ്ഞ് നീളും.രാജനും ഭാനുമതിക്കും ഒരു പെണ്‍കുട്ടി ജനിക്കാം.അവള്‍ സുകുവിന്റെ പുനര്‍ജന്മമായ കുട്ടിയുമായി വണ്‍സൈഡ് പ്രേമത്തിലാവാം.സുകുവിന്റെ പുനര്‍ജന്മം തന്റെ പൂര്‍വ്വജന്മത്തിലെ പ്രാണപ്രേയസ്സിയെ ആകസ്മികമായി കണ്ട് തിരിച്ചറിഞ്ഞേക്കാം.അങ്ങിനെ സങ്കീര്‍ണ്ണതയില്‍ നിന്നും സങ്കീര്‍ണ്ണകളിലേയ്ക്ക് നീങ്ങാനൊരുമ്പെടുന്ന ഈ കഥയെ ഇവിടെ കഴുത്തിനു പിടിച്ച് വെളിക്ക് തള്ളുകയാണ്.
ഇനിയെങ്കിലും പുനര്‍ജന്മത്തിന് ഉദ്ദേശ്യമുണ്ടെങ്കില്‍ അത് സ്ഥലം,കാലം എന്നിവയൊക്കെ നോക്കി മാത്രം ചെയ്യുക.
ഇല്ലെങ്കില്‍ ചിട്ടി കൂടിയ കാര്യം കെട്ട്യോളോട് പറയുകയെങ്കിലും ചെയ്യുക...പളീസ്