Saturday, 4 April 2015

രണ്ട് തരം കണ്ണുനീര്‍

രണ്ട് ഇനം കണ്ണീരാണ് ഇന്നത്തെ ഓര്‍മ്മ.

ഒന്ന് :-

ഒരല്‍പ്പം ആമുഖം.
ശൂന്യതയില്‍ നിന്നും പ്രശ്നങ്ങളും പരിഹാരങ്ങളും പണവും കടപ്പാടും പ്രചോദനവും പ്രത്യാശയില്‍ പൊതിഞ്ഞ നൈരാശ്യവും സ്നേഹവും സൗഹൃദവും വെറുപ്പും സൃഷ്ടിക്കാനാവുന്നവന്‍. ധ്വരയുടെ നാട്ടിലെ കച്ചകപടതന്ത്രങ്ങളുടെ തങ്കലിപികളിലെഴുതിയ അംഗീകാരപത്രികകള്‍ ഡബിള്‍ ബാരല്‍ തോക്കും കടുവാത്തലയും പോലെ സ്വീകരണമുറിയില്‍ പ്രദര്‍ശിപ്പിച്ച ആള്‍.

പ്രായക്കൂടുതലിനെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന, ആദ്യകൂടിക്കാഴ്ചകളില്‍ ഉരുളക്കുപ്പേരി വരാത്ത, ചുണ്ടു വിറക്കുന്ന, ശബ്ദം താഴ്ന്നു പോകുന്ന, മുറിവേല്‍പ്പിക്കാനും അടിക്കടി അതില്‍ ക്ഷതമേല്‍പ്പിക്കാനും നിന്ന് കൊടുക്കുന്നവര്‍ എന്ന് മുഖത്ത് എഴുതി വെച്ച എല്ലാവരും അദ്ദേഹത്തിന് കോ ഓര്‍ഡിനേറ്റര്‍..ജീവിതകാലം മുഴുവന്‍ ട്രെയിനിംഗ് ല്‍ ആയ എല്ലാത്തിന്റെയും കോ ഓര്‍ഡിനേറ്റര്‍..

ആഡംബരപ്രിയര്‍,പിടിവാശിക്കാര്‍,മധുരമായി വിലപേശാനറിയാവുന്നവര്‍,ചെറിയ വിജയങ്ങളില്‍ അഹങ്കരിക്കുന്നവര്‍ (വലിയ പരാജയം ഗ്യാരണ്ടീട്), സര്‍വ്വനാശം രഹസ്യമായി സ്വപ്നം കാണുന്നവര്‍ എന്നിവരേയും അദ്ദേഹത്തിനാവശ്യമാണ്..

ആയുഷ്കാല ട്രെയിനിംഗിന് പൂര്‍ണ്ണവിരാമം ഇടാന്‍ തീരുമാനിച്ചു കൊണ്ടേ ഇരുന്ന കോ ഓര്‍ഡിനേറ്ററുമായുള്ള കൂടിക്കാഴ്ച.മുതലാളി :(താന്ത്രികമായ മെഡിറ്റേറ്റിംഗ് ശബ്ദത്തില്‍) "തൊഴിലാളീ ഇരിക്കൂ.തടയാനോ കാര്യകാരണങ്ങള്‍ വിസ്തരിക്കാനോ അല്ല ഈ കൂടിക്കാഴ്ച.അത് എന്റെ രീതിയല്ലെന്നറിയാമല്ലോ?! "

തൊഴിലാളി :(നിശബ്ദം) അപ്പോ പിന്നെ കൊപ്രായുടെ വിലനിലവാരം ചര്‍ച്ച ചെയ്യാനാകും.

മുതലാളി: ( തന്റെ ഓട്ടോമാറ്റിക് കാര്‍ പോലെ സ്പീഡില്‍) "വളരെ നിര്‍ഭാഗ്യകരമായ, വേദനാജനകമായ തീരുമാനം.. എഴുതാത്ത ഒരു ബുക്ക് പോലുള്ള താങ്കള്‍ ആദ്യകാല ശരീരഭാഷയില്‍ നിന്നും എന്റെ സാമ്രാജ്യത്തിന്റെ തലച്ചോറ് എന്ന നിലയിലാണ് എന്റെ ദീര്‍ഘവീക്ഷണം പാഞ്ഞത്..(പതിനാരങ്ങളോട് ലക്ഷക്കണക്കിന് തവണ പറഞ്ഞ വാക്കുകള്‍)..അതിനൊരുപാട് അവസരവും തന്നില്ലേ? "

തോ: (ഓട്ടോമാറ്റിക് ബ്രേക്ക് ഇടാത്തതിനാല്‍ നിശബ്ദം) നാല് പേര്‍ ഇരുന്നിട്ട് ഇപ്പോള്‍ തീരാത്തത് ഒറ്റക്ക്..അവസരങ്ങളുടെ പ്രളയം..

മു:" പറഞ്ഞതുപോലെ ആരുടേയും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാറില്ല..എന്റെ ഭാവിയിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ സാരഥി,ധ്വരയുടെ അംഗീകാരപത്രവും ഓട്ടോമാറ്റിക്കും ഉള്ള എന്നെ പോലൊരു ദീര്‍ഘദര്‍ശി അങ്ങിനെയും ചിലതുണ്ടായിരുന്നു.."(200 വെള്ളിനാണയത്തിന് 2 വര്‍ഷം.. ലക്ഷത്തിന്റെ സാക്ഷ്യപത്രം പോലും..ഹ ഹ.) ഏതായാലും അവസാനമായി ചില വിവരങ്ങള്‍ എങ്കിലും തരൂ..ഈ വേദനാജനക തീരുമാനത്തിന് കാരണം ഞാനാണോ? (അല്ലെന്ന് പറയണം) ഭരണസംവിധാനമാണോ? അതോ കൂടെയുള്ളവരാണോ? "

തൊ: "ഇതെല്ലാം..എനിക്ക് വയ്യ.."

മു : (ഉറച്ച ശബ്ദത്തില്‍) "ഇതിനൊന്നിനും എനിക്കാരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട..ദൈവം എന്റെ കൂടെയുള്ളത് കൊണ്ടാണ് ഇന്ന് ഈ കാണുന്നതെല്ലാം ഉണ്ടായത് (പാവം ദൈവം, കൂട്ടുപ്രതി..)എന്നോടൊപ്പമുള്ള ജീവിതം ആസ്വദിക്കാന്‍ പറ്റാത്തത് ഈ ചതഞ്ഞ സ്വഭാവം കൊണ്ടല്ലേ?"

തൊ :" ചതഞ്ഞ സ്വഭാവം!!3500 വെള്ളിയുടെ വരുമാനവും സര്‍വൈലന്‍സ് കാമറ ഇല്ലാത്ത വാഹനത്തിന്റെ മറവുമുള്ള സഹതൊഴിലാളി തരുന്ന മിസ്ഡ് കോളിന് ഒറ്റക്കിരുന്നു പഠിക്കാന്‍ ശ്രമിക്കുന്ന മള്‍ട്ടി ടാസ്കിംഗിനിടെ മറുപടി നിമിഷം താമസിച്ചാല്‍ അത് തെറ്റാകുന്നു..മണിക്കൂറുകള്‍ നീളും കൂടിക്കാഴ്ചകള്‍ക്കുള്ള വഴി തുറക്കപ്പെടുന്നു( ഭക്ഷണം, ഉറക്കം ഇത്യാതി കളകളെ പറിച്ചു മാറ്റി മനസ്സിനെ പുഞ്ചപ്പാടം പോലാക്കിയാണ് നിര്‍ദ്ദേശങ്ങളുടെ വിത്ത് ഇറക്കപ്പെടുന്നത്..എന്റമ്മോ..)

മു: (ചെറിയ മൗനം) "ഒ. കെ. അപ്പോള്‍ ഞാന്‍ ആണു വില്ലന്‍ എന്നാണ് അല്ലേ? എന്തായാലും ഞാന്‍ തന്ന അവസരം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയല്ലോ..ലൈഫ് സ്റ്റൈല്‍ പോലും"

തൊ :( നിശബ്ദം, ശരിയാ ജെറ്റ്സ്കീ റൈഡിംഗ്, എക്സിബിഷനുകള്‍, ബര്‍ത്ത്ഡെ പാര്‍ട്ടി  -ഫ്രീ പാസ് അദ്ദേഹത്തിന്റെ ;വഴിച്ചിലവും വേഷം കെട്ടലും നാട്ടുകാര്‍ ഫോട്ടോ കാണുമ്പോള്‍ ഉള്ള നാണക്കേടും പെന്‍ഡിംഗ് വര്‍ക്കിന്റെ പ്രഷറും നമുക്കും)

മു: (സ്പീഡില്‍) "നിയമസംവിധാനങ്ങളെപ്പറ്റിയും ഔദ്യോഗികപദവിയുടെ ഗൗരവത്തെ പറ്റിയും പഠിക്കാന്‍ അവസരം കിട്ടിയല്ലോ അല്ലേ?"

തൊ :" പഠിച്ചു തീര്‍ന്നത് ഈയടുത്താണ്..ശിപായി എന്ന പേര് മാറത്ത്..അതേ തോതില്‍ വെള്ളിത്തുട്ടും..വീട്ടില്‍ പോകുന്ന കാര്യത്തില്‍ നിയമത്തിനെന്താണ് പറയാനുള്ളതെന്നറിയാമല്ലോ? "(ഐ.  റ്റി.  വിഷയങ്ങളിലെ ദരിദ്രവാസിക്ക് ചേരാത്ത താത്പര്യം, കച്ചവടരഹസ്യങ്ങള്‍, ജയില്‍ വാസത്തെ കുറിച്ചുള്ള അഭിപ്രായം എല്ലാം സില്‍ബന്ധികള്‍ വഴി അറിഞ്ഞു വെച്ചു -ഭാഗ്യം.)

മു :" ആള്‍റൈറ്റ്.. എന്തായാലും ഞാന്‍ തുടങ്ങിവെച്ച യാത്ര എനിക്ക് തുടരണ്ടേ? ഒരു പാടു കുടുംബങ്ങള്‍ എന്നെ ആശ്രയിക്കുന്നു!!താങ്കള്‍ ചോദിക്കേണ്ടതു പോലെ ചോദിക്കാതിരുന്നതിനാലാണ് വെള്ളിനാണയം ആവശ്യത്തിനെത്താതിരുന്നത്..പിന്നെ അവസാനമായി , എപ്പോള്‍ വേണമെങ്കിലും എന്റെ അടുത്തേക്ക് തിരിച്ചു വരാം..പോകുമ്പോള്‍ ആരുടേയും മനസ്സ് മാറ്റില്ലെന്നും എന്റെ ശത്രുക്കളുടെ കൂടെ തിരിച്ചു വരില്ലെന്നും പ്രതീക്ഷിക്കുന്നു..ആള്‍ ദ ബെസ്റ്റ്.. "

പരാജയമറിയാത്ത നടന്റെ വേദന കണ്ണില്‍ ചെറിയൊരു കലങ്ങലായി...

മു: "മറ്റ് ആയിരം പ്രശ്നങ്ങളുടെ ഇടയിലായി പോയി..അല്ലെങ്കില്‍ ഞാന്‍ കരഞ്ഞ് പോയേനെ..."

തൊ: (നിശബ്ദം) "ഭാഗ്യം.. എത്ര ചതഞ്ഞ സ്വഭാവമുള്ളോര്‍ക്കും മുഖത്ത് ശുനകന്‍ മൂത്രമൊഴിച്ചാല്‍ ഇഷ്ടപ്പെടുമോ? ഇനിയൊരു കൂടി കാഴ്ച ഉണ്ടാകാതിരിക്കട്ടെ..

രണ്ട് :-

മാതൃഭാഷയല്ലാതൊന്നും പഠിക്കാനാവാത്ത നാട്ടിന്‍ പുറത്തുകാരന്‍ ദേശി..നടുവൊടിയുന്ന അധ്വാനത്തിന് ശേഷവും നാട്ടുകാരുമായി വിശേഷങ്ങളും ഭക്ഷണവും പങ്കുവെക്കുന്ന സമര്‍ത്ഥനല്ലാത്ത മനുഷ്യന്‍..

ദേശി :"ഭായ്യാ, ആപ് ദൂസരാ കമ്പോനി സെ (മേം) വാപസ് ആയേഗാ ? ആപ് ഭീ ഇധര്‍ ഹേ തോ അച്ഛാ ധാ..ഭിര്‍ ഭീ മുശ്കില്‍ നഹീ ഹെ ഭയ്യാ..അമ്മീ, അബു കാ ഖയാല്‍ രഖ്നാ..ശാദീ ബനാവോ..അള്ളാ സെ ഹം ദുവാ കരേഗാ"

ഏത് നാട്ടുകാരനെന്ന് മുഖം നോക്കിയാലറിയാനാവാത്ത, ചെറിയ യാത്രകളില്‍ പോലും ആകാശം നോക്കിയിരിക്കാനിഷ്ടപ്പെടുന്ന, ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം പറയുന്ന, ജോലിയെന്തെന്ന് ഇതുവരെ മനസ്സിലാകാത്ത ഭയ്യക്കായി പൊഴിച്ച കണ്ണുനീര്‍ തുള്ളികള്‍..

കാലം, ദേശം, ഭാഷ, എല്ലാമെല്ലാം നാണിച്ച് നില്‍ക്കുമ്പോള്‍ അവിടെ രണ്ട് പ്രായത്തിലുള്ള സഹോദരന്‍മാര്‍ ഒരുമിച്ചു ജനിച്ചു..

No comments:

Post a Comment