Friday, 17 April 2015

കിട്ടുണ്ണിയും സായിപ്പും

  ആഗോളവത്കരണ സാംസ്കാരിക കൈമാറ്റ (കള്‍ച്ചറല്‍ എക്സ്ചേഞ്ച് സ്വതന്ത്രപരിഭാഷ) ദിനരാത്രങ്ങള്‍ക്കൊടുവില്‍ അവര്‍ കണ്ടുമുട്ടി - കിട്ടുണ്ണിയും സായിപ്പും, സായിപ്പും കിട്ടുണ്ണിയും.

പതിവില്ലാത്തവിധം മനസ്സ് വെട്ടിത്തുറന്ന് സംസാരിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഒന്നു കേട്ടു നോക്കിയാലോ?

ഭാഗ്യത്തിന് കണ്ടെത്തലുകള്‍ അക്കമിട്ടു നിരത്തുന്ന രീതി ഏതോ സംസ്കാരത്തില്‍ നിന്നും രണ്ടു പേരും സ്വായത്തമാക്കിയിരുന്നു.

കിട്ടുണ്ണി കണ്ടെത്തിയ സായിപ്പ് ഗുണങ്ങള്‍

1.നല്ല നിറം

2.നല്ല ശരീരപ്രകൃതി

3.നല്ല ഭരണതന്ത്രങ്ങള്‍

ഇനി സായിപ്പിന്റെ ദോഷങ്ങളോ

1.പരസ്യമായി സ്ത്രീകളെ കെട്ടിപ്പിടിക്കുന്നു.

2.അപ്പനോടും അമ്മയോടും ഭാര്യയോടും മക്കളോടും വരെ എപ്പോഴും ഐ ലവ് യു, സോറി, താങ്ക്യു എന്നൊക്കെ പറഞ്ഞ് സ്വന്തം വിലകളയുന്നു.

3.കുലമഹിമയും വിദ്യാഭ്യാസവും മാറ്റിവെച്ച് ജോലികള്‍ ചെയ്യുന്നു. ജോലിക്കനുസരിച്ച് വസ്ത്രം ധരിക്കുന്നു.

4.തനിക്കെതിരെ സിവില്‍ കേസ് കൊടുത്തവനോടും ഹായ്, ഹലോ പറയുന്നു.

5.എല്ലാത്തിനും ഇന്‍ഷുറന്‍സ്, സര്‍വൈലന്‍സ്, ഹെല്‍മറ്റ്, ജാക്കറ്റ് സേഫ്റ്റി ഷൂ. കൊതുകിനെ കൊല്ലാന്‍ വരെ കൈത്തോക്ക്.

6.നിയമസംവിധാനത്തിലും ഭരണത്തിലും വിശ്വസിക്കുന്നു. തിരിച്ചും.

7.സാമൂഹിക പ്രതിബദ്ധതക്കുറവ്.

8.സര്‍ഗ്ഗ സൃഷ്ടികളില്‍ വിചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നു.

9.എല്ലാത്തിനും സമയം കണ്ടെത്തുന്നു. ഒരുപാട് തിരക്കിലാവാതെയിരിക്കുന്നു.

10. ദുശീലങ്ങളെയും മഹത്ത്വവത്കരിച്ച് വിപണിയിലെത്തിക്കുന്നു.

സായിപ്പ് കണ്ട കിട്ടുണ്ണി ഗുണങ്ങള്‍

1.പ്രകൃതി രമണീയമായ, നല്ല കാലാവസ്ഥയുള്ള നാട്.

2.പാരമ്പര്യമായി പകര്‍ന്നു കിട്ടും വിജ്ഞാനം, ആത്മീയത. 

3.അനുകരണ വാസന. വീട് വിടുമ്പോളെങ്കിലും തെളിയുന്ന സര്‍ഗ്ഗാത്മകത, ബുദ്ധിശക്തി.

സായിപ്പ് പറഞ്ഞ കിട്ടുണ്ണീടെ ദോഷങ്ങള്‍

1.പൊതു സ്ഥലങ്ങളില്‍ തുപ്പുന്നു. മലമൂത്രവിസര്‍ജ്ജനം. 

2.അഭിമാനം, സന്തോഷം, സമയം എന്നിവയെല്ലാം മറ്റുള്ളവരുടെ കൈയ്യില്‍ സൂക്ഷിക്കാനേല്‍പ്പിച്ചിരിക്കുന്നു.

3.ശരീരത്തിനും മനസ്സിനും ഇണങ്ങാത്ത ഭക്ഷണം, വസ്ത്രം, ബന്ധങ്ങള്‍, പാര്‍പ്പിടം, ജോലി, ശീലങ്ങള്‍, വിശ്വാസങ്ങള്‍.

4.അടിത്തറ അശേഷമില്ലാത്ത പകല്‍മാന്യത.

5.വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള നിര്‍ലജ്ജമായ നേരിട്ടുള്ള കടന്നു കയറ്റം, നിയമം കൈയ്യിലെടുക്കല്‍, ദുരുപയോഗിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം, മലര്‍ന്നു കിടന്നു തുപ്പും പോലുള്ള മാധ്യമ സ്വാതന്ത്ര്യം.

6.അന്ധവിശ്വാസങ്ങള്‍ അവയവങ്ങള്‍ പോലെ.

7.ദിശാബോധമെന്നും സമൂഹത്തിന്റെ സൃഷ്ടി. വ്യക്തി നിസ്സഹായന്‍.

8.ദുശീലങ്ങളെ വിമര്‍ശിച്ച് വിപണിയിലെത്തിക്കുന്നു

ഇതെല്ലാം കേട്ടിരുന്നപ്പോ ഉടലെടുത്ത സാംസ്കാരികമായ ഒരു പേടി - വല്ല ജനിതക പരീക്ഷണങ്ങളിലൂടെയും പുതിയ ഇനം കിട്ടുണ്ണി സായിപ്പോ, സായിപ്പ് കിട്ടുണ്ണിയോ ജനിക്കുമോ?

ഗുണവും ഗുണവും ചേര്‍ന്നാലും ദോഷവും ദോഷവും ചേര്‍ന്നാലും..കണ്ടറിയാം.

No comments:

Post a Comment