Tuesday, 14 April 2015

ചില പരീക്ഷണ കഥകളും മറ്റും

വിരല്‍ ഞൊടിച്ചാരോ - അനക്കമുണ്ടോയെന്നു പരീക്ഷിച്ചു..

പുറത്ത് തല്ലി ഡാക്കിട്ടര്‍ - ജീവന് ശരിക്കും ജീവനുണ്ടോയെന്നൊരു പരീക്ഷണം..

വിത്തൊന്ന് കുഴിയില്‍ വയ്പ്പിച്ച് വലിയപ്പന്‍ - കൈപ്പുണ്യ പരീക്ഷണം..

പ്രാര്‍ത്ഥനക്കിടെക്കിടെ പാളി നോക്കി വലിയമ്മ - ഉറങ്ങും ഉഴപ്പാളിയെന്നറിയാനുള്ള പരീക്ഷണം..

പാഠപുസ്തകങ്ങള്‍ക്കിടയില്‍ അടിക്കടി പരതുന്ന അമ്മ - സദാചാര പരീക്ഷണം..

ബസ് ടിക്കറ്റിന്റെ ബാക്കി പരിശോധിക്കും അച്ഛന്‍ - ദൂരപരിധി പരീക്ഷണം..

കല്ല്യാണവീട്ടില്‍ നിശ്വാസം മണപ്പിക്കുന്ന ആണ്‍ ബന്ധുജനം - മദ്യാസക്തി പരീക്ഷണം..

റ്റീ വി ചാനലിന്റെ സ്വഭാവങ്ങള്‍ പഠിക്കുന്ന പെണ്‍ ബന്ധുജനം - സാക്ഷ്യപത്രത്തിനായുള്ള പരീക്ഷണം..

മൊഫൈലില്‍ ഇടം കണ്ണിടും സഹോദരങ്ങള്‍ - പരീക്ഷണം..

ആവശ്യത്തിലധികം കുനിഞ്ഞ് സംശയം ചോദിക്കാനെത്തി മുഖത്തേക്ക് പെട്ടെന്നു കണ്ണെറിയുന്ന പെണ്‍ സഹപാഠി - എന്തോ പരീക്ഷണം..

തോളുകൊണ്ട് തോളിലിടിക്കുന്ന ആണ്‍ സഹപാഠി - അഹങ്കാര പരീക്ഷണം..

മസ്സിലുകള്‍ പെരുപ്പിച്ച് ദേഹത്തുരുമ്മുന്ന ആണ്‍സഹയാത്രികന്‍ - അസ്വഭാവികത പരീക്ഷണം..

തിരക്കിനിടയിലും മുടിത്തുമ്പ് മുന്‍പിലേക്കിട്ട് വെറുതേ തഴുകുന്ന പെണ്‍സഹയാത്രിക - അതും എന്തോ പരീക്ഷണമാവാം..

എന്‍ഡ് ഓഫ് ദ ഡേ, കമ്മിറ്റ്മെന്റ്,  ലോങ്ങ് റണ്‍ , എക്സീഡ് ദ എക്സ്പെറ്റേഷന്‍ - ദുരാഗ്രഹത്തിന്റെ തൊഴിലുടമാ പരീക്ഷണം..

കോ ഓര്‍ഡിനേഷന്‍,  ലെതാര്‍ജി,  അഗ്രസ്സീവ്,  ഇടക്കിടെ അടിക്കടി ചേര്‍ത്ത് കൂടിക്കാഴ്ച മാനേയര്‍ - പരീക്ഷണം.. 

വീട്, കാറ്, കല്ല്യാണം, ലോണ് മുയലാളീടെ അപ്പനും - അത് കൃമി കടീടെ പരീക്ഷണം..

ആക്ടിവിറ്റി ലോഗ്,  ഭാവി സാമൂഹികവിരുദ്ധ പദ്ധതികള്‍ എന്തെങ്കിലും  - പൊതുവേ...

പരീക്ഷണങ്ങളുടെ സമ്മാനമെന്തെന്നറിയുന്നു..

പരീക്ഷകരുടെ എല്ലാവരുടേയും സമ്മാനമെന്തെന്നറിയില്ലെങ്കിലും..

No comments:

Post a Comment