Thursday, 23 April 2015

പനിയപ്പൂപ്പന്‍

കൊച്ചുമോന്‍: "അപ്പൂപ്പാ, പനിക്കുന്നുണ്ടല്ലോ! മുണ്ടു മാറി വാ..ആശൂത്രീല്‍ പോകാം..നിര്‍ബന്ധാണേല്‍ സര്‍ക്കാറാശൂത്രീല്‍ "

അപ്പൂപ്പന്‍: "കുരുത്തംകെട്ടോനെ!! പനിയോ!! എനിക്കോ!! ഇത് പഴേ മണ്ണാ!! ചെറീയോരു മേലുകാച്ചിലും  വിശപ്പില്ലായ്കേം ഉണ്ട്..അതിന് ഞാന്‍ കുറച്ചു കഴിയുമ്പോള്‍ വെള്ള മുണ്ടുമുടുത്ത് സര്‍ക്കാറാശൂത്രീല്‍ പൊക്കോളാം "

Monday, 20 April 2015

പുതിയ നായര്‍ പിടിച്ച വാല്‍

'പഴയ നായര്‍ കഥകള്‍' അമ്മിഞ്ഞ പാലിനൊപ്പം പകര്‍ന്നു കിട്ടിയത് കൊട്ടക്കണക്കിന് കൈയ്യിലുണ്ടെങ്കിലും ഇദ്ദേഹവും പിടിച്ചു ഒരു രസികന്‍ വാല്‍..

പതിവുപോലെ ബന്ധപ്പെട്ടോരെയെല്ലാം ഉടനടി വിവരമറിയിച്ചു..പത്തിരുപത് കണ്ഠങ്ങളില്‍ നിന്ന് നൂറായിരം അഭിപ്രായങ്ങള്‍ - ശിക്കാരി ശംഭു,മയക്കുവെടി,കമ്പിക്കൂട്,വടം - എല്ലാം പതിവുപോലെ.

അഭിപ്രായ സ്വാതന്ത്ര്യധൂര്‍ത്തിന്റെ ലഹരിയില്‍ മുങ്ങിയ പുതു നായരുടെ മനവും "മ്യാവൂ, മ്യാവൂ" ശബ്ദം ഇതേ വാലിന്റെ മറ്റേ തലക്കല്‍ നിന്നാണെന്ന് മനസ്സിലാക്കാന്‍ അറച്ചു നിന്നു.

ഇനിയിതിനാകെ ഉള്ള പരിഹാരം വാലിന്റെ ഉടമസ്ഥനെ പുതു നായരുടേയും ബന്ധപ്പെട്ടവരുടേയും സ്വപ്നങ്ങളിലെ ജീവിയായി മസ്തിഷ്ക പ്രക്ഷാളനം നടത്തിയെടുക്കുക എന്നതു മാത്രമാണ്.

Saturday, 18 April 2015

മമ്മുക്കായുടെ മുന്‍കോപം

സിനിമാ ഫീല്‍ഡില്‍ ഫേമസാണ് മമ്മുക്കാടെ മുന്‍കോപം..

ഒരാരാധകന്‍ (മുരടനക്കുന്നു)

മമ്മുക്കാ (പത്രത്തില്‍ നിന്നും തലയുയര്‍ത്തി, കുറച്ചുറക്കെ) "കയറി വാടോ! ഇത്ര ദൂരെ മാറി നിന്നാല്‍ എങ്ങിനെ കാണും?! "

ആരാധകന്‍ "രാവിലെ തന്നെ ദേഷ്യത്തിലാണല്ലോ??!!"

Friday, 17 April 2015

കിട്ടുണ്ണിയും സായിപ്പും

  ആഗോളവത്കരണ സാംസ്കാരിക കൈമാറ്റ (കള്‍ച്ചറല്‍ എക്സ്ചേഞ്ച് സ്വതന്ത്രപരിഭാഷ) ദിനരാത്രങ്ങള്‍ക്കൊടുവില്‍ അവര്‍ കണ്ടുമുട്ടി - കിട്ടുണ്ണിയും സായിപ്പും, സായിപ്പും കിട്ടുണ്ണിയും.

പതിവില്ലാത്തവിധം മനസ്സ് വെട്ടിത്തുറന്ന് സംസാരിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഒന്നു കേട്ടു നോക്കിയാലോ?

ഭാഗ്യത്തിന് കണ്ടെത്തലുകള്‍ അക്കമിട്ടു നിരത്തുന്ന രീതി ഏതോ സംസ്കാരത്തില്‍ നിന്നും രണ്ടു പേരും സ്വായത്തമാക്കിയിരുന്നു.

കിട്ടുണ്ണി കണ്ടെത്തിയ സായിപ്പ് ഗുണങ്ങള്‍

1.നല്ല നിറം

2.നല്ല ശരീരപ്രകൃതി

3.നല്ല ഭരണതന്ത്രങ്ങള്‍

ഇനി സായിപ്പിന്റെ ദോഷങ്ങളോ

1.പരസ്യമായി സ്ത്രീകളെ കെട്ടിപ്പിടിക്കുന്നു.

2.അപ്പനോടും അമ്മയോടും ഭാര്യയോടും മക്കളോടും വരെ എപ്പോഴും ഐ ലവ് യു, സോറി, താങ്ക്യു എന്നൊക്കെ പറഞ്ഞ് സ്വന്തം വിലകളയുന്നു.

3.കുലമഹിമയും വിദ്യാഭ്യാസവും മാറ്റിവെച്ച് ജോലികള്‍ ചെയ്യുന്നു. ജോലിക്കനുസരിച്ച് വസ്ത്രം ധരിക്കുന്നു.

4.തനിക്കെതിരെ സിവില്‍ കേസ് കൊടുത്തവനോടും ഹായ്, ഹലോ പറയുന്നു.

5.എല്ലാത്തിനും ഇന്‍ഷുറന്‍സ്, സര്‍വൈലന്‍സ്, ഹെല്‍മറ്റ്, ജാക്കറ്റ് സേഫ്റ്റി ഷൂ. കൊതുകിനെ കൊല്ലാന്‍ വരെ കൈത്തോക്ക്.

6.നിയമസംവിധാനത്തിലും ഭരണത്തിലും വിശ്വസിക്കുന്നു. തിരിച്ചും.

7.സാമൂഹിക പ്രതിബദ്ധതക്കുറവ്.

8.സര്‍ഗ്ഗ സൃഷ്ടികളില്‍ വിചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നു.

9.എല്ലാത്തിനും സമയം കണ്ടെത്തുന്നു. ഒരുപാട് തിരക്കിലാവാതെയിരിക്കുന്നു.

10. ദുശീലങ്ങളെയും മഹത്ത്വവത്കരിച്ച് വിപണിയിലെത്തിക്കുന്നു.

സായിപ്പ് കണ്ട കിട്ടുണ്ണി ഗുണങ്ങള്‍

1.പ്രകൃതി രമണീയമായ, നല്ല കാലാവസ്ഥയുള്ള നാട്.

2.പാരമ്പര്യമായി പകര്‍ന്നു കിട്ടും വിജ്ഞാനം, ആത്മീയത. 

3.അനുകരണ വാസന. വീട് വിടുമ്പോളെങ്കിലും തെളിയുന്ന സര്‍ഗ്ഗാത്മകത, ബുദ്ധിശക്തി.

സായിപ്പ് പറഞ്ഞ കിട്ടുണ്ണീടെ ദോഷങ്ങള്‍

1.പൊതു സ്ഥലങ്ങളില്‍ തുപ്പുന്നു. മലമൂത്രവിസര്‍ജ്ജനം. 

2.അഭിമാനം, സന്തോഷം, സമയം എന്നിവയെല്ലാം മറ്റുള്ളവരുടെ കൈയ്യില്‍ സൂക്ഷിക്കാനേല്‍പ്പിച്ചിരിക്കുന്നു.

3.ശരീരത്തിനും മനസ്സിനും ഇണങ്ങാത്ത ഭക്ഷണം, വസ്ത്രം, ബന്ധങ്ങള്‍, പാര്‍പ്പിടം, ജോലി, ശീലങ്ങള്‍, വിശ്വാസങ്ങള്‍.

4.അടിത്തറ അശേഷമില്ലാത്ത പകല്‍മാന്യത.

5.വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള നിര്‍ലജ്ജമായ നേരിട്ടുള്ള കടന്നു കയറ്റം, നിയമം കൈയ്യിലെടുക്കല്‍, ദുരുപയോഗിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം, മലര്‍ന്നു കിടന്നു തുപ്പും പോലുള്ള മാധ്യമ സ്വാതന്ത്ര്യം.

6.അന്ധവിശ്വാസങ്ങള്‍ അവയവങ്ങള്‍ പോലെ.

7.ദിശാബോധമെന്നും സമൂഹത്തിന്റെ സൃഷ്ടി. വ്യക്തി നിസ്സഹായന്‍.

8.ദുശീലങ്ങളെ വിമര്‍ശിച്ച് വിപണിയിലെത്തിക്കുന്നു

ഇതെല്ലാം കേട്ടിരുന്നപ്പോ ഉടലെടുത്ത സാംസ്കാരികമായ ഒരു പേടി - വല്ല ജനിതക പരീക്ഷണങ്ങളിലൂടെയും പുതിയ ഇനം കിട്ടുണ്ണി സായിപ്പോ, സായിപ്പ് കിട്ടുണ്ണിയോ ജനിക്കുമോ?

ഗുണവും ഗുണവും ചേര്‍ന്നാലും ദോഷവും ദോഷവും ചേര്‍ന്നാലും..കണ്ടറിയാം.

Wednesday, 15 April 2015

എന്റെ കരിക്കുലം കൊല വിറ്റ്


പേര്, ജനനത്തീയതി, പാസ്പോര്‍ട്ട് നമ്പര്‍, ജാതി,  മതം, കോണ്‍ടാക്റ്റ് ഡീറ്റെയില്‍സ് :- ഇതിലൊക്കെയെന്തിരിക്കുന്നു...

ലക്ഷ്യം:-

ആത്മാഭിമാനമുള്ള ഏതൊരു പൗരനേയും പോലെ ജീവിക്കുക.

യോഗ്യതകള്‍ :-

പത്താം ക്ളാസ്സ്,  പ്ളസ് റ്റു, കഷ്ടി ഡിസ്റ്റിംഗ്ഷണത്തോടെ ജയിച്ചു.

കലാലയം: ഭൗതികശാസ്ത്രം ബിരുദപഠനത്തിനായി ചേര്‍ന്നു. രണ്ടാം വര്‍ഷം പകുതിയില്‍ സഹപാഠികളുമായുണ്ടായ സൗന്ദര്യ പിണക്കത്തില്‍ എടുത്ത ഉറച്ച നിലപാട് ഭീരുത്വം നിറഞ്ഞ കൂട്ടായ ഗുണ്ടായിസം അപവാദപ്രചരണങ്ങള്‍ എന്നിവയാല്‍ സ്വാഗതം ചെയ്യപ്പെട്ടു.പ്രതികരണം അതിലും ഭീരുത്വം നിറഞ്ഞ ഉള്‍വലിയലിന്റെ ഭീകരവാദം ഡിസ്മിസലില്‍ കലാശിച്ചു. ധ്യാനം കൂടി നന്നായി വന്നാല്‍ പരീക്ഷണത്തിനിരുത്താമെന്ന പ്രായോഗിക പ്രോത്സാഹന സമ്മാനം ക്രൂരമായ ധാര്‍ഷ്ട്യത്തോടെ നിരാകരിച്ചു. ഈ വിവരം ആ കാലയളവില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയുമറിയിച്ചിരുന്നു.

കാലമെന്ന അദ്ധ്യാപഹയ ശ്രേഷ്ഠന്‍ അര ചാന്ദ്രമാസം പിന്നിടും മുന്‍പേ അടക്കാ തേങ്ങാ ചുമട്,  സദ്യ വിളമ്പല്‍, പുസ്തക പ്രസാധകരുടെ സഹായി, ചെറു കൃഷിപ്പണിക്കാരന്‍, തട്ടുകടയില്‍ സഹായി, ആംബുലന്‍സ് ക്ളീനര്‍, സെക്യൂരിറ്റി ജീവനക്കാരന്‍, ഇന്‍ഷുറന്‍സ് ഏജന്റ്, ബേക്കറി പലഹാര നിര്‍മ്മാണ ശാലയില്‍ സഹായി, റ്റ്യൂഷന്‍ റ്റീച്ചര്‍, അക്കൗണ്ട്സ് കോര്‍ഡിനേറ്റര്‍, സെയില്‍സ് കോര്‍ഡിനേറ്റ‍‍ര്‍, ഓപ്പറേഷന്‍സ് കോര്‍ഡിനേറ്റ‍‍ര്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റ‍‍ര്‍, എച്ച്. ആര്‍. കോര്‍ഡിനേറ്റ‍‍ര്‍, ഐ. റ്റി. കോര്‍ഡിനേറ്റ‍‍ര്‍, അഡ്മിന്‍ കോര്‍ഡിനേറ്റ‍‍ര്‍, ലൊജിസ്റ്റിക്സ് ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് കസ്റ്റംസ് കോര്‍ഡിനേറ്റ‍‍ര്‍, ലോഡിംഗ് ഓഫ് ലോഡിംഗ് കോര്‍ഡിനേറ്റ‍‍ര്‍ ഇത്യാദി ജോലികളില്‍ വ്യാപൃതനായി എട്ട് വര്‍ഷത്തോളമായി സ്വന്തം ചിലവുകളും നാല് വര്‍ഷത്തോളമായി കുടുംബ ചിലവുകളും നോക്കിനടത്തിപോരാനുള്ള അവസരം നല്‍കി പോരുന്നു.

ആത്മാര്‍ത്ഥ സൗഹൃദത്തിലും കണക്കു പറയാനായി മാത്രം അകപ്പെടുത്ത പെട്ട ചില കച്ചവട തന്ത്രങ്ങളിലും തിരിച്ചു കൊടുക്കാമെന്നുറപ്പുള്ള കൊടുത്തുകൊണ്ടിരിക്കുന്ന നല്ല മനസ്സുകളിലും നിന്നുള്ള  ചില ചില്ലറ  ഔദാര്യം കാലമാവുന്ന അദ്ധ്യാപകന്റെ എളിമപ്പെടുത്തല്‍ പോലെ.

നൂറു ചിരികള്‍ക്കും ആശംസാവചനങ്ങള്‍ക്കും പകരം ഒന്നോ രണ്ടോ എന്നതും പത്തോ പതിനെഞ്ചോ എന്നെത്തി നില്‍ക്കുന്നു.

ഡിപ്ളോമ: പൊതുജനാരോഗ്യ പദ്ധതികള്‍ക്ക് കരുത്തുപകരാന്‍ അക്ഷരാഭ്യാസമുള്ള യുവജനങ്ങളെ പരിശീലിപ്പിക്കുന്ന കേരളാ സര്‍ക്കാരിന്റെ രണ്ട് വര്‍ഷ ഡിപ്ളോമാ ഒന്ന് കഷ്ടി ഡിസ്റ്റിംഗ്ഷണത്തോടെ പെട്ടിയിലുണ്ട്.കരഞ്ഞു തളര്‍ന്ന കുഞ്ഞുങ്ങളെ സംഘടിപ്പിച്ച് കൂട്ടക്കരച്ചില്‍ തുടങ്ങിയിട്ടുമുണ്ട്.

ബാങ്ക് ബാലന്‍സ്: ജലദോഷപ്പനി വന്നാല്‍ തീരാവുന്നത്.

വീട് : വാടക

ശക്തി :-

സാമാന്യബുദ്ധിക്ക് നിരക്കുന്ന ഏതൊരു ചോദ്യത്തെയും ചോദ്യകര്‍ത്താവിന് യുക്തി ബോധത്തോടെ ഉത്തരം സ്വീകരിക്കാനാവും വരെ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നു.ചതഞ്ഞ മനസ്സിന്റെ സ്വാതന്ത്ര്യത്തിനു മുന്‍പില്‍ വെളിപ്പെടുന്ന സൗന്ദര്യങ്ങളും വൈചിത്ര്യങ്ങളും സ്വന്തം ചിലവില്‍ സ്വന്തം ആവശ്യത്തിനായി സൂക്ഷിക്കുന്നു.( ചതഞ്ഞ സ്വഭാവത്തിന്റെ ആവശ്യകതകള്‍ മാത്രം)

ദൗര്‍ബല്യങ്ങള്‍ :-

കുറച്ചു വര്‍ഷങ്ങള്‍ ജീവിതത്തെ മരവിപ്പിച്ച് നിര്‍ത്തിയ മദ്യവും ലക്ഷ്യമില്ലാ യാത്രകളും. പിന്നെ കാഴ്ചക്കൂടുതല്‍, കേള്‍വിക്കൂടുതല്‍,ഭാവനക്കൂടുതല്‍ (പറഞ്ഞു കേട്ടവ)

റഫറന്‍സ് :-

കണ്ണിനും തലച്ചോറിനും നാവിനും വ്യക്തി താത്പര്യങ്ങളുടെയോ രാഷ്ട്രീയ  താത്പര്യങ്ങളുടെയോ വിലങ്ങില്ലാത്ത ദൃക്സാക്ഷികളാരും. ചിത്രങ്ങള്‍, രേഖകള്‍ എന്നിവക്കായി തപാല്‍ ചിലവു സഹിതം അപേക്ഷിക്കാവുന്നതുമാണ്

ഒപ്പ്

തിയതി

Tuesday, 14 April 2015

ചില പരീക്ഷണ കഥകളും മറ്റും

വിരല്‍ ഞൊടിച്ചാരോ - അനക്കമുണ്ടോയെന്നു പരീക്ഷിച്ചു..

പുറത്ത് തല്ലി ഡാക്കിട്ടര്‍ - ജീവന് ശരിക്കും ജീവനുണ്ടോയെന്നൊരു പരീക്ഷണം..

വിത്തൊന്ന് കുഴിയില്‍ വയ്പ്പിച്ച് വലിയപ്പന്‍ - കൈപ്പുണ്യ പരീക്ഷണം..

പ്രാര്‍ത്ഥനക്കിടെക്കിടെ പാളി നോക്കി വലിയമ്മ - ഉറങ്ങും ഉഴപ്പാളിയെന്നറിയാനുള്ള പരീക്ഷണം..

പാഠപുസ്തകങ്ങള്‍ക്കിടയില്‍ അടിക്കടി പരതുന്ന അമ്മ - സദാചാര പരീക്ഷണം..

ബസ് ടിക്കറ്റിന്റെ ബാക്കി പരിശോധിക്കും അച്ഛന്‍ - ദൂരപരിധി പരീക്ഷണം..

കല്ല്യാണവീട്ടില്‍ നിശ്വാസം മണപ്പിക്കുന്ന ആണ്‍ ബന്ധുജനം - മദ്യാസക്തി പരീക്ഷണം..

റ്റീ വി ചാനലിന്റെ സ്വഭാവങ്ങള്‍ പഠിക്കുന്ന പെണ്‍ ബന്ധുജനം - സാക്ഷ്യപത്രത്തിനായുള്ള പരീക്ഷണം..

മൊഫൈലില്‍ ഇടം കണ്ണിടും സഹോദരങ്ങള്‍ - പരീക്ഷണം..

ആവശ്യത്തിലധികം കുനിഞ്ഞ് സംശയം ചോദിക്കാനെത്തി മുഖത്തേക്ക് പെട്ടെന്നു കണ്ണെറിയുന്ന പെണ്‍ സഹപാഠി - എന്തോ പരീക്ഷണം..

തോളുകൊണ്ട് തോളിലിടിക്കുന്ന ആണ്‍ സഹപാഠി - അഹങ്കാര പരീക്ഷണം..

മസ്സിലുകള്‍ പെരുപ്പിച്ച് ദേഹത്തുരുമ്മുന്ന ആണ്‍സഹയാത്രികന്‍ - അസ്വഭാവികത പരീക്ഷണം..

തിരക്കിനിടയിലും മുടിത്തുമ്പ് മുന്‍പിലേക്കിട്ട് വെറുതേ തഴുകുന്ന പെണ്‍സഹയാത്രിക - അതും എന്തോ പരീക്ഷണമാവാം..

എന്‍ഡ് ഓഫ് ദ ഡേ, കമ്മിറ്റ്മെന്റ്,  ലോങ്ങ് റണ്‍ , എക്സീഡ് ദ എക്സ്പെറ്റേഷന്‍ - ദുരാഗ്രഹത്തിന്റെ തൊഴിലുടമാ പരീക്ഷണം..

കോ ഓര്‍ഡിനേഷന്‍,  ലെതാര്‍ജി,  അഗ്രസ്സീവ്,  ഇടക്കിടെ അടിക്കടി ചേര്‍ത്ത് കൂടിക്കാഴ്ച മാനേയര്‍ - പരീക്ഷണം.. 

വീട്, കാറ്, കല്ല്യാണം, ലോണ് മുയലാളീടെ അപ്പനും - അത് കൃമി കടീടെ പരീക്ഷണം..

ആക്ടിവിറ്റി ലോഗ്,  ഭാവി സാമൂഹികവിരുദ്ധ പദ്ധതികള്‍ എന്തെങ്കിലും  - പൊതുവേ...

പരീക്ഷണങ്ങളുടെ സമ്മാനമെന്തെന്നറിയുന്നു..

പരീക്ഷകരുടെ എല്ലാവരുടേയും സമ്മാനമെന്തെന്നറിയില്ലെങ്കിലും..

Thursday, 9 April 2015

ഓഫറിന്റെ കഥ


കിക്കിടിലന്‍ ഓഫര്‍..

ഒരു ഷോപ്പിംഗ് മാള്‍ 30 മിനുട്ട് നിങ്ങള്‍ക്കായി തുറന്നു തരുന്നു (കാഫോര്‍, വാള്‍മാട്ട്, നെസ്റ്റോ,  ലുലു, ഏതു വേണമെങ്കിലും).

മേല്‍പ്പറഞ്ഞ 30 മിനുട്ടുകള്‍ക്കുള്ളില്‍ വാതിലിനു പുറത്തെത്തിക്കാനാവുന്നതെല്ലാം സ്വന്തം.

മുഖമില്ലാത്ത ഒന്നാമന്‍ : "ആവശ്യമുള്ളതെന്തെന്നു ഓര്‍മ്മ വരുന്നില്ലല്ലോ.വീട്ടില്‍ വിളിച്ച് പട്ടിക തയ്യാറാക്കാം ആദ്യം"

മുഖ. രണ്ടാമന്‍:" വാതിലനുടുത്തുള്ളത് എന്തു ചവറായാലും പരമാവധി എടുത്തേക്കാം"

മുഖ. മൂന്നാമന്‍: "ആദ്യത്തെ 2 മിനിട്ട് മാപ്പ് ഒന്നു പഠിച്ച് വിലപിടിപ്പുള്ളതിരിക്കുന്ന വിഭാഗത്തിലേക്ക് നേരേ പോകാം "

മുഖ. നാലാമന്‍ :"എല്ലായിടത്തും ഓടിയെത്തി കുറച്ച് വാരണം..അവസാനം വാതിലനടുത്തുവെച്ച് തിരിയാം "

മുഖ. അഞ്ചാമന്‍:" മുന്‍പേ പോയ രണ്ട് മൂന്നു പേരോടു വിശദമായി ഒന്നു സംസാരിക്കണം"

മുഖ. ആറാമന്‍ :"ഈ കാലത്ത് ഇങ്ങിനെ ഒരു ഓഫറോ? എല്ലാര്‍ക്കും വട്ടായോ? മിക്കവാറും പത്രത്തില്‍ പേരു വരും"

മുഖ. ഏഴാമന്‍ :"പത്തു  പേര്‍ എങ്കിലും വിജയകരമായി എടുക്കട്ടെ.പിന്നെ നോക്കാം"

മുഖ. എട്ടാമന്‍ :"ഡ്രെയിനേജിലേക്ക് ഒരു തുരങ്കം പണിയണം .മിനുട്ടുകളുടെ സമയപരിധിയില്‍ നമ്മളെ തളക്കാനോ?"

മുഖ. ഒന്‍പതാമന്‍ :"എടുത്തിട്ട് ബാക്കി കത്തിച്ചു കളയണം..ഇനി അവസരം ഇല്ലല്ലോ.ആദ്യം മണ്ണെണ്ണയും തീപ്പട്ടിയും എടുത്തുവെക്കാം"

മുഖ. പത്താമന്‍ :"കൂടെ പത്ത് ഭായി മാരെ കൂട്ടണം. പണിക്കൂലി കൊടുത്താല്‍ മതിയല്ലോ!"

മുഖ. പതിനൊന്നാമന്‍ :"സ്വന്തം വണ്ടിയില്ല..വഴിയില്‍ തിരക്ക്..വീട്ടില്‍ കൊണ്ടുചെന്നാല്‍ ആര്‍ക്കും ഒരു വിലയുണ്ടാവില്ല..സൂക്ഷിക്കാന്‍ സ്ഥലമില്ല"

മുഖ. പന്ത്രണ്ടാമന്‍ :"കുറേ എടുക്കാം ..ആവശ്യമില്ലാത്തത് പാവങ്ങള്‍ക്ക് കൊടുത്താല്‍ പുണ്യം കിട്ടുമല്ലോ!"

മുഖ. പതിമൂന്നാമന്‍: "മാറി നിന്നു കൊടുക്കാം. അത്യാവശ്യക്കാര്‍ ആദ്യം കയറട്ടെ."

മുഖ. പതിനാലാമന്‍ :"വന്നവരെ എല്ലാം കൂട്ടി ഒരു സംഘടന ഉണ്ടാക്കണം"

മുഖ. പതിനഞ്ചാമന്‍ : "വാതിലിനു പുറത്ത് മത്സരാര്‍ത്ഥികളെ സഹായിക്കാനൊരു ഏജന്‍സി"

മുഖമില്ലാത്തവരിനിയുമൊരുപാട്..കേട്ട് കേട്ട് മടുത്തപോലെ..

Saturday, 4 April 2015

രണ്ട് തരം കണ്ണുനീര്‍

രണ്ട് ഇനം കണ്ണീരാണ് ഇന്നത്തെ ഓര്‍മ്മ.

ഒന്ന് :-

ഒരല്‍പ്പം ആമുഖം.
ശൂന്യതയില്‍ നിന്നും പ്രശ്നങ്ങളും പരിഹാരങ്ങളും പണവും കടപ്പാടും പ്രചോദനവും പ്രത്യാശയില്‍ പൊതിഞ്ഞ നൈരാശ്യവും സ്നേഹവും സൗഹൃദവും വെറുപ്പും സൃഷ്ടിക്കാനാവുന്നവന്‍. ധ്വരയുടെ നാട്ടിലെ കച്ചകപടതന്ത്രങ്ങളുടെ തങ്കലിപികളിലെഴുതിയ അംഗീകാരപത്രികകള്‍ ഡബിള്‍ ബാരല്‍ തോക്കും കടുവാത്തലയും പോലെ സ്വീകരണമുറിയില്‍ പ്രദര്‍ശിപ്പിച്ച ആള്‍.

പ്രായക്കൂടുതലിനെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന, ആദ്യകൂടിക്കാഴ്ചകളില്‍ ഉരുളക്കുപ്പേരി വരാത്ത, ചുണ്ടു വിറക്കുന്ന, ശബ്ദം താഴ്ന്നു പോകുന്ന, മുറിവേല്‍പ്പിക്കാനും അടിക്കടി അതില്‍ ക്ഷതമേല്‍പ്പിക്കാനും നിന്ന് കൊടുക്കുന്നവര്‍ എന്ന് മുഖത്ത് എഴുതി വെച്ച എല്ലാവരും അദ്ദേഹത്തിന് കോ ഓര്‍ഡിനേറ്റര്‍..ജീവിതകാലം മുഴുവന്‍ ട്രെയിനിംഗ് ല്‍ ആയ എല്ലാത്തിന്റെയും കോ ഓര്‍ഡിനേറ്റര്‍..

ആഡംബരപ്രിയര്‍,പിടിവാശിക്കാര്‍,മധുരമായി വിലപേശാനറിയാവുന്നവര്‍,ചെറിയ വിജയങ്ങളില്‍ അഹങ്കരിക്കുന്നവര്‍ (വലിയ പരാജയം ഗ്യാരണ്ടീട്), സര്‍വ്വനാശം രഹസ്യമായി സ്വപ്നം കാണുന്നവര്‍ എന്നിവരേയും അദ്ദേഹത്തിനാവശ്യമാണ്..

ആയുഷ്കാല ട്രെയിനിംഗിന് പൂര്‍ണ്ണവിരാമം ഇടാന്‍ തീരുമാനിച്ചു കൊണ്ടേ ഇരുന്ന കോ ഓര്‍ഡിനേറ്ററുമായുള്ള കൂടിക്കാഴ്ച.മുതലാളി :(താന്ത്രികമായ മെഡിറ്റേറ്റിംഗ് ശബ്ദത്തില്‍) "തൊഴിലാളീ ഇരിക്കൂ.തടയാനോ കാര്യകാരണങ്ങള്‍ വിസ്തരിക്കാനോ അല്ല ഈ കൂടിക്കാഴ്ച.അത് എന്റെ രീതിയല്ലെന്നറിയാമല്ലോ?! "

തൊഴിലാളി :(നിശബ്ദം) അപ്പോ പിന്നെ കൊപ്രായുടെ വിലനിലവാരം ചര്‍ച്ച ചെയ്യാനാകും.

മുതലാളി: ( തന്റെ ഓട്ടോമാറ്റിക് കാര്‍ പോലെ സ്പീഡില്‍) "വളരെ നിര്‍ഭാഗ്യകരമായ, വേദനാജനകമായ തീരുമാനം.. എഴുതാത്ത ഒരു ബുക്ക് പോലുള്ള താങ്കള്‍ ആദ്യകാല ശരീരഭാഷയില്‍ നിന്നും എന്റെ സാമ്രാജ്യത്തിന്റെ തലച്ചോറ് എന്ന നിലയിലാണ് എന്റെ ദീര്‍ഘവീക്ഷണം പാഞ്ഞത്..(പതിനാരങ്ങളോട് ലക്ഷക്കണക്കിന് തവണ പറഞ്ഞ വാക്കുകള്‍)..അതിനൊരുപാട് അവസരവും തന്നില്ലേ? "

തോ: (ഓട്ടോമാറ്റിക് ബ്രേക്ക് ഇടാത്തതിനാല്‍ നിശബ്ദം) നാല് പേര്‍ ഇരുന്നിട്ട് ഇപ്പോള്‍ തീരാത്തത് ഒറ്റക്ക്..അവസരങ്ങളുടെ പ്രളയം..

മു:" പറഞ്ഞതുപോലെ ആരുടേയും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാറില്ല..എന്റെ ഭാവിയിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ സാരഥി,ധ്വരയുടെ അംഗീകാരപത്രവും ഓട്ടോമാറ്റിക്കും ഉള്ള എന്നെ പോലൊരു ദീര്‍ഘദര്‍ശി അങ്ങിനെയും ചിലതുണ്ടായിരുന്നു.."(200 വെള്ളിനാണയത്തിന് 2 വര്‍ഷം.. ലക്ഷത്തിന്റെ സാക്ഷ്യപത്രം പോലും..ഹ ഹ.) ഏതായാലും അവസാനമായി ചില വിവരങ്ങള്‍ എങ്കിലും തരൂ..ഈ വേദനാജനക തീരുമാനത്തിന് കാരണം ഞാനാണോ? (അല്ലെന്ന് പറയണം) ഭരണസംവിധാനമാണോ? അതോ കൂടെയുള്ളവരാണോ? "

തൊ: "ഇതെല്ലാം..എനിക്ക് വയ്യ.."

മു : (ഉറച്ച ശബ്ദത്തില്‍) "ഇതിനൊന്നിനും എനിക്കാരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട..ദൈവം എന്റെ കൂടെയുള്ളത് കൊണ്ടാണ് ഇന്ന് ഈ കാണുന്നതെല്ലാം ഉണ്ടായത് (പാവം ദൈവം, കൂട്ടുപ്രതി..)എന്നോടൊപ്പമുള്ള ജീവിതം ആസ്വദിക്കാന്‍ പറ്റാത്തത് ഈ ചതഞ്ഞ സ്വഭാവം കൊണ്ടല്ലേ?"

തൊ :" ചതഞ്ഞ സ്വഭാവം!!3500 വെള്ളിയുടെ വരുമാനവും സര്‍വൈലന്‍സ് കാമറ ഇല്ലാത്ത വാഹനത്തിന്റെ മറവുമുള്ള സഹതൊഴിലാളി തരുന്ന മിസ്ഡ് കോളിന് ഒറ്റക്കിരുന്നു പഠിക്കാന്‍ ശ്രമിക്കുന്ന മള്‍ട്ടി ടാസ്കിംഗിനിടെ മറുപടി നിമിഷം താമസിച്ചാല്‍ അത് തെറ്റാകുന്നു..മണിക്കൂറുകള്‍ നീളും കൂടിക്കാഴ്ചകള്‍ക്കുള്ള വഴി തുറക്കപ്പെടുന്നു( ഭക്ഷണം, ഉറക്കം ഇത്യാതി കളകളെ പറിച്ചു മാറ്റി മനസ്സിനെ പുഞ്ചപ്പാടം പോലാക്കിയാണ് നിര്‍ദ്ദേശങ്ങളുടെ വിത്ത് ഇറക്കപ്പെടുന്നത്..എന്റമ്മോ..)

മു: (ചെറിയ മൗനം) "ഒ. കെ. അപ്പോള്‍ ഞാന്‍ ആണു വില്ലന്‍ എന്നാണ് അല്ലേ? എന്തായാലും ഞാന്‍ തന്ന അവസരം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയല്ലോ..ലൈഫ് സ്റ്റൈല്‍ പോലും"

തൊ :( നിശബ്ദം, ശരിയാ ജെറ്റ്സ്കീ റൈഡിംഗ്, എക്സിബിഷനുകള്‍, ബര്‍ത്ത്ഡെ പാര്‍ട്ടി  -ഫ്രീ പാസ് അദ്ദേഹത്തിന്റെ ;വഴിച്ചിലവും വേഷം കെട്ടലും നാട്ടുകാര്‍ ഫോട്ടോ കാണുമ്പോള്‍ ഉള്ള നാണക്കേടും പെന്‍ഡിംഗ് വര്‍ക്കിന്റെ പ്രഷറും നമുക്കും)

മു: (സ്പീഡില്‍) "നിയമസംവിധാനങ്ങളെപ്പറ്റിയും ഔദ്യോഗികപദവിയുടെ ഗൗരവത്തെ പറ്റിയും പഠിക്കാന്‍ അവസരം കിട്ടിയല്ലോ അല്ലേ?"

തൊ :" പഠിച്ചു തീര്‍ന്നത് ഈയടുത്താണ്..ശിപായി എന്ന പേര് മാറത്ത്..അതേ തോതില്‍ വെള്ളിത്തുട്ടും..വീട്ടില്‍ പോകുന്ന കാര്യത്തില്‍ നിയമത്തിനെന്താണ് പറയാനുള്ളതെന്നറിയാമല്ലോ? "(ഐ.  റ്റി.  വിഷയങ്ങളിലെ ദരിദ്രവാസിക്ക് ചേരാത്ത താത്പര്യം, കച്ചവടരഹസ്യങ്ങള്‍, ജയില്‍ വാസത്തെ കുറിച്ചുള്ള അഭിപ്രായം എല്ലാം സില്‍ബന്ധികള്‍ വഴി അറിഞ്ഞു വെച്ചു -ഭാഗ്യം.)

മു :" ആള്‍റൈറ്റ്.. എന്തായാലും ഞാന്‍ തുടങ്ങിവെച്ച യാത്ര എനിക്ക് തുടരണ്ടേ? ഒരു പാടു കുടുംബങ്ങള്‍ എന്നെ ആശ്രയിക്കുന്നു!!താങ്കള്‍ ചോദിക്കേണ്ടതു പോലെ ചോദിക്കാതിരുന്നതിനാലാണ് വെള്ളിനാണയം ആവശ്യത്തിനെത്താതിരുന്നത്..പിന്നെ അവസാനമായി , എപ്പോള്‍ വേണമെങ്കിലും എന്റെ അടുത്തേക്ക് തിരിച്ചു വരാം..പോകുമ്പോള്‍ ആരുടേയും മനസ്സ് മാറ്റില്ലെന്നും എന്റെ ശത്രുക്കളുടെ കൂടെ തിരിച്ചു വരില്ലെന്നും പ്രതീക്ഷിക്കുന്നു..ആള്‍ ദ ബെസ്റ്റ്.. "

പരാജയമറിയാത്ത നടന്റെ വേദന കണ്ണില്‍ ചെറിയൊരു കലങ്ങലായി...

മു: "മറ്റ് ആയിരം പ്രശ്നങ്ങളുടെ ഇടയിലായി പോയി..അല്ലെങ്കില്‍ ഞാന്‍ കരഞ്ഞ് പോയേനെ..."

തൊ: (നിശബ്ദം) "ഭാഗ്യം.. എത്ര ചതഞ്ഞ സ്വഭാവമുള്ളോര്‍ക്കും മുഖത്ത് ശുനകന്‍ മൂത്രമൊഴിച്ചാല്‍ ഇഷ്ടപ്പെടുമോ? ഇനിയൊരു കൂടി കാഴ്ച ഉണ്ടാകാതിരിക്കട്ടെ..

രണ്ട് :-

മാതൃഭാഷയല്ലാതൊന്നും പഠിക്കാനാവാത്ത നാട്ടിന്‍ പുറത്തുകാരന്‍ ദേശി..നടുവൊടിയുന്ന അധ്വാനത്തിന് ശേഷവും നാട്ടുകാരുമായി വിശേഷങ്ങളും ഭക്ഷണവും പങ്കുവെക്കുന്ന സമര്‍ത്ഥനല്ലാത്ത മനുഷ്യന്‍..

ദേശി :"ഭായ്യാ, ആപ് ദൂസരാ കമ്പോനി സെ (മേം) വാപസ് ആയേഗാ ? ആപ് ഭീ ഇധര്‍ ഹേ തോ അച്ഛാ ധാ..ഭിര്‍ ഭീ മുശ്കില്‍ നഹീ ഹെ ഭയ്യാ..അമ്മീ, അബു കാ ഖയാല്‍ രഖ്നാ..ശാദീ ബനാവോ..അള്ളാ സെ ഹം ദുവാ കരേഗാ"

ഏത് നാട്ടുകാരനെന്ന് മുഖം നോക്കിയാലറിയാനാവാത്ത, ചെറിയ യാത്രകളില്‍ പോലും ആകാശം നോക്കിയിരിക്കാനിഷ്ടപ്പെടുന്ന, ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം പറയുന്ന, ജോലിയെന്തെന്ന് ഇതുവരെ മനസ്സിലാകാത്ത ഭയ്യക്കായി പൊഴിച്ച കണ്ണുനീര്‍ തുള്ളികള്‍..

കാലം, ദേശം, ഭാഷ, എല്ലാമെല്ലാം നാണിച്ച് നില്‍ക്കുമ്പോള്‍ അവിടെ രണ്ട് പ്രായത്തിലുള്ള സഹോദരന്‍മാര്‍ ഒരുമിച്ചു ജനിച്ചു..

Thursday, 2 April 2015

പുതുമ

പുതുമ - പുതുമ നഷ്ടപ്പെടാനാവാത്ത പദം..

കോടാനുകോടി പേറ്റുനോവുകള്‍,ജനനങ്ങള്‍,കുഞ്ഞുകരച്ചിലുകള്‍,കമിഴ്ന്ന് നീന്തലുകള്‍,കൊഞ്ചും മൊഴികള്‍,നിവര്‍ന്ന് നില്‍പ്പ്, ബാല്യം കൗമാരം,പ്രണയം,മാംഗല്യം,രോഗം,ദുരന്തങ്ങള്‍,മരണം വരെ എല്ലാറ്റിലും പുതുമയുണ്ട് - ഇതിലൂടെ കടന്നുപോകുന്നവര്‍ക്കെങ്കിലും..

പഞ്ചേന്ദ്രിയങ്ങളും ശേഖരിക്കാവുന്നതെല്ലാം ശേഖരിച്ചു കൂട്ടുന്നു  - പുതുമയോടെ..

അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങുമ്പോളുള്ള നിരാശയും ആലസ്യവും ആവേശവും ,പഠിച്ചതിനപ്പുറം തിരിച്ചറിവുകളും പുതുമ തന്നെ..

തിരിച്ചറിവുകളുടെ വാതില്‍ കടന്നു കാണായ വിസ്മയലോകത്ത് പുതുമയെ വ്യാഖ്യാനിക്കാനും ചിലര്‍ - പുതിയതെന്ന് അവര്‍ കരുതുന്ന രീതികളില്‍..

എല്ലാത്തിലും പുതുമയുണ്ടെന്നു കരുതുന്നവരും ഒന്നും പുതിയതല്ലെന്നു പറയുന്നവരും കാണുന്നവര്‍ക്ക് പുതുമ തന്നെ..

പിന്നെയും ചിലര്‍ - ശേഖരിക്കുന്നവര്‍,അവരുടെ ഇടങ്ങളില്‍ ശേഖരം ഭംഗിയായി അടുക്കി വെക്കുന്നവര്‍..

ആത്മാംശം എന്നത് ശേഖരിക്കുന്നതിലും ക്രമീകരിക്കുന്നതിലും... കാലവും തലച്ചോറും ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തുന്നവര്‍..എന്തോ ചില പുതുമകള്‍ - ന്യായീകരിക്കപ്പെടാവുന്നവ..

പുതുമകള്‍ എന്നും പുതിയത് തന്നെ - കോടാനുകോടി ക്രമീകരണങ്ങളുടെ പുതുമ..

Wednesday, 1 April 2015

നാളെകള്‍

നാളെകള്‍ മരിക്കുന്നില്ല - ദീര്‍ഘവീക്ഷണമുള്ള നന്മകളുടെ  കര്‍ഷകന്‍

നാളെയെന്നത് നമ്മുടേതല്ല -  വിശ്രമമറിയാത്ത കഠിനാധ്വാനി

നാളെയെന്തന്നറിയില്ല - ഇന്നുകള്‍ക്കു പോലും അര്‍ഹതയില്ലാത്ത ആലസ്യം

എപ്പോഴും സന്തോഷത്തോടെ മരിക്കാന്‍ സന്നദ്ധര്‍ - ജീവിതത്തിന്റെ കാമ്പ് കണ്ടവര്‍