Tuesday, 30 June 2020

ചക്കിപ്പൂച്ചയുടെ കുഞ്ഞുങ്ങള്‍

എനിക്ക് നിന്നോട് ഇഷ്ടമാണ്,സ്നേഹമാണ് എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ഞാനൊരു ചക്കിപ്പൂച്ചയെ ഓര്‍ക്കും.വീട്ടിലെ അരുമ.പ്രായപൂര്‍ത്തിയായപ്പോള്‍ ഇണയെ തേടി കണ്ടുപിടിച്ചു.ഗര്‍ഭിണിയായി.പ്രസവിച്ചു.നാല് കുഞ്ഞുങ്ങള്‍.

മനുഷ്യര്‍ക്കിടയില്‍
അടിയന്തിരസമ്മേളനം നടന്നു.കുഞ്ഞുങ്ങള്‍ക്കു കൂടി ഭക്ഷണം കൊടുക്കാന്‍ സാധ്യമല്ല.ചക്കിയെ തീറ്റ കാണിച്ചു മാറ്റിയിട്ട് നാലു കുഞ്ഞുങ്ങളേയും ഒരു കുഞ്ഞു കുഴിവെട്ടി ജീവനോടെ സംസ്കരിച്ചു!!

വിശേഷബുദ്ധിയിലെ പരിമിതികളാല്‍ ചക്കി കുറച്ചു സമയം നിലവിളിച്ച് നടന്നിട്ട് വീണ്ടും മക്കളെക്കൊന്നവരുടെ തലോടലും തീറ്റയും പ്രതീക്ഷിച്ചു നിന്നു.

പല മനുഷ്യരുടേയും സ്നേഹത്തിന് ഇങ്ങനെയൊരു മുഖമുണ്ട്!!

വലിയ സ്നേഹമാണ്.പക്ഷേ നിന്റെ കുഞ്ഞുങ്ങളെ പോലും ഞാന്‍ എന്തെങ്കിലും ന്യായം പറഞ്ഞു കുഴിച്ചു മൂടും.അലഞ്ഞു നടന്നു ഭക്ഷണം തേടാനുള്ള അവസരം പോലും അവയ്ക്ക് കൊടുക്കില്ല.നിന്നോട് വലിയ സ്നേഹമാണ്(അതിങ്ങനെ ആവര്‍ത്തിക്കപ്പെടും!)

സാമൂഹികജീവിതത്തിന്റെ അവിഭാജ്യഘടകമായ  അഡ്ജസ്റ്റുമെന്റുകളെ  വിമര്‍ശിക്കുകയായിരുന്നില്ല എന്നു ദയവായി മനസ്സിലാക്കുമല്ലോ!

ഇന്നു കാണുന്ന പല ആക്ടിവിസ്റ്റുകളും അട്ടഹസിക്കും പോലെ വ്യക്തിസ്വാതന്ത്ര്യത്തെ തലമുടിനാരിഴ കീറി പരിശോധിക്കുന്നവരായാല്‍ ജീവിതം ദുഃസ്സഹമാവും-വ്യക്തിക്കും സമൂഹത്തിനും.

രണ്ട് വ്യക്തികള്‍ ഒരു കട്ടിലില്‍ ഉറങ്ങാന്‍ കിടക്കൂമ്പോള്‍ ഒരാള്‍ക്ക് മറ്റേ ആളോട് പാട്ടു പാടി/ഉറക്കെ സംസാരിച്ച് ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെടാം;ശ്വാസം വലിക്കരുതെന്നോ നെഞ്ചിടിപ്പിനെ സൈലന്റാക്കി വെക്കണമെന്നോ ആവശ്യപ്പെടാനാവില്ല.

എന്നോട് സ്നേഹമാണെന്നു പറഞ്ഞ പലരേയും ഞാന്‍ വിശ്വസിക്കാതിരുന്നത് അവര്‍ എന്റെ കുഞ്ഞുങ്ങളെ കൊല്ലാനൊരുങ്ങിയതുകൊണ്ടാണ്.

അത്ര സന്തോഷകരമല്ലാത്ത ഒരു വായനയ്ക്ക് ക്ഷമാപണം.

Saturday, 27 June 2020

നഗ്നത,പ്രദര്‍ശനം

സ്ത്രീയുടെ നഗ്നതയും ബോഡി ആര്‍ട്ടും പോക്സോയും പ്രസ്തുത വിഷയത്തിലെ
പല സുഹൃത്തുക്കളുടേയും പ്രതികരണവുമൊക്കെ ചെറിയ ആശ്ചര്യമോ  സംശയമോ ഒക്കെയായി തലയില്‍ കയറിയിട്ടുണ്ട്.

പലരോടും നേരിട്ട് മറുപടി പറയണം എന്നുണ്ടായിരുന്നു.

പക്ഷേ മറുപടി  പറയുമ്പോള്‍ പാവപ്പെട്ടവന്‍ Vs പണക്കാരന്‍ അല്ലെങ്കില്‍ ഇന്‍ഫീരിയോരിറ്റി  കോപ്ളക്സ് Vs സുപ്പീരിയോരിറ്റി കോപ്ളക്സ് എന്ന സ്വരം വരും എന്നു തോന്നിയതിനാല്‍ ഒഴിവാക്കിയാതാണ്.

എന്നാലും ചില ചിന്തകളും അനുഭവങ്ങളും നിരീക്ഷണങ്ങളും ആരേയും അഡ്രസ്സ് ചെയ്യാതെയെങ്കിലും എഴുതാതിരിക്കാനാവുന്നില്ല.

കുടുംബത്തിലെ സ്ത്രീശരീരമുള്ള മനുഷ്യരുടെ നഗ്നത കാണാനിടയായ കുട്ടികള്‍ ഭാവിയില്‍ ലൈംഗിക അരാജകത്വത്തിലേയ്ക്ക് വീണേക്കാമെന്ന ഒരു നിരീക്ഷണം കണ്ടു.

അവഗണനീയമാംവിധം ചെറുതായ (negligibly small)ഒരു ശതമാനമാണ് ഇത്തരത്തില്‍ അരാജകത്വത്തില്‍ വീണുപോയേക്കുമെന്ന ആശങ്കയായിരുന്നുവെങ്കില്‍ അത് പങ്കുവെക്കുപ്പെടുകയില്ലായിരുന്നു എന്നു കരുതിക്കോട്ടെ.

ഈ ആശങ്ക പങ്കു വെച്ച ആളുകള്‍ ടാര്‍പോളിന്‍ ടെന്റുകള്‍ക്കടിയിലും കടത്തിണ്ണയിലും ഒറ്റമുറി വീടുകളിലും ജീവിക്കുന്ന ഒരുപാട് ആളുകളെപ്പറ്റി;പ്രത്യേകിച്ചും കുട്ടികളെപ്പറ്റി (അവരെപ്പറ്റിയാണല്ലോ ആശങ്ക)ചിന്തിക്കുകയോ അവരെ നിരീക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ?

ഇത്തരത്തില്‍ ജീവിക്കുന്നവര്‍ പ്രസവിക്കുന്നതും വസ്ത്രം മാറുന്നതും വിസര്‍ജ്ജിക്കുന്നതും ദേഹശുദ്ധി വരുത്തുന്നതുമൊക്കെ പലപ്പോഴും വേണ്ടത്ര സ്വകാര്യത ഇല്ലാതെയാണ്.കുട്ടികളടക്കം നഗ്നത കാണാനുള്ള സാധ്യത വളരെ കൂടുതലുമാണ്.

നാടോടികളുടെ കാര്യം പോട്ടെ!

ഞാനെന്റെ ബാല്യ,കൗമാരങ്ങളുടെ സിംഹഭാഗവും ചിലവഴിച്ചത് കോഴിക്കോട്ടെ ഒരു മലയോര കുടിയേറ്റ ഗ്രാമത്തിലാണ്.ഈയടുത്ത് (8-10)വര്‍ഷം മുന്‍പ് ആളുകളുടെ ചിലവഴിക്കല്‍ ശീലങ്ങളില്‍ (സ്പെന്റിങ്ങ് പവര്‍ എന്നു മറ്റുവാക്കുകളില്‍)പെട്ടെന്ന് ഒരു മാറ്റം വരുന്നതുവരെ  സ്വകാര്യമുറികളുള്ള വീട്,ടോയ്ലറ്റ്,ബാത്റൂം സൗകര്യങ്ങളൊക്കെ അവിടെയും കുറവായിരുന്നു.

സ്ത്രീകളും ആണ്‍കുട്ടികളുമൊക്കെ ചെറിയ തോട്ടില്‍ ഒരുമിച്ച് ദേഹശുദ്ധി വരുത്തൂന്നതൊക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു.രണ്ടു ലിംഗക്കാരും അരയ്ക്ക് കീഴ്പ്പോട്ടൊക്കെ മാത്രമേ മറയ്ക്കൂന്ന കാര്യം ശ്രദ്ധിക്കുമായിരുന്നുള്ളൂ.

അന്നും പിന്നീടും അമ്മയും സഹോദരിയും കാമുകിയും ഭാര്യയും ഒക്കെ ആയിരുന്ന/ആയി മാറിയ സ്ത്രീകളെക്കുറിച്ചാണ് ഈ പറഞ്ഞത്.

ഇങ്ങനെ നഗ്നത കണ്ട (മാറിടങ്ങള്‍ സ്പെസിഫിക്കായി..അതാണല്ലോ പ്രശ്നം)കുട്ടികളില്‍ ലൈംഗിക അരാജകത്വം കൂടുതലായിരിക്കും എന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത് എന്ന ചോദ്യം ഞാന്‍ ചോദിക്കുന്നില്ല!

ഒരു കാലഘട്ടത്തിലെ,ഒരു ദേശക്കാരെ മുഴുവന്‍ അടച്ച് ആക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാന്‍ എനിക്കാവില്ല..നിങ്ങളും അത്തരം സാഹസികത ഒന്നും ചെയ്യാനിടയില്ല.

അതുകൊണ്ട് ദയവായി ഇപ്രകാരം നഗ്നത കാണാനിടയായവരിലും അതിന് സാഹചര്യമില്ലാഞ്ഞവരിലും ഒരു പഠനം നടത്തി നോക്കണേ.ലൈംഗിക അരാജകത്വത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ശതമാനത്തില്‍ കിട്ടുമല്ലോ!

അന്നു തോട്ടില്‍ കുളിച്ച ആണ്‍കുട്ടികളുടെ വിശദാംശങ്ങളൊന്നും,പഠനം നടത്താനാണെങ്കില്‍ പോലും,
എന്നോട് ചോദിക്കരുതെന്ന ഒരു അപേക്ഷയുമുണ്ട്😂.

നഗ്നത പ്രദര്‍ശനത്തെപ്പറ്റിയും ലിംഗവ്യത്യാസമില്ലാതെ ചിലത് പറയാം.

ഓഷോ എന്ന ഇന്ത്യന്‍ ചിന്തകനോട് ഒരാള്‍ ചോദിച്ചു 'താങ്കളെന്താണ് ശരീരം മുഴുവന്‍ മറയുന്ന വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്നത്?......ഗുരു (വേറൊരു ചിന്തകന്റെ പേര് പറഞ്ഞു)എല്ലായ്പ്പോഴും അരയ്ക്കു കീഴെ മാത്രമേ മറയ്ക്കാറുള്ളല്ലോ?!'

ഓഷോയുടെ മറുപടി വളരെ റിയലസ്റ്റിക്കായി തോന്നി.'....ഗുരു (ചോദ്യകര്‍ത്താവ് പ്രതിപാദിച്ച ചിന്തകന്റെ പേര്)അദ്ദേഹത്തിന്റെ സ്വഭാവികമായ മേനിക്കൊഴുപ്പിനു പുറമേ
കൗമാരത്തിലും യൗവ്വനത്തിലും അതികഠിനമായി വ്യായാമം ചെയ്തും നന്നായി ഭക്ഷണം കഴിച്ചും ഗുസ്തിമത്സരത്തിനായി തയ്യാറെടുത്തിരുന്ന ഒരു കായികതാരം ആയിരുന്നു.തീര്‍ച്ചയായും അദ്ദേഹം ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ ഒരു ആശ്ചര്യവുമില്ല.പ്രദര്‍ശിപ്പിക്കാന്‍ തക്കതായി തനിക്ക് കാര്യമായി ഒന്നും ഇല്ല എന്നു തോന്നിയതിനാല്‍ ഓഷോ നീളന്‍ കുപ്പായങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.'

ഇതല്ലേ നഗ്നത പ്രദര്‍ശനത്തിന്റെ ശരിയായ മനഃശാസ്ത്രം?!

മനുഷ്യര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം നഗ്നത പ്രദര്‍ശിപ്പിക്കാറ് തന്റെ ലൈംഗികസ്വപ്നങ്ങളുമായി ബന്ധിപ്പിച്ചാണ്.

ഈ പ്രദര്‍ശനത്തിന് ജാതി,മത,ലിംഗ,വിദ്യാഭ്യാസ ഭേദങ്ങളുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല!!

തങ്ങളുദ്ദേശിക്കുന്ന ആളുകളില്‍ നിന്ന് തങ്ങളുദ്ദേശിക്കുന്ന പ്രതികരണങ്ങളുണ്ടായാല്‍ നഗ്നത പ്രദര്‍ശിപ്പിക്കപ്പെടുക തന്നെ ചെയ്യും!!

പലപ്പോഴും നമ്മള്‍ നമ്മുടെ 'സ്വാധീനിക്കപ്പെട്ട' വീക്ഷണങ്ങളാല്‍ ഇതിനോട് വൈരുധ്യമാര്‍ന്ന നിലപാടുകള്‍ എടുക്കൂകയും ചെയ്യുമായിരിക്കാം!!

നെറ്റി ചുളിക്കാതെ കണ്ണു ശരിക്കും തുറന്ന് നമ്മളിലേയ്ക്കും
ചുറ്റുപാടുകളിലേയ്ക്കും ഒന്നു നോക്കണേ!

Wednesday, 24 June 2020

നന്ദിപ്രസംഗം

പലപ്പോഴും ചെറിയ (വേദികളില്‍)
നന്ദിപ്രസംഗങ്ങള്‍ നടത്താന്‍ അവസരം കിട്ടിയിട്ടുണ്ട്.

തപ്പിയും തടഞ്ഞും പരിഭ്രമം ഒളിപ്പിക്കാന്‍ പണിപ്പെട്ടുമൊക്കെ നന്ദി പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ ഒരുപാട് ഇച്ഛാഭംഗം തോന്നാറുണ്ട്.

ഇച്ഛാഭംഗം നന്ദി പറയാന്‍ വിട്ടുപോയ ഒരുപാട് ആളുകളെ ഓര്‍ത്താണ്!

ഈ 'വിട്ടുപോകല്‍' ഞാനുള്‍പ്പെടുന്ന മാനവരാശിയുടെ ഒരു ദൗര്‍ബല്യമാണ്.

എനിക്ക് 'പരിവേഷ'ങ്ങളോട് നന്ദി പറയാനേ സാധിക്കാറുള്ളൂ;വേഷങ്ങളോട് പറയാന്‍ കഴിയാറില്ല.

സ്നേഹിതര്‍ എന്ന പരിവേഷമുള്ളവരേക്കാള്‍ എത്രയോ അധികം സ്നേഹിതര്‍ എനിക്കുണ്ട്!അധ്യാപകര്‍ എന്ന പരിവേഷമില്ലാത്ത എത്രയോ അധ്യാപകര്‍ നമുക്കുണ്ട്!ചികിത്സകരെന്ന പരിവേഷമില്ലാത്ത എത്രയോ ചികിത്സകരുടെ നന്മ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്!പ്രണയപരിവേഷമില്ലാത്ത എത്രയോ പ്രണയങ്ങള്‍!

നന്ദിപ്രസംഗങ്ങള്‍ അപൂര്‍ണ്ണമാവുന്നത് സങ്കടകരമാണ്.

എന്റെ ജീവിതത്തോട് ഇടപെട്ട പരിവേഷങ്ങളില്ലാത്ത എല്ലാവരോടും പ്രത്യേകം നന്ദി പറയുന്നു.

നന്ദി പറയാന്‍ മറന്നതിനെ സദയം ക്ഷമിക്കൂക.

Monday, 22 June 2020

ആട്ടിറച്ചി

ആട്ടിറച്ചിയോടു വലിയ കമ്പമാണ്.

വിലയും എല്ലും ഓര്‍ക്കുമ്പോള്‍ കമ്പത്തെ അധികം പ്രോത്സാഹിപ്പിക്കാറില്ലെന്നു മാത്രം.

ആട്ടിറച്ചിയോട് കമ്പം വരാന്‍ വ്യക്തമായ കാരണമുണ്ട്.എന്താ കാരണമെന്നു ചോദിച്ചില്ലെങ്കിലും പതിവുപോലെ പറഞ്ഞേക്കാം.

നന്നെ ചെറുപ്പത്തിലാണ്.

3-4 വയസ്സ്.

കോഴിക്കോട്ടെ ഒരു മലയോരഗ്രാമത്തില്‍ ജംഗിള്‍ ബുക്ക് അഭിനയിച്ചു നടക്കുന്ന കാലം.

വീട്ടിലും ചുറ്റുവട്ടത്തുമുള്ള എല്ലാ വന്യമൃഗങ്ങളുമായി സമാധാനത്തിലാണ് ജീവിതം.ആരേയും അങ്ങോട്ട് ഉപദ്രവിക്കാന്‍ പോവാറില്ല.തിരിച്ചും ഉപദ്രവമൊന്നുമില്ല.

ഞങ്ങള്‍ സുന്ദരിയും സുശീലയും പോരാത്തതിന് ഗര്‍ഭിണിയുമായ ഒരു ആടിനെ വാങ്ങിയത് ആയിടയ്ക്കാണ്.

വീട്ടിലുള്ള മനുഷ്യരും ഗര്‍ഭത്തിന്റെ കാര്യത്തിലൊഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും - സൗന്ദര്യത്തിലും,സുശീലതയിലും - അവളെപോലെ ആയതുകൊണ്ടാവും ഞങ്ങളുമായി പെട്ടെന്ന് ഇണങ്ങി.

ആടിന് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്.കയറിട്ട് ബന്ധിക്കാറില്ല..സുശീലയാണല്ലോ!ഞങ്ങളുടെ കൂടെ തന്നെ പറ്റിക്കൂടി നിന്നോളും.

കാലം കടന്നുപോയി.

എല്ലാ ഗര്‍ഭിണികള്‍ക്കും സംഭവിക്കാറുള്ളത് അവള്‍ക്കും സംഭവിച്ചു.

പ്രസവിച്ചൂന്ന്.

മുട്ടന്‍ കുഞ്ഞാണ്. മുട്ടന്‍ എന്നത് സൈസല്ല സെക്സാണെന്ന കാര്യം പ്രസ്താവ്യമാണ്.

കുഞ്ഞന്‍ അത്ര സുശീലനല്ല.പക്ഷേ കുഞ്ഞല്ലേ!!

അവനെ പിന്തുണക്കാന്‍ അജവംശത്തിലും മനുഷ്യവംശത്തിലും ആളുണ്ട്.

നമ്മളെയൊക്കെ നിസ്സാരകാര്യങ്ങള്‍ക്ക്
 ഉലക്കയെടുത്ത് ദണ്ഡിക്കുമ്പോള്‍ ചോദിക്കാന്‍
ആരുമുണ്ടാവാറില്ല..

പോട്ടെ പോട്ടെ..അസൂയ വെളിവാക്കി വെറുതെ കഥ ഗതിമാറ്റി വിടുന്നില്ല.

ഈ കുഞ്ഞന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍ അത് പെട്ടെന്നു തന്നെ ഓടിച്ചാടി നടക്കാന്‍ തുടങ്ങി എന്നതാണ്.ആടുവംശത്തില്‍ അതാണത്രേ സമ്പ്രദായം.

ഞങ്ങള്‍ അധികം പരിചയപ്പെട്ടിട്ടില്ല.

പരിചയപ്പെട്ടത് അത്യാവശ്യം നിറപ്പകിട്ടാര്‍ന്ന അന്തരീക്ഷത്തിലുമായിപ്പോയി.

ഒരുദിവസം പതിവില്ലാത്ത ഒരു ഉച്ചമയക്കത്തിന് ചെറിയോരു തടി ബെഞ്ചില്‍ സര്‍ക്കസുകാരനെപ്പോലെ ബാലന്‍സ് ചെയ്തു  കിടന്ന കഥയിലെ ഉപനായകനായ ഞാന്‍ പെട്ടെന്ന് നെഞ്ചിലേയ്ക്ക് എന്തോ വന്നു വീഴുന്നതായി അറിഞ്ഞ് ഞെട്ടിയുണര്‍ന്നു.ഞെട്ടിയുണര്‍ന്നാല്‍ അടുത്ത പടി ചാടിയെണീക്കണമെന്നതാണെങ്കിലും നെഞ്ചിലും വയറിലുമായി നാലുകാലുമുറപ്പിച്ച് കഥാനായകനായ ആട്ടിന്‍ കുട്ടി നില്‍ക്കുന്നതിനാല്‍ അതിന് സാധിക്കാത്തതിലുള്ള നിരാശയാല്‍ ഞാന്‍ ചെറുതായൊന്നു കരയുന്നതുപോലെ അഭിനയിച്ചു.

വെറും അഭിനയം മാത്രം.

മെന്‍ ഡോന്റ് ക്രൈ!!

വീട്ടില്‍ അന്നുള്ള മറ്റു മനുഷ്യജീവികള്‍ വന്നു നായകനെ നെഞ്ചകത്തുനിന്നും എടുത്തു മാറ്റി.

അതിനെ ഒന്നു ശാസിക്കുകപോലും ചെയ്തില്ല എന്നത് നിങ്ങള്‍ അറിയണം.

കുഞ്ഞല്ലേ?!

ഹൃദയങ്ങള്‍ അകലുകയാണ്.

അവന്‍ തുള്ളിച്ചാട്ടവുമായി അമ്മയുടെ സ്വാതന്ത്ര്യം സൗജന്യമായി ഇന്‍ഹെറിറ്റ് ചെയ്ത് കയറില്ലാതെ തകര്‍ത്തു നടക്കുകയാണ്.ഞാന്‍ മറ്റു ജീവജാലങ്ങളോടൊപ്പം ഒതുങ്ങി ഒരു കോണിലും.

അങ്ങനെയിരിക്കെ മറ്റൊരു ദിവസം..

മുട്ടന്‍ കുഞ്ഞ് തുള്ളിച്ചാട്ടത്തിനു പുറമേ പുതിയൊരു കലാപരിപാടികൂടി കണ്ടു പിടിച്ചിരിക്കുന്നു എന്ന കാര്യം പറയാന്‍ മറന്നു.പൊടിച്ചു വരുന്ന ചെറിയ പൈശാചിക കൊമ്പുകളെ പ്രത്യേക ആംഗിളില്‍ താഴ്ത്തി ചുവടുവെച്ച് ഇടിക്കലാണ് പ്രസ്തുത പരിപാടി.

പറഞ്ഞു നിര്‍ത്തിയ 'മറ്റൊരു ദിവസത്തി'ലേയ്ക്ക് മടങ്ങി വരാം.

പുരയിടത്തിലെ തട്ടുതട്ടായി തിരിച്ച് റബ്ബര്‍ നട്ടിരിക്കുന്ന ഭാഗത്താണ്.അവിടെ കൂട്ടത്തില്‍ പെടാതെ നില്‍ക്കുന്ന ഒരു കശുമാവിന്റെ വിളവെടുക്കാന്‍ ഞങ്ങള്‍ മനുഷ്യരും പുല്ലു തിന്നാനും പൂച്ചിയെ പിടിക്കാനുമൊക്കെയായി മറ്റു ജീവികളും സന്നിഹിതരാണ്.

കഥാനായകന്‍ തുള്ളല്‍ പ്രസ്ഥാനവുമായി രംഗത്തു തന്നെയുണ്ട്.ജീവിതം സാധാരണഗതിയില്‍ പുരോഗമിക്കയാണ്.

പെട്ടെന്ന് എന്റെ വിളിപ്പേര് ആരോ..തിരിഞ്ഞു നോക്കിയപ്പോള്‍ മുട്ടന്‍ ഓടിവന്ന് ഇടിക്കാനുള്ള ആക്ഷനെടുക്കുകയാണ്.

ലക്ഷ്യം ഞാന്‍ തന്നെ!

അല്ലെങ്കിലും എല്ലാവരും അഭ്യാസം പഠിക്കുക കൂട്ടത്തിലേറ്റവും ചെറിയ ആളിനടുത്തായിരിക്കുമല്ലോ!

നെഞ്ചു വിരിച്ച് നിന്നു.മുട്ടന്‍ കുഞ്ഞിന് പണി എളുപ്പമായി.ഓടിവന്ന് ചാടി ഇടിച്ചു!

ഫിസിക്സിന്റെ ഒരുവിധം എല്ലാ നിയമങ്ങളും കൃത്യമായി അനുസരിച്ചു കൊണ്ട് സഹനായകനായ ഞാന്‍ മലര്‍ന്നു വീണ് ഉരുണ്ടുരുണ്ട് രണ്ട് പ്ളാറ്റ്ഫോമിനു താഴെയുള്ള ഒരു റബ്ബറിലിടിച്ചു നിന്നു.

ഫിസിക്സിന്റെ കാര്യം പറഞ്ഞപ്പോഴാണ്.എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമെന്നത് വളരെ തെറ്റാണ്!!

തുല്യമായ പ്രതിപ്രവര്‍ത്തനമെന്നത് സംഭവിച്ചു..ഉരുണ്ടുരുണ്ട് രണ്ട് പ്ളാറ്റ്ഫോമിനു താഴെയെത്തി.

പക്ഷേ വിപരീതമായ പ്രതിപ്രവര്‍ത്തനം??!!

ഓര്‍ക്കുമ്പോള്‍ കലി വരും..

എന്നെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ആട്ടിന്‍ കുട്ടിയെ അടിക്കുന്നതുപോലെ ആംഗ്യം കാണിക്കുന്നു.

കുഞ്ഞല്ലേ!അറിഞ്ഞോണ്ടല്ലല്ലോ!അതിന്റെ നൈസര്‍ഗ്ഗികവാസന പ്രകടിപ്പിച്ചതല്ലേ?!!

എന്തായാലും അന്നുമുതല്‍ ആട്ടിറച്ചി വലിയ ഇഷ്ടമാണ്.എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമ്പോള്‍ ഓവര്‍ ആക്ട് ചെയ്യുന്നവരെ ഇഷ്ടവുമല്ല.

എന്താല്ലേ?

Sunday, 21 June 2020

വൈരാഗി

ഗുരു വലിയൊരു യാത്രയുടെ/അന്വേഷണത്തിന്റെ ഒടുക്കമാണ്.സാഫല്യം!

"ഗുരോ,അങ്ങയുടെ ഈ ശാന്തി എനിക്കുമൊരല്‍പ്പം..
..?"ചോദിക്കേണ്ടത് ഔചിത്യം.

"വൈരാഗിയാകണം കുഞ്ഞേ!വൈരാഗിയാകണം!"

"ഓഹ്..അങ്ങിനെ വരട്ടെ..എന്നെ പരിചയപ്പെടുന്നവരാണ് കൂടുതല്‍ വൈരാഗ്യമുള്ളോരാവാറ്.ശാന്തി മുഴുവനും അവരു കൊണ്ടുപോയ്"

ശുഭം


Thursday, 18 June 2020

വായനാദിനം

വായനാദിനത്തിന്റെ തുടക്കം അല്‍പ്പം അസഹിഷ്ണുതയോടെയായിരുന്നു!

അല്‍പ്പസ്വല്‍പ്പം എഴുതാനായുള്ള ശ്രമം തുടങ്ങിയതില്‍ പിന്നെ ആണ് വായനയേയും വായനക്കാരേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ കലിപ്പ് വരിക.

എന്തിനാണ് അസഹിഷ്ണുത എന്നറിയാന്‍ ആര്‍ക്കെങ്കിലും താത്പര്യമുണ്ടോ?

പുതിയ കണ്ടുപിടുത്തങ്ങള്‍ ഒന്നുമില്ല.

വായനക്കാരുടെ ഇഷ്ടങ്ങളിലെ(ഇഷ്ടം പ്രകടിപ്പിക്കുന്ന രീതിയിലെ)പൊളിറ്റിക്സ് ആണ് അസഹിഷ്ണുതയ്ക്ക് കാരണമായത്.

എഴുതിയത് വായിക്കുന്നതിനേക്കാള്‍ എഴുതിയ ആളാരാണ്,ആളുടെ ജോലിയും വിദ്യാഭ്യാസയോഗ്യതയും എന്താണ്,ആള്‍ സപ്പോട്ടു ചെയ്യുന്ന ഐഡിയോളജി എന്താണ്,
പുസ്തകം പബ്ളിഷ് ചെയ്തത് ഏതു കമ്പനിയാണ്,ആരൊക്കെ അതിനെ പ്രമോട്ട് ചെയ്തു എന്നൊക്കെ അന്വേഷിക്കുന്ന ആളുകള്‍.

പിന്നീട് ഈ അസഹിഷ്ണുതയില്‍ നിന്നും പുറത്തുകടന്നു!

എന്റെ ബാല്യത്തില്‍ ഞാന്‍ നല്ല രീതിയില്‍ അന്തര്‍മുഖത്വം പ്രകടിപ്പിക്കുന്ന ആളായിരുന്നു.ഇന്‍ട്രോവെര്‍ട്ടായ ആളുകള്‍ക്ക് പൊതുവേ സമയം ഒരുപാടുണ്ടാവും.മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ?

നമുക്കു ചുറ്റുമുളള ആളുകളെ ശ്രദ്ധിക്കൂ.അന്തര്‍മുഖരായവര്‍ പുറത്തേക്കിറങ്ങിയാല്‍ എത്രയും പെട്ടെന്ന് തിരിച്ച് വീട്ടിലെത്തും.അവര്‍ക്ക് എല്ലാവരുടേയും ബര്‍ത്ഡേ വിഷ് ചെയ്യാനും മെസേജുകള്‍ക്ക് റിപ്ളൈ കൊടുക്കാനും ചടങ്ങുകളില്‍ നേരിട്ട് പോയി പങ്കെടുക്കാനുമൊക്കെ ധാരാളം സമയം ഉണ്ട്.പക്ഷേ എക്സ്ട്രോവെര്‍ട്ടുകള്‍ പലതരം ബഹളങ്ങളുമായി പാതിരാ വെളുക്കുവോളം നടക്കുന്നതു കൊണ്ട് അവര്‍ക്ക് ഒന്നിനും സമയമുണ്ടാവുകയില്ല.

ഈ സമയക്കുറവും സമയക്കൂടുതലുമായിരിക്കണം വായനക്കാരിലെ തെരഞ്ഞെടുപ്പു പരമായ പൊളിറ്റിക്സിനു കാരണമായേക്കാവുന്ന പ്രധാനഘടകം.

ഏറെ സമയമുണ്ടായിരുന്ന ഞാന്‍ കിട്ടുന്നതെന്തും - എഴുതിയത് ആരാണെന്ന് അന്വേഷിക്കാതെ - വായിക്കുമായിരുന്നു.

സമയക്കുറവുള്ളവര്‍ തങ്ങളുടെ സമയം ക്വാളിറ്റി ഉള്ള കാര്യത്തിനാണോ വിനിയോഗിക്കുന്നത് എന്നു ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ നടത്തിയേക്കാം. ഈ ഉറപ്പുവരുത്തല്‍ ശ്രമങ്ങള്‍ പലപ്പോഴും പല രീതിയിലും വഴി തിരിക്കപ്പെട്ടേക്കാം.

നിങ്ങള്‍ പുസ്തകത്തെ അതിന്റെ കവറുകൊണ്ട് അളക്കുന്ന ആളാണെങ്കിലും അല്ലെങ്കിലും നല്ലൊരു വായനാദിനം ആശംസിക്കുന്നു❤

Monday, 15 June 2020

പൗരബോധം

പൗരബോധം അണ്ടര്‍വെയര്‍ പോലെയാണെന്ന് ആരോ പറയുന്നത് കേട്ടു.ചിലരത് ആവശ്യത്തിന് ധരിക്കുന്നു.ചിലര്‍ മറ്റുള്ളവരെ കാണിക്കാന്‍ ധരിക്കുന്നു.ചിലര്‍ അത്യാവശ്യം വരുമ്പോള്‍ മാത്രം ധരിക്കുന്നു.ഒരിക്കലും ടി സംഗതി ധരിക്കാതെ ജീവിച്ചു മരിച്ചു പോയവരും ഉണ്ട്.

കഴിഞ്ഞ ദിവസം എറണാകുളത്ത് റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് സ്ക്രീനിങ്ങ്  ഡ്യൂട്ടിയില്‍ നിന്നപ്പോള്‍ ഒരാള്‍ അടുത്തു വന്നു.എന്തോ സംശയം ചോദിക്കാനാണെന്ന് ശരീരഭാഷയില്‍ സുവ്യക്തം.

ഊഹം തെറ്റിയില്ല.

തമിള്‍നാട്ടിലെ ഊട്ടിക്കടുത്ത കോട്ടഗിരി എന്ന സ്ഥലത്തു നിന്നു വന്ന ഒരു വൈദികവിദ്യാര്‍ത്ഥിയാണ്.ഹോം ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദ്ദേശം കിട്ടി വന്നതാണ്.

ക്വാറന്റൈനായി എഴുതി കൊടുത്തിരുന്ന അഡ്രസ്സിലെ വീട്ടില്‍ എന്തോ സാങ്കേതിക പ്രശ്നത്താല്‍ പോകാനാവുന്നില്ല,പകരം മറ്റൊരു വാടകവീട് എടുത്തിട്ടുണ്ട്,അഡ്രസ്സിലെ ഈ മാറ്റം എവിടെയാണ് അറിയിക്കേണ്ടത്,എന്തു തരം വാഹനത്തിലാണ് ഹോം ക്വാറന്റൈനു പോകേണ്ടത് എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു  അദ്ദേഹത്തിനുണ്ടായിരുന്നത്.ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് തടസ്സമുണ്ടാക്കാതെ കാത്തു നിന്ന് ഈ സംശയങ്ങളെല്ലാം ദൂരീകരിച്ചതിനുശേഷമാണ് അദ്ദേഹം പോയത് എന്നത് വളരെ മതിപ്പുളവാക്കി.എന്റെ സൂപ്പര്‍വൈസറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ വിശദവിവരങ്ങളെല്ലാം ഞാന്‍ ശേഖരിച്ചു.പ്രക്രിയയുടെ പുരോഗതി അറിയിക്കാം എന്നു ഉറപ്പു തന്നതുപോലെ തന്നെ അദ്ദേഹം വിളിച്ച് സംസാരിക്കുകയും ചെയ്തു. 

എന്തെങ്കിലും അധികാരമോ സ്വാധീനമോ ഉള്ള ആരും നിയമം ലംഘിക്കാന്‍ കൂടുതല്‍ ശ്രമിക്കാറുള്ള ഈ നാട്ടില്‍ അദ്ദേഹത്തിന്റെ പൗരബോധം വളരെ മൂല്യമുള്ളതാണ്!!

കോവിഡ് പോലുള്ള മഹാമാരിയെ ചെറുക്കാന്‍ ഇത്തരത്തില്‍ ഉള്ളവരെ നമ്മളോരോരുത്തരും മാതൃകയാക്കിയേ തീരൂ.

കൂട്ടി വായന

വ്യക്തികള്‍ തങ്ങള്‍ക്കുള്ളിലും സംഘടനകള്‍ അവയ്ക്കുള്ളിലും നടപ്പാക്കുന്ന രസകരമായ ഒരു സ്ട്രാറ്റജിയുണ്ട് - തീരാത്ത പണി കൊടുക്കല്‍.മനസ്സിലായില്ലേ?

നമ്മളില്‍ പലരും നമുക്കു തന്നെ പല 'ശീലങ്ങള്‍' എന്ന ജോലി കൊടുക്കാറുണ്ട്.കാരണങ്ങള്‍ പലതാവാം.നമ്മള്‍ കൂട്ടം കൂടുന്നിടത്തെ നേതൃത്വവും താഴേ തട്ടിലേയ്ക്ക്  പല പണികളും കൊടുക്കാറുണ്ട്.

മിഡില്‍ ഈസ്റ്റിലെ ഒരു മാനുഫാക്ചറിങ്ങ് കമ്പനിയിലെ കോഡിനേഷന്‍ ജോലികള്‍ ചെയ്തിരുന്ന ഒരു സമയം ഓര്‍ക്കുകയാണ്.

തീരെ തിരക്കില്ലാത്ത ഒരു സീസണ്‍.നിലവിലുണ്ടായിരുന്ന ഓഡറുകളെല്ലാം കൊടുത്തു തീര്‍ത്തു.ഉത്പന്നശ്രേണിയില്‍ എല്ലാം ആവറേജ് സ്റ്റോക്കില്‍ അല്‍പം കൂടുതലായി.

ഇനിയെന്ത് എന്ന ചോദ്യമായി?

ഇനിയെന്താ..ഇവിടെ ഇരുന്നോളൂ.വിശ്രമിച്ചോളൂ എന്നു മണ്ടന്‍കൊണാപ്പിയായ നോം ഉത്തരം കൊടുത്തു(സംരംഭം,കച്ചവടം,ലാഭം,H.R.മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ എനിക്ക് എന്റെ ബാല്യകാലത്ത് അടുത്തു പെരുമാറിയിരുന്ന മാതാപിതാക്കളില്‍ നിന്ന് കിട്ടിയിരുന്ന പാഠം തുലോം തുച്ഛമായിരുന്നു എന്നു സമ്മിശ്രവികാരങ്ങളോടെ പറയുക തന്നെ വേണം.ഇപ്പോഴൊക്കെ എനിക്കു ചുറ്റും 'ആളുകളെ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യരായ പരിചയക്കാരുടേയും ബന്ധുക്കാരുടേയും പൊടിമക്കളൊക്കെ എന്നെ ഒരുപാട് വിസ്മയിപ്പിക്കാറുണ്ട്.ആദിവാസി നാട്ടിലെ തിരക്കില്‍ സൈക്കളോടിക്കുന്ന ഒരു കുഞ്ഞിനെ കാണുംപോലെ!).
വെറുതേയിരുപ്പ് കാമറക്കണ്ണുകളില്‍ കണ്ട മുതലാളി പാഞ്ഞെത്തി.എന്നെ മീറ്റിങ്ങിനായി വിളിപ്പിച്ചു.

"എന്താ എല്ലാരും വെറുതേയിരിക്കുന്നെ?"

"പണിയൊക്കെ തീര്‍ന്നു സര്‍.ഓഡറെല്ലാം സപ്ളൈ ചെയ്തു.സ്റ്റോക്കിലേയ്ക്കുള്ളതും ആയി.വെയര്‍ഹൗസ് മുഴുവന്‍ ക്ളീനും ചെയ്തു.അതുകൊണ്ട്.."

"വെയര്‍ഹൗസിന്റെ എടത്തു വശത്തല്ലേ ഇപ്പോള്‍ എല്ലാം സ്റ്റോക്ക് ചെയ്തേക്കുന്നെ?"

"അതെ സര്"‍

"അത് മുഴുവന്‍ എത്രയും പെട്ടെന്ന് വലത്തു വശത്തേക്ക് മാറ്റണം"

"അത്.."

സര്‍ കള്ളച്ചിരി തുടങ്ങി.അടുത്തതായി ന്യായീകരണം വരും എന്നറിയാവുന്നതു കൊണ്ട് വെയിറ്റ് ചെയ്തു.

"എടോ..ഇതൊക്കെ വഴിയെ പഠിച്ചോളും.......

നിങ്ങള്‍ ഓഫീസിലുള്ളവര്‍ അത്യാവശ്യം ചിന്താശേഷി ഉള്ളവരാണ്.നിങ്ങള്‍ വര്‍ക്കില്ലാത്തപ്പോള്‍ ആരാം സെ ഇരുന്ന് എന്തെങ്കിലും ടൈംപാസ് ചെയ്യും.വര്‍ക്ക് ഉണ്ടെങ്കില്‍ സമയം നോക്കാതെ അതും ചെയ്യും.പക്ഷേ അകത്തുള്ള പണിക്കാര് അങ്ങിനെയല്ല.അവര്‍ക്കു നല്ല നടുവേദന വരുന്നതുപോലുള്ള പണി ഡെയ്ലി കിട്ടിയില്ലെങ്കില്‍ ഈയിടെയായി പണി തീരെ ഇല്ലെന്നും
കമ്പനി ഉടനേ പൂട്ടാന്‍ പോകുവാണെന്നും പരസ്പരം പറഞ്ഞ് എല്ലാം നാട്ടില്‍ പോകും."

പ്രായോഗികബുദ്ധ്യാ ശരിയാണ്.എന്റെ മുകളിലുള്ള ആളോട് എന്നെക്കുറിച്ചും ഇതേ പണിയില്ലായ്മ പ്രശ്നം പ്രിയബഹുമാനപ്പെട്ട മുതലാളീസ് ഉന്നയിക്കുമെന്നതും ഉറപ്പാണ്😅

നമ്മളിന്ന് നമ്മളിന്ന് മതം,രാഷ്ട്രീയം,ജീവിതശൈലി,ആത്മീയത,പ്രണയം എന്നൊക്കെ പറഞ്ഞ് ചെയ്തുകൂട്ടുന്ന അഭ്യാസങ്ങളില്‍ 99.99 ശതമാനവും ഇത്തരം പണി കൊടുക്കല്‍ പണികള്‍ മാത്രമല്ലേ??

എന്റെ പഴയ മുതലാളിയുടെ ഗീതോപദേശത്തിലെ ഒരു പ്രധാനഭാഗം ഹൈലൈറ്റ് ചെയ്യാന്‍ അനുവദിക്കണം..അത് ചിന്താശേഷി (ഔചിത്യം) എന്നതാണ്.

നമ്മുടെ നേതൃത്വം നമ്മോട് തല മൊട്ടയടിക്കണം,പാട്ടു പാടണം,തുള്ളിച്ചാടണം,വെട്ടിക്കൊല്ലണം,ചുമ്മാ ജയിലില്‍ പോണം എന്നൊക്കെ പറയുമ്പോള്‍ അവിടെ മൂന്നു സാധ്യതകളാണ് ഞാന്‍ കാണുന്നത്.

1.നമുക്ക് ചിന്താശേഷി കുറവാണ്.

2.നമ്മുടെ ചിന്താശേഷിയെ അംഗീകരിക്കാന്‍ നേതൃത്വം ഒരുക്കമല്ല.

3.നമ്മുടെ ചിന്താശേഷിയെ അളക്കാനുള്ള ചിന്താശേഷി നേതൃത്വത്തിനില്ല.

എന്റെ ജീവിതത്തിലെ ചില സംഭവങ്ങളും ചില ചിന്താധാരകളും കൂട്ടി വായിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ എഴുത്ത്.

നിങ്ങള്‍ക്ക് കൂട്ടിവായിക്കാനാവുമോ/അങ്ങിനെ ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ എന്നതൊന്നും എന്റെ സമസ്യ അല്ല!

Friday, 12 June 2020

ഉപകാരസ്മരണ

കടുത്ത ആശയദാരിദ്ര്യമുള്ള കാലത്താണ്!!

ഇരുന്നും കിടന്നും നടന്നും ഉരുണ്ടും ആശയത്തിനായി പരതി.സിമ്പിളായ സംഭവമായാലും മതിയാരുന്നു.

അപ്പോഴാണ്..

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിക്കുന്ന നോണ്‍ ആള്‍ക്കഹോളിക് പാനീയം-ചായ-മനസ്സിലെ കപ്പിലേയ്ക്കാരോ ആവി പറത്തി നിറച്ചത്.

ജോര്‍ജ് ഓര്‍വെലിന്റെ എ നൈസ് കപ്പ് ഓഫ് ടീ വായിച്ചിട്ടുണ്ട്.ഇഷ്ടപ്പെട്ടിരുന്നു.എങ്കിലും അതേ വിഷയത്തിന് ഇനിയും എഴുതപ്പെടാനുള്ള ആഴമുണ്ടെന്നും തോന്നി.

അങ്ങനെ ആശയം നിശ്ചയിക്കപ്പെട്ടു.

നല്ല ചായ ഉണ്ടാക്കുന്നത് എങ്ങിനെ എന്നതു തന്നെ ആശയം.പക്ഷേ പിന്നെയും തടസ്സങ്ങളുണ്ട്.നല്ല ചായ ഉണ്ടാക്കാനറിഞ്ഞാലല്ലേ അത് വിവരിച്ച് എഴുതാന്‍ സാധിക്കൂ.പിന്നെയും വിഷമവൃത്തത്തില്‍!!

വീട്ടിലെ സൂപ്രണ്ട് മാതാശ്രീ വിഷയം ശ്രദ്ധിച്ചു.

"എന്താ ക്ഷീണം,മടി,അലസത?"

"എഴുതണം"

"അതിന്?"

"നല്ല ചായ എങ്ങിനെ ഉണ്ടാക്കുമെന്ന് എഴുതണം!"

"ഇവിടെ കിട്ടുന്ന ചായക്കെന്താണ് കുഴപ്പം?"

"ഊളച്ചായ!എഴുതാന്‍ പോയിട്ട് ഓര്‍ക്കാന്‍ പോലും കൊള്ളില്ല"അറിയാതെ പറഞ്ഞുപോയ്.

വികടസരസ്വതി!വലിയ വില കൊടുക്കേണ്ടി വരും!

"ഓഹോ!എന്നിട്ടും മടമടാന്ന് കുടിക്കാറുണ്ടല്ലോ?"

"ഞാനൊന്ന് ആലോചിച്ച് എഴുതിക്കൊട്ടെ.പ്ളീസ്!"

"വഴിയുണ്ടാക്കാം.ആ മൊബൈലിങ്ങ് തന്നേ"മൊബൈല്‍ ഫോണ്‍ ജപ്തി ചെയ്യപ്പെട്ടു.അടുത്ത നീക്കമായിരുന്നു അമ്പരപ്പിച്ചു കളഞ്ഞത്.മുറിയില്‍ നിന്നും പുറത്തിറങ്ങിയ സൂപ്രണ്ട് വാതില്‍ പുറത്തു നിന്നും പൂട്ടിക്കളഞ്ഞു.

"ഇതെന്ത് പ്രാന്താണ്?"

"പറയാം.ക്ഷമീര്!"

സമയം കടന്നു പോയി.ജനലിലൂടെ പല വീടുകളില്‍ നിന്നുള്ള ആഹാരപദാര്‍ത്ഥങ്ങളുടെ മണങ്ങള്‍ കൊമ്പും വാലുമുള്ള കുട്ടിപ്പിശാചുക്കളായി മുറിയില്‍ നുഴഞ്ഞു കയറി നൃത്തമാടുന്നു.വിശപ്പ് ആമാശയത്തെ സ്വാസകോസസമം സ്പോഞ്ചു പോലാക്കുന്നു.

"വാതില് തൊറ.കളിക്കല്ലേ!"

ഉത്തരമില്ല.

വാതിലില്‍ മുട്ടി..ഇടിച്ചു.ചവിട്ടാന്‍ ധൈര്യമില്ല..കാലു പോയാല്‍ പോയില്ലേ?

കുറച്ചു സമയം ഉറങ്ങാന്‍ ശ്രമിച്ചു.പണ്ടെങ്ങുമില്ലാത്തപോലെ അപ്പുറത്തെ വീട്ടില്‍ മീന്‍ വറക്കുന്നു..

എന്നാലും ഇങ്ങനെയുമുണ്ടോ മീന്‍ പൊരിക്കല്‍..എത്ര സമയമായി.മാരത്തോണ്‍ പൊരിക്കല്‍..ഹോ!!

ജനലിലൂടെ ഇരുട്ടു പരക്കാന്‍ തുടങ്ങി.കാര്യങ്ങള്‍ കൈവിട്ടു പോവുകയാണോ?! 

വാതിലില്‍ വീണ്ടും മുട്ടി.താളത്തില്‍ കൊട്ടി.രക്ഷയില്ല.

ഇനി പൂഴിക്കടകനാണ്.സര്‍വ്വശക്തിയും സംഭരിച്ച് ആകാശദൂത് സിനിമ മനസ്സില്‍ കണ്ട് ഒരൊറ്റ ദീനരോധനം.

അത് ഫലം കണ്ടു.വാതിലിനു പുറത്ത് ലോഹഭാഗങ്ങളുരയുന്ന മംഗളസ്വരം.

തുറക്കപ്പെട്ടു!

ചോദ്യോത്തരങ്ങള്‍ക്കു സമയമില്ല.നിമിഷങ്ങള്‍ വിലയേറിയതാണ്.അടുക്കളയിലേയ്ക്ക് പ്രകാശവേഗത്തില്‍ കുതിച്ചു.അവിടെ വൃത്തസ്തൂപികയില്‍ നിന്നും വൃത്തമായി ആകൃതി മാറ്റപ്പെട്ട,ആശ്ചര്യകരമാം രീതിയില്‍ ബാലന്‍സ് ചെയ്യപ്പെട്ടു നിര്‍ത്തിയ,
 ഒരു ചളുങ്ങിയ  ഒരു സ്റ്റീല്‍ ഗ്ളാസ്സില്‍ എന്തോ ഇരിപ്പുണ്ട്.

വലിയ ചൂടില്ല എന്നു ലക്ഷണശാസ്ത്രം പറയുന്നു.എടുത്തു.വലിച്ചു കുടിച്ചു.ചായയാണ്.മധുരമില്ല.പാലില്ല.എന്നാലും ആ ഒരു ഗ്ളാസ്സ് ചായ എ നൈസ് സ്റ്റീല്‍ ഗ്ളാസ്സോഫ് ചായ ആയിരുന്നു.

മര്യാദയുടെ പേരില്‍,അവസാനമായി,എന്നാല്‍ ഏറ്റവും പ്രധാനമായി
ഈ പോസ്റ്റിന് ഉപകാരസ്മരണ ചേര്‍ക്കൂന്നു.നല്ല ചായയ്ക്കും അതിന്റെ പാഠത്തിനും ഉപകാരസ്മരണ.

പടച്ചോന്റെ ചോറ് എന്ന കഥയോട് കടപ്പാടു വെച്ചില്ലെങ്കില്‍ അതൊരു അതിക്രമമായി പോയേക്കൂമെന്നും സംശയിക്കുന്നു.

Saturday, 6 June 2020

വിഷം വമിപ്പിക്കുന്ന വാര്‍ത്തകള്‍

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്ത ഓര്‍മ്മിക്കുന്നു.

ലോകത്തിലെ ഏറ്റവുമധികം ജനങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തു മതത്തിന്റെ അധികാരതലസ്ഥാനമായ വത്തിക്കാനിലെ ഒരു പള്ളിയില്‍ pachamama (ഇതിന്റെ ഉച്ചാരണം പച്ചമാമ ആണോ പക്കമാമയാണോ എന്നറിയില്ല)എന്ന ഒരു വനദേവതയുടെ രൂപം എത്തിക്കപ്പെട്ടുവത്രെ.

കുറച്ചുകാലം അതവിടെ ഇരിക്കുകയും ചെയ്തു പോലും.

ആമസോണ്‍ വനപ്രദേശത്തുള്ളവരുടെ ദേവതയാണ് pachamama.ഇത്തരമൊരു ദുര്‍(?)ദേവത വത്തിക്കാനിലെ വിശുദ്ധസ്ഥലത്ത് എത്തിയത് സൈത്താന്റെ വലിയ കളിയാണെന്നും ദൈവത്തെ സംരക്ഷിക്കാന്‍  നുമ്മ (കല്ലം വടിയും ആയി-ഈ ഭാഗം കുരുക്കള്‍ വ്യക്തമായി പറയില്ല.വിശ്വാസികള്‍ കണ്ടറിഞ്ഞു ചെയ്യാറാണ് പതിവ്) ഇറങ്ങണമെന്നും പതിവുപോലെ കേരളത്തിലെയടക്കം ധ്യാനകുരുക്കള്‍ ആഹ്വാനം ചെയ്തു.പിന്നീടാരോ ഈ മരക്കഷണം പള്ളിയില്‍ നിന്നെടുത്ത് നേരെ നദിയില്‍ വലിച്ചെറിഞ്ഞു എന്ന രീതിയിലൊരു വീഡിയോയും കണ്ടു.

ചിന്തനീയമായ വിഷയം എന്തെന്നാല്‍ ഇതിനോട് അടുത്ത ദിവസങ്ങളില്‍ ആമസോണ്‍ വനം കത്തിയെരിയുകയായിരുന്നു.

സ്വഭാവികമായി കത്തിയതല്ല.

കര്‍ഷകര്‍ തീയിട്ടതാണ്!!

കര്‍ഷകരെന്നു പറയുമ്പോള്‍ തെറ്റിദ്ധരിക്കരുതേ!

അന്നന്നു വേണ്ടുന്ന ആഹാരത്തിനായി അര ഏക്കറില്‍ കപ്പയും കാച്ചിലും നടുന്ന കര്‍ഷകരല്ല.ആയിരക്കണക്കിന് ഏക്കര്‍ വനം കയ്യേറി പ്രവൃത്തിയെ മൂടിവെയ്ക്കാന്‍
ഭരണകൂടത്തേയും മാധ്യമങ്ങളേയും സ്വാധീനിക്കുന്ന കര്‍ഷകര്!!

‍ആമസോണില്‍ കത്തിയമര്‍ന്ന കാടിനെയോര്‍ത്തല്ല പാവം ക്രിസ്ത്യാനി സങ്കടപ്പെട്ടത്,പള്ളിയിലിരുന്ന് പിന്നീട് തോട്ടില്‍ കളഞ്ഞ pachamama എന്ന മരക്കഷണത്തിനു പിന്നിലെ സൈത്താനികപ്രവൃത്തിയെ ഓര്‍ത്താണ്.

അവിശ്വാസിയായ എന്റെ നിലപാട് പറഞ്ഞോട്ടെ.

pachamama പള്ളിയിലിരുന്നാലും തോട്ടില്‍ കിടന്നാലും സെപ്റ്റിക് ടാങ്കില്‍ കിടന്നാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല.പക്ഷേ ആമസോണില്‍ നശിപ്പിക്കപ്പെട്ട ഒാരോ വൃക്ഷത്തിന്റെയും അഭാവം എന്നെ കാലാവസ്ഥാവ്യതിയാനത്തിലൂടെ ശ്വാസം മുട്ടിക്കുന്നുണ്ട്!!

മേല്‍പ്പറഞ്ഞ ധ്യാനകുരുവിനേയും അജഗണങ്ങളേയും ഡീഫോറസ്റ്റേഷന്റെ പരിണിതഫലം ബാധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.അത് അവര്‍ക്കും അറിയില്ലായിരിക്കാം.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കാനാവാത്തതിനാല്‍ ആത്മഹത്യ ചെയ്തു എന്ന കാരണം ആരൊക്കെയോ മെനഞ്ഞുണ്ടാക്കിയ ഒരു പാവം കുഞ്ഞിനെപ്പറ്റി വായിച്ചു.

എന്ത് അസംബന്ധമാണ് നമ്മളീ പ്രചരിപ്പിക്കുന്നത്??!!

പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ആര്‍ക്കും മനസ്സിലാകും ആ കുട്ടിയില്‍ സ്വയം പീഡനത്തോടും മരണത്തോടുമുള്ള അഭിനിവേശം അടുത്ത് ഇടപഴകിയിരുന്ന ആരോ പകര്‍ന്നു കൊടുത്തതാണെന്ന്.അല്ലെങ്കില്‍ വൈകാരികമായി താങ്ങി നിര്‍ത്താന്‍ ആ പാവത്തിന് എങ്ങിനെയോ ആളില്ലാതെ പോയതുമാവാം.

എന്തായാലും പരിഹാരമുള്ള ഒരു പ്രശ്നത്തെ ചൊല്ലി മാത്രം ഇത്രമാത്രം വേദന സഹിച്ചൊരു മരണം ആരും സ്വീകരിക്കാനിടയില്ല.

മദ്യപിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളെപ്പറ്റിയും വരുന്നു വാര്‍ത്തകള്‍.

മദ്യം മനുഷ്യനെ മറ്റൊരാളാക്കുമെന്നു പറഞ്ഞവര്‍ മദ്യപിച്ചു നോക്കിയിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു!

തീര്‍ച്ചയായും ഒന്നോ രണ്ടോ ശതമാനം കേയ്സുകളില്‍ ഇത്തരത്തില്‍ സംഭവിച്ചേക്കാം.മദ്യം ഒരാളെ വേറൊരാളാക്കി മാറ്റി ക്രൂരകൃത്യങ്ങള്‍ ചെയ്യിച്ചേക്കാം.സാധ്യതകളെ നമുക്ക് ഒരിക്കലും പൂര്‍ണ്ണമായി എഴുതി തള്ളാനാവില്ല.

പക്ഷേ ഭൂരിഭാഗവും മദ്യപിച്ചതിനുശേഷവും നടപ്പിലാക്കുന്നത് സ്വന്തം അജണ്ട തന്നെയാണെന്ന് നിസ്സംശയം പറയാം.

ഈ കുറ്റവാസന എങ്ങിനെ ഉണ്ടാവുന്നു എന്നു ചോദിച്ചാല്‍ കോവിഡ് പോലൊരു ആഗോളപ്രതിസന്ധി ഉണ്ടാക്കിയ സാമൂഹികപ്രത്യാഘാതങ്ങളെ നോക്കാന്‍ പറയേണ്ടി വരും.തൊഴില്‍ നഷ്ടപ്പെട്ടവരും സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവരുമായി എത്രയോ പേരെ നമുക്ക് കാണാനാവും.വൈകാരികമായി തീ പിടിച്ചു നില്‍ക്കുന്ന ഒരുപാടാളുകള്‍.ഗവണ്‍മെന്റുകള്‍ക്ക് പരിമിതമായ കൗണ്‍സിലിങ്ങ് സംവിധാനങ്ങളുണ്ട്.പക്ഷേ അതൊരു ശാശ്വതപരിഹാരമല്ല.പരസ്പരം താങ്ങ് ആവുക എന്ന പ്രവൃത്തിയാണ് ഏക പരിഹാരമാര്‍ഗ്ഗം.

ഇരിക്കുന്ന മരക്കമ്പ് മുറിക്കും പോലെയുള്ള ഈ വളച്ചൊടിച്ച വാര്‍ത്തകളൊന്നും ഈ ദുരിതകാലത്തിന് തീരെ യോജിച്ചതല്ല.നമ്മളാരും മറ്റീരിയലിസ്റ്റിക്കായ ഒരു സാധനങ്ങളോടുമൊപ്പം അനന്തകാലം വാഴുകയുമില്ല.പരസ്പരം മാന്യത കാണിച്ച്,സമൂഹമായി ജീവിച്ചു പോകേണ്ട കാലമാണ്.

മാന്യതയ്ക്ക് പാരസ്പര്യം ഉണ്ട് എന്നു  എടുത്തുപറയുകയാണ്.മഹാരാജാവിനേപ്പോലെ ഏകപക്ഷീയമായി മാന്യത വാങ്ങിയെടുക്കാമെന്ന് കരുതുന്നവരാണ് ഇതെല്ലാം കുളമാക്കുന്നത്.

പിന്നെഴുത്ത്:-

ഭക്ഷണത്തില്‍ പൊതിഞ്ഞ് ഉപയോഗിക്കാവുന്ന പടക്കത്തിന്റെ ബിസിനസ് തുടങ്ങാനുദ്ദേശിക്കുന്നുണ്ട്.ഇന്‍വെസ്റ്റേഴ്സിനെ ക്ഷണിക്കുന്നു.

മാധ്യമങ്ങളും രാഷ്ട്രീയലക്ഷ്യമുള്ളവരും മാത്രം  ഈ പടക്കത്തെ ക്യാഷാക്കുന്നത് എത്ര കാലം കണ്ടുനില്‍ക്കും?!! 

കഷ്ടമാണ് സഹോദരീസഹോദരന്‍മാരേ..എരിതീയില്‍ വെറുതേ എണ്ണ ഒഴിച്ചിട്ട് മൂട്ടില്‍ തീ പിടിച്ചു എന്ന് പറഞ്ഞ് ഓടുക. 

ഇതൊക്കെ തമ്മിലടിച്ച് ചത്ത് ഓവര്‍ പോപ്പുലേഷന്‍ നിയന്ത്രിക്കാനാണെങ്കില്‍ പറഞ്ഞതെല്ലാം നിരുപാധികം പിന്‍വലിച്ചിരിക്കുന്നു.


ദയവായി ചിന്തിക്കുക.ശുഭദിനം

Thursday, 4 June 2020

അറിയിപ്പ്

അങ്ങിനെയൊരു ദിവസം ഞാന്‍ പ്രസ്തുത
 ഓഫീസ് പടി കടന്നു ചെന്നു.

"എന്തേ?"ഒരു ഉദ്യോഗസ്ഥന്‍.

"വരവറിയിക്കാന്‍."കാര്യമാത്രപ്രസക്തന്‍ ഞാന്‍.

"ആരുടെ?"ഉദ്യോഗസ്ഥന്‍.

"എന്റെ."ഞാന്‍. 

"വരവറിയിക്കാന്‍ താനാരാ കൊച്ചീമഹാരാജാവോ?യേശു ക്രിസ്തുവോ?അതും നേരിട്ടു വന്ന്."അങ്ങേര് പരിഹസിച്ചു.ഞാന്‍ സങ്കടപ്പെട്ടു.ചെറുതായി ക്ഷോഭിച്ചു.

ഇന്‍കം ടാക്സ് ഓഫീസിലല്ലാതെ പിന്നെ
എവിടെ ആണ് വരവ് അറിയിക്കേണ്ടത്!