ആ കുടിയേറ്റഗ്രാമത്തിലെ വീടുകളില്‍ മുതിര്‍ന്ന പുരുഷന്‍മാര്‍ വല്ലപ്പോഴും ഒന്നിച്ചുകൂടാറുണ്ട്..വല്ലപ്പോഴും..കഠിനാദ്ധ്വാനത്തിന്റെയും പട്ടിണിയുടെയും രോഗങ്ങളുടേയും പ്രകൃതിദുരന്തങ്ങളുടെയും നാളുകള്‍ ആണ്.ഒത്തുകൂടുമ്പോള്‍ വാശിയേറിയ ശീട്ടുകളിയാണ് പ്രധാനവിനോദം.ചണച്ചാക്കുകള്‍ വിരിച്ച് കളിക്കാര്‍ വട്ടത്തില്‍ ഇരിയ്ക്കും.ഒച്ചയും ബഹളവുമായി കളി പുരോഗമിയ്ക്കും.കശുമാങ്ങാ വാറ്റിയ ചാരായമുണ്ട്.ഇടിയിറച്ചിയുണ്ട്.ഇവ കളിക്കളത്തില്‍ എത്തും.കളിയുടെ രസത്തില്‍ മുള്ളാന്‍ പോലുമെഴുന്നേല്‍ക്കില്ല.കളി കഴിയുമ്പോള്‍ ചണച്ചാക്കില്‍ മൂത്രപ്പാടുകള്‍ കാണാം.അസ്സഹനീയമായ ദുര്‍ഗന്ധവും.വല്ല്യമ്മമാരുടെ ഭാഷയില്‍ മുതുമണം.മുതുക്കന്‍മാരുടെ മൂത്രത്തിന്റെ മണം.
Tuesday, 11 October 2016
Wednesday, 28 September 2016
ലിസ
എന്റെ കുറവുകളില്‍ നിറയുന്ന,ഇരുട്ടുപോലെ കരുണയോടെ എന്നെ പുതപ്പിക്കുന്ന,മണവാളനാണ് മരണം.അങ്ങിനെ വിഷദ്രാവകം ഞരമ്പില്‍ കുത്തിവെച്ച് വിളക്കണച്ചു.ഇന്നും ഈ വഴി വരുന്നവരുടെ വിളക്കുകള്‍ അണയ്ക്കാന്‍ കാറ്റിനോടും ആകസ്മികതയോടും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.
Monday, 19 September 2016
പണിയേണ്ട പാത
പക്ഷപാതത്തിനും കരുണയ്ക്കും മധ്യെ..
പരിഹാസത്തിനും വിമര്‍ശനത്തിനും മധ്യെ..
അതിശയോക്തിക്കും ഭാവനക്കും മധ്യെ..
ഉറക്കത്തിനും ഉണര്‍വിനും മധ്യെ..
ഒരു പാത പണിയേണ്ടതായുണ്ട്.
Thursday, 15 September 2016
യക്ഷി
പട്ടിണിക്കിട്ടും തലയ്ക്കടിച്ചും കൊന്നതു പോരാതെ നിങ്ങളുടെ വിഷച്ചോര കുടിപ്പിച്ച് ഇനിയും ഇനിയും കൊല്ലണോ എന്നൊരു യക്ഷി ചോദിച്ചു!
Saturday, 10 September 2016
കറുപ്പ്
കാടിനെ,
കൂടപ്പിറപ്പിനെ,
രാവിനെ,
മരണത്തെ,
ഒന്നും ഞാന്‍ കണ്ടില്ല.
കാരണം..
കാണാതിരുന്നതാണത്രെ കറുപ്പ്
Monday, 5 September 2016
കൊതി
കുഞ്ഞിലെ വലുതാവാന്‍
വലുതായി, ഇനി കുഞ്ഞാവാന്‍
ഉണ്ണുമ്പോള്‍ ഉറങ്ങാന്‍
ഉറങ്ങിയിട്ട് ഉണരാന്‍
ഓടുമ്പോള്‍ ഇരിക്കാന്‍
ഇരിക്കുമ്പോള്‍ ഓടാന്‍
വെയിലില്‍ നടന്നപ്പോള്‍ വീണുമരിക്കാന്‍
മരിച്ചപ്പോള്‍ ഉയിര്‍ക്കാന്‍
കൊതി..
Sunday, 4 September 2016
റ്റിന്റു
കുരുമുളകുവള്ളികള്‍ നിറഞ്ഞ മുരിക്കു മരങ്ങളും തലയ്ക്കു മുകളില്‍ വളര്‍ന്ന് മറിഞ്ഞു നില്‍ക്കുന്ന കൊങ്കിണിച്ചെടികളും നിറഞ്ഞ പറമ്പിലെ തുരങ്കം പോലെയൊരു ചവിട്ടുവഴിയിലൂടെയാണ് നടപ്പ്.തള്ളയാടും രണ്ടു കുഞ്ഞുങ്ങളും മുന്‍പിലുണ്ട്.പകലുപോലും ഇരുട്ടാണ് ഈ വഴിയില്‍.കൂട്ടിന് ജീവനുള്ള എന്തെങ്കിലുമുണ്ടെങ്കില്‍ പേടി തോന്നില്ല.അഥവാ പേടി തോന്നിയാലും അവറ്റകളോട് എന്തെങ്കിലും ഉറക്കെ സംസാരിച്ചാല്‍ മാറാവുന്നതേയുള്ളൂ.ഒരു കാല്‍പ്പാദത്തിന്റെ വീതിയില്‍ മാത്രമേ ചവിട്ടുവഴിയുള്ളൂ.എങ്ങും പുല്ലും കാടും വളര്‍ന്നു നിറഞ്ഞിരിക്കുകയാണ്.പെട്ടെന്നാണത്!!അടിവെക്കാന്‍ ഉയര്‍ത്തിയ കാല്‍ മരവിച്ച് പോയി.നിലവിളി തൊണ്ടയില്‍ കുരുങ്ങി.ഒത്ത വലിപ്പമുള്ള ഒരു കരിമൂര്‍ഖന്‍ ഉഗ്രമായി ചീറ്റി ഫണം വിരിച്ച് തൊട്ടു മുന്‍പില്‍.ആടുകള്‍ അതിനെ ചവിട്ടി വേദനിപ്പിച്ചിട്ടുണ്ടാവുമോ?വായിലെ ഉമിനീര് വറ്റി.തലകറങ്ങുന്നുണ്ടോ?ആദ്യമായാണ് ഇത്ര ഭയങ്കരനായ ഒരു സര്‍പ്പത്തെ അടുത്ത് കാണുന്നത്.ഫണം വിരിക്കുമ്പോള്‍ എന്റെ വയറോളം ഉയര്‍ന്ന് നില്‍ക്കുന്നു.ചെറിയ ശംഖുവരയന്‍ കുഞ്ഞുങ്ങളെ എന്നും വീടിന്റെ പരിസരത്ത് കാണാറുണ്ട്.ചെറു വടി കൊണ്ട് അടിച്ച് കൊല്ലാറുമുണ്ട്.എന്നാലിപ്പോള്‍ ഈ കരിമൂര്‍ഖന്റെ സീല്‍ക്കാരം രക്തം മരവിപ്പിക്കുന്നതാണ്.സര്‍വ്വധൈര്യം സംഭരിച്ച് പിറകോട്ട് മാറാന്‍ ശ്രമിച്ചപ്പോള്‍ സര്‍പ്പം ഭീതിദമാംവണ്ണം ഒന്നുകൂടി ചീറ്റി.ആടുകള്‍ ഒരുപാടു മുന്‍പില്‍ എത്തിയിരുന്നു.കണ്ണുകള്‍ നിറഞ്ഞോഴുകി.അറിയാവുന്ന പ്രാര്‍ത്ഥനകളെല്ലാം മനസ്സില്‍ ചൊല്ലി.മിത്രങ്ങളുടെയും ശത്രുക്കളുടെയുമെല്ലാം രൂപം മനസ്സില്‍ തെളിഞ്ഞു.പെട്ടെന്നാണ് ഒരു ചുവന്ന രൂപം എന്റെ പിറകില്‍ നിന്ന് വശത്തുകൂടി ചാടി പാമ്പിന്റെ ഫണത്തില്‍ പിടുത്തമിട്ടത്.റ്റിന്റു!!ആശ്ചര്യവും ആശ്വാസവും തോന്നി.ഞങ്ങളുടെ വളര്‍ത്തുനായ ഞാനറിയാതെ എന്നെ പിന്‍തുടരുന്നുണ്ടായിരുന്നു.അതോ മനമരുകിയ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടതാണോ?!ഭീമാകാരനായ ആ കരിമൂര്‍ഖനെ കീഴടക്കുക റ്റിന്റുവിന് എളുപ്പമായിരുന്നില്ല.ഉടലില്‍ ചുറ്റിയ പാമ്പിനെ കുടഞ്ഞ് നിലത്തടിക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരുന്നു.തിരിഞ്ഞോടി വീട്ടിലെത്തിയ ഞാന്‍ റ്റിന്റുവിന്റെ സഹായത്തിനായി അച്ഛനെയും കൂട്ടി വന്നു.തൂമ്പാക്കൈകൊണ്ട് മൂര്‍ഖനെ കൊല്ലുമ്പോഴേക്കും വിഷം തീണ്ടിയ റ്റിന്റു അവശനായിക്കഴിഞ്ഞിരുന്നു.അവന്റെ കടവായിലൂടെ നുരയും പതയും ഒലിച്ചു.പാതി കൂമ്പിയ കണ്ണില്‍ ദൈന്യത നിറഞ്ഞു.ഞങ്ങളവനെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോയി.തീറ്റയും വെള്ളവും വേണ്ട.വായയ്ക്കുള്ളില്‍ പാമ്പിന്റെ കടിയേറ്റിട്ടുണ്ടെന്ന് തോന്നുന്നു.വല്ല്യച്ഛന്‍ പറഞ്ഞതനുസരിച്ച് കാട്ടുപന്നിയുടെ നെയ്യ് ഈര്‍ക്കിലില്‍ തോണ്ടി അവന്റെ വായിലേക്കിറ്റിച്ചു.ആ രാത്രി മുഴുവനും അച്ഛനും ഞാനും അവനെ പരിചരിച്ചുകൊണ്ട് അടുത്തു തന്നെയിരുന്നു.പൊതുവെ പട്ടികളെ ഇഷ്ടമല്ലാത്ത അച്ഛന് റ്റിന്റുവിനെ ജീവനാണ്.നാടന്‍ നായാണെങ്കിലും വിശ്വസ്തതകൊണ്ടും വകതിരിവു കൊണ്ടും എല്ലാവരുടേയും കണ്ണിലുണ്ണിയാണവന്‍.കെട്ടിയിടുന്നത് മാത്രം അവനിഷ്ടമല്ല.കുടുംബത്തിലെല്ലാവരേയും കാത്ത് അവരുടെ വിശ്വസ്തനായ സഹയാത്രികനായി നടക്കാനാണ് അവനിഷ്ടം.പുഴയിലെ അലക്കും കുളിയും കഴിഞ്ഞ് ഒരു കൈയ്യില്‍ തുണി ബക്കറ്റും തലയില്‍ കുടിക്കാനുള്ള ശുദ്ധജലവും മറുകൈയ്യില്‍ രണ്ടു വയസ്സുകാരനായ എന്റെ ഇടം കൈയ്യും പിടിച്ച് അമ്മ കുന്നിന്‍മുകളിലെ വീട്ടിലേക്കു നടക്കുമ്പോള്‍ റ്റിന്റു ഓടിയെത്തും.എന്റെ വലംകൈയ്യില്‍ കടിച്ചുപിടിക്കും..രണ്ടുവയസ്സുകാരന്റെ മൃദുലചര്‍മ്മത്തില്‍ ഒരു പോറല്‍ പോലും വീഴാത്തത്ര കരുതലോടെ.കണ്ടുനില്‍ക്കുന്നവരുടെ മനം നിറഞ്ഞിരുന്നു.എന്നോ ഒരിയ്ക്കല്‍ ഒരു കോഴിമുട്ട എടുത്ത് പൊട്ടിച്ചതല്ലാതെ അമ്മയുടെ തല്ലു വാങ്ങുന്ന പണികളൊന്നും അവന്‍ ചെയ്യാറില്ല.വീട്ടുകാരേയും അപരിചിതരേയും അവന് നന്നായറിയാം.പരിചയമില്ലാത്തവര്‍ വരുമ്പോള്‍ ഒന്നു കുരക്കും.മിണ്ടാതിരിക്കാന്‍ പറഞ്ഞാലുടന്‍ നിശബ്ദനാകും.എനിക്കുപകരം പാമ്പുകടിയേറ്റ് അവന്‍ വീണ ആ രാത്രിയില്‍ ഞങ്ങള്‍ അവനരികിലിരുന്ന് ഇതെല്ലാം ഓര്‍ത്തു.ആഴ്ചകള്‍ നീണ്ട കാട്ടുപന്നി നെയ് സേവകൊണ്ട് റ്റിന്റു പഴയതുപോലെ ഉഷാറായി.കാവല്‍ജോലിയില്‍ പുനഃപ്രവേശിച്ചു.വല്ല്യമ്മയെ മൂത്ത മകളുടെ ഭര്‍ത്തൃവീട്ടില്‍ കൊണ്ടുപോയി വിട്ട് മടങ്ങവേ പുഴയിലെ മഴവെള്ളത്തില്‍ പെട്ട് ഒലിച്ചുപോകും വരെ അവന്‍ എല്ലാവരുടേയും കണ്ണിലുണ്ണിയായിരുന്നു.
Saturday, 27 August 2016
കൊടിഞ്ഞാലി
പേര് കേള്‍ക്കുന്നതിലും ഭീകരമായ ഒരു പീഡന ഉപകരണമാണ് കൊടിഞ്ഞാലി.കുരുമുളകു വള്ളി ഇല സഹിതം ഒരു മുഷ്ടിയുടെ വലിപ്പത്തില്‍ ചുരുട്ടിയെടുത്താല്‍ കൊടിഞ്ഞാലിയായി.പണ്ട് കുട്ടികളുള്ള വീട്ടില്‍ സുലഭമായിരുന്ന കരപ്പന്‍ ചൊറിക്കാലത്താണ് കൊടിഞ്ഞാലി പ്രയോഗിക്കപ്പെടുന്നത്.ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍, കരുണയില്ലാത്ത, കാര്‍ക്കശ്യം കരുത്തുപകര്‍ന്ന കൈയുള്ള, കുടുംബാംഗങ്ങളിലാരെങ്കിലും കൊടിഞ്ഞാലി ഇട്ട് ഉരച്ച് പാവം കരപ്പന്‍ കുട്ടികളെ കുളിപ്പിക്കും.പച്ച ചൊറിക്ക് നടുവിലെ പച്ച മനുഷ്യമാംസത്തില്‍ ചൂടും എരിവും കോരിയൊഴിക്കുന്ന കുളി.കൊടിഞ്ഞാലിയുടെ മാന്ത്രികമായ ഔഷധശക്തികളെക്കുറിച്ച് കാര്‍മ്മികന്‍ സംസാരിക്കുന്നതിനിടെ നിശബ്ദമായി കരയാന്‍ കരപ്പന്‍ കുട്ടിക്ക് സ്വാതന്ത്ര്യമുണ്ട്.കരപ്പനെന്നത് ശരീരത്തിലെ ദുഷ്ട് പുറംതള്ളുന്നതാണെന്ന മട്ടില്‍ അഭിപ്രായം പറയാനും ആരെങ്കിലുമുണ്ടാവും.
Sunday, 21 August 2016
ഉടലുകളുടെ സംഗീതം
"അവളുടെ കാല്‍നഖത്തിനുപോലും ഞാനമ്മയായില്ലേ?!എന്നിട്ടും എന്റെ മുടിയിലൊന്ന് തഴുകുക പോലും ചെയ്യാതെ തണുത്ത് മരവിച്ച് മരിച്ചപോലെ.."
"മാക്രിയെപ്പോലെ തടിച്ചുവീര്‍ത്ത ആണുങ്ങളെ എനിക്ക് പണ്ടേ ഇഷ്ടമല്ല..പോരാത്തതിന് ഒടുക്കത്തെ വിയര്‍പ്പുനാറ്റോം!"അവളേറ്റവുമടുത്ത കൂട്ടുകാരിയോട് മനസ്സ് തുറന്നു.
Monday, 15 August 2016
വിറ്റാമിന്‍
"ചോറിനെന്താമ്മീ ഭയങ്കരം കയ്പ്പ്?"ഉറക്കച്ചവിടിനിടയിലും ചോറിന്റെ അരുചി ഉണ്ണിക്ക് മനസ്സിലായി.കരഞ്ഞ് വീര്‍ത്ത കണ്ണുകള്‍ വെട്ടിച്ചുകളഞ്ഞ അമ്മിക്ക് പകരം അച്ചയാണ് വിറക്കുന്ന ശബ്ദത്തില്‍ മറുപടി പറഞ്ഞത് "അത് വിറ്റാമിന്‍ മരുന്ന് ചേര്‍ത്തകൊണ്ടല്ലേ ഉണ്ണീ!"
പിന്നെയെപ്പൊഴോ കടവായിലൂടെ ഒലിച്ചിറങ്ങിയ വിറ്റാമിന്‍ നുണയാന്‍ ഈച്ചകള്‍ ആര്‍ത്ത് വന്നു.ശാപവാക്കുകളും സഹതാപവുമൊക്കെയായി കുറേ ഇരുകാലികളും.
Sunday, 7 August 2016
ചക്കരയുമ്മ
ശലഭശോഭയുള്ള
താരിളം ചുണ്ടുകള്‍
കവിള്‍പ്പൂവില്‍
പറന്നിറങ്ങി മെല്ലെ
പാല്‍മണമോലും
ചക്കരയുമ്മ പിറന്നു
Saturday, 6 August 2016
ബാക്കി
ഒരു തുള്ളി മാരി
ഒരു ചെറുതെന്നല്‍
താങ്ങാനരുതാത്ത
ദളമൊന്ന് ബാക്കി
എങ്കിലും ..
ശലഭത്തിനേകുവാന്‍
ചെറുതരി പൊടിയുണ്ട്
മധുവുണ്ട് തനുവില്‍
Tuesday, 2 August 2016
Friday, 8 July 2016
തടവറ
അഴികളോരോന്നും
ഓരോ പേരിലറിയപ്പെട്ടു
ഒന്ന് വിഷാദം
രണ്ട് ഭയം
മൂന്ന് ഉത്കണ്ഠ
നാല് മുഷിവ്
അഞ്ച് ലക്ഷ്യമില്ലായ്ക
ആറ് അലസത
ഏഴ് അരക്ഷിതാവസ്ഥ
മൂത്രിക്കല്‍ ഫൗണ്ടന്‍
പഴയ ഒരു കോളേജ് അദ്ധ്യാപകന്‍ ഇടക്കിടെ പറയുമായിരുന്നതുപോലെ മലയാളിയുടെ കപട സദാചാരബോധത്തിന്റെ മകുടോദാഹരണമാണ് മൂത്രമൊഴി; കൃത്യമായി പറഞ്ഞാല്‍ പൊതുസ്ഥലങ്ങളിലെ മൂത്രവിസര്‍ജ്ജനം.ഹണിമൂണ്‍ ജോഡികള്‍ ബസ്സിലോ പാര്‍ക്കിലോ കൈ കോര്‍ത്തു നടന്നാല്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സദാചാര ചേട്ടന്‍മാര്‍ പൊതുസ്ഥലങ്ങളില്‍,പകല്‍വെളിച്ചത്തില്‍ തങ്ങളുടെ രഹസ്യഭാഗം പരസ്യമായി പ്രദര്‍ശിപ്പിച്ച് നടത്തുന്ന മൂത്രമൊഴി മഹാമഹത്തില്‍ ആര്‍ക്കും പരാതിയില്ല,പരിഭവം ഒട്ടുമില്ല.സദാചാരം നീണാള്‍ വാഴട്ടെ.
എന്തായാലും പൊതുസ്ഥലത്ത് മൂത്രശങ്ക തീര്‍ക്കുന്നതും തുപ്പുന്നതും നാണിക്കേണ്ട കാര്യമാണെന്ന് ആരോ പറഞ്ഞ് ബോധിപ്പിച്ചിരുന്നു.മലയാളി സദാചാരത്തിനുണ്ടായ ചെറിയൊരു മെന്റല്‍ ബ്ളോക്ക്.പ്രതിവിധികളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഒന്നു രണ്ടു തവണ ഓടുന്ന ബസിലിരുന്ന് ശര്‍ദ്ദിക്കേണ്ടി വന്നിട്ടുണ്ട്.
കര്‍ണ്ണാടക സംസ്ഥാനത്തുനിന്നും കുടിച്ച നീര് വളഞ്ഞു പുളഞ്ഞ ആന്തര നാളികളിലൂടെ മൂത്രസഞ്ചിയുടെ ബഹിര്‍ഗമനവാല്‍വില്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കോഴിക്കോട് K.S.R.T.C.ബസ് സ്റ്റാന്റിലെത്തിയപ്പോളാണ് കാര്യം പരിഗണിക്കപ്പെട്ടത്.പണം കൊടുത്ത് ഉപയോഗിക്കാവുന്ന മൂത്രപ്പുര ഉണ്ട്.കേരളത്തിലെ പല പഴയ ബസ് സ്റ്റാന്റുകളിലും പലതരം രാസപ്രവര്‍ത്തനങ്ങളാണ് സംഭവിക്കുന്നത്.ചിലയിടത്ത് കണ്ണ് എരിയും,കരയിക്കും.ചിലയിടത്ത് ബോധം പോകും.മിക്കയിടത്തും പാരമ്പര്യം വിളിച്ചോതുന്ന ചുവര്‍ ചിത്രങ്ങളും അടിയന്തിര സര്‍വീസ് നമ്പറുകളും കാണാം.
കോഴിക്കോട് താരതമ്യേന പുതിയതും വൃത്തിയുള്ളതുമാണ്.പുതിയ മോഡല്‍ സംവിധാനത്തില്‍ മൂത്രമൊഴിച്ച് ദീര്‍ഘനിശ്വാസവും ആരുമറിയാതൊരല്‍പ്പം കീഴ് ശ്വാസവും വിട്ട് ഒരു കര്‍മ്മബോധമുള്ള പൗരന്റെ അംഗചലനങ്ങളോടെ വൃത്തിയാക്കാനുള്ള ഫ്ളഷിന്റെ പുഷ് ബട്ടണില്‍ വിരലമര്‍ത്തി.പൗരനെ ആശ്ചര്യപ്പെടുത്തികൊണ്ട് ബട്ടണില്‍ നിന്നും ഒരു വാട്ടര്‍ ഫൗണ്ടന്‍ ശക്തിയോടെ ഉയര്‍ന്നു വന്നു അടുത്ത കാബിനിലെ കണ്ടക്ടര്‍ സാറിന്റെ മുഖം വൃത്തിയാക്കി.
"എന്ത് പൂ... പണിയാടോ കാണിക്കുന്നത്!?"
"ഇതതല്ല സാറേ!"
"ഏതല്ലന്നാടോ?"
"അത്.. ക്ളീനാക്കാന്‍.. വെള്ളം ചീറ്റുന്ന... ഫ്ളഷ്.. കേടാ... ന്ന് തോന്നുന്നു.."
Thursday, 7 July 2016
നീ
സൗന്ദര്യം പൊതിഞ്ഞുകെട്ടി പൂവെന്ന് വിളിച്ചു
മധുരം പൊതിഞ്ഞുകെട്ടി മിഠായിയെന്ന് വിളിച്ചു
സ്നേഹം പൊതിഞ്ഞുകെട്ടി ആരോമലേ 'നീ' എന്നും വിളിച്ചു
Tuesday, 5 July 2016
അപൂര്‍വ്വമെന്തോ
പൂര്‍വ്വികര്‍ പറയാത്തത്
പൂര്‍വ്വജന്മത്തിലുമില്ലാത്തത്
താരതമ്യത്തിനതീതമായത്
തരളിതമേതോ ഭാവമുണര്‍ത്തിയത്
Thursday, 30 June 2016
ശൈശവം
ബോധമിടക്കിടെ മലര്‍ന്ന് വീണ്
കഴുത്തുറക്കാതെ കിടക്കും
മെല്ലെ മെല്ലെ
കമിഴും
പനിക്കും
എക്കിളെടുക്കും
മുട്ടില്‍ നീന്തും
കൊച്ചടി വെക്കും
ഓടിനടക്കുമോ?
Wednesday, 22 June 2016
മിന്നാമിനുങ്ങ്
മിന്നും
മിനുങ്ങും
മിഴികള്‍ വിടര്‍ത്തും
പാറും
പറക്കും
മനം നിറക്കും
താഴത്തും കൊമ്പത്തും ചെന്നിരിക്കും
കനവിലും നിനവിലും വന്നിരിക്കും
Saturday, 18 June 2016
പരിണാമം
മുളങ്കമ്പ് മുരളികയാകും
നൂലുകള്‍ തന്ത്രികളാകും
തുകല്‍ താളംപിടിക്കും
ശ്വാസം ഗാനമാവും
ആ വീചികള്‍ ശിരസ്സിനു
തണുപ്പും ചൂടുമേകും
Friday, 17 June 2016
ഉണ്ണിക്ക് വേണ്ടത്
പട്ടാംബരം വേണ്ട
ഓലപ്പമ്പരം മതി
സ്വര്‍ണ്ണത്തള വേണ്ട
പാളവണ്ടി മതി
ഡേകെയര്‍ വേണ്ട
മുത്തിയമ്മ മതി
ആരുതരുമിതൊക്കെ?
ഉണ്ണിക്കാരുതരുമിതൊക്കെ?
ഊയലാടുന്ന ഓലഞ്ഞാലിപ്പെണ്ണോ!
അഞ്ചിക്കൊഞ്ചുന്ന പനംതത്തമ്മയോ!?
അണ്ണാറക്കണ്ണന്‍
വാഴക്കൈയ്യില്‍കുതിച്ചുചാടും
നിലംതൊട്ടാല്‍ പരക്കംപായും
ഇരുമ്പുപോലുംകരണ്ട് മുറിക്കും
ചില്‍ചില്‍ചില്ലെന്നോതിനടക്കും
മൂന്നു വരയുള്ള മൂപ്പനണ്ണാന്‍
Monday, 13 June 2016
ദൈവത്തിന്റെ അവസ്ഥ
ജപങ്ങളുടെ വിഷം ഊട്ടിയും
മന്ത്രങ്ങളുടെ പാത്തികൊണ്ടടിച്ചും
ഓത്തിനാലാഴത്തില്‍ കുത്തിയും
ഉരുവിടലുകളാല്‍ വിരസത നല്‍കിയും
ദൈവത്തിനിന്ന് ചാവ്
ധര്‍മ്മത്തില്‍ പൊതിഞ്ഞ പിണം
പോതുദര്‍ശനത്തിനിരിപ്പുണ്ട്-
കാലങ്ങളായി ;കാലങ്ങളോളം
Sunday, 12 June 2016
ശില
അഹല്യക്കും
ലോത്തിന്റെ ഭാര്യക്കും
ഉള്ളത്തില്‍ നിന്നൊരല്‍പ്പം ശില കടംകൊടുക്കണം
പറ്റിയാല്‍,
അല്‍പ്പം മാംസം തിരിച്ചെടുക്കണം
Saturday, 11 June 2016
വീട്ടുമരുന്നുകള്‍
നെറ്റിയില്‍ ചൂട്
ഉച്ചിയില്‍ കൊട്ട്
ചതവില്‍ ഉഴിഞ്ഞ്
ആവിയില്‍ വിയര്‍ത്ത്
എരിവ് കുടിച്ച്
തണുപ്പ് പുതച്ച്
വീട്ടുമരുന്നുകളൊരുപാടുണ്ട്
Friday, 10 June 2016
Thursday, 9 June 2016
വേരുകള്‍
ബാല്യത്തിലൂന്നിയ തായ് വേരും
സ്നേഹബന്ധങ്ങളുടെ നാരുവേരുപടലവും
സന്തോഷങ്ങളുടെ താങ്ങുവേരുകളും
ശീലങ്ങളുടെ ശ്വസനവേരുകളും
Wednesday, 8 June 2016
Sunday, 5 June 2016
സൂക്ഷിപ്പുകാരന്‍
"ന്റെ ഉണ്ണിയൊന്നും നശിപ്പിക്കില്ല്യ..അതിപ്പോ ഒരോലപ്പീപ്പി ആച്ചാലും.ഭയങ്കര സൂക്ഷാ!"അമ്മ ഉണ്ണിയെ നോക്കി അഭിമാനം കൊണ്ടു.
നേരാണ്.ഉണ്ണി ഭയങ്കര സൂക്ഷിപ്പുകാരനാണ്.വളരും തോറും സൂക്ഷിക്കുന്ന സാധനങ്ങളുടെ പരിധിയും വൈവിധ്യവും വര്‍ദ്ധിച്ചു.കളിപ്പാട്ടങ്ങള്‍,പാവകള്‍,തീപ്പെട്ടി പടങ്ങള്‍,സിഗരറ്റ് കൂടിനുള്ളിലെ വെള്ളിക്കടലാസ്,പക്ഷിത്തൂവല്‍,മഞ്ചാടിക്കുരു,കുന്നിക്കുരു,ഗോട്ടികള്‍,വളപ്പൊട്ട്,സെന്റ് കുപ്പികള്‍,വര്‍ണ്ണചിത്രങ്ങള്‍,പത്രക്കടലാസിലെ വാര്‍ത്താശകലങ്ങള്‍,ആഴ്ചപ്പതിപ്പുകള്‍,വാരികകള്‍,നാണയങ്ങള്‍,തപാല്‍മുദ്രകള്‍,പുരാവസ്തുക്കള്‍ അങ്ങിനെയങ്ങിനെ പലതും.
സൂക്ഷിപ്പുമുതലുകള്‍ കൊണ്ട് അറയും പത്താവും മച്ചിന്‍പുറവും നിറഞ്ഞു.ഉണ്ണിയുടെ സൂക്ഷിപ്പ് ഒരല്‍പ്പം അതിരുകടക്കുന്നില്ലേയെന്ന് അമ്മക്കും തോന്നിത്തുടങ്ങി."അതെങ്ങിന്യാ,വല്ല്യമുത്തശ്ശിയുടെ തനിസ്വരൂപല്ലേ.ആ തള്ള എന്ത് മരക്കഷണം കിട്ട്യാലും തലയണക്കീഴെ പൂഴ്ത്തലാരുന്നൂലോ!"അമ്മയുടെ നിയന്ത്രണം വിട്ടുതുടങ്ങി.
എന്നാല്‍ ആരുമറിയാതെ മറ്റുചില സൂക്ഷിപ്പുകളും നടക്കുന്നുണ്ടായിരുന്നു.കാണുന്ന മനുഷ്യരെയും അവരുടെ വേഷഭൂഷാതികളും മൊഴിയുന്ന വാക്കുകളും വാക്കുകളുടെ സ്വരവും സന്ദര്‍ഭങ്ങളും ഭാവങ്ങളും എല്ലാമെല്ലാം ഉണ്ണി കണിശതയോടെ മനസ്സില്‍ സൂക്ഷിച്ചു.ഇവ സൂക്ഷിക്കാനും അടുക്കിവെക്കാനും രാവും പകലും തികയാതെയായി.ഉറക്കം സൂക്ഷിപ്പുകളില്ലാത്ത അപൂര്‍വ്വം ചില വസ്തുക്കളിലൊന്നായി.എല്ലാവരിലേയും വൈരുധ്യങ്ങള്‍ എളുപ്പം തിരിച്ചറിയാമെന്നായി.
ലോകത്തിന് കൊള്ളാത്ത സൂക്ഷിപ്പുകാരനായി.
Friday, 3 June 2016
ശൂന്യത
ശൂന്യതയെന്നത് ഒന്നുമില്ലായ്മാണോ?
അതോ ശൂന്യമെന്ന് ഞാന്‍ വിളിക്കുന്നിടത്ത് എനിക്ക് താത്പര്യമുള്ള /പരിചയമുള്ള ഒന്നും കണ്ടെത്താനായില്ല എന്നായിരിക്കുമോ?
Thursday, 2 June 2016
കുളി സീനുകള്‍
മലബാറിലെ പുഴകള്‍ പണ്ടൊക്കെ,പണ്ടെന്നു പറഞ്ഞാല്‍,മൊബൈല്‍ കാമറ യുഗത്തിനുമുന്‍പ് കുളിസീനുകളുടെ പറുദീസയായിരുന്നു.സ്തനപാനികളായ ജൂനിയേഴ്സിനെയും ശയ്യാവലംബികളായ സൂപ്പര്‍ സീനിയേഴ്സിനേയുമൊഴിച്ച് മറ്റെല്ലാവരേയും പലസമയത്തായി പുഴയില്‍ സന്ധിക്കാവുന്നതാണ്.കുളി -അലക്ക് കടവുകള്‍ ഇന്നത്തെ ലയണ്‍സ് ക്ളബിന്റേയും സ്വിമ്മിംഗ് പൂളിന്റേയും സ്പായുടേയും ലോണ്‍ഡ്രിയുടേയും ഫാഷന്‍ചാനലിന്റേയും ഒക്കെ ധര്‍മ്മങ്ങള്‍ സവിനയം നിര്‍വ്വഹിച്ചു പോന്നിരുന്നു.
കോളേജിലും മറ്റും നവാഗതര്‍ക്കായി നടത്തപ്പെടുന്ന സ്വാഗതോത്സവം പോലെ വീടുകളില്‍ എത്തുന്ന പുത്തനച്ചിമാരെ നാട് പരിചയപ്പെടുന്നത് കുളിക്കടവിലാണെന്നത് ഒരു അസ്ലീല സത്യമാണ്.കല്ല്യാണത്തിനു മുന്‍പ് ഏഴു പൂട്ടുള്ള നിലവറക്കുള്ളില്‍ വെളിച്ചം അണച്ച് കുളിച്ചുകൊണ്ടിരുന്ന തരുണികള്‍ മരുമകളായ നാട്ടിലെ പുഴയില്‍ പകല്‍വെളിച്ചത്തില്‍ ഒറ്റ തോര്‍ത്തുമുണ്ടിന്റെ ആഡംബരത്തില്‍ നീരാടാനിറങ്ങാറുണ്ടത്രെ.ഇതുപോലൊരു പുതുപ്പെണ്ണിനെ വിശദമായി പരിചയപ്പെടാന്‍ കുളിക്കടവിനടുത്തുള്ള മുളംകാട്ടില്‍ പമ്മിയിരുന്ന യുവകോമളനെ പെണ്ണ് വെള്ളാരംകല്ലിനെറിഞ്ഞ കഥ കുപ്രസിദ്ധമായിരുന്നു.മുറിവുകളുണങ്ങും വരെ സഖാവിന് ഒളിവില്‍ കഴിയേണ്ടി വന്നുതാനും.
ബന്ധുജനങ്ങളുടേയും പരിചയക്കാരുടേയും പഠന,ജോലി,സ്ത്രീധന,പ്രസവ,അവിഹിത,രോഗ വിശേഷങ്ങള്‍ വസ്തുനിഷ്ഠമായി അവലോകനം ചെയ്യപ്പെടുന്നതും മറ്റെങ്ങുമായിരുന്നില്ല.ബീകോനും എംകോനും (ബി.കോം,എം.കോം) പഠിച്ച് പാസായ അനന്തിരവനും കിഷ്ണി (കിഡ്നി)യില്‍ കല്ലുളള ഇളയാപ്പയുമൊക്കെ കുളിക്കടവിനെ സജീവമാക്കുമായിരുന്നു.
നിറം പോകാത്ത ഫോറിന്‍ തുണിത്തരങ്ങളും ലോക്കല്‍ മേഡും തമ്മിലുള്ള കളര്‍ഗാര്‍ഡ് ചലഞ്ചുകള്‍ക്കും പുഴ സാക്ഷ്യം വഹിക്കാറുണ്ട്.
രഹസ്യഭാഗത്ത് ആദ്യം സോപ്പുതേച്ചി ശേഷംമാത്രം മുഖത്ത് അപ്ളൈ ചെയ്യാറുള്ള അയിഷുമ്മയെ ഒരുതവണ ഏതോ നസ്രാണിച്ചി പരിഹാസപൂര്‍വ്വം ചോദ്യം ചെയ്തു പോലും."ഇജ്ജ് ന്നലെ തൂത്ത സോപ്പന്നല്ലേ ഇന്നും തൂക്കണത്" എന്ന ഉരുളക്കുപ്പേരിയില്‍ നസ്രാണിച്ചി ഒലിച്ചുപോയത്രെ.
കുസൃതിക്കുട്ടികള്‍ ആണ്‍പെണ്‍ ഭേദമില്ലാതെ ചാടിമറിഞ്ഞ് വെള്ളം കലക്കും.ഈ കലാപരിപാടി അമ്മമാരുടെ ആറ്റുവഞ്ചി ലാത്തിച്ചാര്‍ജ്ജിലാണ് സാധാരണ പര്യവസാനിക്കാറുള്ളത്.
ആളൊഴിയുന്ന സമയത്ത് ചേട്ടന്‍മാര്‍ തോട്ട പൊട്ടിക്കാനും നഞ്ച് കലക്കാനുമെത്തും കുളിക്ക് ഭീഷണിയുമായി.മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയവരുമൊരുപാടുണ്ട്.
Wednesday, 1 June 2016
ഉറുമ്പിന്റെ കഥ
ഞാനൊരു ഉറുമ്പാണ്.എനിക്ക് പേരില്ല; പിന്നെയോ, മണമാണുള്ളത്-അതെ മണം തന്നെ.എന്റെ കൂട്ടര്‍ എന്നെ തിരിച്ചറിയുന്നത് മണം കൊണ്ടാണ്.
കാവലാണ് എന്റെ ജോലി.ഞങ്ങളുടെ ഉറുമ്പുകോട്ടയുടെ കാവല്‍പ്പടയിലെ ഒരു പോരാളി.കൂട്ടത്തിലേറ്റവും വലിപ്പം ഞങ്ങള്‍ പട്ടാളക്കാര്‍ക്കാണ് - റാണിയമ്മയുടെയത്രയുമില്ല കെട്ടോ.വലിയ കൈകാലുകളും അമ്ളസഞ്ചിയും ദൃഡമായ കൊമ്പുകളും ഞങ്ങള്‍ക്കുണ്ട്.എത്ര വലിപ്പമുള്ള ശത്രുവും ഞങ്ങളോടിടയാന്‍ ഒന്നു ഭയക്കും.
ഞങ്ങളുടെ കോട്ട ഐശ്വര്യമുള്ള ഒരു സ്ഥലത്താണെന്നാണ് റാണിയമ്മ പറയുന്നത്.ശരിയാണ്.ചുറ്റും ഒരുപാട് ധാന്യമുള്ള,വലിയ ജീവികളുടെ ശല്യമില്ലാത്ത ഒരിടമാണ് ഇത്.മനുഷ്യര്‍ എന്ന ഒരിനം ജീവിയുടെ ഒരു പഴയ സംഭരണശാലയാണത്രെ ഇത്.ധാന്യമണികള്‍ യഥേഷ്ടം എടുക്കാം.
റാണിയമ്മ കാലാകാലം ധാരാളം മുട്ടകളിടുന്നുണ്ട്.എല്ലാം വിരിഞ്ഞ് കൂട്ടം വലുതാകുന്നുമുണ്ട്.എന്നെങ്കിലുമൊരിക്കല്‍ പുതിയ റാണി വിരിയുമ്പോള്‍ കൂട്ടം പിരിയുമെന്നാണ് കേള്‍വി.ആവോ,ആര്‍ക്കറിയാം.കൂട്ടം പിരിയാതിരിക്കട്ടെ.ഇതുപോലെ നൂറു കൂട്ടത്തിനുള്ള ഭക്ഷണമുണ്ടല്ലോ.
പുറത്ത് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളുമുണ്ടത്രെ.ആകാശത്തുനിന്ന് വിഷപ്പൊടിയും വിഷദ്രാവകവും തീമഴയും പെയ്യിക്കുന്ന ക്രൂരന്‍മാരായ മനുഷ്യരുള്ള ഇടങ്ങള്‍.റാണിയമ്മ ഇതൊക്കെ താണ്ടിയാണ് ഇവിടെയെത്തിയതെന്ന് പറയാറുണ്ട്.കൂട്ടത്തോട് ഇങ്ങിനെ ക്രൂരത ചെയ്യുന്നവരെ ആഞ്ഞു കടിക്കാന്‍ തന്റെയുള്ളിലെ പോരാളി തക്കംപാര്‍ത്തിരിക്കുകയാണ്.മനുഷ്യന്‍ എന്ന ജീവി ഇല്ലാത്തിടങ്ങളില്‍ നിലം തൊടാതെ സഞ്ചരിക്കുന്ന വലിയ ചുണ്ടുകളുള്ള പക്ഷികള്‍ എന്നൊരു വര്‍ഗ്ഗമുണ്ട്.നൂറ് പട്ടാള ഉറുമ്പിനെ പോലും ഒറ്റയടിക്ക് പശയുള്ള നാക്കില്‍ ഒട്ടിച്ച് വിഴുങ്ങുന്ന രാക്ഷസനെപ്പറ്റിയും റാണിയമ്മയോട് മുത്തശ്ശി പറഞ്ഞിട്ടുണ്ടത്രെ.കെട്ടുകഥയാവും.
എന്റെ സ്ഥിരം സ്ഥാനം കോട്ടവാതിലാണ്.കൂട്ടത്തില്‍ പെടാത്ത ആരും അകത്ത് പ്രവേശിക്കാതെ വരുന്നവരെയെല്ലാം മണംകൊണ്ട് തിരിച്ചറിഞ്ഞും ഭാരക്കൂടുതലുള്ള ധാന്യമണികള്‍ കോട്ടവാതില്‍ കടത്തിവിടാന്‍ സഹായിച്ചും ഞാന്‍ സമയം ചിലവഴിച്ചു.ഒന്ന് രണ്ട് തവണ കോട്ടവാതില്‍ തകര്‍ക്കാന്‍ ശ്രമിച്ച നീണ്ട വാലും പരക്കംപാഞ്ഞ നടപ്പും ഉള്ള, ധാന്യമെല്ലാം കടിച്ച് മുറിച്ച് വൃത്തികേടാക്കുന്ന ജീവിയെ തുരത്തിയോടിച്ച സംഘത്തിലും ഞാനുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഭീതിജനകമായ ഒരു വലിയ ശബ്ദം കേട്ടു.പുറത്തെ വലിയ വെളിച്ചത്തോടൊപ്പം ഭൂമികുലുക്കുന്ന കാലടിയൊച്ചകളും അകത്തെത്തി.പരിഭ്രാന്തരായ കൂട്ടത്തെ സമാധാനിപ്പിച്ച് ഞങ്ങള്‍ യുദ്ധസന്നദ്ധരായി.ഇത് മനുഷ്യന്‍ എന്ന ജീവിയാണെന്ന് റാണിയമ്മ തിരിച്ചറിഞ്ഞു.പുറത്തുള്ള ജോലിക്കാരെയെല്ലാം കോട്ടക്കകത്താക്കി ആക്രമണംതുടങ്ങാന്‍ ഉത്തരവും കിട്ടി.ചലിക്കുന്ന ആ വലിയ രൂപത്തിനു നേരേ ഞങ്ങള്‍ കുറേപ്പേര്‍ പാഞ്ഞുചെന്നു.നിലത്തിനോട് ചേര്‍ന്നുള്ള ഭാഗമെല്ലാം കൊമ്പ് ആഴ്ത്തിയിറക്കാനാവാത്തത്ര കട്ടിയുള്ളവയാണ്.എന്നിലെ പോരാളി ഓരോ അണുവിലും ത്രസിച്ചു.ഒടുവില്‍ നിലത്തിന് അല്‍പ്പം മുകളിലായി ഇരുട്ടില്‍ മാംസത്തിന്റെ ചൂടുള്ള മൃദുവായ ഒരു ഭാഗം ഞാന്‍ കണ്ടെത്തി.സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞുകടിച്ചു.പൊടുന്നനെ താങ്ങാനാവാത്തവിധം ഭാരമുള്ള എന്തോ ഒന്ന് എന്റെ മുതുകില്‍ പതിച്ചു.ദേഹം നൂറു കഷണങ്ങളായി നുറുങ്ങുന്നതുപോലെ തോന്നി.അമ്ളസഞ്ചി പൊട്ടിയോ?കഠിനമായ വേദനയിലും കടിച്ച് ആഴ്ത്തിയ പല്ലുകള്‍ പിന്‍വലിച്ചില്ല.കാഠിന്യമുള്ള എന്തോ ഒന്ന് എന്നെ ബലമായി പറിച്ച് ദൂരേക്കെറിഞ്ഞു.ധാന്യക്കൂനക്കരികിലാണ് ഞാന്‍ വീണത്.പരിക്കുകള്‍ പരിശോധിക്കാന്‍ സമയമില്ല.ഇഴഞ്ഞിട്ടായാലും കോട്ടവാതില്‍ക്കലെത്തണം.റാണിയമ്മയെയും കൂട്ടരേയും കാക്കണം.
അകന്നുപോയ മനുഷ്യന്റെ ദിക്ക് കുലുക്കുന്ന കാലൊച്ച വീണ്ടും കോട്ടക്കികിലെത്തുന്നത് ഇഴയുന്നതിനിടെ ക്രോധത്തോടെ ഞാന്‍ കണ്ടു.അവന്റെ കൈയ്യില്‍ വലിയൊരു തീഗോളവുമുണ്ട്.ഏറ്റവും ചീത്ത ദുഃസ്വപ്നം യഥാര്‍ത്യമാവുകയാണ്.രൂക്ഷഗന്ധമുള്ള മരണദ്രാവകത്തിന്റെ ഗന്ധം നാസികയിലേക്ക് തുളഞ്ഞു കയറുന്നു.ഇഴഞ്ഞെത്താനാവാത്ത അകലത്തില്‍ മരണം താണ്ഡവമാടുകയാണ്.പ്രാണവേദനയും പിടച്ചിലുകളും കരിയുന്ന മാംസത്തിന്റെ ഗന്ധവും.അതാ തീഗോളം എന്റെ നേര്‍ക്കാണല്ലോ.സ്വന്തം ശരീരം കരിയുന്ന മണം.ഞാന്‍ ബോധരഹിതനായി.
പിന്നീട് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ കരുത്തുള്ള ഏതോ കൂട്ടാളിയുടെ ചുമലിലാണ്.ചുറ്റും കണ്ണോടിച്ചു.ചിറക് കരിഞ്ഞ റാണിയമ്മയും അവശരായ ചെറിയ കൂട്ടവും.പുതിയ മണങ്ങള്‍.പുതിയ ഇടം തേടിയുള്ള യാത്ര.