Saturday, 27 August 2016

കൊടിഞ്ഞാലി

പേര് കേള്‍ക്കുന്നതിലും ഭീകരമായ ഒരു പീഡന ഉപകരണമാണ് കൊടിഞ്ഞാലി.കുരുമുളകു വള്ളി ഇല സഹിതം ഒരു മുഷ്ടിയുടെ വലിപ്പത്തില്‍ ചുരുട്ടിയെടുത്താല്‍ കൊടിഞ്ഞാലിയായി.പണ്ട് കുട്ടികളുള്ള വീട്ടില്‍ സുലഭമായിരുന്ന കരപ്പന്‍ ചൊറിക്കാലത്താണ് കൊടിഞ്ഞാലി പ്രയോഗിക്കപ്പെടുന്നത്.ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍, കരുണയില്ലാത്ത, കാര്‍ക്കശ്യം കരുത്തുപകര്‍ന്ന കൈയുള്ള, കുടുംബാംഗങ്ങളിലാരെങ്കിലും കൊടിഞ്ഞാലി ഇട്ട് ഉരച്ച് പാവം കരപ്പന്‍ കുട്ടികളെ കുളിപ്പിക്കും.പച്ച ചൊറിക്ക് നടുവിലെ പച്ച മനുഷ്യമാംസത്തില്‍ ചൂടും എരിവും കോരിയൊഴിക്കുന്ന കുളി.കൊടിഞ്ഞാലിയുടെ മാന്ത്രികമായ ഔഷധശക്തികളെക്കുറിച്ച് കാര്‍മ്മികന്‍ സംസാരിക്കുന്നതിനിടെ നിശബ്ദമായി കരയാന്‍ കരപ്പന്‍ കുട്ടിക്ക് സ്വാതന്ത്ര്യമുണ്ട്.കരപ്പനെന്നത് ശരീരത്തിലെ ദുഷ്ട് പുറംതള്ളുന്നതാണെന്ന മട്ടില്‍ അഭിപ്രായം പറയാനും ആരെങ്കിലുമുണ്ടാവും.

No comments:

Post a Comment