കുരുമുളകുവള്ളികള്‍ നിറഞ്ഞ മുരിക്കു മരങ്ങളും തലയ്ക്കു മുകളില്‍ വളര്‍ന്ന് മറിഞ്ഞു നില്‍ക്കുന്ന കൊങ്കിണിച്ചെടികളും നിറഞ്ഞ പറമ്പിലെ തുരങ്കം പോലെയൊരു ചവിട്ടുവഴിയിലൂടെയാണ് നടപ്പ്.തള്ളയാടും രണ്ടു കുഞ്ഞുങ്ങളും മുന്‍പിലുണ്ട്.പകലുപോലും ഇരുട്ടാണ് ഈ വഴിയില്‍.കൂട്ടിന് ജീവനുള്ള എന്തെങ്കിലുമുണ്ടെങ്കില്‍ പേടി തോന്നില്ല.അഥവാ പേടി തോന്നിയാലും അവറ്റകളോട് എന്തെങ്കിലും ഉറക്കെ സംസാരിച്ചാല്‍ മാറാവുന്നതേയുള്ളൂ.ഒരു കാല്‍പ്പാദത്തിന്റെ വീതിയില്‍ മാത്രമേ ചവിട്ടുവഴിയുള്ളൂ.എങ്ങും പുല്ലും കാടും വളര്‍ന്നു നിറഞ്ഞിരിക്കുകയാണ്.പെട്ടെന്നാണത്!!അടിവെക്കാന്‍ ഉയര്‍ത്തിയ കാല്‍ മരവിച്ച് പോയി.നിലവിളി തൊണ്ടയില്‍ കുരുങ്ങി.ഒത്ത വലിപ്പമുള്ള ഒരു കരിമൂര്‍ഖന്‍ ഉഗ്രമായി ചീറ്റി ഫണം വിരിച്ച് തൊട്ടു മുന്‍പില്‍.ആടുകള്‍ അതിനെ ചവിട്ടി വേദനിപ്പിച്ചിട്ടുണ്ടാവുമോ?വായിലെ ഉമിനീര് വറ്റി.തലകറങ്ങുന്നുണ്ടോ?ആദ്യമായാണ് ഇത്ര ഭയങ്കരനായ ഒരു സര്‍പ്പത്തെ അടുത്ത് കാണുന്നത്.ഫണം വിരിക്കുമ്പോള്‍ എന്റെ വയറോളം ഉയര്‍ന്ന് നില്‍ക്കുന്നു.ചെറിയ ശംഖുവരയന്‍ കുഞ്ഞുങ്ങളെ എന്നും വീടിന്റെ പരിസരത്ത് കാണാറുണ്ട്.ചെറു വടി കൊണ്ട് അടിച്ച് കൊല്ലാറുമുണ്ട്.എന്നാലിപ്പോള്‍ ഈ കരിമൂര്‍ഖന്റെ സീല്‍ക്കാരം രക്തം മരവിപ്പിക്കുന്നതാണ്.സര്‍വ്വധൈര്യം സംഭരിച്ച് പിറകോട്ട് മാറാന്‍ ശ്രമിച്ചപ്പോള്‍ സര്‍പ്പം ഭീതിദമാംവണ്ണം ഒന്നുകൂടി ചീറ്റി.ആടുകള്‍ ഒരുപാടു മുന്‍പില്‍ എത്തിയിരുന്നു.കണ്ണുകള്‍ നിറഞ്ഞോഴുകി.അറിയാവുന്ന പ്രാര്‍ത്ഥനകളെല്ലാം മനസ്സില്‍ ചൊല്ലി.മിത്രങ്ങളുടെയും ശത്രുക്കളുടെയുമെല്ലാം രൂപം മനസ്സില്‍ തെളിഞ്ഞു.പെട്ടെന്നാണ് ഒരു ചുവന്ന രൂപം എന്റെ പിറകില്‍ നിന്ന് വശത്തുകൂടി ചാടി പാമ്പിന്റെ ഫണത്തില്‍ പിടുത്തമിട്ടത്.റ്റിന്റു!!ആശ്ചര്യവും ആശ്വാസവും തോന്നി.ഞങ്ങളുടെ വളര്‍ത്തുനായ ഞാനറിയാതെ എന്നെ പിന്‍തുടരുന്നുണ്ടായിരുന്നു.അതോ മനമരുകിയ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടതാണോ?!ഭീമാകാരനായ ആ കരിമൂര്‍ഖനെ കീഴടക്കുക റ്റിന്റുവിന് എളുപ്പമായിരുന്നില്ല.ഉടലില്‍ ചുറ്റിയ പാമ്പിനെ കുടഞ്ഞ് നിലത്തടിക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരുന്നു.തിരിഞ്ഞോടി വീട്ടിലെത്തിയ ഞാന്‍ റ്റിന്റുവിന്റെ സഹായത്തിനായി അച്ഛനെയും കൂട്ടി വന്നു.തൂമ്പാക്കൈകൊണ്ട് മൂര്‍ഖനെ കൊല്ലുമ്പോഴേക്കും വിഷം തീണ്ടിയ റ്റിന്റു അവശനായിക്കഴിഞ്ഞിരുന്നു.അവന്റെ കടവായിലൂടെ നുരയും പതയും ഒലിച്ചു.പാതി കൂമ്പിയ കണ്ണില്‍ ദൈന്യത നിറഞ്ഞു.ഞങ്ങളവനെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോയി.തീറ്റയും വെള്ളവും വേണ്ട.വായയ്ക്കുള്ളില്‍ പാമ്പിന്റെ കടിയേറ്റിട്ടുണ്ടെന്ന് തോന്നുന്നു.വല്ല്യച്ഛന്‍ പറഞ്ഞതനുസരിച്ച് കാട്ടുപന്നിയുടെ നെയ്യ് ഈര്‍ക്കിലില്‍ തോണ്ടി അവന്റെ വായിലേക്കിറ്റിച്ചു.ആ രാത്രി മുഴുവനും അച്ഛനും ഞാനും അവനെ പരിചരിച്ചുകൊണ്ട് അടുത്തു തന്നെയിരുന്നു.പൊതുവെ പട്ടികളെ ഇഷ്ടമല്ലാത്ത അച്ഛന് റ്റിന്റുവിനെ ജീവനാണ്.നാടന്‍ നായാണെങ്കിലും വിശ്വസ്തതകൊണ്ടും വകതിരിവു കൊണ്ടും എല്ലാവരുടേയും കണ്ണിലുണ്ണിയാണവന്‍.കെട്ടിയിടുന്നത് മാത്രം അവനിഷ്ടമല്ല.കുടുംബത്തിലെല്ലാവരേയും കാത്ത് അവരുടെ വിശ്വസ്തനായ സഹയാത്രികനായി നടക്കാനാണ് അവനിഷ്ടം.പുഴയിലെ അലക്കും കുളിയും കഴിഞ്ഞ് ഒരു കൈയ്യില്‍ തുണി ബക്കറ്റും തലയില്‍ കുടിക്കാനുള്ള ശുദ്ധജലവും മറുകൈയ്യില്‍ രണ്ടു വയസ്സുകാരനായ എന്റെ ഇടം കൈയ്യും പിടിച്ച് അമ്മ കുന്നിന്‍മുകളിലെ വീട്ടിലേക്കു നടക്കുമ്പോള്‍ റ്റിന്റു ഓടിയെത്തും.എന്റെ വലംകൈയ്യില്‍ കടിച്ചുപിടിക്കും..രണ്ടുവയസ്സുകാരന്റെ മൃദുലചര്‍മ്മത്തില്‍ ഒരു പോറല്‍ പോലും വീഴാത്തത്ര കരുതലോടെ.കണ്ടുനില്‍ക്കുന്നവരുടെ മനം നിറഞ്ഞിരുന്നു.എന്നോ ഒരിയ്ക്കല്‍ ഒരു കോഴിമുട്ട എടുത്ത് പൊട്ടിച്ചതല്ലാതെ അമ്മയുടെ തല്ലു വാങ്ങുന്ന പണികളൊന്നും അവന്‍ ചെയ്യാറില്ല.വീട്ടുകാരേയും അപരിചിതരേയും അവന് നന്നായറിയാം.പരിചയമില്ലാത്തവര്‍ വരുമ്പോള്‍ ഒന്നു കുരക്കും.മിണ്ടാതിരിക്കാന്‍ പറഞ്ഞാലുടന്‍ നിശബ്ദനാകും.എനിക്കുപകരം പാമ്പുകടിയേറ്റ് അവന്‍ വീണ ആ രാത്രിയില്‍ ഞങ്ങള്‍ അവനരികിലിരുന്ന് ഇതെല്ലാം ഓര്‍ത്തു.ആഴ്ചകള്‍ നീണ്ട കാട്ടുപന്നി നെയ് സേവകൊണ്ട് റ്റിന്റു പഴയതുപോലെ ഉഷാറായി.കാവല്‍ജോലിയില്‍ പുനഃപ്രവേശിച്ചു.വല്ല്യമ്മയെ മൂത്ത മകളുടെ ഭര്‍ത്തൃവീട്ടില്‍ കൊണ്ടുപോയി വിട്ട് മടങ്ങവേ പുഴയിലെ മഴവെള്ളത്തില്‍ പെട്ട് ഒലിച്ചുപോകും വരെ അവന്‍ എല്ലാവരുടേയും കണ്ണിലുണ്ണിയായിരുന്നു.
No comments:
Post a Comment