Sunday, 5 June 2016

സൂക്ഷിപ്പുകാരന്‍

"ന്റെ ഉണ്ണിയൊന്നും നശിപ്പിക്കില്ല്യ..അതിപ്പോ ഒരോലപ്പീപ്പി ആച്ചാലും.ഭയങ്കര സൂക്ഷാ!"അമ്മ ഉണ്ണിയെ നോക്കി അഭിമാനം കൊണ്ടു.

നേരാണ്.ഉണ്ണി ഭയങ്കര സൂക്ഷിപ്പുകാരനാണ്.വളരും തോറും സൂക്ഷിക്കുന്ന സാധനങ്ങളുടെ പരിധിയും വൈവിധ്യവും വര്‍ദ്ധിച്ചു.കളിപ്പാട്ടങ്ങള്‍,പാവകള്‍,തീപ്പെട്ടി പടങ്ങള്‍,സിഗരറ്റ് കൂടിനുള്ളിലെ വെള്ളിക്കടലാസ്,പക്ഷിത്തൂവല്‍,മഞ്ചാടിക്കുരു,കുന്നിക്കുരു,ഗോട്ടികള്‍,വളപ്പൊട്ട്,സെന്റ് കുപ്പികള്‍,വര്‍ണ്ണചിത്രങ്ങള്‍,പത്രക്കടലാസിലെ വാര്‍ത്താശകലങ്ങള്‍,ആഴ്ചപ്പതിപ്പുകള്‍,വാരികകള്‍,നാണയങ്ങള്‍,തപാല്‍മുദ്രകള്‍,പുരാവസ്തുക്കള്‍ അങ്ങിനെയങ്ങിനെ പലതും.

സൂക്ഷിപ്പുമുതലുകള്‍ കൊണ്ട് അറയും പത്താവും മച്ചിന്‍പുറവും നിറഞ്ഞു.ഉണ്ണിയുടെ സൂക്ഷിപ്പ് ഒരല്‍പ്പം അതിരുകടക്കുന്നില്ലേയെന്ന് അമ്മക്കും തോന്നിത്തുടങ്ങി."അതെങ്ങിന്യാ,വല്ല്യമുത്തശ്ശിയുടെ തനിസ്വരൂപല്ലേ.ആ തള്ള എന്ത് മരക്കഷണം കിട്ട്യാലും തലയണക്കീഴെ പൂഴ്ത്തലാരുന്നൂലോ!"അമ്മയുടെ നിയന്ത്രണം വിട്ടുതുടങ്ങി.

എന്നാല്‍ ആരുമറിയാതെ മറ്റുചില സൂക്ഷിപ്പുകളും നടക്കുന്നുണ്ടായിരുന്നു.കാണുന്ന മനുഷ്യരെയും അവരുടെ വേഷഭൂഷാതികളും  മൊഴിയുന്ന വാക്കുകളും വാക്കുകളുടെ സ്വരവും സന്ദര്‍ഭങ്ങളും ഭാവങ്ങളും എല്ലാമെല്ലാം ഉണ്ണി കണിശതയോടെ മനസ്സില്‍ സൂക്ഷിച്ചു.ഇവ സൂക്ഷിക്കാനും അടുക്കിവെക്കാനും രാവും പകലും തികയാതെയായി.ഉറക്കം സൂക്ഷിപ്പുകളില്ലാത്ത അപൂര്‍വ്വം ചില വസ്തുക്കളിലൊന്നായി.എല്ലാവരിലേയും വൈരുധ്യങ്ങള്‍ എളുപ്പം തിരിച്ചറിയാമെന്നായി.

ലോകത്തിന് കൊള്ളാത്ത സൂക്ഷിപ്പുകാരനായി.

No comments:

Post a Comment