Wednesday, 1 June 2016

ഉറുമ്പിന്റെ കഥ

ഞാനൊരു ഉറുമ്പാണ്.എനിക്ക് പേരില്ല; പിന്നെയോ, മണമാണുള്ളത്-അതെ മണം തന്നെ.എന്റെ കൂട്ടര്‍ എന്നെ തിരിച്ചറിയുന്നത് മണം കൊണ്ടാണ്.

കാവലാണ് എന്റെ ജോലി.ഞങ്ങളുടെ ഉറുമ്പുകോട്ടയുടെ കാവല്‍പ്പടയിലെ ഒരു പോരാളി.കൂട്ടത്തിലേറ്റവും വലിപ്പം ഞങ്ങള്‍ പട്ടാളക്കാര്‍ക്കാണ് - റാണിയമ്മയുടെയത്രയുമില്ല കെട്ടോ.വലിയ കൈകാലുകളും അമ്ളസഞ്ചിയും ദൃഡമായ കൊമ്പുകളും ഞങ്ങള്‍ക്കുണ്ട്.എത്ര വലിപ്പമുള്ള ശത്രുവും ഞങ്ങളോടിടയാന്‍ ഒന്നു ഭയക്കും.

ഞങ്ങളുടെ കോട്ട ഐശ്വര്യമുള്ള ഒരു സ്ഥലത്താണെന്നാണ് റാണിയമ്മ പറയുന്നത്.ശരിയാണ്.ചുറ്റും ഒരുപാട് ധാന്യമുള്ള,വലിയ ജീവികളുടെ ശല്യമില്ലാത്ത ഒരിടമാണ് ഇത്.മനുഷ്യര്‍ എന്ന ഒരിനം ജീവിയുടെ ഒരു പഴയ സംഭരണശാലയാണത്രെ ഇത്.ധാന്യമണികള്‍ യഥേഷ്ടം എടുക്കാം.

റാണിയമ്മ കാലാകാലം ധാരാളം മുട്ടകളിടുന്നുണ്ട്.എല്ലാം വിരിഞ്ഞ് കൂട്ടം വലുതാകുന്നുമുണ്ട്.എന്നെങ്കിലുമൊരിക്കല്‍ പുതിയ റാണി വിരിയുമ്പോള്‍ കൂട്ടം പിരിയുമെന്നാണ് കേള്‍വി.ആവോ,ആര്‍ക്കറിയാം.കൂട്ടം പിരിയാതിരിക്കട്ടെ.ഇതുപോലെ നൂറു കൂട്ടത്തിനുള്ള ഭക്ഷണമുണ്ടല്ലോ.

പുറത്ത് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളുമുണ്ടത്രെ.ആകാശത്തുനിന്ന് വിഷപ്പൊടിയും വിഷദ്രാവകവും തീമഴയും പെയ്യിക്കുന്ന ക്രൂരന്‍മാരായ മനുഷ്യരുള്ള ഇടങ്ങള്‍.റാണിയമ്മ ഇതൊക്കെ താണ്ടിയാണ് ഇവിടെയെത്തിയതെന്ന് പറയാറുണ്ട്.കൂട്ടത്തോട് ഇങ്ങിനെ ക്രൂരത ചെയ്യുന്നവരെ ആഞ്ഞു കടിക്കാന്‍ തന്റെയുള്ളിലെ പോരാളി തക്കംപാര്‍ത്തിരിക്കുകയാണ്.മനുഷ്യന്‍ എന്ന ജീവി ഇല്ലാത്തിടങ്ങളില്‍ നിലം തൊടാതെ സഞ്ചരിക്കുന്ന വലിയ ചുണ്ടുകളുള്ള പക്ഷികള്‍ എന്നൊരു വര്‍ഗ്ഗമുണ്ട്.നൂറ് പട്ടാള ഉറുമ്പിനെ പോലും ഒറ്റയടിക്ക് പശയുള്ള നാക്കില്‍ ഒട്ടിച്ച് വിഴുങ്ങുന്ന രാക്ഷസനെപ്പറ്റിയും റാണിയമ്മയോട് മുത്തശ്ശി പറഞ്ഞിട്ടുണ്ടത്രെ.കെട്ടുകഥയാവും.

എന്റെ സ്ഥിരം സ്ഥാനം കോട്ടവാതിലാണ്.കൂട്ടത്തില്‍ പെടാത്ത ആരും അകത്ത് പ്രവേശിക്കാതെ വരുന്നവരെയെല്ലാം മണംകൊണ്ട് തിരിച്ചറിഞ്ഞും ഭാരക്കൂടുതലുള്ള ധാന്യമണികള്‍ കോട്ടവാതില്‍ കടത്തിവിടാന്‍ സഹായിച്ചും ഞാന്‍ സമയം ചിലവഴിച്ചു.ഒന്ന് രണ്ട് തവണ കോട്ടവാതില്‍ തകര്‍ക്കാന്‍ ശ്രമിച്ച നീണ്ട വാലും പരക്കംപാഞ്ഞ നടപ്പും ഉള്ള, ധാന്യമെല്ലാം കടിച്ച് മുറിച്ച് വൃത്തികേടാക്കുന്ന ജീവിയെ തുരത്തിയോടിച്ച സംഘത്തിലും ഞാനുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഭീതിജനകമായ ഒരു വലിയ ശബ്ദം കേട്ടു.പുറത്തെ വലിയ വെളിച്ചത്തോടൊപ്പം ഭൂമികുലുക്കുന്ന കാലടിയൊച്ചകളും അകത്തെത്തി.പരിഭ്രാന്തരായ കൂട്ടത്തെ സമാധാനിപ്പിച്ച് ഞങ്ങള്‍ യുദ്ധസന്നദ്ധരായി.ഇത് മനുഷ്യന്‍ എന്ന ജീവിയാണെന്ന് റാണിയമ്മ തിരിച്ചറിഞ്ഞു.പുറത്തുള്ള ജോലിക്കാരെയെല്ലാം കോട്ടക്കകത്താക്കി ആക്രമണംതുടങ്ങാന്‍ ഉത്തരവും കിട്ടി.ചലിക്കുന്ന ആ വലിയ രൂപത്തിനു നേരേ ഞങ്ങള്‍ കുറേപ്പേര്‍ പാഞ്ഞുചെന്നു.നിലത്തിനോട് ചേര്‍ന്നുള്ള ഭാഗമെല്ലാം കൊമ്പ് ആഴ്ത്തിയിറക്കാനാവാത്തത്ര കട്ടിയുള്ളവയാണ്.എന്നിലെ പോരാളി ഓരോ അണുവിലും ത്രസിച്ചു.ഒടുവില്‍ നിലത്തിന് അല്‍പ്പം മുകളിലായി ഇരുട്ടില്‍ മാംസത്തിന്റെ ചൂടുള്ള മൃദുവായ ഒരു ഭാഗം ഞാന്‍ കണ്ടെത്തി.സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞുകടിച്ചു.പൊടുന്നനെ താങ്ങാനാവാത്തവിധം ഭാരമുള്ള എന്തോ ഒന്ന് എന്റെ മുതുകില്‍ പതിച്ചു.ദേഹം നൂറു കഷണങ്ങളായി നുറുങ്ങുന്നതുപോലെ തോന്നി.അമ്ളസഞ്ചി പൊട്ടിയോ?കഠിനമായ വേദനയിലും കടിച്ച് ആഴ്ത്തിയ പല്ലുകള്‍ പിന്‍വലിച്ചില്ല.കാഠിന്യമുള്ള എന്തോ ഒന്ന് എന്നെ ബലമായി പറിച്ച് ദൂരേക്കെറിഞ്ഞു.ധാന്യക്കൂനക്കരികിലാണ് ഞാന്‍ വീണത്.പരിക്കുകള്‍ പരിശോധിക്കാന്‍ സമയമില്ല.ഇഴഞ്ഞിട്ടായാലും കോട്ടവാതില്‍ക്കലെത്തണം.റാണിയമ്മയെയും കൂട്ടരേയും കാക്കണം.

അകന്നുപോയ മനുഷ്യന്റെ ദിക്ക് കുലുക്കുന്ന കാലൊച്ച വീണ്ടും കോട്ടക്കികിലെത്തുന്നത് ഇഴയുന്നതിനിടെ ക്രോധത്തോടെ ഞാന്‍ കണ്ടു.അവന്റെ കൈയ്യില്‍ വലിയൊരു തീഗോളവുമുണ്ട്.ഏറ്റവും ചീത്ത ദുഃസ്വപ്നം യഥാര്‍ത്യമാവുകയാണ്.രൂക്ഷഗന്ധമുള്ള മരണദ്രാവകത്തിന്റെ ഗന്ധം നാസികയിലേക്ക് തുളഞ്ഞു കയറുന്നു.ഇഴഞ്ഞെത്താനാവാത്ത അകലത്തില്‍ മരണം താണ്ഡവമാടുകയാണ്.പ്രാണവേദനയും പിടച്ചിലുകളും കരിയുന്ന മാംസത്തിന്റെ ഗന്ധവും.അതാ തീഗോളം എന്റെ നേര്‍ക്കാണല്ലോ.സ്വന്തം ശരീരം കരിയുന്ന മണം.ഞാന്‍ ബോധരഹിതനായി.

പിന്നീട് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ കരുത്തുള്ള ഏതോ കൂട്ടാളിയുടെ ചുമലിലാണ്.ചുറ്റും കണ്ണോടിച്ചു.ചിറക് കരിഞ്ഞ റാണിയമ്മയും അവശരായ ചെറിയ കൂട്ടവും.പുതിയ മണങ്ങള്‍.പുതിയ ഇടം തേടിയുള്ള യാത്ര.

No comments:

Post a Comment