ഒാര്‍മ്മകള്‍ പുഴയായിരുന്നു.
ഓര്‍മ്മകള്‍ പുഴ പോലെയായിരുന്നു.
സ്നേഹം രാത്രിയിലെ പുഴ പോലെ, ഇളം ചൂടുള്ളത്.
കോപം മലമുകളിലെങ്ങോ കനത്ത മഴ പെയ്താലെന്നവണ്ണം കലക്കി മറിച്ച്.
സന്തോഷം സോപ്പുപെട്ടി പാറയില്‍ നിന്നും കുട്ടിക്കരണം മറിഞ്ഞ് കണ്ണ് ചുവപ്പിക്കും പോലെ.
അപമാനിക്കപ്പെടുമ്പോള്‍ മഴക്കാലത്തെ കുത്തൊഴുക്ക് മുറിച്ച് കടക്കുമ്പോളെന്ന പോലെ, കണ്ണിനേയും പാദങ്ങളേയും ഭ്രമിപ്പിക്കുന്നത്.
ഉപദേശങ്ങളും വഴക്കും പുഴക്കു മുകളില്‍ മഴ പെയ്യും പോലെ -ശബ്ദമുഖരിതം, ചൂടും തണുപ്പും കലര്‍ന്നത്.
പ്രണയം 'കല്ലേമുട്ടി' മീനിന്റെ സ്പര്‍ശം പോലെ.
വിരഹം ചെറുമീനുകളുടെ മണം പേറുന്ന കൃശഗാത്രിയായ പുഴയുടെ വേനല്‍ക്കാലം പോലെ.
പുതപ്പ് പുതച്ച് ഉറങ്ങാന്‍ കിടക്കുന്നത് കൈപ്പടങ്ങള്‍ മാത്രം ചലിപ്പിച്ച് മലര്‍ന്ന് നീന്തും പോലെ.
ചെറുമയക്കം പായലുള്ള പാറയില്‍ നിന്ന് പുഴയോടൊപ്പം തെന്നിവീഴും പോലെ.
ഗാഢനിദ്ര കയത്തിനടിയില്‍ മുങ്ങാംകുഴിയിട്ട് ശരീരം പന്തുപോലാക്കി തനിയേ പുഴയുടെ ഉപരിതലത്തിലേക്ക് എത്തുന്നത് പോലെ.
സ്വപ്നങ്ങളും പുഴതന്നെ...
നല്ല സ്വപ്നവും ദുഃസ്വപ്നവും വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ച് കിടക്കുമ്പോള്‍ കണ്ണ് മങ്ങുന്നതുപോലെയും ശ്വാസം ഉള്ളില്‍ നിറയുന്നതു പോലെയും ഞരമ്പുകളില്‍ പുളകവും തളര്‍ച്ചയും പടരുന്നത് പോലെയുമൊക്കെ..
ഇനിയുമൊരുപാട്..പുഴ എന്റെ ഓര്‍മ്മകള്‍ നിശ്ചലമാവും മുന്‍പെ ഓര്‍മ്മയാവാതിരുന്നെങ്കില്‍.
No comments:
Post a Comment