നാട്ടുകഥകള്‍ പദസഞ്ചയങ്ങള്‍ പോലെയാണ്.ആവശ്യത്തിനും അനാവശ്യത്തിനും എടുത്തുപയോഗിക്കാം.നാട്ടിലായാലും മറുനാട്ടിലായാലും മനുഷ്യനും മനോഭാവങ്ങളും വേഷം മാറി വരുമെന്നൊരു പാഠവും.
1.പെരുകിലത്തില -
കുടിയേറ്റഗ്രാമം.ഔസേപ്പച്ചന്‍ തെല്ലകലെയുള്ള ഫൊറോന പള്ളിയിലെ പെരുന്നാളു കൂടാന്‍ അയല്‍പക്കം മത്തായിച്ചനേയും നിര്‍ബന്ധിച്ച് കൂടെ കൂട്ടി.കിലോമീറ്ററുകള്‍ നഗ്നപാദരായി നടന്നാണ് യാത്ര.
രാവിലെ ചെലുത്തിയ കൂഴച്ചക്കപ്പഴവും മുണ്ടിനടിയില്‍ നീലക്കുറിഞ്ഞി പൂത്താലെന്നമാതിരി അപൂര്‍വ്വമായി അന്നണിഞ്ഞ നിക്കറും ഔസേപ്പില്‍ പ്രകൃതിയുടെ വിളിയെ ക്ഷണിച്ച് വരുത്തി.ഉടനടി വഴിയരികില്‍ തഴച്ചു വളരുന്ന കുറ്റിക്കാടുകള്‍ക്കിടയില്‍ ദുഃഖഭാരം ഇറക്കി വെക്കുകയും ചെയ്തു.പ്രകൃതി കനിഞ്ഞരുളിയ ടോയ്ല്റ്റ് ടിഷ്യു -പെരുകിലത്തിന്റെ ഇല -അപ്ളൈ ചെയ്തു. (വട്ടയില വലുപ്പത്തില്‍ കുറ്റിച്ചെടിയായി വളരുന്ന ഒരു സസ്യമാണ് പെരുകിലം.)പെരുകില ടിഷ്യുവില്‍ ഒളിഞ്ഞിരുന്ന ചൊറിയന്‍ പുഴു കുഞ്ഞ് കഥയില്‍ ഇടിത്തീപോലൊരു വഴിത്തിരിവായി.മഞ്ഞുകട്ടിപോലെ തണുത്ത കൈത്തോട്ടിലെ വെള്ളത്തില്‍ മുങ്ങിക്കിടന്നിട്ടും തീരാത്ത വിമ്മിട്ടം.വിമ്മിഷ്ടത്തിനിടയില്‍ വികാരഭരിതനായി ഉച്ചത്തില്‍ "ഈ ***മോന്റെ കൂടെ എറങ്ങി പൊറപ്പെട്ടപ്പഴേ ഓര്‍ത്തതാ..ഇങ്ങനേ വരു ന്ന്.."എന്നൊരു ആത്മഗതവും.മറുപടി പിന്നെ പറയാമെന്നു കരുതിയ മണ്ടന്‍ മത്തായിക്ക് സ്തുതിയായിരിക്കട്ടെ.
2.സമാസമം -
സോമന്‍ ഒരു മിസ്റ്റിക്കാണ്.അദ്ദേഹത്തിന്റെ വചനങ്ങള്‍ ശ്രോതാക്കളുടെ നിലവാരത്തിലേക്ക് ഉയരുന്നവയാണ്.പുഛിക്കുന്നവര്‍ക്ക് വളിപ്പായും ചിന്തകര്‍ക്ക് തീപ്പൊരിയായും തോന്നിക്കുന്നവ.പോരാത്തതിന് പുരയിടത്തില്‍നിന്ന് പുറത്ത് ഇറങ്ങുക, ജലം ശരീരത്തിലൊഴിച്ച് പാഴാക്കുക എന്നീ ശീലങ്ങളുമില്ലല്ലോ.
ഒരുനാള്‍ സ്വന്തം അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സോമനവര്‍കള്‍ വരിക്കപ്ളാവില്‍ നിന്നും ഒരു ചക്ക കയര്‍ കെട്ടി ചതയാതെ ഇറക്കാന്‍ സഹായിക്കാമെന്നേറ്റു.വിരുന്നിനെത്തിയ ഭര്‍ത്തൃമതി പെങ്ങള്‍ക്ക് സമ്മാനമായി കൊടുത്തുവിടാനുദ്ദേശിക്കുന്ന തേന്‍വരിക്ക.
നാട്ടുമര്യാദയനുസരിച്ച് അമ്മയെ താഴെ നിര്‍ത്തി കഥാപുരുഷന്‍ കത്തിയും കയറുമായി പ്ളാവിലേറി.ലക്ഷണമൊത്ത ചക്ക കണ്ടുപിടിച്ചു.കയറിന്റെ ഒരു അഗ്രത്തെ ഞെടുപ്പില്‍ കുരുക്കി,പ്ളാവിന്‍ ശിഖരത്തെ കറങ്ങാത്ത കപ്പിയാക്കി സജ്ജീകരണങ്ങള്‍ ഒരുക്കി.താഴെ കയറിന്റെ മറ്റേ അഗ്രവും കൈകളിലൊതുക്കി നില്‍ക്കുന്ന അമ്മയുടെ ആശീര്‍വാദത്തോടെ ചക്കയുടെ പൊക്കിള്‍കൊടി മുറിച്ചുമാറ്റി.കൃശഗാത്രിയായതിനാലും ശ്വാസകോശത്തില്‍ വായുനിറച്ച് കാലുകളുറപ്പിച്ച് നില്‍ക്കുന്ന വിദ്യ വശമില്ലാത്തതിനാലും പിടിച്ച വള്ളി കൈവിടുന്ന ശീലമില്ലാത്തതിനാലും ചക്ക താഴേക്ക് പതിക്കുന്ന അതേ നിരക്കില്‍ സോമന്റെ അമ്മ മുകളിലേക്കുയര്‍ന്നു.ത്രിശങ്കു ജംഗ്ഷനില്‍ രണ്ടുപേരും തോളോടുതോള്‍,മുഖാമുഖം നിശ്ചലരായി.ദാ സോമന്റെ മിസ്റ്റിക് പ്രതികരണം "ങ്ങ്ഹാ,അമ്മേം ചക്കേം സമാസമം"
No comments:
Post a Comment