Thursday, 16 July 2015

പാറ്റ

പരിഭ്രാന്തരായി,പരിഭ്രാന്തി പരത്തി ചിതറിയോടുന്ന ഒരിനം ജീവി...അവനെക്കൊണ്ടും ഒരു ആവശ്യമുണ്ട് - മോഡലിങ്ങിനാണ്.പലകബോര്‍ഡില്‍, മൊട്ടുസൂചിയാണികളില്‍ കുടലുമാല (പൊട്ടാത്തത്) പുറത്തേക്കിട്ട് പരീക്ഷകനെ നോക്കി ചെറുതായൊന്നു ചിരിക്കുക.വൈവ നേരിടുന്ന സുഹൃത്തിനെ ഇമോഷണലി സപ്പോര്‍ട്ടു ചെയ്യുക....

പക്ഷേ ആവശ്യമുള്ളപ്പോള്‍ ഇദ്ദേഹത്തെ ആകാശത്തോ ഭൂമിയിലോ പാതാളത്തിലോ കാണാന്‍ കിട്ടാറില്ലെന്നറിയാമല്ലോ!പണ്ട് ഇതൊക്കെ തവളയുടെ ജോലിയായിരുന്നത്രെ.തുലോം വലിയ ജീവികള്‍ക്ക് വേദന കൂടുതലാണെന്ന് തിരിച്ചറിഞ്ഞ പരിസ്ഥിതി പ്രവൃത്തകരുടെ ശ്രമഫലമായി വലിയ തവള പോയി ചെറിയ പാറ്റ വന്നു.

അങ്ങിനെ പാറ്റവേട്ട കൊണ്ടുപിടിച്ചു നടക്കുന്നതിനിടയിലാണ്,പ്രിയമൊള്ളരാള്‍ മരണാസന്നനായെന്ന വാര്‍ത്ത വരുന്നത്.പരീക്ഷയും പാറ്റയും തലച്ചോറിന്റെ മുന്‍പിലേക്കും പിറകിലേക്കുമായി ഷട്ടില്‍ സര്‍വ്വീസടിച്ചുകൊണ്ടേയിരുന്നു.

മരണാസന്നനായ പ്രിയപ്പെട്ട ആള്‍ - കര്‍മ്മങ്ങളിലും സഹൃദയസദസ്സിനോടുള്ള കഥാകഥനത്തിലും മാത്രം മുഴുകിയ പിതാമഹനാണ്.സ്വന്തം ശരീരത്തിലൊരു കഷണം മുറിഞ്ഞുപോയാലും അതൊരു കഥ പോലെ,വളരെ ന്യൂട്രല്‍ ആയ ശൈലിയില്‍,സ്ഫുടമായി അവതരിപ്പിക്കാനുളള കഴിവ് അറിയാവുന്നവര്‍ക്കറിയാം.പണമൊന്നും കൈകാര്യം ചെയ്യാറില്ലെങ്കിലും നിലാവുള്ള രാത്രികളിലടക്കം പച്ചപ്പ് ഇലയായും മുള്ളായും വള്ളിയായും തഴച്ചു വളരുന്ന ആ പുരയിടത്തില്‍ കയ്യാല കെട്ടലുമൊക്കെയായി കൂടും.വായനശാലയും പള്ളിയും പള്ളിക്കൂടവുമൊക്കെ പണിയാനും ചെറുതല്ലാത്ത അധ്വാനം സംഭാവന ചെയ്തയാളാണ്.

എന്നിട്ടുമെന്നിട്ടും നിന്നെ ഞാന്‍ 250 ഗ്രാം സ്നേഹിച്ചിട്ടും തിരിച്ച് 50 ഗ്രാം പോലും കിട്ടിയില്ല,നീ കാരണമന്ന് ഞാന്‍ 12 സെന്റീമീറ്റര്‍ കരഞ്ഞു എന്നൊന്നും ഒരിക്കലും കണക്കു പറഞ്ഞ് കേട്ടറിവില്ലാത്ത ആളായതിനാല്‍ ആ മരണം എത്രമാത്രം വേദനയേകുമെന്നറിയില്ല.സ്വന്തം വിലനിലവാരം പ്രദര്‍ശിപ്പിക്കാന്‍ പാടുപെടാത്ത ആ സ്വഭാവത്തിലൊരു തരി പോലും കിട്ടാതെപോയതെന്തേയെന്ന് പിന്നെയും പിന്നീടെപ്പൊഴൊക്കെയോ ആലോചിച്ചിട്ടിട്ടുണ്ട്.വിത്തുവിതരണത്തിലെ സരസമായ എന്തൊക്കെയോ പെര്‍മ്മ്യൂട്ടേഷനും കോമ്പിനേഷനുമൊക്കെ കാരണമാവാം.കാലം മാറിയെന്നൊരു വരട്ടുതത്ത്വശാസ്ത്രവും മേമ്പൊടിയായി ചേര്‍ത്തേക്കാം.

മരണവീടുകളിലെ വീഡിയോപിടുത്തം എത്ര അരോചകമാണ്.വെളിച്ചവും ചൂടും അലോസരപ്പെടുത്തുന്ന നുഴഞ്ഞുകയറ്റവും.അങ്ങിനെയങ്ങിനെ വിതുമ്പലുകള്‍ ഇഷ്ടക്കുറവുകളായി തികട്ടി വരുന്നു.പാറ്റയിടക്കിടെ സ്മൃതികളില്‍ എരിവായും പുകച്ചിലായും അങ്ങിനെ.മൊബൈല്‍ ഫോണില്ലാത്ത കാലത്ത് ലാന്റ്ഫോണുള്ള ആരോ സഹപാഠികളോട് രണ്ടു പാറ്റകളിലൊന്നിനെ  ഇല്ലാത്തവനു കൊടുപ്പിന്‍ എന്ന് ഉദ്ബോധിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും ഉറപ്പൊന്നും കിട്ടിയിരുന്നില്ല.

വിലാപയാത്രയാണ്.പെട്ടിയുടെ ഒരു കോണില്‍ ചുമല്‍ ചേര്‍ത്തു.ഒരുപാട് ചുമലിലേറ്റി നടന്ന ആളാണ്.ഭാരം കൂടിയോ?മനസ്സില്‍ കനം തൂങ്ങിയ എന്തൊക്കെയോ തോന്നിപ്പിച്ചതാവാം ഒരുപക്ഷേ.

സമയം കണിശക്കാരനായി ഓടുന്നു.വഴിയിലെല്ലാത്തിനേയും മാറ്റത്തിന്റെ, മറവിയുടെ കാലടികളാല്‍ ചവിട്ടി മെതിക്കുന്നു.ചടങ്ങുകള്‍ തീര്‍ന്നു.കുഴിമാടത്തിലേയ്ക്കു മണ്ണ് ഊര്‍ന്നു വീണപ്പോള്‍ അതിക്രൂരമായൊരു തമാശപോലെ കുറേ പാറ്റകള്‍..കണ്ണിലൂടെ മനസ്സിലേയ്ക്ക് പരക്കംപാഞ്ഞു കയറിയ; വേദനയ്ക്കു കാലും ചിറകും മുളച്ച കറുത്ത ജീവികള്‍.താളത്തില്‍ കാലു വിറപ്പിച്ചും ചുളിവില്ലാത്ത കുടവയര്‍ കുലുക്കിച്ചിരിച്ചും ഇടക്കൊക്കെ ഓര്‍മ്മകളെ വാക്കുകളാക്കാന്‍ തെല്ലൊന്നു പരതിയും ഒരുപാട് നന്മകള്‍ വിടര്‍ത്തിയും ബോധമണ്ഡലത്തിലിടക്കിടെ പരക്കംപാഞ്ഞ് ഏതോ ഇരുളിന്റെ കോണിലൊളിക്കാറുണ്ട് ആ കുഴിമാടത്തിലെ പാറ്റകളിന്നും..

No comments:

Post a Comment