ഗ്രാമം ഒരു തുരുത്തായിരുന്നു.പുഴക്കെപ്പോളോ തോന്നിയ ധാര്‍ഷ്ട്യത്തെ വകഞ്ഞു മാറ്റിയ പച്ചത്തുരുത്ത്.ധാര്‍ഷ്ട്യത്തിന്റെ പ്രായ്ശ്ചിത്തമെന്നോണം പുഴ തുരുത്തിന്റെ പാദങ്ങളും ശിരസ്സും അവിരാമം തഴുകാമെന്ന് സ്വയം തീരുമാനിച്ചു.
ബഹിരാകാശയാത്രപോലെയും അന്യഗ്രഹജീവികളുടെ സന്ദര്‍ശനം പോലെയുമാണ് തുരുത്തിന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രകള്‍ ;തികച്ചും അനാവശ്യം - ആര്‍ത്തിയിലോ കൗതുകത്തിലോ അധിഷ്ഠിതമായത്.അറബികള്‍ക്ക് കന്തൂറ തുന്നാന്‍ പോയ മമ്മാലിയും ; പളപള തിളങ്ങുന്ന , ചെകിളപ്പൂക്കളില്‍ രക്തം ചീറ്റുന്ന 'പുയ്യാപ്ളക്കോരന്‍' തേക്കിലയില്‍ പൊതിഞ്ഞു പത്തുറുപ്യക്കു വില്‍ക്കാനെത്തുന്ന മൂസയേും പോലെ.പരിചയമില്ലാത്ത മണവും വേഷവും സംസാരശൈലിയും.
തുരുത്ത് ഒരു പ്രപഞ്ചം തന്നെയായിരുന്നു.
പലഹാരമായി നുണയാന്‍ വരിക്ക കൂഴ ചക്ക,മൂവാണ്ടന്‍ പേരക്കാ നാടന്‍ കോ മാങ്ങ,ഞാലിപ്പൂവന്‍ പൂവന്‍ ചെങ്കദളി ഏത്ത വാഴപ്പഴം,ജാതി - ആണും പെണ്ണും,ചാമ്പ - നാടനും ശീമയും,പേരയ്ക്ക - ചുവപ്പും വെളുപ്പും കാമ്പുള്ളത്,ഞാവല്‍പ്പഴം,ബദാം,മള്‍ബറി,ആത്തച്ചക്ക,മുട്ടപ്പഴം,ആഞ്ഞിലിക്കാ,മൂക്കട്ടപ്പഴം,നെല്ലിക്ക,കമ്പിളിനാരങ്ങ..
അമ്മച്ചിമാര്‍ക്ക് പാചകത്തിന് ചേന,ചേമ്പ്,കപ്പ - കട്ടനും ആമ്പക്കോടനും,വാഴക്കൂമ്പ്,ചീര - ചുവപ്പും പച്ചയും,തഴുതാമ,മത്തങ്ങ,കുമ്പളങ്ങ,ചുരക്ക,നാടന്‍ ഈന്ത്,മുളച്ച കശുവണ്ടി,ഇടനയില,കാച്ചില്‍ - നാടനും ഇറച്ചിയും,മുളക് - കാന്താരിയും കൊമ്പനും,ചെറുകിഴങ്ങ്,മധുരക്കിഴങ്ങ്,വടുകപ്പുളിനാരങ്ങ,പാവക്ക,കോവക്ക,പയര്‍,വഴുതിന,വെണ്ട,ഇഞ്ചി,മഞ്ഞള്‍,കച്ചോലം,കൂവ,കറിവേപ്പില,കറുവപ്പട്ട,ഗ്രാമ്പൂ,പനങ്കുറുക്ക്,കടച്ചക്ക..
നാട്ടുവൈദ്യന് ബ്രഹ്മി,കുറുന്തോട്ടി,നറുനീണ്ടി,കല്ലുവാഴ,കീഴാര്‍നെല്ലി,തുളസി,ആടലോടകം,വേപ്പ്,ആവണക്ക്,കുടകന്‍,തൊട്ടാവാടി,ചെറുതേന്‍,വന്‍തേന്‍ - കോല്‍ത്തേനും പൊത്തുതേനും.
വീടുപണിക്ക് കരിങ്കല്ല്,വെട്ടുകല്ല്,കളിമണ്ണ്,പനയോല,തെങ്ങോല,മേച്ചില്‍ പുല്ല്,മുള,ആഞ്ഞിലി,പ്ളാവ്,മഹാഗണി,മഞ്ഞക്കടമ്പ്,ഈട്ടി,തേക്ക്,മരുത്..
സൗന്ദര്യത്തിന് മൈലാഞ്ചി,ചെമ്പരത്തി താളി,സോപ്പ് കാ,രാമച്ചം,കുങ്കുമ കാ..
സുഗന്ധം പരത്തും പന്തം (കുന്തിരിക്കത്തിന്റെ വര്‍ഗ്ഗം) , തെരുവ പുല്‍ത്തൈലവും..
ആട്,പശു,പട്ടി,പൂച്ച,കേഴ,മ്ളാവ്,മരപ്പട്ടി,നീര്‍നായ,കീരി,ഉടുമ്പ്,പൊന്നുടുമ്പ്,ഉറുമ്പുതീനി,മലയണ്ണാന്‍,കാട്ടുമുയല്‍,കാട്ടുപന്നി,മുള്ളന്‍പന്നി,കരികിലപ്പിട,കുയില്‍,പച്ചിലക്കുടുക്ക,ഇരട്ടത്തലയന്‍,കാവതിക്കാക്ക,ബലിക്കാക്ക,കാക്കത്തമ്പുരാട്ടി,പരുന്ത്,മൂങ്ങ,എറിയന്‍,കാട്ടുകോഴി,നീര്‍ക്കാക്ക,കല്ലേമുട്ടി,നെറ്റിയേല്‍പൊന്നന്‍,വാഴക്കാവരയന്‍,പരല്‍,ആരോന്‍,മണലാരോന്‍,മുഷി ഇത്യാദി സഹജീവികളും...
മുത്തച്ചന്‍ മരത്തോളം വളര്‍ന്ന കടലാസ് റോസ് വള്ളിയും വേലിയിലെങ്ങും ശീമക്കൊന്ന പൂക്കളും ചെമ്പരത്തിയും കോളാമ്പിപ്പൂവും മാത്രമല്ല എളുപ്പം കണ്ണെത്തിപ്പെടാത്ത ഈര്‍പ്പമുള്ള കറുത്ത മണ്ണില്‍ തണ്ടില്‍ വെള്ളം നിറച്ച കൊച്ചുചെടികള്‍ അഭൗമസൗന്ദര്യമുള്ള ഒന്നോ രണ്ടോ പൂക്കളിലും ചിരിച്ചുനില്‍ക്കുന്നുണ്ടാവും.കാട്ടത്തിയും ചേര് മരവും പേരാല്‍മരവും കൂട്ടിനുണ്ട്.
കൊച്ചുവിദ്യാലയം,വായനശ്ശാല,ആരാധനാലയം,മൈതാനം...
ആദ്യകാല ബഹിരാകാശസഞ്ചാരി അന്യഗൃഹജീവിയായി തിരിച്ചെത്തുമ്പോള്‍ പുഴയേക്കാളും ധാര്‍ഷ്ട്യമുള്ള പാലങ്ങളൊരുപാട് തുരുത്തിനു ചുറ്റും പണിതീര്‍ന്നിരിക്കുമോ? ബാക്കിയെല്ലാം ആരുടെയൊക്കെയോ മൂരാച്ചി ന്യൂറോണുകളില്‍ ദ്രവിച്ചുതീരുന്നതും കാത്ത് ഇങ്ങിനെ...നീറ്റല്‍..മലര്‍ന്ന് കിടന്ന് തുപ്പുംപോലെ
No comments:
Post a Comment