ആരോഗ്യകരമായി എങ്ങിനെ മദ്യപിക്കാം എന്നതിനെപ്പറ്റി കൂലംകഷമായി ഒരല്‍പ്പം ചിന്തിച്ചാലോ?
രസമുള്ള വിഷയം - വായിക്കുന്നവര്‍ക്ക് രസം ഇല്ലെങ്കിലും എഴുതുന്നയാള്‍ക്ക്..
പതിവുപോലെ അരുതുകളില്‍ നിന്ന് തുടങ്ങാം.
സന്തോഷമുള്ളപ്പോള്‍ മദ്യപിക്കരുത് - സന്തോഷം കളഞ്ഞുപോവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ദുഃഖമുള്ളപ്പോള്‍ മദ്യം കഴിക്കരുത് - പെട്ടന്ന് മത്ത് പിടിച്ച് ചീത്തപ്പേരാകും.
മഴയത്തും തണുപ്പത്തും കഴിക്കരുത് - കുപ്പികള്‍ പെട്ടന്ന് കാലിയാകും.അടുത്തതിനോടേണ്ടി വരും.
ചൂടത്ത് കഴിക്കരുത് - വിയര്‍ത്ത് കുളിക്കും,നാവ് കുഴയും; അപ്പോളറിയില്ല.
കിടന്നുകൊണ്ട് മദ്യപിക്കരുത് - ശിരസ്സില്‍ കയറി ബോധം പെട്ടെന്ന് മറയും.
നടന്നുകൊണ്ട് മദ്യപിക്കരുത് - ശരീരഭാഗങ്ങള്‍ പലയിടത്തും തട്ടി ചതയും; അപ്പോളറിയില്ല.
ആത്മവിശ്വാസക്കൂടുതല്‍ ഉള്ളവരോടൊപ്പം കഴിക്കരുത് - നമ്മളെ ഉപദേശിച്ചും കൊച്ചാക്കിയും വെറുപ്പിക്കും..ആരോടെങ്കിലുമൊക്കെ കോര്‍ത്ത് തല്ലും കൊള്ളിക്കും..ഉറപ്പ്...
അപകര്‍ഷതാബോധക്കൂടുതലുകാരുടെ കൂടെ മദ്യപിക്കരുത് - ഒറ്റയാനെ വെറും കൈ കൊണ്ട് തല്ലി കൊന്ന കഥ കേള്‍ക്കേണ്ടി വരും..കേട്ടില്ലെങ്കിലോ കണ്ണീരും ശത്രുതയും...
പണക്കാരുടെ കൂടെ കഴിക്കരുത് - പ്രത്യുപകാരം ചെയ്യാന്‍ ജീവിതത്തില്‍ പറ്റില്ലല്ലോ എന്ന സങ്കടവും നിലമറന്ന് ചിലവാക്കാനുള്ള ദുഃശീലപഠനവും..
പുതുപ്പണക്കാരുടെ കൂടെ കഴിക്കരുത് - നിര്‍ബന്ധിച്ചത് അങ്ങേരാണെങ്കിലും ചിലവായ കാശ് എങ്ങിനെ തിരിച്ചു മുതലാക്കാമെന്നതായിരിക്കും ലഹരി ഇറങ്ങിയാല്‍ ആദ്യം ചിന്തിക്കുക
പാവപ്പെട്ടവരുടെ കൂടെ കഴിക്കരുത് - ശവപ്പെട്ടിയില്‍ നിന്നു പോലും വിളിച്ചിറക്കി കുടിപ്പിക്കും.
പ്രേമക്കാരുടെ കൂടെ കഴിക്കരുത് - കേട്ടും കണ്ടും മടുത്ത കഥകള്‍ ജിജ്ഞാസ പാടുപെട്ട് മുഖത്തുവരുത്തി കേട്ടിരിക്കണം.
കുതന്ത്രക്കാരുടെ കൂടെ കഴിക്കരുത് - അവര്‍ ക്ഷണിക്കുന്നത് തന്നെ ഒരു കൂട്ടുപ്രതിയെ കിട്ടാനോ കോണ്‍സ്പിരസി മൂഡിലോ ആണ്.സ്ഥിരം ഒഴിപ്പുകാരായി മദ്യം കൂട്ടിയും വെള്ളം കുറച്ചും ലഹരിമൂത്തുള്ള വികാരവിസ്ഫോടനം അഭിനയിച്ചും നമ്മളുടെഹൃദയവിചാരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും..
വൈദ്യന്‍മാരുടെ കൂടെ കഴിക്കരുത് - മദ്യത്തിന്റെ ദൂഷ്യത്തെക്കുറിച്ചും തന്റെ ആരോഗ്യശീലങ്ങളെപ്പറ്റിയും ആവും ഉടനീള ലാത്തിച്ചാര്‍ജ്ജ്.
പാപബോധക്കൂടുതലുള്ളവരെ ഒഴിവാക്കുക - തീനരകം മണ്ണില്‍ പണിയും; വാഗ്മയചിത്രങ്ങളിലൂടെ.
മുതിര്‍ന്നവരുടെയും അധികാരികളുടേയും കൂടെ മദ്യപിക്കരുത് - ചമ്മല്‍ മറയ്ക്കാനുള്ള ക്രൂരതകള്‍ക്ക് പിന്നീട് പാത്രമായേക്കാം.
ശിഷ്യരോടൊപ്പം കഴിക്കരുത് - ഉപദേശിക്കാനുള്ള സ്വരം തിരിച്ചെടുക്കാന്‍ പാടു പെടേണ്ടി വരും.
രഹസ്യമായി കഴിക്കരുത് - ആത്മനിന്ദയും മനസ്സാക്ഷിക്കുത്തും.
പരസ്യമായി കഴിക്കരുത് - ജന്മാന്തരങ്ങളുടെ പേരുദോഷം.
കള്ള് കുടിക്കരുത് -പ്രമേഹം, യൂറിനറി ബ്ളാഡറിന്റെ ഇലാസ്തികത നഷ്ടപ്പെടല്‍, ആനമയക്കിപ്പൊടി.
വിദേശമദ്യം കഴിക്കരുത് - മീതേയ്ല്‍ ആള്‍ക്കഹോള്‍.
ബിയര്‍ കുടിക്കരുത് - വായ്നാറ്റവും കുടവയറും.
വോദ്ക, വൈറ്റ് റം കുടിക്കരുത് - പ്രത്യുത്പാദനശേഷി!
വൈന്‍ കുടിക്കരുത് - മുടിഞ്ഞ വിശപ്പ്: തിന്നുകൂട്ടുന്നതിന്റെ കാശാര് കൊടുക്കും?!
പലവക കലര്‍ത്തി കുടിക്കരുത് - വാളു വെക്കും.
മേല്‍പ്പറഞ്ഞ അരുതുകളെ മാനിച്ചാല്‍ ആരോഗ്യകരമായി മദ്യപിക്കാനാവും.
ഹിരണ്യകശിപുവിനെ കൊണ്ടുപോവാന്‍ നരസിംഹം അവതരിച്ച നാടാണ്.
No comments:
Post a Comment