Tuesday, 28 July 2015

ബേവഫാ

അയാള്‍: "പഴയ പകല്‍ക്കിനാവുകള്‍ക്ക് ജീവന്‍ കൊടുക്കണമെന്നുണ്ടോ മനസ്സില്‍?എല്ലാവരും ജീവിക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത് എന്നതിനപ്പുറം മറ്റൊന്നും പറയാനില്ല." 

അവള്‍:"കാര്യങ്ങളൊക്കെ ദൈവനിശ്ചയം പോലെ നടക്കുന്നു.ഞാന്‍ സന്തോഷവതിയാണ്.പറഞ്ഞതു മനസ്സിലായി എന്ന് വിശ്വസിക്കുന്നു."

അയാള്‍: (പിന്നെ എന്താണാവോ സന്തോഷം ശബ്ദത്തില്‍ നിഴലിക്കാത്തത്?! എല്ലാ തീരുമാനങ്ങള്‍ക്കും ചെവി തന്നിട്ടുണ്ട്. വിലപേശുകയാണെന്നറിഞ്ഞിട്ടും, ജീവിതത്തിന്റെ തീച്ചൂളയില്‍ ചവിട്ടിനില്‍ക്കുമ്പോളും, സ്നേഹത്തിനും സംശയത്തിനും ആശങ്കക്കും ദുരഭിമാനത്തിനും പ്രായോഗികതക്കും സ്വാര്‍ത്ഥതയ്ക്കും കച്ചവടത്തിനും തൊഴില്‍പരമായ ചോദ്യംചെയ്യല്‍ മുറകള്‍ക്കും ഇടയില്‍ ഓടിക്കളിക്കുന്ന വികാരപ്രകടനങ്ങള്‍ക്കെല്ലാം നിന്നുതന്നിട്ടുണ്ട് - ദൈവനിശ്ചയം പണ്ടെങ്ങോ പകല്‍ക്കിനാവില്‍ കണ്ടിട്ടും.ജീവിതഭാരങ്ങളുടെ തീച്ചൂളയില്‍ നിന്ന് മനുഷ്യസാധ്യമായ സ്ഥിരതയോടെ കരകയറാന്‍ ശ്രമിക്കുന്നതിനിടയിലും മറ്റുള്ളവരോടൊപ്പം സമയവും സൗഹൃദവും പങ്കുവെക്കുന്നത് അവിശ്വസ്തതയാണെന്നും കാപട്യമാണെന്നും പറഞ്ഞതും കണ്ടില്ലെന്നു വെച്ചിട്ടുണ്ട്.പിതൃസമാനം ദുഃഖങ്ങളെല്ലാം നെഞ്ചില്‍ പേറണമെന്ന സമര്‍ത്ഥമായ നിര്‍ദ്ദേശവും മനസ്സിലാക്കിയിട്ടുണ്ട്.പിന്നെയും.....) "പൂര്‍ണ്ണമായും മനസ്സിലായി..ചിലപ്പോള്‍ നമ്മള്‍ ഒരേ ചിന്താഗതിക്കാരാവാം.ലോകത്തെ ഭരിക്കുന്നത് അസുരക്ഷിതത്തവും..എല്ലാ വിധ മംഗളാശംസകളും..എന്റെ മനസ്സ് ഞാനെന്നും ഇറക്കിവെക്കാനിഷ്ടപ്പെട്ടത് കോറിയിടുന്ന അക്ഷരങ്ങളിലാണ്..അതില്‍ പ്രണയവും വിരഹവും വിഷയമാവാം.അതില്‍ (ഇതുവരെയെന്നപോലെ) ഇടപെടരുത്.ഇടപെട്ടാല്‍ എന്റെ സ്വരം മാറും..വെറുക്കാനിടയാവും."

അവള്‍:"എഴുതരുതെന്നും ഞാന്‍ പറഞ്ഞിട്ടില്ല."

അയാള്‍: (പറഞ്ഞാലും സമ്മതിക്കില്ല..സംയുക്തമായി വ്യവസായം ചെയ്യാന്‍ പദ്ധതിയിട്ട ഒരാള്‍ കുറ്റവും പറഞ്ഞ് പോയെന്നുകരുതി സ്വന്തം കച്ചവടം പൂട്ടിയവരെ ജോലിസ്ഥലങ്ങളിലൊരിടത്തും കണ്ടിട്ടില്ല.) "ഊണ് കഴിഞ്ഞോ?" 

അവള്‍: "ഇല്ല..ചായ കുടിച്ചു."

അയാള്‍: "ഉച്ചക്ക് ഒന്നരക്കോ?"

അവള്‍: (തീരാത്ത മൗനം) 

അയാള്‍:(ദൈവനിശ്ചയത്തിന്റെ സന്തോഷം മൗനമായും തറുതലയായും പ്രകടമാകുമായിരിക്കും.
പ്രായോഗികബുദ്ധിയുടെ സാക്ഷ്യപത്രങ്ങളൊരുപാടുള്ള , ഉപദേശിച്ചു മാത്രം ശീലമുള്ള ഒരാളോട് ഭാവിയിലെ എഴുതാനിരിക്കുന്ന പ്രണയത്തിലിടപെടാന്‍ പാടില്ല എന്നൊക്കെ പറയാന്‍ പാടില്ലായിരുന്നുവെന്നാണോ? ദൈവനിശ്ചയം പ്രഖ്യാപിക്കുമ്പോള്‍ കണ്ണീരൊഴുക്കുകയോ വിധിയെ പഴിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാതിരുന്നതിനാലാകുമോ? കടലിനക്കരെ അസന്നിഗ്ദാവസ്ഥയെന്നറിയുമ്പോള്‍ നെടുവീര്‍പ്പുകളയച്ചു തരുന്ന, കടലിനിക്കരെ വന്ന് കാണുമ്പോള്‍ അമ്പരപ്പ് കലര്‍ന്ന ഗൗരവത്തില്‍ ദൈവനിശ്ചയം വിളമ്പുന്ന അവളുടെ വിശ്വസ്തതക്കൂടുതല്‍ ആണോ പ്രശ്നം.
വായിക്കുന്ന പട്ടിയെ വാക്കുകൊണ്ടെറിഞ്ഞ് ഓടിക്കാം..വാക്കുകളെറിഞ്ഞ് കൊടുത്ത് ശ്രദ്ധ മാറ്റി വിടുകയുമാവാം എന്നാണോ?
പിച്ചക്കാരന്‍ വെച്ചുനീട്ടുന്നത് തട്ടിപ്പറിച്ച് കുലീനത്വം നിലനിര്‍ത്തുന്ന രാജകീയമായതെന്തോ ആണോ?)

ദൈവനിശ്ചയങ്ങളിലൂടെ വിശ്വസ്തതയുടെ എക്സ്പയറി ഡേറ്റ്  കഴിയും വരെയെങ്കിലും എഴുത്തില്‍ പ്രണയം നിര്‍ബന്ധമായും ഉണ്ടാവണമെന്നതായിരുന്നു തീരുമാനം.

Saturday, 25 July 2015

നാട്ടുകഥകള്‍ 1

നാട്ടുകഥകള്‍ പദസഞ്ചയങ്ങള്‍ പോലെയാണ്.ആവശ്യത്തിനും അനാവശ്യത്തിനും എടുത്തുപയോഗിക്കാം.നാട്ടിലായാലും മറുനാട്ടിലായാലും മനുഷ്യനും മനോഭാവങ്ങളും വേഷം മാറി വരുമെന്നൊരു  പാഠവും.

1.പെരുകിലത്തില -

കുടിയേറ്റഗ്രാമം.ഔസേപ്പച്ചന്‍ തെല്ലകലെയുള്ള ഫൊറോന പള്ളിയിലെ പെരുന്നാളു കൂടാന്‍ അയല്‍പക്കം മത്തായിച്ചനേയും നിര്‍ബന്ധിച്ച് കൂടെ കൂട്ടി.കിലോമീറ്ററുകള്‍ നഗ്നപാദരായി നടന്നാണ് യാത്ര.

രാവിലെ ചെലുത്തിയ കൂഴച്ചക്കപ്പഴവും മുണ്ടിനടിയില്‍ നീലക്കുറിഞ്ഞി പൂത്താലെന്നമാതിരി അപൂര്‍വ്വമായി അന്നണിഞ്ഞ നിക്കറും ഔസേപ്പില്‍ പ്രകൃതിയുടെ വിളിയെ ക്ഷണിച്ച് വരുത്തി.ഉടനടി വഴിയരികില്‍ തഴച്ചു വളരുന്ന കുറ്റിക്കാടുകള്‍ക്കിടയില്‍ ദുഃഖഭാരം ഇറക്കി വെക്കുകയും ചെയ്തു.പ്രകൃതി കനിഞ്ഞരുളിയ ടോയ്ല്റ്റ് ടിഷ്യു -പെരുകിലത്തിന്റെ ഇല -അപ്ളൈ ചെയ്തു. (വട്ടയില വലുപ്പത്തില്‍ കുറ്റിച്ചെടിയായി വളരുന്ന ഒരു സസ്യമാണ് പെരുകിലം.)പെരുകില ടിഷ്യുവില്‍ ഒളിഞ്ഞിരുന്ന ചൊറിയന്‍ പുഴു കുഞ്ഞ് കഥയില്‍ ഇടിത്തീപോലൊരു വഴിത്തിരിവായി.മഞ്ഞുകട്ടിപോലെ തണുത്ത   കൈത്തോട്ടിലെ വെള്ളത്തില്‍ മുങ്ങിക്കിടന്നിട്ടും തീരാത്ത വിമ്മിട്ടം.വിമ്മിഷ്ടത്തിനിടയില്‍ വികാരഭരിതനായി ഉച്ചത്തില്‍ "ഈ ***മോന്റെ കൂടെ എറങ്ങി പൊറപ്പെട്ടപ്പഴേ ഓര്‍ത്തതാ..ഇങ്ങനേ വരു ന്ന്.."എന്നൊരു ആത്മഗതവും.മറുപടി പിന്നെ പറയാമെന്നു കരുതിയ മണ്ടന്‍ മത്തായിക്ക് സ്തുതിയായിരിക്കട്ടെ. 

2.സമാസമം  -

സോമന്‍ ഒരു മിസ്റ്റിക്കാണ്.അദ്ദേഹത്തിന്റെ വചനങ്ങള്‍ ശ്രോതാക്കളുടെ നിലവാരത്തിലേക്ക് ഉയരുന്നവയാണ്.പുഛിക്കുന്നവര്‍ക്ക് വളിപ്പായും ചിന്തകര്‍ക്ക് തീപ്പൊരിയായും തോന്നിക്കുന്നവ.പോരാത്തതിന് പുരയിടത്തില്‍നിന്ന് പുറത്ത് ഇറങ്ങുക, ജലം ശരീരത്തിലൊഴിച്ച് പാഴാക്കുക എന്നീ ശീലങ്ങളുമില്ലല്ലോ.

ഒരുനാള്‍ സ്വന്തം അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സോമനവര്‍കള്‍ വരിക്കപ്ളാവില്‍ നിന്നും ഒരു ചക്ക കയര്‍ കെട്ടി ചതയാതെ ഇറക്കാന്‍  സഹായിക്കാമെന്നേറ്റു.വിരുന്നിനെത്തിയ ഭര്‍ത്തൃമതി പെങ്ങള്‍ക്ക് സമ്മാനമായി കൊടുത്തുവിടാനുദ്ദേശിക്കുന്ന തേന്‍വരിക്ക.

നാട്ടുമര്യാദയനുസരിച്ച് അമ്മയെ താഴെ നിര്‍ത്തി കഥാപുരുഷന്‍ കത്തിയും കയറുമായി പ്ളാവിലേറി.ലക്ഷണമൊത്ത ചക്ക കണ്ടുപിടിച്ചു.കയറിന്റെ ഒരു അഗ്രത്തെ ഞെടുപ്പില്‍ കുരുക്കി,പ്ളാവിന്‍ ശിഖരത്തെ കറങ്ങാത്ത കപ്പിയാക്കി സജ്ജീകരണങ്ങള്‍ ഒരുക്കി.താഴെ കയറിന്റെ മറ്റേ അഗ്രവും കൈകളിലൊതുക്കി നില്‍ക്കുന്ന അമ്മയുടെ ആശീര്‍വാദത്തോടെ ചക്കയുടെ പൊക്കിള്‍കൊടി മുറിച്ചുമാറ്റി.കൃശഗാത്രിയായതിനാലും ശ്വാസകോശത്തില്‍ വായുനിറച്ച് കാലുകളുറപ്പിച്ച് നില്‍ക്കുന്ന വിദ്യ വശമില്ലാത്തതിനാലും പിടിച്ച വള്ളി കൈവിടുന്ന ശീലമില്ലാത്തതിനാലും ചക്ക താഴേക്ക് പതിക്കുന്ന അതേ നിരക്കില്‍ സോമന്റെ അമ്മ മുകളിലേക്കുയര്‍ന്നു.ത്രിശങ്കു ജംഗ്ഷനില്‍ രണ്ടുപേരും തോളോടുതോള്‍,മുഖാമുഖം നിശ്ചലരായി.ദാ സോമന്റെ മിസ്റ്റിക് പ്രതികരണം "ങ്ങ്ഹാ,അമ്മേം ചക്കേം സമാസമം"

Monday, 20 July 2015

ആരോഗ്യകരമായി എങ്ങിനെ മദ്യപിക്കാം

ആരോഗ്യകരമായി എങ്ങിനെ മദ്യപിക്കാം എന്നതിനെപ്പറ്റി കൂലംകഷമായി ഒരല്‍പ്പം ചിന്തിച്ചാലോ?

രസമുള്ള വിഷയം - വായിക്കുന്നവര്‍ക്ക് രസം ഇല്ലെങ്കിലും എഴുതുന്നയാള്‍ക്ക്..

പതിവുപോലെ അരുതുകളില്‍ നിന്ന് തുടങ്ങാം.

സന്തോഷമുള്ളപ്പോള്‍ മദ്യപിക്കരുത് - സന്തോഷം കളഞ്ഞുപോവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ദുഃഖമുള്ളപ്പോള്‍ മദ്യം കഴിക്കരുത് - പെട്ടന്ന് മത്ത് പിടിച്ച് ചീത്തപ്പേരാകും.

മഴയത്തും തണുപ്പത്തും കഴിക്കരുത് - കുപ്പികള്‍ പെട്ടന്ന് കാലിയാകും.അടുത്തതിനോടേണ്ടി വരും.

ചൂടത്ത് കഴിക്കരുത് - വിയര്‍ത്ത് കുളിക്കും,നാവ് കുഴയും; അപ്പോളറിയില്ല.

കിടന്നുകൊണ്ട് മദ്യപിക്കരുത് - ശിരസ്സില്‍ കയറി ബോധം പെട്ടെന്ന് മറയും.

നടന്നുകൊണ്ട് മദ്യപിക്കരുത് - ശരീരഭാഗങ്ങള്‍ പലയിടത്തും തട്ടി ചതയും; അപ്പോളറിയില്ല.

ആത്മവിശ്വാസക്കൂടുതല്‍ ഉള്ളവരോടൊപ്പം കഴിക്കരുത് - നമ്മളെ ഉപദേശിച്ചും കൊച്ചാക്കിയും വെറുപ്പിക്കും..ആരോടെങ്കിലുമൊക്കെ കോര്‍ത്ത് തല്ലും കൊള്ളിക്കും..ഉറപ്പ്...

അപകര്‍ഷതാബോധക്കൂടുതലുകാരുടെ കൂടെ മദ്യപിക്കരുത് - ഒറ്റയാനെ വെറും കൈ കൊണ്ട് തല്ലി കൊന്ന കഥ കേള്‍ക്കേണ്ടി വരും..കേട്ടില്ലെങ്കിലോ കണ്ണീരും ശത്രുതയും...

പണക്കാരുടെ കൂടെ കഴിക്കരുത് - പ്രത്യുപകാരം ചെയ്യാന്‍ ജീവിതത്തില്‍ പറ്റില്ലല്ലോ എന്ന സങ്കടവും നിലമറന്ന് ചിലവാക്കാനുള്ള ദുഃശീലപഠനവും..

പുതുപ്പണക്കാരുടെ കൂടെ കഴിക്കരുത് - നിര്‍ബന്ധിച്ചത് അങ്ങേരാണെങ്കിലും ചിലവായ കാശ് എങ്ങിനെ തിരിച്ചു മുതലാക്കാമെന്നതായിരിക്കും ലഹരി ഇറങ്ങിയാല്‍ ആദ്യം ചിന്തിക്കുക

പാവപ്പെട്ടവരുടെ കൂടെ കഴിക്കരുത് - ശവപ്പെട്ടിയില്‍ നിന്നു പോലും വിളിച്ചിറക്കി കുടിപ്പിക്കും.

പ്രേമക്കാരുടെ കൂടെ കഴിക്കരുത് - കേട്ടും കണ്ടും മടുത്ത കഥകള്‍ ജിജ്ഞാസ പാടുപെട്ട് മുഖത്തുവരുത്തി കേട്ടിരിക്കണം.

കുതന്ത്രക്കാരുടെ കൂടെ കഴിക്കരുത് - അവര്‍ ക്ഷണിക്കുന്നത് തന്നെ ഒരു കൂട്ടുപ്രതിയെ കിട്ടാനോ കോണ്‍സ്പിരസി മൂഡിലോ ആണ്.സ്ഥിരം ഒഴിപ്പുകാരായി മദ്യം  കൂട്ടിയും വെള്ളം കുറച്ചും ലഹരിമൂത്തുള്ള വികാരവിസ്ഫോടനം അഭിനയിച്ചും നമ്മളുടെഹൃദയവിചാരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും..

വൈദ്യന്‍മാരുടെ കൂടെ കഴിക്കരുത് - മദ്യത്തിന്റെ ദൂഷ്യത്തെക്കുറിച്ചും തന്റെ ആരോഗ്യശീലങ്ങളെപ്പറ്റിയും ആവും ഉടനീള ലാത്തിച്ചാര്‍ജ്ജ്.

പാപബോധക്കൂടുതലുള്ളവരെ ഒഴിവാക്കുക - തീനരകം മണ്ണില്‍ പണിയും; വാഗ്മയചിത്രങ്ങളിലൂടെ.

മുതിര്‍ന്നവരുടെയും അധികാരികളുടേയും കൂടെ മദ്യപിക്കരുത് - ചമ്മല്‍ മറയ്ക്കാനുള്ള ക്രൂരതകള്‍ക്ക് പിന്നീട് പാത്രമായേക്കാം.

ശിഷ്യരോടൊപ്പം കഴിക്കരുത് - ഉപദേശിക്കാനുള്ള സ്വരം തിരിച്ചെടുക്കാന്‍ പാടു പെടേണ്ടി വരും.

രഹസ്യമായി കഴിക്കരുത് - ആത്മനിന്ദയും മനസ്സാക്ഷിക്കുത്തും.

പരസ്യമായി കഴിക്കരുത് - ജന്മാന്തരങ്ങളുടെ പേരുദോഷം.

കള്ള് കുടിക്കരുത് -പ്രമേഹം, യൂറിനറി ബ്ളാഡറിന്റെ ഇലാസ്തികത നഷ്ടപ്പെടല്‍, ആനമയക്കിപ്പൊടി.

വിദേശമദ്യം കഴിക്കരുത് - മീതേയ്ല്‍ ആള്‍ക്കഹോള്‍.

ബിയര്‍ കുടിക്കരുത് - വായ്നാറ്റവും കുടവയറും.

വോദ്ക, വൈറ്റ് റം കുടിക്കരുത് - പ്രത്യുത്പാദനശേഷി!

വൈന്‍ കുടിക്കരുത് - മുടിഞ്ഞ വിശപ്പ്: തിന്നുകൂട്ടുന്നതിന്റെ കാശാര് കൊടുക്കും?!

പലവക കലര്‍ത്തി കുടിക്കരുത് - വാളു വെക്കും.

മേല്‍പ്പറഞ്ഞ അരുതുകളെ മാനിച്ചാല്‍ ആരോഗ്യകരമായി മദ്യപിക്കാനാവും.

ഹിരണ്യകശിപുവിനെ കൊണ്ടുപോവാന്‍ നരസിംഹം അവതരിച്ച നാടാണ്.

Sunday, 19 July 2015

ഗ്രാമം

ഗ്രാമം ഒരു തുരുത്തായിരുന്നു.പുഴക്കെപ്പോളോ തോന്നിയ ധാര്‍ഷ്ട്യത്തെ വകഞ്ഞു മാറ്റിയ പച്ചത്തുരുത്ത്.ധാര്‍ഷ്ട്യത്തിന്റെ പ്രായ്ശ്ചിത്തമെന്നോണം പുഴ തുരുത്തിന്റെ പാദങ്ങളും ശിരസ്സും അവിരാമം തഴുകാമെന്ന് സ്വയം തീരുമാനിച്ചു.

ബഹിരാകാശയാത്രപോലെയും അന്യഗ്രഹജീവികളുടെ സന്ദര്‍ശനം പോലെയുമാണ് തുരുത്തിന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രകള്‍ ;തികച്ചും അനാവശ്യം - ആര്‍ത്തിയിലോ കൗതുകത്തിലോ അധിഷ്ഠിതമായത്.അറബികള്‍ക്ക് കന്തൂറ തുന്നാന്‍ പോയ മമ്മാലിയും ; പളപള തിളങ്ങുന്ന , ചെകിളപ്പൂക്കളില്‍ രക്തം ചീറ്റുന്ന 'പുയ്യാപ്ളക്കോരന്‍' തേക്കിലയില്‍ പൊതിഞ്ഞു പത്തുറുപ്യക്കു വില്‍ക്കാനെത്തുന്ന മൂസയേും പോലെ.പരിചയമില്ലാത്ത മണവും വേഷവും സംസാരശൈലിയും.

തുരുത്ത് ഒരു പ്രപഞ്ചം തന്നെയായിരുന്നു.

പലഹാരമായി നുണയാന്‍ വരിക്ക കൂഴ ചക്ക,മൂവാണ്ടന്‍ പേരക്കാ നാടന്‍ കോ മാങ്ങ,ഞാലിപ്പൂവന്‍ പൂവന്‍ ചെങ്കദളി ഏത്ത വാഴപ്പഴം,ജാതി - ആണും പെണ്ണും,ചാമ്പ - നാടനും ശീമയും,പേരയ്ക്ക - ചുവപ്പും വെളുപ്പും കാമ്പുള്ളത്,ഞാവല്‍പ്പഴം,ബദാം,മള്‍ബറി,ആത്തച്ചക്ക,മുട്ടപ്പഴം,ആഞ്ഞിലിക്കാ,മൂക്കട്ടപ്പഴം,നെല്ലിക്ക,കമ്പിളിനാരങ്ങ..  

അമ്മച്ചിമാര്‍ക്ക് പാചകത്തിന് ചേന,ചേമ്പ്,കപ്പ - കട്ടനും ആമ്പക്കോടനും,വാഴക്കൂമ്പ്,ചീര - ചുവപ്പും പച്ചയും,തഴുതാമ,മത്തങ്ങ,കുമ്പളങ്ങ,ചുരക്ക,നാടന്‍ ഈന്ത്,മുളച്ച കശുവണ്ടി,ഇടനയില,കാച്ചില്‍ - നാടനും ഇറച്ചിയും,മുളക് - കാന്താരിയും കൊമ്പനും,ചെറുകിഴങ്ങ്,മധുരക്കിഴങ്ങ്,വടുകപ്പുളിനാരങ്ങ,പാവക്ക,കോവക്ക,പയര്‍,വഴുതിന,വെണ്ട,ഇഞ്ചി,മഞ്ഞള്‍,കച്ചോലം,കൂവ,കറിവേപ്പില,കറുവപ്പട്ട,ഗ്രാമ്പൂ,പനങ്കുറുക്ക്,കടച്ചക്ക..

നാട്ടുവൈദ്യന് ബ്രഹ്മി,കുറുന്തോട്ടി,നറുനീണ്ടി,കല്ലുവാഴ,കീഴാര്‍നെല്ലി,തുളസി,ആടലോടകം,വേപ്പ്,ആവണക്ക്,കുടകന്‍,തൊട്ടാവാടി,ചെറുതേന്‍,വന്‍തേന്‍ - കോല്‍ത്തേനും പൊത്തുതേനും.

വീടുപണിക്ക് കരിങ്കല്ല്,വെട്ടുകല്ല്,കളിമണ്ണ്,പനയോല,തെങ്ങോല,മേച്ചില്‍ പുല്ല്,മുള,ആഞ്ഞിലി,പ്ളാവ്,മഹാഗണി,മഞ്ഞക്കടമ്പ്,ഈട്ടി,തേക്ക്,മരുത്..  

സൗന്ദര്യത്തിന് മൈലാഞ്ചി,ചെമ്പരത്തി താളി,സോപ്പ് കാ,രാമച്ചം,കുങ്കുമ കാ.. 

സുഗന്ധം പരത്തും പന്തം (കുന്തിരിക്കത്തിന്റെ വര്‍ഗ്ഗം) , തെരുവ പുല്‍ത്തൈലവും..  

ആട്,പശു,പട്ടി,പൂച്ച,കേഴ,മ്ളാവ്,മരപ്പട്ടി,നീര്‍നായ,കീരി,ഉടുമ്പ്,പൊന്നുടുമ്പ്,ഉറുമ്പുതീനി,മലയണ്ണാന്‍,കാട്ടുമുയല്‍,കാട്ടുപന്നി,മുള്ളന്‍പന്നി,കരികിലപ്പിട,കുയില്‍,പച്ചിലക്കുടുക്ക,ഇരട്ടത്തലയന്‍,കാവതിക്കാക്ക,ബലിക്കാക്ക,കാക്കത്തമ്പുരാട്ടി,പരുന്ത്,മൂങ്ങ,എറിയന്‍,കാട്ടുകോഴി,നീര്‍ക്കാക്ക,കല്ലേമുട്ടി,നെറ്റിയേല്‍പൊന്നന്‍,വാഴക്കാവരയന്‍,പരല്‍,ആരോന്‍,മണലാരോന്‍,മുഷി ഇത്യാദി സഹജീവികളും...  

മുത്തച്ചന്‍ മരത്തോളം വളര്‍ന്ന കടലാസ് റോസ് വള്ളിയും വേലിയിലെങ്ങും ശീമക്കൊന്ന പൂക്കളും ചെമ്പരത്തിയും കോളാമ്പിപ്പൂവും മാത്രമല്ല എളുപ്പം കണ്ണെത്തിപ്പെടാത്ത ഈര്‍പ്പമുള്ള കറുത്ത മണ്ണില്‍ തണ്ടില്‍ വെള്ളം നിറച്ച കൊച്ചുചെടികള്‍ അഭൗമസൗന്ദര്യമുള്ള ഒന്നോ രണ്ടോ പൂക്കളിലും ചിരിച്ചുനില്‍ക്കുന്നുണ്ടാവും.കാട്ടത്തിയും ചേര് മരവും പേരാല്‍മരവും കൂട്ടിനുണ്ട്.

കൊച്ചുവിദ്യാലയം,വായനശ്ശാല,ആരാധനാലയം,മൈതാനം...   

ആദ്യകാല ബഹിരാകാശസഞ്ചാരി അന്യഗൃഹജീവിയായി തിരിച്ചെത്തുമ്പോള്‍ പുഴയേക്കാളും ധാര്‍ഷ്ട്യമുള്ള പാലങ്ങളൊരുപാട് തുരുത്തിനു ചുറ്റും പണിതീര്‍ന്നിരിക്കുമോ? ബാക്കിയെല്ലാം ആരുടെയൊക്കെയോ മൂരാച്ചി ന്യൂറോണുകളില്‍ ദ്രവിച്ചുതീരുന്നതും കാത്ത് ഇങ്ങിനെ...നീറ്റല്‍..മലര്‍ന്ന് കിടന്ന് തുപ്പുംപോലെ

Friday, 17 July 2015

വിനോദയാത്ര

ടൂറിസം സ്പോട്ട് എന്നാല്‍ 'x' ഉം 'y' ഉം കൂട്ടിമുട്ടുന്ന പോയിന്റായിട്ടാണ് പെട്ടന്ന് മനസ്സില്‍ വരുന്നത്.

വിനോദയാത്രയെന്നാല്‍ പ്രസ്തുത പോയിന്റിലേക്കുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നേര്‍രേഖയിലുള്ള സഞ്ചാരവും.

അവധി ദിവസങ്ങളിലെല്ലാം വിനോദയാത്ര പോകുമായിരുന്നു.

വര്‍ഷങ്ങളൊരുപാട് കഴിഞ്ഞു.

എപ്പോളോ വിനോദയാത്രകളെ പറ്റി ഓര്‍ത്തു.തലച്ചോറിലേക്ക് തള്ളിക്കയറി വന്നതെന്തൊക്കെയാണ്??

ഏട്ടന്‍ കൈ കൊട്ടി ചിരിക്കുന്നത് കണ്ടത്.

ഏട്ടത്തി മനോഹരമായി പാട്ട് പാടുമെന്നറിഞ്ഞത്.

കുഞ്ഞ് അനന്തരവന്റെ വായില്‍ നിന്ന് ഒലിക്കുന്ന തേന്‍തുള്ളികള്‍ കുപ്പായത്തില്‍ പറ്റിയിട്ടും അറപ്പ് തോന്നാതിരുന്നത്.

എന്നോ ടയറിന്റെ കാറ്റു പോയപ്പോള്‍ സമീപത്തെ നാടന്‍ ചായക്കടയില്‍ നിന്നും കഴിച്ച ഇലയടയുടേയും ചായയുടേയും രുചി.

പരസ്പരം വെള്ളം തെറുപ്പിച്ച് നടന്ന് വീട്ടില്‍ പോകുന്ന സ്കൂള്‍ കുട്ടികള്‍.

കടപുഴകി വീണ മരത്തില്‍ കണ്ട ചെറുമാംസപിണ്ഡങ്ങള്‍ - അണ്ണാന്‍ കുഞ്ഞുങ്ങള്‍.

Thursday, 16 July 2015

പാറ്റ

പരിഭ്രാന്തരായി,പരിഭ്രാന്തി പരത്തി ചിതറിയോടുന്ന ഒരിനം ജീവി...അവനെക്കൊണ്ടും ഒരു ആവശ്യമുണ്ട് - മോഡലിങ്ങിനാണ്.പലകബോര്‍ഡില്‍, മൊട്ടുസൂചിയാണികളില്‍ കുടലുമാല (പൊട്ടാത്തത്) പുറത്തേക്കിട്ട് പരീക്ഷകനെ നോക്കി ചെറുതായൊന്നു ചിരിക്കുക.വൈവ നേരിടുന്ന സുഹൃത്തിനെ ഇമോഷണലി സപ്പോര്‍ട്ടു ചെയ്യുക....

പക്ഷേ ആവശ്യമുള്ളപ്പോള്‍ ഇദ്ദേഹത്തെ ആകാശത്തോ ഭൂമിയിലോ പാതാളത്തിലോ കാണാന്‍ കിട്ടാറില്ലെന്നറിയാമല്ലോ!പണ്ട് ഇതൊക്കെ തവളയുടെ ജോലിയായിരുന്നത്രെ.തുലോം വലിയ ജീവികള്‍ക്ക് വേദന കൂടുതലാണെന്ന് തിരിച്ചറിഞ്ഞ പരിസ്ഥിതി പ്രവൃത്തകരുടെ ശ്രമഫലമായി വലിയ തവള പോയി ചെറിയ പാറ്റ വന്നു.

അങ്ങിനെ പാറ്റവേട്ട കൊണ്ടുപിടിച്ചു നടക്കുന്നതിനിടയിലാണ്,പ്രിയമൊള്ളരാള്‍ മരണാസന്നനായെന്ന വാര്‍ത്ത വരുന്നത്.പരീക്ഷയും പാറ്റയും തലച്ചോറിന്റെ മുന്‍പിലേക്കും പിറകിലേക്കുമായി ഷട്ടില്‍ സര്‍വ്വീസടിച്ചുകൊണ്ടേയിരുന്നു.

മരണാസന്നനായ പ്രിയപ്പെട്ട ആള്‍ - കര്‍മ്മങ്ങളിലും സഹൃദയസദസ്സിനോടുള്ള കഥാകഥനത്തിലും മാത്രം മുഴുകിയ പിതാമഹനാണ്.സ്വന്തം ശരീരത്തിലൊരു കഷണം മുറിഞ്ഞുപോയാലും അതൊരു കഥ പോലെ,വളരെ ന്യൂട്രല്‍ ആയ ശൈലിയില്‍,സ്ഫുടമായി അവതരിപ്പിക്കാനുളള കഴിവ് അറിയാവുന്നവര്‍ക്കറിയാം.പണമൊന്നും കൈകാര്യം ചെയ്യാറില്ലെങ്കിലും നിലാവുള്ള രാത്രികളിലടക്കം പച്ചപ്പ് ഇലയായും മുള്ളായും വള്ളിയായും തഴച്ചു വളരുന്ന ആ പുരയിടത്തില്‍ കയ്യാല കെട്ടലുമൊക്കെയായി കൂടും.വായനശാലയും പള്ളിയും പള്ളിക്കൂടവുമൊക്കെ പണിയാനും ചെറുതല്ലാത്ത അധ്വാനം സംഭാവന ചെയ്തയാളാണ്.

എന്നിട്ടുമെന്നിട്ടും നിന്നെ ഞാന്‍ 250 ഗ്രാം സ്നേഹിച്ചിട്ടും തിരിച്ച് 50 ഗ്രാം പോലും കിട്ടിയില്ല,നീ കാരണമന്ന് ഞാന്‍ 12 സെന്റീമീറ്റര്‍ കരഞ്ഞു എന്നൊന്നും ഒരിക്കലും കണക്കു പറഞ്ഞ് കേട്ടറിവില്ലാത്ത ആളായതിനാല്‍ ആ മരണം എത്രമാത്രം വേദനയേകുമെന്നറിയില്ല.സ്വന്തം വിലനിലവാരം പ്രദര്‍ശിപ്പിക്കാന്‍ പാടുപെടാത്ത ആ സ്വഭാവത്തിലൊരു തരി പോലും കിട്ടാതെപോയതെന്തേയെന്ന് പിന്നെയും പിന്നീടെപ്പൊഴൊക്കെയോ ആലോചിച്ചിട്ടിട്ടുണ്ട്.വിത്തുവിതരണത്തിലെ സരസമായ എന്തൊക്കെയോ പെര്‍മ്മ്യൂട്ടേഷനും കോമ്പിനേഷനുമൊക്കെ കാരണമാവാം.കാലം മാറിയെന്നൊരു വരട്ടുതത്ത്വശാസ്ത്രവും മേമ്പൊടിയായി ചേര്‍ത്തേക്കാം.

മരണവീടുകളിലെ വീഡിയോപിടുത്തം എത്ര അരോചകമാണ്.വെളിച്ചവും ചൂടും അലോസരപ്പെടുത്തുന്ന നുഴഞ്ഞുകയറ്റവും.അങ്ങിനെയങ്ങിനെ വിതുമ്പലുകള്‍ ഇഷ്ടക്കുറവുകളായി തികട്ടി വരുന്നു.പാറ്റയിടക്കിടെ സ്മൃതികളില്‍ എരിവായും പുകച്ചിലായും അങ്ങിനെ.മൊബൈല്‍ ഫോണില്ലാത്ത കാലത്ത് ലാന്റ്ഫോണുള്ള ആരോ സഹപാഠികളോട് രണ്ടു പാറ്റകളിലൊന്നിനെ  ഇല്ലാത്തവനു കൊടുപ്പിന്‍ എന്ന് ഉദ്ബോധിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും ഉറപ്പൊന്നും കിട്ടിയിരുന്നില്ല.

വിലാപയാത്രയാണ്.പെട്ടിയുടെ ഒരു കോണില്‍ ചുമല്‍ ചേര്‍ത്തു.ഒരുപാട് ചുമലിലേറ്റി നടന്ന ആളാണ്.ഭാരം കൂടിയോ?മനസ്സില്‍ കനം തൂങ്ങിയ എന്തൊക്കെയോ തോന്നിപ്പിച്ചതാവാം ഒരുപക്ഷേ.

സമയം കണിശക്കാരനായി ഓടുന്നു.വഴിയിലെല്ലാത്തിനേയും മാറ്റത്തിന്റെ, മറവിയുടെ കാലടികളാല്‍ ചവിട്ടി മെതിക്കുന്നു.ചടങ്ങുകള്‍ തീര്‍ന്നു.കുഴിമാടത്തിലേയ്ക്കു മണ്ണ് ഊര്‍ന്നു വീണപ്പോള്‍ അതിക്രൂരമായൊരു തമാശപോലെ കുറേ പാറ്റകള്‍..കണ്ണിലൂടെ മനസ്സിലേയ്ക്ക് പരക്കംപാഞ്ഞു കയറിയ; വേദനയ്ക്കു കാലും ചിറകും മുളച്ച കറുത്ത ജീവികള്‍.താളത്തില്‍ കാലു വിറപ്പിച്ചും ചുളിവില്ലാത്ത കുടവയര്‍ കുലുക്കിച്ചിരിച്ചും ഇടക്കൊക്കെ ഓര്‍മ്മകളെ വാക്കുകളാക്കാന്‍ തെല്ലൊന്നു പരതിയും ഒരുപാട് നന്മകള്‍ വിടര്‍ത്തിയും ബോധമണ്ഡലത്തിലിടക്കിടെ പരക്കംപാഞ്ഞ് ഏതോ ഇരുളിന്റെ കോണിലൊളിക്കാറുണ്ട് ആ കുഴിമാടത്തിലെ പാറ്റകളിന്നും..

Monday, 6 July 2015

If and only if

ഇതൊരു ചിഹ്നമാണോ?

മനോഭാവമാണോ?

മനസ്സുതന്നെയാണോ?

എല്ലാ ചിഹ്നങ്ങളും മനസ്സിന്റെ വക്താക്കള്‍ തന്നെയാണല്ലോ?!

തുടങ്ങിയിടത്ത് തിരിച്ച് വരുന്ന വരുത്തുന്ന വൃത്തം പോലെ.

നേര്‍രേഖയിലെ തിരിച്ച് വരവിനെ ശാസ്ത്രത്തിന് വിശദീകരിക്കാനായോ എന്നറിയില്ല.

ഉപകരണങ്ങളുടെ സഹായമില്ലാതെ, എന്നാല്‍ ഗൗരവത്തോടെ വൃത്തം വരക്കാന്‍ ആവശ്യപ്പെട്ടാലെന്ത് സംഭവിക്കാം?

വരക്കാന്‍ കഴിവും ആത്മവിശ്വാസവുമുള്ളവര്‍ തങ്ങളുടെ വിരലുകള്‍ സ്വതന്ത്രമായി ചലിപ്പിച്ച് ആവശ്യത്തിന് വ്യാസമുള്ള വൃത്തം വരക്കും.

കഴിവും താത്പര്യവും കുറഞ്ഞവര്‍ തങ്ങളുടെ വൃത്തങ്ങളെ അവയുടെ വളവുകളും അപൂര്‍ണ്ണതയും മറച്ചു വെക്കാനെന്നവണ്ണം ഒരു ബിന്ദുവിനേക്കാള്‍ അല്‍പ്പം കൂടി വ്യാസത്തില്‍, വേഗത്തില്‍ വരച്ചു തീര്‍ക്കും.

അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വയലുകളില്‍ കാണപ്പെടുന്ന മീറ്ററുകള്‍ വ്യാസമുള്ള (മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്റെ "സൈന്‍സ്" എന്ന ഹോളിവുഡ് ചിത്രത്തിന് പ്രചോദനമേകിയ) പൂര്‍ണ്ണതയോട് ഏകദേശം അടുത്തുനില്‍ക്കുന്ന വൃത്തങ്ങളുമുണ്ട്.

വലുതോ ചെറുതോ പൂര്‍ണ്ണമോ അപൂര്‍ണ്ണമോ - വൃത്തത്തില്‍ ജീവിതം ചലിക്കുന്നു.

മൂല്യങ്ങളുടെ,ശീലങ്ങളുടെ,ഇഷ്ടങ്ങളുടെ,തീരുമാനങ്ങളുടെ,തിരഞ്ഞെടുപ്പുകളുടെ വൃത്തങ്ങള്‍.

പലവക ബുക്കില്‍ സമയം കൊല്ലാന്‍ വരച്ച് കൂട്ടിയ വൃത്തങ്ങള്‍ പോലെ.വൃത്തത്തിലെ അനന്തമായ ബിന്ദുക്കളില്‍ ചിലതിനെ കേന്ദ്രമാക്കി കൂടുതല്‍ വൃത്തങ്ങള്‍.

തെല്ലൊരു അകലത്തില്‍ നോക്കാനവസരം കിട്ടുമ്പോള്‍ ഇതെല്ലാം വരച്ചവരും വെറും ഉപകരണങ്ങള്‍ മാത്രമെന്ന് അവരെ തോന്നിപ്പിക്കുന്ന തരം അമ്പരപ്പും  ആവേശവും സമ്മാനിക്കുന്ന നിര്‍മ്മിതികള്‍.