Friday, 18 December 2015

രോഗി

'മരണം കാത്തു കിടക്കുന്ന രോഗി'..അര്‍ദ്ധബോധാവസ്ഥയിലും ആരോ പിറുപിറുത്ത വാക്കുകള്‍ വ്യക്തമായി കേട്ടു അയാള്‍.'നിങ്ങളാരും മരണത്തെ പ്രതീക്ഷിക്കാത്തതിന് ഞാനെന്ത് പിഴച്ചു?'

ചിന്തകള്‍ പരിഹാസത്തെ മൂടിക്കളഞ്ഞു.മരണം കാത്ത് കിടക്കുകയെന്നാല്‍ കടലുപോലെയൊരു അവസ്ഥയത്രെ - തിരകളും ചുഴികളും ഒരുപാടുണ്ടെങ്കിലും കണ്ട് പഴകിയവര്‍ക്ക് നിഷ്ക്രിയമെന്ന് തോന്നും...ചിന്തകളങ്ങിനെ അലയടിക്കുകയാണ്.

ശത്രുതയേക്കുറിച്ച് ചിന്തിച്ചു.പാറക്കെട്ടില്‍ തലതല്ലുന്ന ഒാരോ തിരയും ഒന്നും വേണ്ടായിരുന്നുവെന്ന് തീര്‍ച്ചയായും ചിന്തിക്കാറുണ്ടാവും.ശത്രുതയെന്നൊരു കുഴിയില്‍ മൃതസംസ്കാരം എളുപ്പം കഴിയുമെന്ന് ആശ്വസിച്ചു.

ശൈശവത്തേക്കുറിച്ച്, ചിന്തകളില്ലാതിരുന്ന കാലത്തേക്കുറിച്ച് ചിന്തിച്ചു.

ഇഷ്ടമുള്ള ഇടങ്ങളേക്കുറിച്ച് ചിന്തിച്ചു.അച്ഛന്റെ വിയര്‍പ്പ് മണമുള്ള കക്ഷത്തിലും അമ്മയുടെ കുട്ടിക്കൂറ റ്റാല്‍ക്കം പൗഡര്‍ മണക്കുന്ന സാരിത്തലപ്പിലും മുഖം പൂഴ്ത്തി എത്ര ഉറങ്ങിയിരിക്കുന്നു.പാതിരാക്കുര്‍ബാനക്കിടയിലെപ്പൊഴോ തളര്‍ന്നുറങ്ങിയ പിഞ്ചുശരീരത്തെ താങ്ങിയ ചുമലുകളെ ഓര്‍ത്തു.കട്ടിലില്‍ എത്തുംവരെ ഓളപ്പരപ്പിലെന്നവണ്ണം താരാട്ടുന്ന ചുമലുകള്‍.പറ്റിപ്പിടിച്ച് ഉറങ്ങുന്ന ചെമ്പകത്തിന്റേയും ജാതിയുടേയും ശിഖരങ്ങളെയോര്‍ത്തു.ഇവയെല്ലാം ഇപ്പോളെവിടെയെന്നും ഒാര്‍ത്തു.

വാഗ്ദാനങ്ങളെക്കുറിച്ചോര്‍ത്തു സ്വപ്നങ്ങളെക്കുറിച്ചും.പറഞ്ഞതും പറയാനാവാഞ്ഞതും ചിരിച്ചതും ചിരിക്കാതിരുന്നതും കരഞ്ഞതും കരയാനാവാതെ നിന്നതുമെല്ലാമോര്‍ത്തു.ചിന്തകളുടെ വേലിയേറ്റത്തില്‍ നിമിഷങ്ങള്‍ക്ക് ജന്മങ്ങളേക്കാള്‍ നീളമുണ്ട്.

Wednesday, 9 December 2015

മടി

കണ്ണ് തുറക്കരുത്...തുറന്നാല്‍ പിന്നെ രക്ഷയില്ല...

അല്ലെങ്കിലും വെളുപ്പിന് നാലുമണിവരെ ബഹളംവെച്ചിരുന്നതല്ലേ?പിന്നെയെന്തിനാണാവോ ഇത്ര വെളുപ്പിനേ വിളിക്കുന്നത്..അതും ഒരു മയവുമില്ലാതെ കുലുക്കി വിളിക്കുന്നു..സ്നേഹം കൂടിയാല്‍ പ്രാന്താണ് അവര്‍ക്ക്..

മുഖത്ത് വെള്ളം ഒഴിച്ചോ?തലയില്‍ നിന്ന് കവിളിലൂടെന്തോ ചെറുചൂടുള്ള വെള്ളം ഒഴുകുന്ന പോലെ..എന്താണാവോ?വേദനിപ്പിക്കുന്നുമുണ്ടല്ലോ?!

എന്തു തന്നെയായാലും കണ്ണു തുറക്കുന്ന പ്രശ്നമേയില്ല..തുറന്നാല്‍ പിന്നെ ഉറങ്ങാന്‍ സമ്മതിക്കാറില്ലല്ലോ..

എന്നാലും ഇവന്‍മാര്‍ ഇത്ര രാവിലെ എങ്ങിനെ ഉണര്‍ന്നു ആവോ?

അതിനിന്നലെ റൂമിലായിരുന്നില്ലല്ലോ?ഓര്‍മ്മകളെ ചേര്‍ത്ത് വെച്ച് നോക്കി.സൈറ്റിലായിരുന്നു..എട്ട് നിലകള്‍ക്ക് മുകളില്‍..

ആഴങ്ങളെ ഭയമായിരുന്നു ചെറുപ്പത്തില്‍..ഇപ്പോഴുമുണ്ട്..പാതി പണിത കോണ്‍ക്രീറ്റ് തൂണുകളിലെ ഉരുക്ക് കമ്പികളില്‍ ഇറുക്കി പിടിച്ച കൈക്ക് മാത്രമെന്തേ ഒരു ബലക്ഷയംപോലെ..കൈവെള്ള വിയര്‍ത്തിട്ടാവും..താഴേക്ക് ആരോ തള്ളിയിടാന്‍ വരുന്നത്പോലെ തോന്നുന്നുണ്ട്..

തോന്നലല്ല...താഴെ എത്തി...ക്ഷീണം...മടി വന്ന് കണ്ണ് മൂടി...

ബോധംകെട്ട് ഒന്നുറങ്ങിയാല്‍ എല്ലാം ശരിയാവും...ഇത് ആരോടോ പറഞ്ഞിരുന്നല്ലോ? പറഞ്ഞ് കാണില്ല..പറയണമെന്ന് വിചാരിച്ചിട്ടു പറയാതെ മടിപിടിച്ച് കിടന്നുകാണും.

എന്തായാലും വിളിച്ചുണര്‍ത്താനുള്ള ശ്രമം അവന്‍മാര്‍ ഉപേക്ഷിച്ചെന്ന് തോന്നുന്നു.നന്നായി...

ഇതെന്താ?!കോഴിക്കുഞ്ഞിനെ മൂടുംപോലെ കുട്ട കൊണ്ട് മൂടിയോ?!!തിരിയാനും മറിയാനും പറ്റുന്നില്ലല്ലോ...

എന്തെങ്കിലുമാവട്ടെ.കണ്ണ് തുറക്കുന്ന പ്രശ്നമേയില്ല...

Thursday, 3 December 2015

ബോധവത്കരണം

"മെഴുകുതിരി ചവച്ച് തിന്നുന്നവരേയും സിഗരറ്റ് ലൈറ്ററിലെ ഗ്യാസ് മൂക്കിലേക്ക് വലിച്ച് കയറ്റുന്നവരേയും പേപ്പര്‍ ചുരുട്ടി കത്തിച്ച് വലിക്കുന്നവരേയും സാറിന് നേരിട്ട് പരിചയമുണ്ട്.എല്ലാരും വലിയ വീടുകളിലെ വിദ്യാഭ്യാസമുള്ള മാതാപിതാക്കളുടെ കുട്ടികള്‍."ഒരു പീരിഡ് ക്ളാസ്സ് ഇല്ലാത്ത സന്തോഷത്തിലിരിക്കുന്ന കുട്ടികളുടെ ശ്രദ്ധ പിടിച്ചെടുക്കുക ശ്രമകരമാണ്.മെഴുകുതിരി തീറ്റ പങ്കുവെച്ചത് എന്തായാലും ഫലിച്ചു.കുട്ടികളെല്ലാരും ശ്രദ്ധിക്കാന്‍ തുടങ്ങി.

പാസ് പാസ്,പാന്‍ പരാഗ്,ചൈനി ഖൈനി വഴി കഞ്ചാവിലെത്തി നിന്ന ബോധവത്കരണം വന്‍വിജയം.

അടുത്ത ഒന്ന് രണ്ട് ആഴ്ചക്കുള്ളില്‍ ഒരുതരി മെഴുകുതിരിയെങ്കിലും ചവച്ച് നോക്കാത്തവരായി ആ ബോധവത്കൃത സമൂഹത്തില്‍ അധികമാരും  അവശേഷിച്ചിരുന്നില്ല എന്നുള്ളത് കഥയുടെ വാല്‍ക്കഷണമായി ഇട്ടേക്കാം.

Wednesday, 2 December 2015

പ്രമാദമായ ഒരു മോഷണക്കേസ്

"അമ്മച്ചീ,ഇതെന്നതാ ഈ ചാക്കിട്ട് മൂടിവെച്ചേക്കുന്നെ?"

കള്ളത്തരം മറയ്ക്കുന്ന സ്ഥിരം പല്ലില്ലാത്ത ചിരിയോടെ "കുഞ്ഞിയെന്തിനാ ചേരേലോട്ട് കയറി വന്നത്? അപ്പടി പൊടിയല്ലേ?ജലദോഷം പിടിക്കും.ഇറങ്ങ് ഇറങ്ങ്.."

ചേര് എന്നാല്‍ മച്ചിന്‍പുറം.ചുടാത്ത മണ്‍ ഇഷ്ടിക കൊണ്ട് ഉണ്ടാക്കിയ വീടുകള്‍ക്ക് താങ്ങാവുന്ന വിധത്തില്‍ കവുങ്ങിന്റെ തടികൊണ്ട് ആണ് സാധാരണ ഈ ചേര് ഉണ്ടാക്കാറുള്ളത്.അടുപ്പില്‍ നിന്നും കറങ്ങിത്തിരിഞ്ഞെത്തുന്ന പുകകൊണ്ട് പതിയെ ഉണങ്ങേണ്ട അടക്കായും മറ്റും സംഭരിക്കാനും അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കാനുമൊക്കെയാണ് ഈ ചേര്.

"ഇത് ഒരു വാഴക്കൊല പഴുപ്പിക്കാന്‍ വെച്ചേക്കുന്നതാന്നേ."മച്ചിലേക്കുള്ള ഗോവണിയുടെ അവസാന പടിയില്‍ നില്‍ക്കുന്ന വല്ല്യമ്മച്ചി തൊട്ടുപിറകിലെത്തിയ ആറുവയസ്സുകാരനെ ഇറക്കിവിടാന്‍ ഗോവണിയിലൂടെയുള്ള പുരോഗമനോദ്ദേശ്യം നടത്താതെ തിരിച്ചിറങ്ങാനൊരുങ്ങി.

പറയുന്ന കഥകളെല്ലാം വായുംപൊളിച്ച് വിശ്വസിക്കുന്നവന് എന്ത് സംശയം.കഷ്ടി അഞ്ച് മീറ്റര്‍ വീതിയും നിറയേ ആറ്റുവഞ്ചിയും പാറക്കൂട്ടങ്ങളുമുള്ള തോട്ടിലൂടെ പണ്ട് കപ്പല്‍ വരുമായിരുന്നു എന്ന് പറഞ്ഞത് വിശ്വസിച്ചു.ഒന്നാം പാഠത്തില്‍ കണ്ട കപ്പലാണ് സങ്കല്‍പ്പത്തിലുള്ള ഒരേയൊരു കപ്പല്‍.

മഴക്കാലരാത്രികളില്‍ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തി മുറ്റത്തെ  കടലാസ് റോസയില്‍ (ബൊഗെയ്ന്‍ വില്ല) വന്നിരിക്കുന്ന മിന്നാമിനുങ്ങിന്‍കൂട്ടം അലങ്കാരദീപമാല തൂക്കിയതാണെന്ന് പറഞ്ഞാലും വിശ്വസിക്കും.

കാട്ടാനകള്‍ ഓടിച്ചപ്പോള്‍ രണ്ടുപേര്‍ വട്ടംപിടിച്ചാലുമെത്താത്ത ആഞ്ഞിലിയില്‍ അള്ളിപ്പിടിച്ച് കയറിയ പാപ്പന്റെ കഥയും വിശ്വസിച്ചു - എണ്ണയൊഴിച്ചത് പോലെ മിനുസമുള്ള ആഞ്ഞിലി.ഒറ്റയാനെ പൃഷ്ഠത്തില്‍ ചൂട്ടു കറ്റക്ക് കുത്തി ഓടിച്ച കഥപോലും വിശ്വസിച്ചല്ലോ.

കുഞ്ഞിപ്പെണ്ണിനുള്ള കുറുക്കില്‍ അമ്മായിയുടെ മൂക്കട്ട വീണിട്ടുണ്ടെന്ന കഥയൊക്കെ കുറച്ച് കൂടിപോയി.എന്നാലും വിശ്വസിച്ചു.

വിശ്വസിക്കാതിരിക്കാന്‍ കഥ പറയുന്ന ഈ പാവങ്ങളല്ലാതെ വേറൊരു ലോകം അവനില്ലല്ലോ.

ചേരില്‍ ചാക്കിട്ട് മൂടി വെച്ചിരുന്നത് ഒരു മുച്ചക്ര സൈക്കിളാണ്.ഏഴെട്ടു വര്‍ഷം പഴക്കമുണ്ടപ്പോള്‍.മൂത്തമ്മാവന്റെ മോന് വാങ്ങിയതാണ്.സൈക്കിളിലിരിക്കുമ്പോള്‍ നിലത്ത് മുട്ട് ഇഴയുന്നത് വരെ അദ്ദേഹം സൈക്കിളോടിച്ചു.ഉരലിന്റെ മുകളിലൂടെ ഡൈവ് ചെയ്തും ഒറ്റചക്രത്തില്‍ ചെരിച്ച് ഓടിച്ചും അന്ന് സിനിമായില്‍ പോലും കാണാത്ത സ്റ്റണ്ടുകളും ഒരുപാട് നടത്തി.

അപ്പന്റെ നാടെങ്കിലും കണ്ടുപരിചയം ഇല്ലാത്ത തിരുവിതാംകൂറില്‍ ഒന്നാംക്ളാസ്സ് പഠനം രണ്ടാം റാങ്കോടെ പൂര്‍ത്തിയാക്കി മധ്യവേനലവധി മുഴുവന്‍ ആഘോഷിക്കാനെത്തിയതാണ്.വന്നുകയറിയതും കണ്ണില്‍പ്പെട്ടത് മുച്ചക്രവണ്ടിയാണ്.തകരക്കുഴലുകള്‍ക്കൊണ്ടുള്ള ജോയിന്റുകള്‍ ദ്രവിച്ച് പൊട്ടാറായതിനാല്‍ വല്ല്യപ്പച്ചന്‍ തടിക്കഷണങ്ങള്‍ കൊണ്ട് ചില പാച്ചുവര്‍ക്കുകള്‍ ചെയ്ത് തന്നു.വിള്ളല്‍ വീണ പ്ളാസ്റ്റിക് സീറ്റില്‍ കുരുങ്ങി കുഞ്ഞുനിക്കര്‍ കീറിപ്പോവാതിരിക്കാന്‍ ചണച്ചാക്കു വെട്ടിയെടുത്ത് ഒരു സീറ്റുകവറും ഇട്ടുതന്നു.ഞായറാഴ്ചക്കുര്‍ബാനയും പുഴയിലെ കളിയും ഒഴികെയുള്ള സമയം മുഴുവന്‍ സൈക്കിളിലാണ്.പല്ലുതേപ്പും കട്ടന്‍കാപ്പി കുടിക്കലുമെല്ലാം അതില്‍ത്തന്നെ.ആളുകള്‍ നടന്നെത്താത്ത സ്ഥലങ്ങളില്‍ പോലും എത്താനുള്ള ഓഫ് റോഡ് കാപ്പബലിറ്റീസ് മുച്ചക്രത്തിന് വന്നു.

അമ്മവീട്ടില്‍ വന്നു നിന്ന് നിറവും(!!) തടിയും കുറഞ്ഞ് പോയാല്‍ അപ്പന്‍വീട്ടുകാരുടെ മുന്‍പില്‍ ഉണ്ടായേക്കാവുന്ന ക്ഷീണം സ്ത്രീജനങ്ങളുടെയിടയില്‍ കാര്‍മേഘമായി ഉരുണ്ടുകൂടുന്നത് ആരറിയുന്നു.ഒട്ടും താമസിക്കാതെ അവരുടെ ഭീതി ഉടലാര്‍ന്നു..ജീവന്‍ വെച്ചു.

രാത്രിയില്‍ അരുമനായ് ഒന്ന് കുരച്ച് നിര്‍ത്തിയപ്പോള്‍ വല്ല്യമ്മച്ചിയെ അനുകരിച്ച് "പട്ടിയെന്നാ കുരക്കുന്നേ" എന്ന് അവന്‍ ചോദിച്ചതുമാണ്."അവള് വല്ല കള്ളപ്പൂച്ചേനേം  കണ്ടുകാണുമെന്ന്" മറ്റുള്ളവര്‍ - കള്ളച്ചിരിയോടെ.എന്തായാലും പിറ്റേന്ന് രാവിലെ സൈക്കിള്‍ കാണാനില്ല.ചണച്ചാക്ക് സീറ്റ് കവര്‍ ബെഡ്ഷീറ്റ് പോലെ ഭംഗിയായി തറയില്‍ വിരിച്ചിട്ടിട്ടുണ്ട്.

സങ്കടവും ആശ്ചര്യവും കൊണ്ട് സംസാരിക്കാന്‍ പറ്റാതെ നിന്നുപോയി."അല്ലാ,ഇവിടെ കെടന്ന സൈക്കിളിതെവിടെപ്പോയി?"വല്ല്യമ്മച്ചി നാടകം തുടങ്ങി."ആക്രി പെറുക്കാന്‍ വരുന്ന പാണ്ടികള്‍ കൊണ്ടുപോയിക്കാണും. വേറെന്തെങ്കിലും പോയോന്ന് നോക്കമ്മച്ചീ" അടുത്ത കഥാപാത്രം.ആ കാട്ടുമൂലയില്‍ ആക്രിപെറുക്കാന്‍ വരുന്നവരെ കണ്ട ഓര്‍മ്മയില്ല.എന്നാലും കഥ വിശ്വസിച്ചു.

പാര്‍ട്സ് പാര്‍ട്സായി പ്ളാസ്റ്റിക് ചാക്കുകളില്‍ കയറി ഏതോ നാട്ടിലെ അസംസ്കൃതവസ്തുക്കള്‍ ഉരുക്കുന്ന ചെമ്പില്‍ എത്തിപ്പെട്ട മുച്ചക്രസൈക്കിള്‍ ഉപകഥകള്‍ കുറേദിവസം സ്വപ്നങ്ങളില്‍ നിറഞ്ഞു.തിരിച്ച് തിരുവിതാംകൂറിലെത്തിയിട്ട് കണ്ട ഒന്നുരണ്ട് തമിള്‍ നാടോടിക്കൂട്ടങ്ങളുടെ ചാക്കുകെട്ടുകളിലേക്ക് സംശയവും പ്രതീക്ഷയും കൂടിക്കലര്‍ന്ന കണ്ണോടെ നോക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് ഒരഞ്ചാറ് വര്‍ഷത്തിന് ശേഷം പറമ്പിന്റെ ഒരു കോണില്‍ വലിയ രൂപമാറ്റങ്ങളൊന്നുമില്ലാതെ മുച്ചക്രം അന്ത്യവിശ്രമം കൊള്ളുന്നത് കണ്ടിട്ടും പഴയ ആറുവയസ്സുകാരന്‍ അതിനെപ്പറ്റി മോഷ്ടാക്കളോട് ഒന്നും ചോദിച്ചില്ലെന്നുള്ളതാണ്..

Friday, 27 November 2015

കലാപം

കലാപം - ഉണ്ടാവേണ്ടതായിരുന്നു.സമയദോഷം,ഉണ്ടായില്ല.ആരും കൊല്ലപ്പെട്ടില്ല.

മതം തന്നെ വിഷയം.പുറത്ത് പാടുകള്‍ ഒന്നും കാണാത്ത വിധത്തില്‍ മുഷ്ടിയുടെ വശം കൊണ്ട് രണ്ടുമൂന്ന് തകര്‍പ്പന്‍ ഇടി മാപ്പ്ളക്ക് കൊടുത്തു എന്നാണ് കരാത്തെ വിദഗ്ദന്‍ കൂടിയായ ഹാജിയാരുടെ അവകാശവാദം.മാപ്പ്ളക്കത് കിട്ടേണ്ടതാണ്.ഇടി ഇരന്നു വാങ്ങുന്ന തങ്കപ്പെട്ട സ്വഭാവമാണ്.കിളികളെ കെണിവെച്ച് പിടിച്ച് കാല്‍ ഒടിച്ച് വിടുക,അന്യരുടെ പശുവിന്റേയും ആടിന്റേയും കയറൂരി വിടുക പറ്റിയാല്‍ കുതികാല്‍ വെട്ടിവിടുക,വളര്‍ത്തുനായുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി വിടുക ഇത്യാദി അന്താരാഷ്ട്രനിലവാരമുള്ള നേരമ്പോക്കുകളാണ് മാപ്പ്ളയുടെ കൈയ്യിലുള്ളത്.ഏഷണികളും കല്ല്യാണം സ്ഥലക്കച്ചവടം മുടക്കലുകളും മുറക്ക് നടത്തുന്നുണ്ട്.

മുസ്ലീങ്ങളും ഹൈന്ദവരും നസ്രാണികളും ഒരേ മനസ്സോടെ ജീവിക്കുന്ന ഒരു കുഗ്രാമമാണത്.ആയിഷുമ്മയുടെ ലിപിയില്ലാത്ത അറബിമലയാളത്തേയും ചന്ദ്രികസോപ്പിനോടും താജ്മഹലിന്റെ പടമുള്ള പ്ളാസ്റ്റിക് കസേരകളോടുമുള്ള പ്രേമത്തേയും എല്ലാവരും തമാശയായി കളിയാക്കും.'ഇങ്ങള് ചേട്ടമ്മാരാണ് അമേരിക്കാന്നും പറഞ്ഞ് അറബിനാടുകളില്‍ ഗുലുമാലുണ്ടാക്കുന്ന'തെന്ന് പുള്ളിക്കാരി തിരിച്ചടിക്കും.പകലൊടുങ്ങുമ്പോള്‍ വിസ്മരിക്കപ്പെടുന്ന നിര്‍ദ്ദോഷമായ തമാശകള്‍.

പട്ടിണിയും പ്രകൃതിദുരന്തങ്ങളും രോഗപീഠകളും ആവശ്യത്തിലധികമുള്ള നാട്ടില്‍ സ്നേഹവും സഹകരണവും എളിമയുമാണ് ജീവിതങ്ങളെ പിടിച്ചു നിര്‍ത്തുന്നത്.

ഹാജ്യാരുടെ വാങ്കുവിളി നാട്ടുമാമ്പഴത്തിന്റെ മണംപോലെ നാട്ടുകാരുകളുടെ മനസ്സുകളില്‍ പതിഞ്ഞ ഒന്നാണ്.പശുവിന് പുല്ലരിയാന്‍ പോയവര്‍ക്കും പറമ്പില്‍ പണിയുന്നവര്‍ക്കും സമയം അറിയാനുള്ള ഒരു മാര്‍ഗ്ഗംകൂടിയാണിത്.

സ്ഥിരം കലാപരിപാടികളില്‍ വിരസനായിത്തീര്‍ന്ന മാപ്പ്ള അത്തവണ ഹാജ്യാരുടെ വാങ്ക് കൊടുക്കലിലാണ് കയറിപ്പിടിച്ചത്.വഴിയില്‍ വെച്ച് മാന്യദേഹം ഹാജിയോട് 'ഇന്ന് തന്റെ കാറിച്ച കേട്ടില്ലല്ലോടോ!!തൊണ്ണക്ക് സുഖമില്ലാരുന്നോ?' എന്ന് ചോദിച്ചു പോലും.

സംഗതി കേട്ട ആളുകളെല്ലാം ജാതി,മത ഭേദമില്ലാതെ ചിന്തിച്ചത് മാപ്പ്ളക്ക് കൊടുത്തെന്ന് പറയപ്പെടുന്ന ഇടികള്‍ നേരായിരിക്കണേ എന്ന് തന്നെയാണ്.കാര്യം ഉരുവില്‍ കയറി മക്കത്ത് പോയ ആളാണെങ്കിലും പഞ്ചാരയുണ്ടാക്കുന്നത് എല്ലുപൊടിയില്‍ നിന്നാണ് മട്ടിലുള്ള അനേകം വിപ്ളവാത്മക സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവ് കൂടിയാണല്ലോ ഹാജ്യാര്‍.ചൂടുള്ള പത്തിരിച്ചട്ടിയില്‍ അബദ്ധത്തിലിത്തിരി പഞ്ചാര വീണപ്പോളാണ് ഈ സത്യം വെളിപ്പെട്ടത്.

അതെന്തുതന്നെ ആയാലും കലാപം ഉണ്ടായില്ല.അതാണ് പറഞ്ഞുവന്നത്.ഗ്രാമത്തിന്റെ നന്മ.

Monday, 19 October 2015

മഴപ്പാട്ട്

കൊന്നത്തെങ്ങിന്റെ മുകളില്‍ ഉണങ്ങി നിന്നിരുന്ന കൊതുമ്പും തേങ്ങയും തെങ്ങോലയും വീഴുന്ന ശബ്ദമാണ് തുടക്കം.
പിന്നെ പൊടിമണ്ണില്‍ കുഴിയാനയുടെ വീടുപോലുള്ള രൂപങ്ങള്‍ ഉണ്ടാക്കുന്ന കനത്ത തുള്ളികള്‍ 'പൊത്തോ' ന്ന് വീഴും.
പിന്നെ പുരപ്പുറത്തെ ശിങ്കാരിമേളം.
വല്ല്യമ്മച്ചി മെഴുക്കിളക്കാന്‍ ഇറവാലത്ത് വെച്ച ചക്കപ്പുഴുക്ക് കലത്തിന്റേയും തവിയുടേയും സംഗീതവും അകമ്പടിയായെത്തും.
കാറ്റിന്റെ സീല്‍ക്കാരവും ശിഖരങ്ങള്‍ ഇരിയുന്ന ശബ്ദവും.
ചോരുന്ന നടുമുറിയില്‍ ഇറ്റുവീഴുന്ന മഴത്തുള്ളികള്‍ക്ക് ശ്വാസം മുട്ടുമ്പോഴേക്കും ചീവിടുകള്‍ ആ ഗാനം ഏറ്റെടുക്കും.

ഇപ്പോളിങ്ങിനെയൊന്നുമല്ലേ മഴ പാടുന്നതെന്ന് മനസ്സ് സന്ദേഹപ്പെട്ട് തുടങ്ങിയിരിക്കുന്നു.

Saturday, 17 October 2015

വിഷഹാരി


പഴയ ബ്ളാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിലെ ഒരു ത്രിസന്ധ്യ.കയറു കട്ടിലില്‍ കിടത്തിയ ഒരു കൃശഗാത്രനുമായി നാലഞ്ചുപേര്‍ വിഷഹാരിയുടെ പടി കടന്നെത്തി.

"എന്താടോ?" വിഷഹാരി.

"പാമ്പ് കടിച്ചതാ വൈദ്യരേ" കൂട്ടത്തിലെ വായാടി നടുവ് വളച്ച് ബഹുമാനം പ്രകടിപ്പിച്ച് പറഞ്ഞു.

"ഹാ!പാമ്പ് കടിച്ചെന്നോ! ലക്ഷണപ്പിശകാണല്ലോടോ.കട്ടില്‍ ഇറക്കണമെന്നില്ല.ഇനിയൊന്നും ചെയ്യാനില്ല.ആള് തീര്‍ന്നു.പൊയ്ക്കൊള്ളൂ."

പൊടുന്നനെ രംഗം കളറായി.രോഗിക്കൂട്ടത്തിന്റെ നട്ടെല്ലുകള്‍ ബഹുമാനം വിട്ടകന്ന് നിവര്‍ന്നു വന്നു.

"ഒന്ന് സ്റ്റെതസ്കോപ്പ് വെച്ച് നോക്കുക പോലും ചെയ്യാതെ പോകാന്‍ പറഞ്ഞാല്‍ എങ്ങിനെയാ?"

"എനിക്ക് ഒന്നും ചെയ്യാനില്ലടോ.പറഞ്ഞില്ലേ."

"ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ദേ ആ നില്‍ക്കുന്ന ആള് ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്‍തുണയുള്ള വാര്‍ഡ് മെംബറാ."

"ഭീഷണിയാണോ?"

"അങ്ങിനെയെങ്കില്‍ അങ്ങിനെ.തനിക്ക് സര്‍ട്ടിഫിക്കറ്റൊക്കെയുണ്ടോ?"

"രോഗി മരിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കുന്ന ഇന്‍ഷുറന്‍സ് വല്ലതും കാണും.അതിന്റെ വാലാ."രോഗിയുടെ കൂടെയുള്ള മറ്റൊരുവന്‍.

"എന്തായാലും ഒന്ന് കരുതിയിരുന്നോ!"

Friday, 16 October 2015

വളര്‍ച്ച

ആലുപോലെ വളരാം

കരിങ്കല്ലിനെയും പിളര്‍ത്തും വേരുകളോട്ടി

ആധിപത്യത്തിന്റെ താങ്ങുവേരുകളുമൂന്നി

മടിത്തട്ടിലൊരു പുല്‍ക്കൊടിക്കു പോലും

തരി വെട്ടം പങ്കുവെച്ച് സല്‍ക്കരിക്കാതെ

കാച്ചില്‍ പോലെയും വളരാം

ആഴങ്ങളിലേക്കിറങ്ങി

ശൂന്യത തേടി

സഹജീവിയുടെ ഇടങ്ങള്‍ അപഹരിക്കാതെ

ജീര്‍ണ്ണിച്ചൊരു മരക്കഷണത്തെ പോലും പിളര്‍ത്താതെ

എന്നാലോ,

പുതപ്പ് പോലെ, മുത്തുമാല പോലെ

പറ്റി ചേര്‍ന്ന്..

Wednesday, 14 October 2015

കാന്‍സര്‍

മൂട് മറന്ന് വളരാന്‍

ഏതോ ശരീര കല കാണിച്ച ഇച്ഛാശക്തി

എല്ലാവര്‍ക്കുമുണ്ട്

എല്ലായിടത്തേക്കും പരക്കുന്നുമുണ്ട്

സ്മൃതിഭ്രംശം

പൊട്ടിയ സ്ളേറ്റ് -

വിയര്‍പ്പും മെഴുക്കും ചെളിയും മഷിയും
പുരണ്ട ഏങ്കോണിച്ചൊരു തടി ഫ്രെയിം മാത്രം ബാക്കിയായി;

ഒരു കുന്ന് സങ്കടവും

Sunday, 11 October 2015

വിത്തുകള്‍

നാമങ്ങള്‍,സര്‍വ്വനാമങ്ങള്‍ - വിത്തുകള്‍

മാനസങ്ങളില്‍ - നിലത്ത് വീഴും

ഉപമകളിലൊന്നില്‍ പറയപ്പെട്ടതുപോലെ

ചിലത് കിളികള്‍ക്ക് അന്നമാകും

ചിലത് ഇളവെയിലില്‍ വാടിപ്പോകും

മറ്റുചിലത് നൂറുമേനി വിളയും

ദൈവം

ശൂന്യത

ഞാന്‍

ശാസ്ത്രം

അമ്മ

സ്നേഹം

ജീവിതം

ഭ്രാന്ത്

കവിത 

മരണം

വിത്തുകളനവധി..

Wednesday, 7 October 2015

തന്ത്രിവാദ്യം

വലിഞ്ഞുമുറുകുന്ന ഹൃദയതന്ത്രികള്‍..

അറിവ് ലളിതമാവുമ്പോള്‍ നൃത്തംവെക്കുന്ന മനസ്സിനും വിരലുകള്‍ക്കുമായി -

ഏത് ഭാഷയും സംസാരിക്കും

ഏത് ശൈലിയിലും പാടും

പാശ്ചാത്യം

പൗരസ്ത്യം

കുയില്‍പ്പാട്ടിന് മറുപാട്ടും

Monday, 5 October 2015

പ്രചോദനം

കാലചക്രമുരുളുമ്പോള്‍ -

ചിലരെക്കാണുമ്പോളങ്ങിനെയാണ്

ചിലതൊക്കെ കാണുമ്പോളങ്ങിനെയാണ്

ചിലപ്പോളൊക്കെ അങ്ങിനെയാണ്

പാടാനറിവീലെങ്കിലും രണ്ട് വരി മൂളിപ്പോവും

വരക്കാനറിവീലെങ്കിലും രൂപരേഖകള്‍ പോലെയെന്തോ വരച്ചുപോവും

എഴുതാനറിവീലെങ്കിലും ഒരു വരിയെഴുതിപ്പോവും

ഒന്നുമായില്ലെങ്കിലും ഉള്ളം നിറഞ്ഞ് ചിരിച്ചു പോകും

Sunday, 4 October 2015

തൂലികയിലെ പ്രണയം

എന്റെ തൂലികയിലൂടെയായിരിക്കാം അവന്‍ അവന്റെ പ്രണയത്തെ കണ്ടത്..

അവള്‍ നടന്ന വഴികളേയും അവള്‍ നനഞ്ഞ ചാറ്റല്‍മഴയേയും അവന്‍ സ്നേഹിച്ചിരുന്നപോലെ..

എന്റെ തൂലിക അവന്റെ പ്രണയത്തിന്റെ നാവ് എന്ന് നിനച്ചിരുന്നിരിക്കാം തെല്ലിട..

ഇളവെയിലില്‍ വരികളിലെ തേനുണ്ണാന്‍ പൂമ്പാറ്റയാവാറുണ്ടായിരുന്നല്ലോ അവന്‍..

പ്രായോഗികത വിഴുങ്ങിയ വിചാരങ്ങള്‍ ചിലത് മറുപടിപോലെ കുത്തിക്കുറിക്കാറുമുണ്ടായിരുന്നല്ലോ..

എവിടെയോ സൃഷ്ടിക്കപ്പെട്ട ഊര്‍ജ്ജം മനസ്സുകളറിയുന്ന തൂലികയില്‍ നിറയുന്നതായി കരുതിയിട്ടുണ്ടാവാം..

ഇന്നിപ്പോള്‍ പ്രണയം ഗര്‍ഭത്തില്‍ മരിച്ച കുഞ്ഞായി..

പക്ഷേ തൂലിക നിഷ്കളങ്കമാണ്..വാത്സല്യത്തിന്റെ മഷി ഉറവ വറ്റാത്തതുമാണ്..

പ്രണയത്തിന്റെ കുഴിമാടത്തില്‍ കരഞ്ഞുകൊണ്ടിരിക്കുന്നവനെ കണ്ടിരിക്കാനാവുന്നില്ല..

നടന്നു മാറാന്‍ ആഹ്വാനം ചെയ്യുന്ന തൂലിക..

എല്ലാം നല്ലതിനാണ്. എല്ലാം നല്ലതാണ്..

ചെമ്പകം

തൊടിയിലെ ചെമ്പകത്തിനും പ്രായമേറിയെന്ന് - മുത്തശ്ശനേപ്പോലെ 

കൊടുങ്കാറ്റിലും കുലുങ്ങാത്ത തടിയാണ് -വരാന്തയില്‍ ഇടവപ്പാതിമഴ പോലും കാണാന്‍ ഇരിക്കുന്ന മുത്തശ്ശനേപ്പോലെ

കട്ടിയുള്ള തൊലിയാണ് - കുഴമ്പ് മണക്കുന്ന ചുളിഞ്ഞ ചര്‍മ്മം പോലെ

ചാരിക്കിടന്ന് ഉറങ്ങിയിരുന്ന ശാഖകളാണ് -കഥകേട്ട് മയങ്ങിയിരുന്ന മടിത്തട്ട് പോലെ

അങ്ങിങ്ങായ് പുഞ്ചിരിക്കുന്ന പൂക്കളും - വായിലവശേഷിച്ച ആട്ടമുള്ള പല്ലുകള്‍ പോലെ

Saturday, 3 October 2015

ആത്മവഞ്ചകന്റെ രോദനങ്ങള്‍

പുരികം ചുളിച്ച് വച്ച്

അണപ്പല്ല് ഞെരിച്ച്

കണ്ണുകള്‍ എരിച്ച്

തല പുകച്ച്

പ്രവൃത്തികളിലെ വൈരുദ്ധ്യങ്ങളെ

വാക്കുകളിലെ വൈരുദ്ധ്യം കൊണ്ട് കൊന്ന് തള്ളാന്‍

ആത്മവഞ്ചന്റെ അന്തര്‍സംഘര്‍ഷങ്ങള്‍

അരൂപികള്‍ ദൈവങ്ങള്‍ക്കെല്ലാം അമ്പലം പണിഞ്ഞു കൂട്ടി..

മൂലക്കല്ല് സഹിതം പൊളിച്ച് പുണ്യാഹം തളിക്കണമെന്ന് ദേവാജ്ഞയും വന്നു

തനിയാവര്‍ത്തനമൊഴിവാക്കാന്‍

സ്വന്തം കൈയ്യരിയണോ?

നാവരിയണോ?

എല്ലാം തുടങ്ങുന്ന ഈ തല തന്നെയും അരിയണമോ?

ആത്മവഞ്ചകന്റെ ഹാസ്യമുളവാക്കുന്ന രോദനങ്ങള്‍

Monday, 28 September 2015

നാട്യം

നാട്യത്തിന്റെ ആഴങ്ങള്‍ ജീവിതം പോലെയാണത്രെ  

ജീവിതത്തിന്റെ ഉപരിതലം നാട്യവും

ജീനുകള്‍

ഗുരുകുലം

ആചാര്യര്‍

നിരീക്ഷണപാടവം

മെയ് വഴക്കം

നിത്യവിദ്യാര്‍ത്ഥീഭാവം

ജീവിതനാടകം അരങ്ങുതകര്‍ക്കട്ടെ

ബുദ്ധന്‍

Sunday, 13 September 2015

മെഴുകുതിരി

"നിന്നോട് പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല.ആരും വിശ്വസിക്കില്ല." മുഖവുര പതിവിലും നീണ്ടുപോവുന്നു.

"ചേട്ടന്‍ പറ.കേള്‍ക്കട്ടെ."

"നീയാ മെഴുകുതിരി കണ്ടോ?രാത്രിയില്‍ അതാരോ കത്തിക്കും.കൃത്യസമയത്ത് ഞാന്‍ എഴുന്നേല്‍ക്കുകയും ചെയ്യും.അകത്തുന്ന് കുറ്റിയിട്ട ഈ റൂമില്‍ ആരാടാവേ മെഴുകുതിരി കത്തിക്കുന്നത്?"

"തോന്നലായിരിക്കുമോ?"

"അല്ലടാ.കാര്യം എന്താന്ന് എനിക്കറിയാം.ആ പയ്യന്റെ പണിയാ.നിന്നോട് ഞാന്‍ നേരത്തെ പറഞ്ഞാരുന്നോ?ഇവിടെ ഒരു ഓര്‍ഫനേജില്‍ നിന്നും എട്ടൊമ്പത് വയസ്സുള്ള ഒരു പയ്യന്റെ ബോഡി മലബാറിലുള്ള മെഡിക്കല്‍ കോളേജിലെത്തിച്ചു."

"ഇല്ല. ഇക്കാര്യം പറഞ്ഞിരുന്നില്ല."

"ഓ,അതൊരു വല്ല്യ കഥയാടാവേ.അപരാധം പരിപാടി.ആംബുലന്‍സിന് ഓട്ടമില്ലാതിരുന്ന ദിവസം.ഒരു ഓട്ടോ ഡ്രൈവര്‍ വഴി വന്ന പണിയാ.അയ്യായിരം കിട്ടും.പക്ഷേ റിസ്ക് ഉണ്ട്.പോലീസു പിടിച്ചാല്‍ ഇറക്കാനാരും വരില്ല."

"ആഹാ."

"അത് നമ്മള്‍ ചെയ്തില്ലെങ്കില്‍ വേറെ ആരെങ്കിലും ചെയ്യും.രാത്രി ചെന്ന് ബോഡിയെടുത്തു.മെലിഞ്ഞു എല്ലുംമുട്ടിയായ ഒരു കൊച്ചു പയ്യന്‍.വിറ്റവന്‍മാര്‍ ലക്ഷം ഒണ്ടാക്കി കാണും.ഇനി ആര്‍ക്കറിയാം ബോഡി വിക്കാന്‍ വേണ്ടി അതിനെ തീര്‍ത്തതാണോയെന്ന്."

"ഹേയ് അങ്ങിനെയൊന്നുമാവില്ല."

"അതല്ലടാ.അല്ലെങ്കില്‍ പിന്നെ എത്ര പോസ്റ്റ്മാര്‍ട്ടം കേസുകള്‍ ആലപ്പുഴ കൊണ്ടുപോയതാ.ബ്ളഡ് ലിറ്ററു കണക്കിന് ഒഴുകുന്ന കേസു പോലും.അന്നൊന്നും ഇങ്ങിനെ സമാധാനക്കേടുണ്ടായിട്ടില്ല.അതിനെ അവര് കൊന്നതായിരിക്കും.എനിക്ക് മനസ്സിലാകാത്തത്  ഇത്രേം ആളുകള് മരിക്കുന്ന ഈ നാട്ടില്‍ മെഡിക്കല്‍ കോളേജുകാര്‍ പഠിക്കാനുള്ള ബോഡിക്കുവേണ്ടി കള്ളത്തരം കാണിക്കുന്നതെന്തിനാണെന്നാ?"

"നേരായ രീതിയില്‍ ബോഡി കിട്ടണമെങ്കില്‍ നൂലാമാലകളൊരുപാട് കാണുമായിരിക്കാം.മരിച്ചവര്‍ എന്തായാലും മരിച്ചു പോയി. എന്നാലും ഇങ്ങിനെയൊക്കെ ശരിക്കും നടക്കുന്നുണ്ടെന്നറിഞ്ഞത് അതിശയമാണ്."