Wednesday, 2 December 2015

പ്രമാദമായ ഒരു മോഷണക്കേസ്

"അമ്മച്ചീ,ഇതെന്നതാ ഈ ചാക്കിട്ട് മൂടിവെച്ചേക്കുന്നെ?"

കള്ളത്തരം മറയ്ക്കുന്ന സ്ഥിരം പല്ലില്ലാത്ത ചിരിയോടെ "കുഞ്ഞിയെന്തിനാ ചേരേലോട്ട് കയറി വന്നത്? അപ്പടി പൊടിയല്ലേ?ജലദോഷം പിടിക്കും.ഇറങ്ങ് ഇറങ്ങ്.."

ചേര് എന്നാല്‍ മച്ചിന്‍പുറം.ചുടാത്ത മണ്‍ ഇഷ്ടിക കൊണ്ട് ഉണ്ടാക്കിയ വീടുകള്‍ക്ക് താങ്ങാവുന്ന വിധത്തില്‍ കവുങ്ങിന്റെ തടികൊണ്ട് ആണ് സാധാരണ ഈ ചേര് ഉണ്ടാക്കാറുള്ളത്.അടുപ്പില്‍ നിന്നും കറങ്ങിത്തിരിഞ്ഞെത്തുന്ന പുകകൊണ്ട് പതിയെ ഉണങ്ങേണ്ട അടക്കായും മറ്റും സംഭരിക്കാനും അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കാനുമൊക്കെയാണ് ഈ ചേര്.

"ഇത് ഒരു വാഴക്കൊല പഴുപ്പിക്കാന്‍ വെച്ചേക്കുന്നതാന്നേ."മച്ചിലേക്കുള്ള ഗോവണിയുടെ അവസാന പടിയില്‍ നില്‍ക്കുന്ന വല്ല്യമ്മച്ചി തൊട്ടുപിറകിലെത്തിയ ആറുവയസ്സുകാരനെ ഇറക്കിവിടാന്‍ ഗോവണിയിലൂടെയുള്ള പുരോഗമനോദ്ദേശ്യം നടത്താതെ തിരിച്ചിറങ്ങാനൊരുങ്ങി.

പറയുന്ന കഥകളെല്ലാം വായുംപൊളിച്ച് വിശ്വസിക്കുന്നവന് എന്ത് സംശയം.കഷ്ടി അഞ്ച് മീറ്റര്‍ വീതിയും നിറയേ ആറ്റുവഞ്ചിയും പാറക്കൂട്ടങ്ങളുമുള്ള തോട്ടിലൂടെ പണ്ട് കപ്പല്‍ വരുമായിരുന്നു എന്ന് പറഞ്ഞത് വിശ്വസിച്ചു.ഒന്നാം പാഠത്തില്‍ കണ്ട കപ്പലാണ് സങ്കല്‍പ്പത്തിലുള്ള ഒരേയൊരു കപ്പല്‍.

മഴക്കാലരാത്രികളില്‍ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തി മുറ്റത്തെ  കടലാസ് റോസയില്‍ (ബൊഗെയ്ന്‍ വില്ല) വന്നിരിക്കുന്ന മിന്നാമിനുങ്ങിന്‍കൂട്ടം അലങ്കാരദീപമാല തൂക്കിയതാണെന്ന് പറഞ്ഞാലും വിശ്വസിക്കും.

കാട്ടാനകള്‍ ഓടിച്ചപ്പോള്‍ രണ്ടുപേര്‍ വട്ടംപിടിച്ചാലുമെത്താത്ത ആഞ്ഞിലിയില്‍ അള്ളിപ്പിടിച്ച് കയറിയ പാപ്പന്റെ കഥയും വിശ്വസിച്ചു - എണ്ണയൊഴിച്ചത് പോലെ മിനുസമുള്ള ആഞ്ഞിലി.ഒറ്റയാനെ പൃഷ്ഠത്തില്‍ ചൂട്ടു കറ്റക്ക് കുത്തി ഓടിച്ച കഥപോലും വിശ്വസിച്ചല്ലോ.

കുഞ്ഞിപ്പെണ്ണിനുള്ള കുറുക്കില്‍ അമ്മായിയുടെ മൂക്കട്ട വീണിട്ടുണ്ടെന്ന കഥയൊക്കെ കുറച്ച് കൂടിപോയി.എന്നാലും വിശ്വസിച്ചു.

വിശ്വസിക്കാതിരിക്കാന്‍ കഥ പറയുന്ന ഈ പാവങ്ങളല്ലാതെ വേറൊരു ലോകം അവനില്ലല്ലോ.

ചേരില്‍ ചാക്കിട്ട് മൂടി വെച്ചിരുന്നത് ഒരു മുച്ചക്ര സൈക്കിളാണ്.ഏഴെട്ടു വര്‍ഷം പഴക്കമുണ്ടപ്പോള്‍.മൂത്തമ്മാവന്റെ മോന് വാങ്ങിയതാണ്.സൈക്കിളിലിരിക്കുമ്പോള്‍ നിലത്ത് മുട്ട് ഇഴയുന്നത് വരെ അദ്ദേഹം സൈക്കിളോടിച്ചു.ഉരലിന്റെ മുകളിലൂടെ ഡൈവ് ചെയ്തും ഒറ്റചക്രത്തില്‍ ചെരിച്ച് ഓടിച്ചും അന്ന് സിനിമായില്‍ പോലും കാണാത്ത സ്റ്റണ്ടുകളും ഒരുപാട് നടത്തി.

അപ്പന്റെ നാടെങ്കിലും കണ്ടുപരിചയം ഇല്ലാത്ത തിരുവിതാംകൂറില്‍ ഒന്നാംക്ളാസ്സ് പഠനം രണ്ടാം റാങ്കോടെ പൂര്‍ത്തിയാക്കി മധ്യവേനലവധി മുഴുവന്‍ ആഘോഷിക്കാനെത്തിയതാണ്.വന്നുകയറിയതും കണ്ണില്‍പ്പെട്ടത് മുച്ചക്രവണ്ടിയാണ്.തകരക്കുഴലുകള്‍ക്കൊണ്ടുള്ള ജോയിന്റുകള്‍ ദ്രവിച്ച് പൊട്ടാറായതിനാല്‍ വല്ല്യപ്പച്ചന്‍ തടിക്കഷണങ്ങള്‍ കൊണ്ട് ചില പാച്ചുവര്‍ക്കുകള്‍ ചെയ്ത് തന്നു.വിള്ളല്‍ വീണ പ്ളാസ്റ്റിക് സീറ്റില്‍ കുരുങ്ങി കുഞ്ഞുനിക്കര്‍ കീറിപ്പോവാതിരിക്കാന്‍ ചണച്ചാക്കു വെട്ടിയെടുത്ത് ഒരു സീറ്റുകവറും ഇട്ടുതന്നു.ഞായറാഴ്ചക്കുര്‍ബാനയും പുഴയിലെ കളിയും ഒഴികെയുള്ള സമയം മുഴുവന്‍ സൈക്കിളിലാണ്.പല്ലുതേപ്പും കട്ടന്‍കാപ്പി കുടിക്കലുമെല്ലാം അതില്‍ത്തന്നെ.ആളുകള്‍ നടന്നെത്താത്ത സ്ഥലങ്ങളില്‍ പോലും എത്താനുള്ള ഓഫ് റോഡ് കാപ്പബലിറ്റീസ് മുച്ചക്രത്തിന് വന്നു.

അമ്മവീട്ടില്‍ വന്നു നിന്ന് നിറവും(!!) തടിയും കുറഞ്ഞ് പോയാല്‍ അപ്പന്‍വീട്ടുകാരുടെ മുന്‍പില്‍ ഉണ്ടായേക്കാവുന്ന ക്ഷീണം സ്ത്രീജനങ്ങളുടെയിടയില്‍ കാര്‍മേഘമായി ഉരുണ്ടുകൂടുന്നത് ആരറിയുന്നു.ഒട്ടും താമസിക്കാതെ അവരുടെ ഭീതി ഉടലാര്‍ന്നു..ജീവന്‍ വെച്ചു.

രാത്രിയില്‍ അരുമനായ് ഒന്ന് കുരച്ച് നിര്‍ത്തിയപ്പോള്‍ വല്ല്യമ്മച്ചിയെ അനുകരിച്ച് "പട്ടിയെന്നാ കുരക്കുന്നേ" എന്ന് അവന്‍ ചോദിച്ചതുമാണ്."അവള് വല്ല കള്ളപ്പൂച്ചേനേം  കണ്ടുകാണുമെന്ന്" മറ്റുള്ളവര്‍ - കള്ളച്ചിരിയോടെ.എന്തായാലും പിറ്റേന്ന് രാവിലെ സൈക്കിള്‍ കാണാനില്ല.ചണച്ചാക്ക് സീറ്റ് കവര്‍ ബെഡ്ഷീറ്റ് പോലെ ഭംഗിയായി തറയില്‍ വിരിച്ചിട്ടിട്ടുണ്ട്.

സങ്കടവും ആശ്ചര്യവും കൊണ്ട് സംസാരിക്കാന്‍ പറ്റാതെ നിന്നുപോയി."അല്ലാ,ഇവിടെ കെടന്ന സൈക്കിളിതെവിടെപ്പോയി?"വല്ല്യമ്മച്ചി നാടകം തുടങ്ങി."ആക്രി പെറുക്കാന്‍ വരുന്ന പാണ്ടികള്‍ കൊണ്ടുപോയിക്കാണും. വേറെന്തെങ്കിലും പോയോന്ന് നോക്കമ്മച്ചീ" അടുത്ത കഥാപാത്രം.ആ കാട്ടുമൂലയില്‍ ആക്രിപെറുക്കാന്‍ വരുന്നവരെ കണ്ട ഓര്‍മ്മയില്ല.എന്നാലും കഥ വിശ്വസിച്ചു.

പാര്‍ട്സ് പാര്‍ട്സായി പ്ളാസ്റ്റിക് ചാക്കുകളില്‍ കയറി ഏതോ നാട്ടിലെ അസംസ്കൃതവസ്തുക്കള്‍ ഉരുക്കുന്ന ചെമ്പില്‍ എത്തിപ്പെട്ട മുച്ചക്രസൈക്കിള്‍ ഉപകഥകള്‍ കുറേദിവസം സ്വപ്നങ്ങളില്‍ നിറഞ്ഞു.തിരിച്ച് തിരുവിതാംകൂറിലെത്തിയിട്ട് കണ്ട ഒന്നുരണ്ട് തമിള്‍ നാടോടിക്കൂട്ടങ്ങളുടെ ചാക്കുകെട്ടുകളിലേക്ക് സംശയവും പ്രതീക്ഷയും കൂടിക്കലര്‍ന്ന കണ്ണോടെ നോക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് ഒരഞ്ചാറ് വര്‍ഷത്തിന് ശേഷം പറമ്പിന്റെ ഒരു കോണില്‍ വലിയ രൂപമാറ്റങ്ങളൊന്നുമില്ലാതെ മുച്ചക്രം അന്ത്യവിശ്രമം കൊള്ളുന്നത് കണ്ടിട്ടും പഴയ ആറുവയസ്സുകാരന്‍ അതിനെപ്പറ്റി മോഷ്ടാക്കളോട് ഒന്നും ചോദിച്ചില്ലെന്നുള്ളതാണ്..

No comments:

Post a Comment