Monday, 13 October 2014

കടല്‍

കടലില്‍ നിന്നു പഠിക്കാനുണ്ടേറെ

കടല്‍ അവനാണോ അവളാണോ എന്തോ?

'അത്' എന്നു വിളിച്ചാലോ?

പ്രപഞ്ചസത്യങ്ങള്‍ക്കൊരു ലിംഗമെന്തിനാണ്??

വിഷയത്തിലേക്കു വരാമല്ലോ..

കടലില്‍ നിന്നു പഠിക്കാനുണ്ടേറെ 

പൂര്‍ണ്ണവും സത്യസന്ധവുമായ ഭാവങ്ങള്‍ ,ഭാവമാറ്റങ്ങള്‍

ആയിരമായിരം രൂപങ്ങള്‍, വര്‍ണ്ണങ്ങള്‍

എന്തും സ്വീകരിക്കുന്നു, കൊടുക്കുന്നു

പക്ഷേ മൗലികത കാത്തുസൂക്ഷിക്കുന്നു

ഒഴുകികൊണ്ടേയിരിക്കുന്നു പക്ഷേ നിശ്ചലവുമാണ്

ഒരേ സമയം ഗതികവും നിശ്ചലവും

പ്രണയത്തിലായ മുനിയെന്നു പറയുംപോല്‍

ആസ്വാദ്യമായ ഒരു വൈരുധ്യം

വൈരുധ്യങ്ങളും സൂക്ഷിക്കപ്പെടേണ്ടതല്ലയോ?

പിന്നെയും കടല്‍ ...

ധാര്‍ഷ്ട്യത്തിന്റെ പടക്കപ്പലുകളെ മുക്കികളയുമ്പോളും

കൊതുമ്പുവള്ളങ്ങളെ താലോലിക്കുന്നു ;താരാട്ടുന്നു

ഉപഗ്രഹ കാമറകളെ കബളിപ്പിക്കുന്നു

മുക്കുവചെക്കനു മുത്തുകള്‍ സമ്മാനിക്കുന്നു

സംഘര്‍ഷങ്ങളെ ശരീരത്തില്‍ വഹിക്കുമ്പോളും

അസാധ്യമായൊരു സമചിത്തത പുലര്‍ത്തുന്നു

മഹാരഹസ്യങ്ങള്‍ ഉള്ളിലൊളിക്കുന്നു

പക്ഷേ ഹൃദയവാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നു

കരുത്ത് ഭയാനകമാണ്

വെണ്‍നുരകളാല്‍ ശിശുതുല്യമായ ചിരികള്‍ സ്വന്തമായുണ്ട്

കൂട്ടിചേര്‍ക്കപ്പെടാന്‍ ഇനിയുമേറെ

മണ്ടന്‍മാര്‍ക്കു മാത്രം വെളിവാകുന്നൊരു

പ്രഹേളികയെന്നു വിളിക്കാന്‍ കൊതിക്കുന്നു..

1 comment: