Sunday, 29 March 2015

തപസ്സ്

ഘോരതപസ്സ്, ആയിരത്താണ്ടുകള്‍..

ഏകാഗ്രതയുടെ പരകോടി..താപസന്റെ ഹൃദയതാളം ഏറ്റുപിടിച്ചു പ്രപഞ്ചം..

അവസാനം, അശരീരി:"വത്സാ, ഞാന്‍ സംപ്രീതന്‍. വരമെന്തെന്നു മൊഴിഞ്ഞാലും"..

താപസന്‍ :" മഹാപ്രഭോ ഒരേയൊരു ചോദ്യത്തിനുത്തരം മാത്രം മതിയിവന് ".

അശരീരി :"ചോദിക്കു കുഞ്ഞേ "

താപസന്‍ : "അനുപൂരകങ്ങളില്ലാത്തതായി എന്താണുള്ളത്?
നന്മക്കു തിന്‍മ, വെളിച്ചത്തിനു ഇരുള്‍,പുരുഷനു സ്ത്രീ, അങ്ങേക്ക് പോലും സാത്താന്‍ എന്നു വിളിക്കപ്പെടുന്ന ഒരു രൂപം"

അശരീരി :"മറുചോദ്യം ചോദിക്കുന്നതിലെ ദുര്‍മാതൃക ക്ഷമിക്കുക. എനിക്ക് ചൂണ്ടി കാണിക്കാന്‍ മാത്രം പറ്റുന്ന ഒന്നാണിത്."

താപസന്‍ :"അവിടുത്തെ ഇച്ഛ പ്രഭോ ."

അശരീരി:" നമുക്കൊരല്‍പ്പം മുന്‍പോട്ടു നടക്കാം..ഈ അറിവിന്റെ സമ്പാദ്യം നീയെങ്ങിനെ ചിലവഴിക്കും?"

താപസന്‍: "സഹജീവികള്‍ക്ക് വിഭജിച്ച് നല്‍കും ..പ്രഭാഷണങ്ങള്‍, പുസ്തകങ്ങള്‍..എന്നേപ്പോലെ ചിന്തിക്കുന്ന ആയിരം തപസ്സുകളൊഴിവാകട്ടെ.."

അശരീരി: "അതു കൊണ്ട് തീര്‍ന്നോ?"

താപസന്‍: " ക്ഷമിക്കണം,  ഇല്ല..നന്മയുടെ ഭാണ്ഡവും പേറി സ്വര്‍ഗ്ഗവാസം.മോക്ഷം.വേദനകളുടെ അവസാനം.. "

അശരീരി: "ഈ ലക്ഷ്യങ്ങളിലെ ഗുണഭോക്താവിനെ തിരിച്ചറിയാനാവുന്നുവോ?"

താപസന്‍: "ഞാന്‍ "

അശരീരി: "അതിന് അനുപൂരകങ്ങളെന്തെങ്കിലും? "

ഭക്തന്‍: "ഒട്ടുമില്ല "

അശരീരി: "സ്വര്‍ഗ്ഗത്തിലേക്കു സ്വാഗതം"

അഹം ബ്രഹ്മാസ്മിന്‍.

No comments:

Post a Comment