Friday, 27 March 2015

മൂന്നു കുട്ടികള്‍

പൊന്നോമനകള്‍, പെണ്‍കുട്ടികള്‍..കൈ കോര്‍ത്തുപിടിച്ചു കാഴ്ചകളുടെ ഉത്സവപറമ്പില്‍..

ആളൊതുങ്ങിയ കോണില്‍  ഒരു ചെറുകുടക്കീഴിലെ കാഴ്ച, ആ കാഴ്ചയുടെ ലാളിത്യമോ മറ്റോ അവരുടെ ശ്രദ്ധ ആകര്‍ഷിച്ചു..വളപ്പൊട്ടുകള്‍..

വളപ്പൊട്ടുകളോ? അസംബന്ധം..

നൂറ്റാണ്ടുകളുടെ പ്രയത്നം,ദേശാടനങ്ങളുടെ അവശേഷിപ്പ്..രാജകുമാരി മുതല്‍ ശൂദ്രച്ചി വരെ പല പല ഗന്ധം പേറുന്നവ..കരള്‍ നിറയെ കഥ നിറച്ചവ..

ഒന്നാം കുട്ടി..സ്വപ്നം വിടര്‍ന്ന കണ്ണുകളുള്ളവള്‍..കരിമ്പന്‍ കയറിയ നിറം മങ്ങിയ ഉടുപ്പും വലിയ കുടയും മുത്തശ്ശിയുടേതെന്നു തോന്നിക്കുന്ന കമ്മലുമിട്ടവള്‍..മനം നിറയെ നിറങ്ങളുള്ളവള്‍..എന്തു കൊടുത്തും വളപ്പൊട്ടു വാങ്ങണമെന്നു ചിണുങ്ങിയവള്‍..

രണ്ടാം കുട്ടി..കുലീനയായ വിദ്യാര്‍ത്ഥി..വളപ്പൊട്ടുകളുടെ ചില്ലുഭരണി നിലത്തുവീണുടഞ്ഞേക്കാമെന്നും കൈ മുറിഞ്ഞു രക്തമൊലിച്ചേക്കാമെന്നും ഉറക്കെ പേടിച്ചോള്‍..

മൂന്നാം കുട്ടി,താതന്‍ സമ്മാനിച്ച കുഞ്ഞുടുപ്പണിഞ്ഞവള്‍..അനുവാദം ചോദിക്കാതൊന്നും വാങ്ങാന്‍ ശീലിക്കാത്തോള്‍..

ഭൂരിപക്ഷത്തിന്റെ മനസ്സറിഞ്ഞാനെന്നവണ്ണം പൊടുന്നനെ ഇരുള്‍ പരന്നു..കുട്ടികള്‍ ഒന്നായി വീട്ടിലേക്ക് ഓടി..

കണ്ണും കാതുമില്ലാത്ത വളപ്പൊട്ടുകള്‍ സ്വപ്നം വിടര്‍ന്ന കണ്ണുകളിലെ നീരും കുഞ്ഞുഹൃദയത്തിന്റെ വേഗം കൂടിയ മിടിപ്പുകളും അകന്നുപോകുന്നത് അറിഞ്ഞില്ലെന്ന് നടിച്ചു ഇരുള്‍ പുതച്ചിരുന്നു..

No comments:

Post a Comment