Tuesday, 31 March 2015

ഒളികണ്ണാല്‍

നഗ്നരായിയിരിക്കാന്‍ സമൂഹം അനുവദിച്ച സ്ഥലങ്ങളില്‍ ഒളിഞ്ഞു നോക്കി വിശദീകരണങ്ങളാവശ്യപ്പെടുക.

വൈകല്യങ്ങള്‍ വിപണനം ചെയ്യപ്പെടുന്ന, സാമാന്യവത്കരിക്കപ്പെടുന്ന കാലം.

ഹിഡന്‍ കാമറ,സ്പൈവെയര്‍,ഓണ്‍ലൈന്‍ ഫിഷിങ്ങ് എന്നിങ്ങനെ പല പേരുകളില്‍.

തലയില്‍ തോര്‍ത്തുമുണ്ടിട്ട,ഇരുളും തിരക്കും പരതി നടക്കുന്ന ശീലങ്ങളേക്കാല്‍ ഭീകരം.

മഹത്ത്വവത്കരിക്കാതിരിക്കുക.

Sunday, 29 March 2015

തപസ്സ്

ഘോരതപസ്സ്, ആയിരത്താണ്ടുകള്‍..

ഏകാഗ്രതയുടെ പരകോടി..താപസന്റെ ഹൃദയതാളം ഏറ്റുപിടിച്ചു പ്രപഞ്ചം..

അവസാനം, അശരീരി:"വത്സാ, ഞാന്‍ സംപ്രീതന്‍. വരമെന്തെന്നു മൊഴിഞ്ഞാലും"..

താപസന്‍ :" മഹാപ്രഭോ ഒരേയൊരു ചോദ്യത്തിനുത്തരം മാത്രം മതിയിവന് ".

അശരീരി :"ചോദിക്കു കുഞ്ഞേ "

താപസന്‍ : "അനുപൂരകങ്ങളില്ലാത്തതായി എന്താണുള്ളത്?
നന്മക്കു തിന്‍മ, വെളിച്ചത്തിനു ഇരുള്‍,പുരുഷനു സ്ത്രീ, അങ്ങേക്ക് പോലും സാത്താന്‍ എന്നു വിളിക്കപ്പെടുന്ന ഒരു രൂപം"

അശരീരി :"മറുചോദ്യം ചോദിക്കുന്നതിലെ ദുര്‍മാതൃക ക്ഷമിക്കുക. എനിക്ക് ചൂണ്ടി കാണിക്കാന്‍ മാത്രം പറ്റുന്ന ഒന്നാണിത്."

താപസന്‍ :"അവിടുത്തെ ഇച്ഛ പ്രഭോ ."

അശരീരി:" നമുക്കൊരല്‍പ്പം മുന്‍പോട്ടു നടക്കാം..ഈ അറിവിന്റെ സമ്പാദ്യം നീയെങ്ങിനെ ചിലവഴിക്കും?"

താപസന്‍: "സഹജീവികള്‍ക്ക് വിഭജിച്ച് നല്‍കും ..പ്രഭാഷണങ്ങള്‍, പുസ്തകങ്ങള്‍..എന്നേപ്പോലെ ചിന്തിക്കുന്ന ആയിരം തപസ്സുകളൊഴിവാകട്ടെ.."

അശരീരി: "അതു കൊണ്ട് തീര്‍ന്നോ?"

താപസന്‍: " ക്ഷമിക്കണം,  ഇല്ല..നന്മയുടെ ഭാണ്ഡവും പേറി സ്വര്‍ഗ്ഗവാസം.മോക്ഷം.വേദനകളുടെ അവസാനം.. "

അശരീരി: "ഈ ലക്ഷ്യങ്ങളിലെ ഗുണഭോക്താവിനെ തിരിച്ചറിയാനാവുന്നുവോ?"

താപസന്‍: "ഞാന്‍ "

അശരീരി: "അതിന് അനുപൂരകങ്ങളെന്തെങ്കിലും? "

ഭക്തന്‍: "ഒട്ടുമില്ല "

അശരീരി: "സ്വര്‍ഗ്ഗത്തിലേക്കു സ്വാഗതം"

അഹം ബ്രഹ്മാസ്മിന്‍.

Friday, 27 March 2015

മൂന്നു കുട്ടികള്‍

പൊന്നോമനകള്‍, പെണ്‍കുട്ടികള്‍..കൈ കോര്‍ത്തുപിടിച്ചു കാഴ്ചകളുടെ ഉത്സവപറമ്പില്‍..

ആളൊതുങ്ങിയ കോണില്‍  ഒരു ചെറുകുടക്കീഴിലെ കാഴ്ച, ആ കാഴ്ചയുടെ ലാളിത്യമോ മറ്റോ അവരുടെ ശ്രദ്ധ ആകര്‍ഷിച്ചു..വളപ്പൊട്ടുകള്‍..

വളപ്പൊട്ടുകളോ? അസംബന്ധം..

നൂറ്റാണ്ടുകളുടെ പ്രയത്നം,ദേശാടനങ്ങളുടെ അവശേഷിപ്പ്..രാജകുമാരി മുതല്‍ ശൂദ്രച്ചി വരെ പല പല ഗന്ധം പേറുന്നവ..കരള്‍ നിറയെ കഥ നിറച്ചവ..

ഒന്നാം കുട്ടി..സ്വപ്നം വിടര്‍ന്ന കണ്ണുകളുള്ളവള്‍..കരിമ്പന്‍ കയറിയ നിറം മങ്ങിയ ഉടുപ്പും വലിയ കുടയും മുത്തശ്ശിയുടേതെന്നു തോന്നിക്കുന്ന കമ്മലുമിട്ടവള്‍..മനം നിറയെ നിറങ്ങളുള്ളവള്‍..എന്തു കൊടുത്തും വളപ്പൊട്ടു വാങ്ങണമെന്നു ചിണുങ്ങിയവള്‍..

രണ്ടാം കുട്ടി..കുലീനയായ വിദ്യാര്‍ത്ഥി..വളപ്പൊട്ടുകളുടെ ചില്ലുഭരണി നിലത്തുവീണുടഞ്ഞേക്കാമെന്നും കൈ മുറിഞ്ഞു രക്തമൊലിച്ചേക്കാമെന്നും ഉറക്കെ പേടിച്ചോള്‍..

മൂന്നാം കുട്ടി,താതന്‍ സമ്മാനിച്ച കുഞ്ഞുടുപ്പണിഞ്ഞവള്‍..അനുവാദം ചോദിക്കാതൊന്നും വാങ്ങാന്‍ ശീലിക്കാത്തോള്‍..

ഭൂരിപക്ഷത്തിന്റെ മനസ്സറിഞ്ഞാനെന്നവണ്ണം പൊടുന്നനെ ഇരുള്‍ പരന്നു..കുട്ടികള്‍ ഒന്നായി വീട്ടിലേക്ക് ഓടി..

കണ്ണും കാതുമില്ലാത്ത വളപ്പൊട്ടുകള്‍ സ്വപ്നം വിടര്‍ന്ന കണ്ണുകളിലെ നീരും കുഞ്ഞുഹൃദയത്തിന്റെ വേഗം കൂടിയ മിടിപ്പുകളും അകന്നുപോകുന്നത് അറിഞ്ഞില്ലെന്ന് നടിച്ചു ഇരുള്‍ പുതച്ചിരുന്നു..

Thursday, 26 March 2015

വിശദീകരണ യോഗം

മൃഗീയകൊലപാതകങ്ങളില്‍ സര്‍ഗ്ഗാത്മകതയും സൃഷ്ടിപരതയും കൊണ്ടുവരുന്നതിലേക്കായി നടത്തപ്പെടുന്ന ഒരു രാഷ്ട്രീയ വിശദീകരണ യോഗം..

കണ്ണില്‍ ഒരല്‍പ്പം വെളിച്ചം ശേഷിച്ച, അണി ആക്കപ്പെട്ടവരില്‍ ഒരുവന്‍, "നേതാവേ നമ്മുടെ തലതൊട്ടപ്പന്‍ മൂത്താപ്പാ ഉദ്ദേശിച്ചത് ഇതൊക്കെ തന്നെയാണോ?"

അടിമുടി നോക്കി..കാര്യപരിപാടികളിലില്ലാത്ത രണ്ട് മിനിറ്റ് കട്ട മൗനാചരണവും.."അതും ഇതും എന്തും വിശദീകരിക്കാന്‍ ആണല്ലോ നമ്മളൊക്കെ..പക്ഷേ കുളിക്കണം, പല്ലുതേക്കണം, മൂത്താപ്പാ വേഷം കെട്ടണം അങ്ങിനെ ചോദ്യം ചോദിക്കുന്നവര്‍ പാലിക്കേണ്ട ഒരുപാട് കാര്യങ്ങളടങ്ങിയ ലഘുലേഘ കണ്ടിട്ടില്ല എന്ന് മാത്രം പറയരുത്.".

"റാന്‍"

കഥ മതി..

Tuesday, 24 March 2015

വേട്ടപ്പട്ടി

ഇരുളിനെയും അപരിചിതരെയും ഭയന്നൊരു കാലത്ത് ഞാനും ഊട്ടി വളര്‍ത്തി ഒരു വേട്ടപ്പട്ടിയെ.

പിന്നീട് ഉദ്യാനത്തില്‍ പൂക്കള്‍ നിറഞ്ഞു, ഇരുളും അപരിചിതത്വവും അലിഞ്ഞുപോയ്

തുരുമ്പെടുത്ത കൂടും വേട്ടപ്പട്ടിയും വിലക്കപ്പെട്ട മൂലയിലേക്ക് മാറ്റപ്പെട്ടു..

എന്റെ കുഞ്ഞേ, പിഞ്ചോമനേ വിലക്കപ്പെട്ട മൂലകള്‍ നിന്റെ കൗതുകം ഉണര്‍ത്താതിരിക്കട്ടെ ..

ഭൂതകാലം, വേട്ടപ്പട്ടിയെ നേര്‍ത്ത ദുരഭിമാനമൂട്ടി ചാവും വരെ ഞാന്‍ പോറ്റിക്കോട്ടെ..

കാഴ്ചമങ്ങി പല്ലുകൊഴിഞ്ഞ അതിനെയും കൊന്നുകളയാന്‍ മനസ്സനുവദിക്കുന്നില്ലല്ലോ..

Monday, 23 March 2015

ആതിഥ്യം

അതിഥികള്‍ വരുന്നു

സമ്മാനങ്ങള്‍ സന്തോഷത്തോടെ തരുന്നു

സ്നേഹസല്‍ക്കാരം സ്വീകരിക്കുന്നു

സ്നേഹം മങ്ങും മുന്‍പേ മടങ്ങുന്നു

ആതിഥേയനോ, സുരക്ഷിതസ്ഥാനം വരെ അതിഥിയെ എത്തിക്കുന്നു- ഉറപ്പുവരുത്തുന്നു

വിലപ്പെട്ടതൊന്നും പരസ്പരം മോഷ്ടിക്കാതിരിക്കുന്നു

അനുകരണീയമായ സംസ്കാരം..

ദൂരകാഴ്ചകള്‍

കടലിന്റെ നീലനിറം തേടി കൂപ്പുകുത്തുമ്പോള്‍,

വെള്ളിമേഘങ്ങളെ പുല്‍കാന്‍ യാത്ര തുടങ്ങുമ്പോള്‍,

മഞ്ഞുതുള്ളിയെ കണ്ണാടിക്കൂട്ടിലാക്കാന്‍ ഒരുമ്പെടുമ്പോള്‍,

സ്വര്‍ണ്ണമത്സ്യത്തെ മുറിക്കുള്ളിലെത്തിക്കുമ്പോള്‍,

നക്ഷത്രങ്ങളുടെ ജാതകമെഴുതുമ്പോള്‍,

ഞാനോര്‍ക്കണമായിരുന്നു-

ദൂരകാഴ്ചകളുടെ സൗന്ദര്യം എന്നും ദൂരങ്ങളില്‍ മാത്രം.

Saturday, 21 March 2015

ജനകന്‍

വാക്കുകളുടെ ദുഃഖം :

ഏതോ തമസ്സില്‍ ഇന്ദ്രിയങ്ങളുരുവാകാത്ത സുഷുപ്തിയില്‍ നിന്നും വിളിച്ചുണര്‍ത്തിയതാര്?

ജനനവും മരണവും പ്രണയവും വിരഹവും അലങ്കരിക്കും പനിനീര്‍ പുഷ്പങ്ങളാക്കിയതാര്?

കാമക്രോധലോഭമോഹാദികള്‍ തലതല്ലി വീഴുന്ന ദേവാലയനട പോലാക്കിയതാര്?

ജനകന്റെ ദുഃഖം :

മാംസനിബദ്ധമാം രാഗമെന്നോ പ്രപഞ്ചശക്തികളുടെ നിഗൂഡം അലിഖിതനിയമമെന്നോ, വിശദീകരണങ്ങള്‍ ആരോട് എപ്പോള്‍ എങ്ങിനെ എന്നു അനന്തമായി നീണ്ടു പോകും

Friday, 20 March 2015

റിയാലിറ്റി ചലഞ്ച്

സില്‍മാക്കാരന്‍ പറഞ്ഞ ലോകാവസാനം കഴിഞ്ഞിരിക്കണ റ്റൈം..

ഏതോ ഒരു  കാശുകാരന്‍ ഏതോ ഒരു ചാനലുകാരെ കൊണ്ട് ആരെയൊക്കെയോ വെച്ച് സംഘടിപ്പിച്ച ഒരു റിയാലിറ്റി ചലഞ്ച് - അലങ്കോല മുറി അടിപൊളിയാക്കല്‍ ചലഞ്ച്..അ.മു.അ. ച... അവസാന റൗണ്ട്. ആശ്ചര്യം!! പഞ്ചപാണ്ഡവന്‍മാര്‍ നാലു പേരുടേയും പേരു ഒന്നുതന്നെ - സുലൈമാന്‍; മ്മടെ സുലൈമാന്‍..

എവിടെയോ കിടക്കണ താക്കോല്‍ എടുത്തു മുറി തുറക്കലാണ് ആദ്യം..സുലൈമോന്‍മാര്‍ എത്ര മുറി കണ്ടതാ.. നാലു പേരും പുല്ലുപോലെ തുറന്നു..പണി തുടങ്ങി -പല്ലിക്കാട്ടം ; പാറ്റാക്കാട്ടം - കോര്‍പ്പറേഷന്‍ വണ്ടി പോലെ..എന്തായാലും കൊക്കിലൊതുങ്ങുംപോലെ ചലഞ്ചി..

വിധിദിവസം...ഗാംഭീര്യമുള്ള ശബ്ദത്തില്‍ ഒരു ചേട്ടനും നിഗൂഡമായ ഭാഷയില്‍ ചേച്ചിയും വിധി വിശദീകരിച്ചു തുടങ്ങി(അതുതന്നെ - സസ്പെന്‍സ്)

ഒന്നാം സുലൈമാന്‍...അദ്ദേഹത്തിന്റെ സിസിറ്റിവി സാക്ഷ്യപ്രകാരം പണിതുടങ്ങി അല്‍പ്പം കഴിഞ്ഞ് ദുര്‍ഗന്ധം പോവാന്‍ പ്രൈസ് മണി തികയില്ല എന്നു കരുതി എല്ലാം പഴയതുപോലാക്കി സ്ഥലം വിട്ടു.."ങ്ങള് നല്ല മനസ്സുള്ള ഒരു സാധാരണ സുലൈമാന്‍ തന്നെ"..അപ്പൊ തന്നെ അവാര്‍ഡും കൊടുത്തു...

ഇനി അടുത്ത സുലൈമാന്‍..ഓന്‍ കൊറേ വൃത്തിയാക്കി അടുത്ത സുലൈമാനു വേണ്ടി മുറിയൊഴിഞ്ഞു.."പഹയാ ഇജ്ജ് മനുഷത്തമുള്ള ഒരു വൈദ്യര് സുലൈമാന്‍ തന്നെ"....

മൂന്നാമന്‍..ഒാന്‍ ഓടിനടന്ന് വെടിപ്പാക്കി വെടിപ്പാക്കി വട്ട് കേറി അംഗ്രേസിയില്‍ രണ്ട് തെറീം പറഞ്ഞ് മുറി പഴയതിലും വൃത്തികേടാക്കി..."നീ സുലൈമാനല്ല..നാട്ടില് രാഷ്ട്രീയം കളിച്ചുനടക്കണ ഉപ്പും പുളിയുമില്ലാത്ത വെറും മാന്‍"...

ഇനി നാലാമന്‍...ഹമുക്ക്..അവതാരങ്ങളെ ഉറങ്ങാന്‍ വിടാതെ മുറി മുഴുവന്‍ ഏതോ ഹലാക്കിലെ അത്തര്‍ ഒഴിച്ചു കഴുകി...പക്ഷേ ഓന്‍ സുലൈമാനല്ല ഹനുമാനാണ്..നെഞ്ഞ് പൊളിച്ചാല്‍ രാമനെ കാണാവുന്ന ഹനുമാന്‍..പി.ഡബ്ള്യൂ .ഡി..അവാര്‍ഡും കാശും ഓന് തന്നെ..

ശുഭം!!!