Friday, 3 January 2020

ശാസ്ത്രത്തോടുമുണ്ട് പരിഭവം

അതെ.ശാസ്ത്രത്തോടും പരിഭവമുണ്ട്.

ശാസ്ത്രം എന്നാല്‍ ഒരു ചിന്താധാര അഥവാ വീക്ഷണശൈലി എന്ന ബൗദ്ധികതലത്തില്‍ പറഞ്ഞതല്ല.ശാസ്ത്രവും മനുഷ്യനും കണ്ടുമുട്ടുന്നത് കണ്ടുപിടുത്തങ്ങള്‍ (inventions)എന്നൊരു വേദിയില്‍ വെച്ചാണല്ലോ!കണ്ടുപിടുത്തങ്ങളോടാണ് പരിഭവം.

നമുക്കറിയാവുന്നതുപോലെ,ശാസ്ത്രത്തിന്റെ ശൈശവം എപ്പോഴും പ്രകൃതി നിരീക്ഷണമാണ്.പ്രകൃതിയെ നിരീക്ഷിച്ചാണ് ശാസ്ത്രം എന്നും ആശയങ്ങള്‍ എന്ന വിത്ത് പാകിയത്.നമുക്കും പ്രകൃതിയെ ഒന്നു നിരീക്ഷിച്ചാലോ?

ചലനശേഷിയുള്ളതും ഇല്ലാത്തതും പരസ്പരം ആഹാരകാര്യത്തില്‍ അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നതുമായ എണ്ണിയാലൊടുങ്ങാത്ത സംഗതികളെ നമുക്ക് കാണാം.

എല്ലാവരും ഫുഡ് ചെയിന്‍ എന്നൊരു ബൃഹത് ശൃംഖലയുടെ ഭാഗമാണെന്നാണ് നമ്മുടെ സാമാന്യവത്കരണം.ഈ ചെയിനില്‍ ഒരു ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം ക്രമാതീതമായാല്‍ തീര്‍ച്ചയായും അവയെ ആഹാരമാക്കുന്ന ജീവികളുടെ എണ്ണവും കൂടും.ഇല്ലെങ്കില്‍ എവ്വിധമെങ്കിലും (രോഗങ്ങളോ പ്രകൃതിപ്രതിഭാസങ്ങളോ നിമിത്തം-ഇവ രണ്ടും കണ്‍ട്രോള്‍ മെഷറാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടാവില്ല..പക്ഷേ ഇവ യഥാര്‍ത്ഥമാണെന്ന് നിരീക്ഷണത്താല്‍ മനസ്സിലാക്കാം) ആനുപാതികമല്ലാതെ പെരുകിയ ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം നിയന്ത്രിക്കപ്പെടും. 

മനുഷ്യശരീരത്തിലെ സങ്കീര്‍ണ്ണമായ ജൈവരാസ പ്രക്രിയകളെ നിരീക്ഷിച്ചാലും ഈ നിയന്ത്രണ സംവിധാനം വളരെ വ്യക്തമാവും.ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുവിന്റെ ശരീരത്തിലെ ദൗത്യം കഴിയുമ്പോള്‍ അതിനെ നിര്‍വ്വീര്യമാക്കുന്ന ഒന്ന് രംഗപ്രവേശം ചെയ്യുന്നു.ഇന്‍സുലിനും ഗ്ളൂക്കഗോണും ഉദാഹരണങ്ങളാണ്. 

ഇപ്രകാരം പ്രകൃതി സംവിധാനം നിര്‍വ്വഹിച്ച എല്ലാ സിസ്റ്റങ്ങളിലും അവയുടെ നിലനില്‍പ്പിലും ദൗത്യനിര്‍വ്വഹണത്തിലും അടിസ്ഥിതമായ ഒരു സമവാക്യം കാണാവുന്നതാണ്.ദൗത്യനിര്‍വ്വഹണം എന്താണ്,എങ്ങിനെയാണ് എന്നൊക്കെ ഫൂള്‍പ്രൂഫായി വിശദീകരിക്കാനുള്ള അറിവ് എനിക്കില്ല.പക്ഷേ പ്രകൃതി ഒരുക്കിയ സംവിധാനങ്ങളിലെല്ലാം അന്ധമായ,കണിശമായ,പക്ഷപാതമില്ലാത്ത ഒരു നീതി വര്‍ക്കൗട്ടാവുന്നുണ്ട്.നീതി അന്ധമാണ് എന്നത് പാടിപ്പതിഞ്ഞ ഒരു ശീലാണല്ലോ!

ഇനി ശാസ്ത്രജന്യമായ ഉത്പന്നങ്ങളെ പരിശോധിച്ചാലോ!പലതിലും കണ്‍ട്രോള്‍ പാനലുകള്‍ കാണാം.പക്ഷേ കണ്‍ട്രോള്‍ പാനലിനെ കണ്‍ട്രോള്‍ ചെയ്യുന്നത് നീതിബോധം ഒട്ടുമില്ലാത്ത,താനായിരിക്കുന്ന വലിയ സിസ്റ്റത്തിന്റെ നിലനില്‍പ്പിനെപ്പറ്റിയോ ദൗത്യങ്ങളെപ്പറ്റിയോ ഒരു ധാരണയും ഇല്ലാത്ത വ്യക്തിയോ വ്യക്തികളോ ആയിരിക്കും.അഥവാ നീതിയെക്കുറിച്ച് ധാരണയുണ്ടെങ്കിലും അതിനെ മരണഭയം,പ്രായോഗികതാവാദം,മാറിമാറി വരുന്ന ചിന്തകള്‍ എന്നിവയെല്ലാം കളങ്കപ്പെടുത്തി നശിപ്പിക്കുമെന്നതാണ് അനുഭവം.ഇപ്രകാരം തെറ്റായി നിയന്ത്രിക്കപ്പെടുന്ന കണ്ടുപിടുത്തങ്ങള്‍ ഏറി വരുന്നുണ്ട്.

ആധുനിക(വൈദ്യ)ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഫലമായുണ്ടായ മനുഷ്യകുലത്തിന്റെ പെരുകല്‍ തടയണം എന്നൊക്കെ ചിന്തിക്കുന്നവരുമുണ്ട്.ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം അതല്ല എന്നു ആത്മാര്‍ത്ഥമായിത്തന്നെ പറഞ്ഞുകൊള്ളട്ടെ.ശാസ്ത്രത്തെ കൈകാര്യം ചെയ്യുന്നത് കാഴ്ചയിലും കാഴ്ചപ്പാടുകളിലും ഒരുപാടു പരിമിതികള്‍ ഉള്ള മനുഷ്യരായതിനാല്‍ ശാസ്ത്രത്തിലേയ്ക്കും ആ പരിമിതികള്‍ ബാധിച്ചേക്കാം എന്ന് ഓര്‍മ്മപ്പെടുത്തിയതാണ്. 

No comments:

Post a Comment