Sunday, 12 January 2020

യാത്രാവിവരണം

സമയവും കാലവും വെളിവും വെള്ളിയാഴ്ചയുമൊന്നുമില്ലാത്ത ഒരു മാരകഫ്യൂഷന്‍ സംഭവമാണ്...പതിവുപോലെ!

ഞാന്‍..പര്യവേഷകരുടെ നാട്ടിലും സംസ്കാരത്തിലും ജനിച്ച ഒരാളാണ്.രണ്ടാം വയസ്സില്‍ പോളിയോ വാക്സിന്‍ തന്ന ഹെല്‍ത്ത് വര്‍ക്കര്‍ ജീവന്റെ രണ്ടു തുള്ളികള്‍ക്കിടയില്‍ ഒന്നു തുമ്മിപ്പോയ വകയില്‍ ശരീരത്തിന് സാരമായ മോഡിഫിക്കേഷനുകള്‍ ഉണ്ട്.പതിനാലാം വയസ്സില്‍ രജനിപ്പടത്തിന് ക്യൂ നിന്ന് സൂര്യാഘാതമേറ്റ വകയില്‍ തൊലിപ്പുറമേയും  കാര്യമായ ഡിസൈനുകളുണ്ട്.പക്ഷേ ഇതൊക്കെയുണ്ടെങ്കിലും പ്രത്യേകിച്ച് ഒരു പണിയും ചെയ്യാനുദ്യമിക്കാറില്ല എന്ന സല്‍ഗുണവുമുണ്ട്.

അങ്ങനെ സംഭവബഹുലമായ ജീവിതത്തിന്റെ ഒരു ദിവസം ഒരു പുസ്തകം എങ്ങിനെയോ
കൈയ്യിലെത്തി.യാത്രാവിവരണമാണ്...

ചുമ്മാ മറിച്ചുനോക്കി.താത്പര്യം തോന്നുന്നു.വായന തുടങ്ങി.ആവേശോജ്ജ്വലം!!!മൈന്റ് ബ്ളോയിങ്ങ്!!

'യാത്രാവിവരണകാരന്‍ ഒരു പായ്ക്കപ്പലിലേറി വിധൂരമായൊരു തീരത്ത് അടുക്കുന്നു.അദ്ദേഹം തീരത്ത് കാലെടുത്തു വെച്ചതും തദ്ദേശീയരെല്ലാരും ആരാധനയും ബഹുമാനവും കലര്‍ന്ന നോട്ടം സമ്മാനിക്കുന്നു.കൈകളൊക്കെ സ്ട്രെച്ച് ചെയ്ത് യാത്രാക്ഷീണമകറ്റല്‍ കൂടിയായപ്പോള്‍ അവിടുത്തെ അവിവാഹിതകളൊക്കെ പരവശരായപോലെ.ഒരു സ്വാഗതസംഘം വന്ന് എഴുത്തുകാരനെ മാലയിട്ടും വെല്‍ക്കം ഡ്രിങ്ക് കൊടുത്തും സ്വീകരിക്കുന്നു.അവിടെ നിന്ന് നേരെ അദ്ദേഹത്തെ ചെറിയ ഉല്ലാസപ്രകടനങ്ങള്‍ നടക്കുന്നിടത്തേയ്ക്കാണ് നയിച്ചത്.ചെറിയ തമാശകളികളൊക്കെ കഴിഞ്ഞ് അദ്ദേഹത്തെ നേരെ ആ നാട്ടിലെ രാജാവിന്റെ കൊട്ടാരത്തിലേയ്ക്കാണ് കൊണ്ടുപോയത്.ഗംഭീരസദ്യകള്‍ക്കുശേഷം യാത്രാവിവരണകാരനിഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹവും കഴിപ്പിച്ചു കൊടുത്തിട്ടാണ് അദ്ദേഹത്തെ ആഘോഷപൂര്‍വ്വം കപ്പലില്‍ കൊണ്ടുവിട്ടത്.'

എന്താ അല്ലേ!!!???വെറും തിരുത്തല്‍വാദിയായ എനിക്കു പോലും കപ്പലോടിക്കാന്‍ തോന്നി..

തമാശയല്ല.യാത്രാവിവരണകാരന്‍ പോയെന്നു അവകാശപ്പെട്ട കപ്പലില്‍ തന്നെ കയറിപ്പറ്റി.

ടിക്കറ്റിനു കാശില്ലാത്തതിനാല്‍ സ്റ്റോര്‍ റൂമില്‍ ആയിരുന്നു സ്ഥിരതാമസം.ഒരുപാട് എലികളും പാറ്റകളും ചിലന്തികളുമൊക്കെ കൂട്ടിനുണ്ട്.

ദീര്‍ഘയാത്രക്കുശേഷം യാത്രാവിവരണത്തില്‍ വിവരിച്ച ലക്ഷണങ്ങളോടു കൂടിയ തീരമെത്തി.ഷേക്ക് പണ്ണിയ ഷാമ്പേന്‍ ബോട്ടില്‍ പോലെ ആവേശം പതഞ്ഞു പൊന്തുകയാണ്.പക്ഷേ കാത്തിരിക്കണം.ടിക്കറ്റില്ലല്ലോ!

അങ്ങനെ ആ സമയവും വന്നു...സ്വപ്നതീരത്ത് ഇറങ്ങുന്ന നിമിഷം...

എലിമൂത്രവും പാറ്റാക്കാട്ടവും ചിലന്തിവലയുമൊക്കെ മാസങ്ങളായി വെള്ളം കാണാത്ത ഉടുപ്പില്‍ ആവശ്യത്തിലേറെയുണ്ട്.അതൊക്കെ നോക്കാന്‍ എവിടെ നേരം.തീരത്തിറങ്ങി..

ആഹാ...ഇവിടുത്തെ കാറ്റാണ് കാറ്റ്.

പക്ഷേ അധികമാരും തിരിഞ്ഞു നോക്കിയില്ല.നോക്കിയവരുടെ മുഖത്തൊക്കെ ഒര പുച്ഛം പോലെ.ഇവിടെ വല്ല ഹര്‍ത്താലുമാണോ ആവോ!!

ചുമച്ചും കുരച്ചും കുറേപ്പേരുടെ ശ്രദ്ധ പിടിച്ചെടുത്തു.

അടുത്ത സ്റ്റെപ്പിനു സമയമായി.കൈകള്‍ സ്ട്രെച്ച് ചെയ്തു.പാറ്റാക്കാട്ടം തെറിച്ചു.അതിലും വേദനാജനകമായി കണ്ടുനിന്നവര്‍ കളിയാക്കി ചിരിച്ചു.

സ്വാഗതസംഘമില്ല!

വെല്‍ക്കം ഡ്രിങ്കില്ല!!

യാത്രാവിവരണത്തിലെ വഴികളുടെ ഡിസ്ക്രിപ്ഷന്‍ വെച്ചു ഉല്ലസിക്കുന്ന സ്ഥലത്തേയ്ക്ക് ഏകനായി നടന്നു.ഏകനെന്നു പറയാനാവില്ല. കുറേ കണ്ണുകള്‍ പിറകേയുണ്ട്.

ഉല്ലാസം കഴിഞ്ഞാണല്ലോ കൊട്ടാരം!
ഉല്ലസിക്കുന്നിടത്തെത്തി.

അമ്മച്ചീ....

ആ നാട്ടിലെ തടിയന്‍മാര്‍ പഞ്ചഗുസ്തി പിടിക്കുന്നു!

കബടി കളിക്കുന്നു!!

ഗുസ്തിയും ഭാരോദ്വഹനമത്സരവും നടത്തുന്നു!!

എല്ലാം കഴിഞ്ഞ് നാട്ടുകാര്‍ ഒരു വാഴത്തടയില്‍ കെട്ടി കടലില്‍ തട്ടിയ ഞാന്‍ ഏതോ കൊമ്പന്‍ സ്രാവിന്റെ കാരുണ്യം കൊണ്ട് നാട്ടിലെത്തി!

അത്യാവശ്യം പുസ്തകം തുറക്കാനുള്ള പ്രാപ്തിയായപ്പോള്‍ നൈരാശ്യത്തിന്റെയും കോപത്തിന്റെയും പാരമ്യത്തില്‍ ആ യാത്രാവിവരണമെഴുതിയ കള്ള ബഡുവായുടെ ഡീറ്റെയ്ല്‍സ് നോക്കി.പേര് അര്‍നോള്‍ഡ് ഷ്വാസനെഗര്‍.പത്തിരുന്നൂറ്റമ്പതു കിലോ ബെഞ്ച് പ്രസ്സടിക്കുന്ന ബോഡി ബില്‍ഡറാണ്.മിസ്റ്റര്‍ ഒളിബ്യായോ മറ്റോ ആയിരുന്നു.സിനിമാനടനുമാണ്.

അന്നാണ് മനസ്സിലാക്കിയത് ഓരോരുത്തരുടെ യാത്രയും വ്യത്യസ്തമാണെന്ന്!

അതില്‍ കാഴ്ചപ്പാടുകളുടേയും ആകസ്മികതകളുടേയും വിഭവങ്ങളുടേയും മാനേജുമെന്റിന്റെയും ഒക്കെ പെര്‍മ്യൂട്ടേഷനുകളും കോമ്പിനേഷനുകളുമൊക്കെ കാണാമെന്ന്.

പക്ഷേ യാത്രകള്‍ അനിവാര്യമാണ്.രാമായണം രാമന്റെ അയനമെന്നതുപോലെ ഓരോരുത്തരും തങ്ങളിലേയ്ക്കും മറ്റുള്ളവരിലേയ്ക്കുമൊക്കെ യാത്ര ചെയ്യേണ്ടവര്‍ തന്നെയാണ്.

മുന്‍വിധികളെ അഡീഷണല്‍ ഇന്‍ഫര്‍മേഷനായെടുക്കുന്നവര്‍ ഓരോ യാത്രയും ആസ്വദിക്കുന്നവരാകും!

ശുഭയാത്ര!!

No comments:

Post a Comment