"ഇതെന്താണപ്പാ ഈ ഡിക്സി..ഡിപ്പി..അല്ലല്ലോ..ഛായ്..പെന്‍സി ഫീ!?അകൗണ്ടില്‍ ഡെബിറ്റ് ആയിട്ടുണ്ടല്ലോ!"
"എവിടെ?നോക്കട്ടെ?കാണിച്ചേ?"
"ദാ ഈ ലൈന്‍"
"ഇത് ഡി..സ്..ക്രി..പ..ന്‍സി ഫീ..അതന്നെ..ഡിസ്ക്രിപെന്‍സി ഫീ!"
"ആഹാ.താനെളുപ്പത്തില്‍ വായിച്ചല്ലോ!എനിക്ക് ചെല വാക്കുകളൊന്നും വായില്‍ വരില്ല.പണ്ട് പഠിക്കുമ്പോള്‍ നോട്ട് പറഞ്ഞ് കൊടുത്തതില്‍ ഷുഗര്‍ കേനെന്നത് ഷുഗര്‍ ക്ളെയിന്‍ എന്നേ വന്നുള്ളൂ.ആ പാരഗ്രാഫിലാണേല്‍ ഒരു ഇരുപതു പ്രാവശ്യം ഷുഗര്‍ കേനുണ്ടായിരുന്നു താനും...ആ..അതൊക്കെ പോട്ടെ..ഇപ്പറഞ്ഞ പന്‍സി ഫീ എന്താ സംഭവം എന്നറിയാവോ?സിസ്റ്റത്തില്‍ അങ്ങനെയൊരു എന്‍ട്രി കാണുന്നുമില്ലല്ലോ!"
"അതാ ബാങ്കി വിളിച്ചു ചോദിച്ചാ പോരേ?"
"അതും നേരാണല്ലോ!നാണക്കേടാവുവോ?സിമ്പിള്‍ സംഗതി വല്ലതുമാണെങ്കില്‍.."
"അത്ര സിമ്പിളാവാന്‍ ചാന്‍സില്ല.നമ്മളു രണ്ടും ആദ്യമായിട്ടു കേള്‍ക്കുകയല്ലേ!"
ബാങ്കില്‍ വിളിച്ചു.
എന്തോ എല്‍സിയുമായി ബന്ധപ്പെട്ട കാര്യമാണെന്നു മാത്രം മനസ്സിലായി.
പഴയ ഇണ്ടാസുകളെല്ലാം പരിശോധിച്ചു.
ഗൂഗിളിനോട് പലവുരു സംശയങ്ങളുന്നയിച്ചു.
പുതുതായി ഒരു സ്ഥലത്ത് ജോലിക്കെത്തുമ്പോള്‍ ഇതൊക്കെ പതിവാണ്.
എല്‍സി എന്ന L.C. ലെറ്റര്‍ ഓഫ് ക്രെഡിറ്റ് എന്നൊരു പേമെന്റ് സംവിധാനമാണത്രെ.കസ്റ്റമര്‍ക്ക് സപ്ളൈയറുടെ മേലും തിരിച്ചും നിയന്ത്രണങ്ങളുള്ള ഒരു പണമിടപാട് രീതിയാണ് ഇത്.
സാധാരണ രാജ്യത്തിനു പുറത്തുള്ള സപ്ളേയേഴ്സെല്ലാം നൂറു ശതമാനം പണം കൈപ്പറ്റിയതിനു ശേഷമേ പ്രൊഡക്റ്റ് കസ്റ്റമര്‍ക്ക് എത്തിക്കാറുള്ളൂ.പണം മുഴുവന്‍ അഡ്വാന്‍സായി കൈപ്പറ്റിയാല്‍ പിന്നെ പെട്ടെന്ന് ഭാഷ മറന്നു പോകുന്നവരുണ്ട്.
ഉദാഹരണം ചൈനക്കാര്‍.
എക്സിബിഷനുകള്‍ക്കു വരുമ്പോളും ഡീലുകളെക്കുറിച്ച് സംസാരിക്കുമ്പോഴുമൊക്കെ നല്ല സ്ഫുടമായി ഇംഗ്ളീഷു പറയുന്നവര്‍ കാശു കൈപ്പറ്റിയാല്‍ പിന്നെ പെട്ടെന്ന് ഇംഗ്ളീഷ് മറക്കും.പിന്നെ മണ്ഡാരിന്‍ ചൈനീസ് മാത്രം..
ഇതൊക്കെയാണെങ്കിലും അവരുടെ ലേഡി മാര്‍ക്കറ്റിങ്ങ് മാനേജേഴ്സ് 'oh yeah' എന്ന് ഇടക്കിടെ ഈണത്തില്‍ പറയുന്നത് കേള്‍ക്കാന്‍ എന്തു രസമാണെന്നോ!
വിഷയത്തില്‍ നിന്നു വ്യതിചലിച്ചു!
ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ഇതിനൊക്കെ ഒരു പരിഹാരമാണ്.സപ്ളൈയര്‍ക്ക് പണം കിട്ടി എന്ന് ആശ്വസിക്കാം.കസ്റ്റമര്‍ക്ക് ഷിപ്മെന്റുമായി ബന്ധപ്പെട്ട അവരുടെ നിബന്ധനകള്‍ L.C.യില്‍ എഴുതിച്ചേര്‍ക്കാം.പാക്കിങ്ങ് ഇങ്ങിനെയാവണം,ഷിപ്മെന്റ് ഇന്‍ഷ്വേഡായിരിക്കണം,എക്സ്പെറ്റഡ്
ഡെലിവറി ഡേറ്റു വരെ എഴുതി ചേര്‍ക്കാം.ഇതിലെന്തെങ്കിലുമൊക്കെ വ്യവസ്ഥകള്‍ തെറ്റിക്കപ്പെട്ടാലാണ് ആദ്യം പറഞ്ഞ മറ്റേ പെന്‍സി ഫീ പേമെന്റില്‍ നിന്നു കുറയുക.ഷിപ്മെന്റ് അല്‍പ്പം താമസിച്ചിരുന്നു.അതാണ് വിഷയം.
"എങ്ങിനെ എന്‍ട്രിയിടും.റീകണ്‍സിലേഷന്‍ പെന്റിങ്ങാവരുതല്ലോ?മറ്റേ ഡിക്..ആ ഫീയ്ക്കുള്ള ഹെഡ് സിസ്റ്റത്തിലില്ല.ക്രിയേറ്റ് ചെയ്യണമല്ലോ!"
"അങ്ങനെ ചെയ്യണേല്‍ മാനേജരെ കാണണം.അങ്ങേരു അപ്രൂവ് ചെയ്യണ്ടേ?"
"ഓഹ്!"തലവേദനയാണ്.പണിയെടുക്കുന്നതിലല്ല.നാക്കു വഴങ്ങാത്ത ഈ വാക്ക് എങ്ങിനെ മാനേജരെ പറഞ്ഞു മനസ്സിലാക്കുമെന്നതിലാണ്!
കര്‍മ്മനിബദ്ധനാണ്.അമാന്തിച്ച് നില്‍ക്കാന്‍ സമയമില്ല.നടന്നു.മാനേജരുടെ മുറിയുടെ വാതില്‍ക്കല്‍ നിന്നു ഡിസ്ക്രിപെന്‍സി ഉച്ചരിക്കാന്‍ രണ്ടു മൂന്നു വിഫല ട്രയലുകള്‍ നടത്തി.
ശേഷം രണ്ടും കല്‍പ്പിച്ച് അകത്തേയ്ക്ക് കയറി...അനുവാദം ചോദിച്ചിട്ടാണ്.വിഷ് ചെയ്തു.
"സര്‍,നമ്മള്‍ നാട്ടിലേയ്ക്ക് വിട്ട ഷിപ്മെന്റിന്റെ എല്‍സിക്ക് എന്തോ ഗുലുമാലുണ്ട്.ബാങ്കീന്ന് വിളിച്ചിരുന്നു."
"ബാങ്കീന്ന് വിളിച്ചോ?"ആള് ഗൗരവം എടുത്തണിഞ്ഞു.തന്റെ ടാബ് എടുത്ത് കാര്യമായി എന്തോ തോണ്ടി തുടങ്ങി.
ഒന്നു രണ്ടു മിനുട്ടുകള്‍ അങ്ങിനെ തോണ്ടലും തോണ്ടല്‍ നിരീക്ഷണവുമായി കടന്നു പോയി.
ഇത് ശരിയാവില്ലല്ലോ!
നമ്മുടെ സമയത്തിനും വിലയുള്ളതല്ലേ?!
തൊഴിലാളി വര്‍ഗ്ഗം ഉള്ളില്‍ തലയുയര്‍ത്തി.
"സര്‍,തിരക്കാണെങ്കില്‍ ഞാന്‍ പിന്നെ വരട്ടെ?"
"താമ്പറഞ്ഞതിന്റെ സൊലൂഷനാടോ നോക്കുന്നെ.ഒന്നുരണ്ട് എമ്മല്ലേമാരുടെ നമ്പറുണ്ടായിരുന്നതാണ്.ഇതില്‍ കാണുന്നില്ല.ഫോര്‍മാറ്റ് ചെയ്തപ്പൊ പോയോ എന്നാണ്!"
"എമ്മല്ലേമാരുടെ നമ്പര്‍....എന്തിനാണു സര്‍?"
"എന്തിനാന്നോ!!ആ..താനൊക്കെ കോണ്‍വന്റ് സ്കൂള്‍ ബ്രോയിലര്‍ ആയിരിക്കും..അതാണ്.നമ്മളൊക്കെ നാട്ടിലും അത്യാവശ്യം ഹോള്‍ഡുള്ള ആളാണ്."
"ഞാനും ഗവണ്‍മെന്റ് സ്കൂളില്‍ പഠിച്ച ആളാണ് സര്‍.എന്തിനാണ് എമ്മല്ലേയുടെ നമ്പര്‍ എന്നതാണ്...?"
"എടോ..നാട്ടിലേയ്ക്കുള്ള ഷിപ്മെന്റില്‍ പ്രശ്നമുണ്ടാക്കുന്നത് എല്‍സി അല്ലേ!?എല്‍സി സെക്രട്ടറി ഒരു പാര്‍ട്ടി എമ്മല്ലേ പറഞ്ഞാല്‍ നില്‍ക്കില്ലേ?താനൊക്കെ ചെറുപ്പമായിട്ടും ബ്രെയിനത്ര ഫാസ്റ്റല്ലല്ലോ!!"
ജബ..ഡിസ്ക്രിപന്‍സി എന്നു തെറ്റി പറയുമ്പോള്‍ കളിയാക്കുമെന്നു കരുതിയ ആള്‍ എല്‍സിയെ ലോക്കല്‍ കമ്മിറ്റിയാക്കി അര്‍മാദിക്കുന്നു.ചിരിക്കണോ കരയണോ?നിങ്ങളു പറ.
No comments:
Post a Comment