Sunday, 19 January 2020

പണി പാളും നേരം

പണി പാളും നേരം:-

"നിങ്ങളിങ്ങനെ ഒരു നാണംകുണുങ്ങിയായി പോയല്ലോ!ശ്ശെ!!"അവള്‍ പ്രകോപനമെറിഞ്ഞു.

"സന്ദര്‍ഭോചിതവും കാര്യമാത്രപ്രസക്തമായും ധൈര്യം കാട്ടാറില്ലേ?അതു പോരെ?"

പോരേ?!!

"എന്നാലും ഒരു പുരുഷനെന്നൊക്കെപ്പറയുമ്പോള്‍ മറ്റുളളവര്‍ക്ക് ചില സങ്കല്‍പ്പങ്ങളൊക്കെ കാണില്ലേ?"

"ആ..ശരി..മാറിക്കളയാം!"

പക്ഷേ എങ്ങിനെ ധൈര്യം തെളിയിക്കും???? നൂ റുനൂറ് സിനിമകളില്‍ കണ്ട ഒരു നമ്പറുണ്ട്.ചീപ്പാണ്.പക്ഷേ അഭിനയിച്ചു ഫലിപ്പിക്കാനാകും.

നേരെ അന്യസംസ്ഥാനതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗ്ളാവിലേയ്ക്ക് വെച്ചു പിടിച്ചു.

"എന്താ സേട്ടാ റാവിലെ തന്നെ?"

"അതേ ഭായീ നമക്ക് ഒരു ചെറിയ ഡ്രാമ കളിക്കാന്‍ കുറച്ചു തടിയമ്മാരെ വേണാരുന്നു!"

"ഡെരാമ സേട്ടാ?!"

"നാടക് നാടക്..കുറച്ച് മോട്ടാ ഫയല്‍വാന്‍ ഭായി ചാഹിയെ.ആ..എടുത്തെറിയാന്‍ പാകത്തിന് ഒരു പത്തലാ ഭായീം ഇരുന്നോട്ടെ!"

അങ്ങിനെ സംഗതി സെറ്റാക്കി.നായികയെ എന്തെങ്കിലും പറഞ്ഞ് ശല്യപ്പെടുത്തുന്ന മല്ലന്‍മാരായ വില്ലന്‍മാരെ നായകന്‍ ഒരു മാര്‍ഷ്യല്‍ ആര്‍ട്സ് ഫ്യൂഷന്‍ പ്രകടനത്തിലൂടെ ഓടിക്കൂന്നു.നായികയുടെ ഹൃദയവാതില്‍ തള്ളിത്തുറന്ന് അതില്‍ പ്ളാസ്റ്റിക് പാ വിരിച്ച് ഞാന്‍ സ്ഥിരമായി കിടന്നുറങ്ങുന്നു.ആഹാ..എന്താ പ്ളാന്‍!സ്വയം ആശ്ളേഷിക്കാന്‍ തോന്നിപ്പോയി!!

അങ്ങിനെ നായികയെ കൊണ്ട് മ്മള്‍ സിനിമ കാണിക്കാന്‍ പോകുന്നു.വഴിയില്‍ കുറേ മല്ലന്‍മാരും ഒരു എല്ലനുമടങ്ങുന്ന സംഘം ഞങ്ങളെ ശല്യപ്പെടുത്തുന്നു.പ്ളാന്‍ ചെയ്തപോലെ എല്ലനെ എടുത്ത് എറിഞ്ഞും മറ്റുള്ളവരെ തുരുതുരാ പഞ്ച് ചെയ്തും കിക്ക് ചെയ്തും മ്മള് സീന്‍ കസറുന്നു.അവളുടെ ഹൃദയമിടിപ്പിന്റെ 'ലബ് ഡബ്' സൗണ്ട് നാസിക് ഡോലുപോലെ കേട്ടുകൊണ്ടാണ് ഇടി.

ആദ്യത്തെ പരിഭ്രമം ഒതുങ്ങിയപ്പോള്‍ അവള്‍ ഹാന്റ് ബാഗില്‍ നിന്ന് ഫോണെടുത്തു.പോലീസിനെയോ മറ്റോ വിളിച്ച് കുളമാക്കാനാവും.

"ബസന്തീ..അല്ല മേഴ്സീ..ഇന്‍ കുത്തോം കെ സാമ്നേ ഫോണ്‍ മത് ഉഠ്നാ"

"അതെന്നാ ചേട്ടായീ??!!"

"തട്ടിപ്പറിച്ചോണ്ട് ഓടും.അതാ!"പാവം വിശ്വസിച്ച് ഫോണ്‍ തിരിച്ചു ബാഗില്‍ നിക്ഷേപിച്ചു.

എന്തായാലും അവളുടെ പ്രതികരണത്തില്‍ നിന്ന് സംഗതി വന്‍ വിജയം.

കാശു മുതലായി.ഹായ് ഹായ്!!

പെട്ടെന്നാണ് ഒരു ബലീറോ ജീപ്പ് സീനിലേയ്ക്ക് പാഞ്ഞുവന്നു സഡന്‍ ബ്രേക്കിട്ട് നിന്നത്.

പോലീസ്!!ട്വിസ്റ്റാകുമല്ലോ!?

"എന്നാടാ നടുറോട്ടില് അഭ്യാസം?"

"ഹം ഈ സേട്ടനോട് CAA,NRC നല്ലതാന്ന് പരഞ്ഞതിന് സേട്ടന്‍ മാരാ ഷാറേ..ബഹുത് മാരാ...യേ ദേഖോ ഖൂന്‍..ശോര.."ഭായിമാര്‍ നാത്തൂന്‍ മാരായി മാറി.

എന്നിട്ടെന്താ!?RAW യുടെ കേസ് വരെ ഉണ്ടെന്നാണ് കേട്ടത്. 

ഭായിമാരെ തെറ്റു പറയാനാവില്ല.എന്തെങ്കിലും പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നതായി അഭിനയിക്കുക എന്നതാണല്ലോ കരാര്‍.

No comments:

Post a Comment