"ചേട്ടായീ"കസിന്‍ ഭവ്യതയോടെ വിളിച്ചു.
"എന്നാടാ?"നമ്മക്ക് മയപ്പെട്ടു നില്‍ക്കാന്‍ സമയമില്ല.സാമാന്യം വലിയ ഒരു വര്‍ക്ക് വരുന്നുണ്ട്.
"ഞാനത്യാവശ്യമെല്ലാം പഠിച്ചല്ലോ...പഠിച്ചില്ലേ..പഠിച്ചോ.."ലവന്‍ ശബ്ദം താഴ്ത്തി ചിണുങ്ങുകയാണ്.
"പഠിച്ചോന്നറിയാന്‍ ഞാന്‍ പരീക്ഷയൊന്നും ഇട്ടില്ലല്ലോടാ!"
"ചേട്ടായീ!അതല്ല.അടുത്ത വര്‍ക്ക് ഞാന്‍ ചെയ്തോട്ടെ!?"അപ്പോള്‍ അതാണ് കാര്യം.
"അത് ശരിയാവുമോ?അവര് പോഷ് പാര്‍ട്ടീസാടാ.എത്ര കഷ്ടപ്പെട്ടിട്ടാെന്നോ വര്‍ക്ക് കിട്ടിയത്.പേമെന്റ് തലവേദനയില്ലാത്തവരുടെ വര്‍ക്കെടുക്കാന്‍ നൂറായിരം പേര് ഓടി നടക്കുവാന്ന് നിനക്കുമറിയാല്ലോ?"
"ചേട്ടായീ!ഞാനെത്ര കാലമായിങ്ങനെ?കൂട്ടുകാര് 'നീ കാമറയില്‍ ഇതുവരെ തൊട്ടിട്ടുണ്ടോ' എന്നൊക്കെ വരെ ചോദിക്കാന്‍ തുടങ്ങി!"അവന്‍ വാദപ്രതിവാദത്തിനൊരുങ്ങി തന്നെയാണ്.
"എടാ മോനേ,ഇപ്പഴത്തെ വെഡിങ്ങ് ഫോട്ടോഗ്രഫി എന്നു പറഞ്ഞാല്‍ അത് എക്സലന്‍സിലേയ്ക്കുള്ള ഒരു ചവിട്ടുപടിയാണ്.സിനിമയിലെ കലാസംവിധായകരെക്കാളും മെച്ചമായിട്ട് വര്‍ക്കെടുത്ത് ചെയ്യാനൊക്കെ നമുക്ക് കഴിയുന്നുണ്ട്.നമ്മുടെ ടാലന്റ് ലോകമറിഞ്ഞ് നമ്മളെ സിനിമയിലേയ്ക്ക് വിളിക്കുന്നതും ഹോളിവുഡ് ലെവലുവരെയൊക്കെ വളരുന്നതും ഓസ്കാറവാര്‍ഡു കിട്ടുന്നതുമൊക്കെ സ്വപ്നം കണ്ടുകൂടിയാണ് ഓരോ ദിവസവും കാമറയെടുക്കുന്നത്.മനസ്സിലായോ?കുഞ്ഞുകളിയല്ല!"
"നമ്മടെ വീട്ടുപേര് സെയിമല്ലേ?ഒരു വീട്ടിലേയ്ക്ക് രണ്ട് ഓസ്കാറു കിട്ടിയാലെന്താ കുഴപ്പം?"ചുറ്റിയ പാമ്പ് വിഷമിറക്കിയേ പോകൂ.
"ഓഹോ.....ഉംംംംം...എന്തായാലും ഇതുവരെ സ്വന്തമായി ഒരു വര്‍ക്കും ചെയ്യാത്ത നിന്നെ ഇതുപോലൊരു പ്രെസ്റ്റീജിയസ് സംഭവം കണ്ണടച്ച് ഏല്‍പ്പിക്കാന്‍ പറ്റില്ല.
വര്‍ക്കിന്റെ ഒരു ഭാഗം വേണമെങ്കില്‍ ചെയ്തോ!അങ്ങനെ പടിപടിയായി മതി.ചെയ്തോ എന്നു പറഞ്ഞാല്‍ കംപ്ളീറ്റ് ഫ്രീഡം എന്നല്ല.എന്നോട് കോഡിനേറ്റ് ചെയ്തു മാത്രം!"
"മതി.നമ്മളിത് തകര്‍ക്കും!"ആയിരം പൂര്‍ണ്ണചന്ദ്രന്‍മാര്‍ ആ മുഖത്തു വിരിഞ്ഞു.അതിന്റെ ഒരു ഫോട്ടോയെടുക്കാന്‍ എന്റെയുള്ളിലെ ഫോട്ടോഗ്രാഫര്‍ ഒരുനിമിഷം കൊതിച്ചുപോയി എന്നതാണ് സത്യം.
"ഫോട്ടോ ഞാനെടുക്കും!നിനക്കു ഒരു തീം ഉണ്ടാക്കി അത് സെറ്റപ്പു ചെയ്യാന്‍ പറ്റുമോ?സമയം കുറവാണ്.ഇന്നു വൈകുന്നേരത്തിനു മുന്‍പ് പറയണം.കലാസംവിധാനത്തിന്റെ ലെവല്‍ ജോലിയാണ്.പറ്റുമോ?"
"പറ്റും ചേട്ടായീ.ഇതൊക്കെ നമ്മള്‍ മനസ്സില്‍ വ്യക്തമായി പ്ളാന്‍ പണ്ടേ ചെയ്തുകഴിഞ്ഞ ജോലിയല്ലേ!?"അവന്റെ ആത്മവിശ്വാസത്തെ സൂക്ഷിക്കണം.എടുത്തുചാട്ടത്തിന്റെ ലൈനാണ്.
"എന്നാല്‍ പറ.കേക്കട്ടെ?"
"അതായത് ബ്രൈഡ് നല്ല കളറുള്ള ഒരു കുട്ടിയാണല്ലോ!നമ്മള്‍ വെള്ളച്ചാട്ടത്തിന്റെ സൈഡിലായി നല്ല സൂപ്പര് വൈറ്റ് നിറമുള്ള ഒരു ബാത്ത്ടബ് ഫിറ്റു ചെയ്യുന്നു.അതില്‍ നല്ല കട്ട ബ്ളാക് നിറമുള്ള വെള്ളം ഒഴിക്കുന്നു.കുട്ടിയെ അതിനുള്ളില്‍ കിടത്തുന്നു.ആദ്യം കുട്ടി മുഖം മാത്രം പുറത്തുകൊണ്ടുവരുന്നു.കറുത്ത വെള്ളത്തില്‍ വെളുത്ത മുഖം..കൂരിരുളില്‍ നിലാവുദിക്കും പോലെ..."
"നീ ടി.വി.യില്‍ സോപ്പിന്റെ പരസ്യം ഒന്നും കാണാറില്ലെന്നു മനസ്സിലായി.നല്ല ഫ്രഷ് തീം!"
"ചേട്ടായീ..ഏതു സോപ്പിന്റെ പരസ്യത്തിലാണ് ഈ കറുപ്പ് വെള്ള കളര്‍ കോമ്പിനേഷന്‍ വരുന്നത്.നല്ല പ്യുര്‍ ബ്ളാക്കില്‍ പ്യുര്‍ വൈറ്റ് മുഖം..ആഹാ..ഫോട്ടോ എടുത്തു നോക്കിക്കോ ചേട്ടായി!എന്നെ അപ്രീഷ്യേറ്റു ചെയ്തു മടുക്കും.ഷുവറാ!"
"ആ..ശരി.ശരി.അപ്പോ എല്ലാ സാധനങ്ങളും നിനക്ക് അറേഞ്ച് ചെയ്യാന്‍ പറ്റില്ലേ?ലിസ്റ്റുണ്ടാക്കുക..വാടകയ്ക്കോ വായ്പയോ ഒക്കെ സമയത്ത് എത്തിച്ച് അറേഞ്ചു ചെയ്യുക.അവരെ യാതൊരു കാരണവശ്ശാലും വെയ്റ്റു ചെയ്യിക്കാന്‍ പറ്റില്ല.പോഷ് ടീംസാണ്.പറഞ്ഞല്ലോ!ഒരുപാട് വര്‍ക്ക് ഇതിനെ ഫോളോ ചെയ്തു പ്രതീക്ഷിക്കുന്നുണ്ട്"
"അറേഞ്ചു ചെയ്യാലോ.അതിനെന്താ!?പക്ഷേ ചേട്ടായീ..എന്റേല് കാശൊന്നുമില്ല.ഇന്നാളത്തേത് വണ്ടീടെ ഇന്‍സ്റ്റാളുമെന്റടച്ചു."
"ആണോ?നന്നായി.കാശു വേണമല്ലേ..നോക്കട്ടെ..
(പേഴ്സിലൊന്നു പരതി)
ആ എന്റെ കൈയ്യിലും കാശില്ല. atm കാഡു തരാം.പിന്‍ പഴയതു തന്നെ.നോക്കീം കണ്ടും ചെലവാക്കുക."
"അതത്രേ ഒള്ളൂ ചേട്ടായീ."
"എന്നാല്‍ പറഞ്ഞപോലെ അടുത്ത ദിവസം വെള്ളച്ചാട്ടത്തിന്റവിടെ ഷൂട്ട്.എല്ലാം സെറ്റു ചെയ്തിട്ട് വിളിക്കണം.ഞാന്‍ വന്നു നോക്കീട്ടേ പാര്‍ട്ടിയെ വിളിക്കൂ!"
"ചേട്ടായി സര്‍പ്രൈസ്ഡാകും.ഷുവറാ.സെറ്റപ്പാക്കീട്ട് വിളിക്കാം."
സെറ്റപ്പാക്കി.വിളിച്ചു.കണ്ടു.പയ്യന് കഴിവുണ്ട്.ബാത്ത്ടബ്ബൊക്കെ വൃത്തിയായി ലൈറ്റിനനുസരിച്ച് പ്ളാനിങ്ങോടെ സെറ്റു ചെയ്തിട്ടുണ്ട്.
"ആ..വിചാരിച്ചത്ര മോശമല്ല.പാര്‍ട്ടിയെ വിളിച്ച് നമുക്ക് നോക്കിയാലോ?"
"അതിനെന്താ?അവര് വരുമ്പഴേക്കും ബാത്ത് ടബ്ബില്‍ കറുത്ത വെള്ളമൊഴിച്ച് റെഡിയാക്കി വെച്ചേക്കാം."
"പറഞ്ഞപോലെ കറുത്ത വെള്ളത്തിന്റെ കാര്യം ഞാന്‍ മറന്നേ പോയി.അതൂടി ചെയ്യണം കെട്ടോ!"
വധൂവരന്‍മാര്‍ വന്നു.കുടക്കീഴില്‍ ഇരുന്നു.
"സര്‍,മാം.എന്റെ കസിന്‍ നമ്മുടെ തീം എക്സ്പ്ളെയിന്‍ ചെയ്യും.നല്ല ടാലന്റുള്ള പയ്യനാ..കസിനായതുകൊണ്ട് പറഞ്ഞതല്ല."
"എ.കെ."വധൂവരന്‍മാര്‍ ok പറഞ്ഞു.കൂള്‍ ഡൂഡ്സ്!
"അതായത് ചേച്ചീ..ചേച്ചിക്കാണ് നമ്മുടെ ഷൂട്ടില്‍ ധാരാളം എഫര്‍ട്ടിടാനുള്ളത്.ചേട്ടന്‍ ചുമ്മാ നിന്നു തന്നാല്‍ മതി!"അവന്‍ പറഞ്ഞുതുടങ്ങി.എനിക്കെന്തോ ഒരു പന്തികേടുപോലെ.സര്‍,മാം എന്നൊക്കെ വിളിച്ച് സോപ്പിട്ടു വെച്ചവരെ ചേട്ടാ,ചേച്ചീ ന്നൊക്കെ വിളിച്ച്..
"ആണോ?കൂള്‍!"വരന് സമ്മതം.എനിക്കാശ്വാസം!കച്ചോടം പൂട്ടേണ്ടി വരില്ല.
"അതായത് നമ്മള്‍ വളരെ ആര്‍ട്ടിസ്റ്റിക്കായൊരു സംഗതിയാണ് സെറ്റ് ചെയ്തിരിക്കുന്നത്.ആ ബാത്ത് ടബ്ബും സെറ്റപ്പും കണ്ടില്ലേ?ചേച്ചിയെ ഞങ്ങളെടുത്ത് അതിനകത്തേക്കിടും.ഒരു രണ്ടു സെക്കന്റു കഴിയുമ്പോള്‍ ചേച്ചി അതില്‍ നിന്നും മുഖം മാത്രം പതുക്കെ പുറത്തേയ്ക്കു കൊണ്ടുവരണം.വളരെ പതുക്കെ..ഡെഡ് സ്ളോ..എന്നിട്ട് മെല്ലെ കണ്ണുതുറക്കണം.അതും സ്ളോ ആയി.ആറ്റിറ്റ്യൂഡോടെ.ചേച്ചീടെ കോംപ്ളക്ഷന്‍ വളരെ ഫെയറായതുകൊണ്ട് ബ്ളാക്കില്‍ പൊളിക്കും.പറഞ്ഞു ഞാനാ എക്സൈറ്റ്മെന്റു കളയുന്നില്ല.എന്നിട്ടു വളരെ ലാസ്യഭംഗിയില്‍ വലത്തു കൈ മുകളിലേയ്ക്ക് ഉയര്‍ത്തുന്നു.ചേട്ടന്‍ അതില്‍ മെല്ലെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നു.."
"ഈ ലാസ ബംഗി എന്നു പറഞ്ഞാല്‍ മീനിങ്ങെന്തുവാ?"
"അതേ മാം ഒരു ഫെമിനിന്‍ ടച്ചോടെ വലത്തു കൈ ഉയര്‍ത്തണമെന്ന്..അല്ലേടാ."ഇടപെട്ടു.ടെന്‍ഷന്‍ കൊണ്ടാണ്.
"അതെയതെ.ഈ തിരക്കുള്ള
ബസിന്റെ ഫുഡ്ബോഡില്‍ നില്‍ക്കുന്ന ചേച്ചിമാര്‍ നടുക്കു നില്‍ക്കുന്ന കണ്ടക്ടറോട് ടിക്കറ്റു വാങ്ങാന്‍ കാശു കൊടുക്കില്ലെ?ഏതാണ്ട് അതുപോലെ!"
"അയ്യോ..സോ സോറി ഗയസ്.നാനിവിടത്തെ ബസിലൊന്നും ട്രാവല്‍ ചെയ്തിട്ടില്ല.വേണേല്‍ യുട്യൂബില്‍ റെഫര്‍ ചെയ്യാം.നാനെന്തുവാ സെര്‍ച്ച് ചെയ്യണ്ടെ?"
"മാം അവന്റെ എക്സ്പ്ളനേഷന്‍ കേട്ട് കണ്‍ഫ്യൂസ്ഡായതാണ്.വലത്തു കൈ സ്ളോ ആയി ഫെമിനിന്‍ ടച്ചോടെ ലിഫ്റ്റു ചെയ്താല്‍ മതി.മാമിന് ഈസിയായിട്ട് ചെയ്യാന്‍ പറ്റുമെന്ന് ആളെ കണ്ടപ്പോഴെ മനസ്സിലായി.അപ്പോ ട്രയല്‍ നോക്കണോ?"
"നോക്കിയേക്കാം അല്ലേ?!"വധൂവരന്‍മാര്‍ ..
ഞാന്‍ കാമറ റെഡിയാക്കി.വധൂവരന്‍മാര്‍ നിലവിലുള്ള മേക്കപ്പും ഉടയാടകളില്‍ ഭൂരിഭാഗവും ഒഴിവാക്കി ഷൂട്ടിനു റെഡിയായി.
"എല്ലാരും റെഡിയല്ലേ?നല്ല വെതറുള്ള സമയമാണ്.യൂസ് ചെയ്യണം."
എല്ലാരും റെഡി.നാലു പേര്‍ കൂടി മാമിനെ കൈകളിലും കാലുകളിലും പിടിച്ച് ബാത്ത്ടബ്ബിലെ കട്ട ബ്ളാക്ക് നിറത്തിലേയ്ക്കു മുക്കി.
"ഇതെന്നാ..എന്റെ കൈയ്യേലിതിന്റെ തുളളി തെറിച്ചിട്ട് പോണില്ലല്ലോ!"മാമിനെ ടബ്ബില്‍ സ്ഥാപിച്ച ഒരാള്‍ അല്‍പ്പമുറക്കെ ആശ്ചര്യപ്പെട്ടു.
എന്റെ ആറാമിന്ദ്രിയത്തില്‍ പടപടാ അപകടമണി മുഴങ്ങി!!
സെക്കന്റുകള്‍ ഒരു പാടു കഴിഞ്ഞു പോയി!!
നിലാവു പോലുള്ള മുഖം ഉദിക്കുന്നില്ല!!
ഒരു കുമിള മാക്കാച്ചിത്തവളയെപ്പോലെ ബ്ളാക്ക് വെള്ളത്തിന്റെ ഉപരിതലത്തില്‍ വന്ന് ചത്താലും പൊട്ടില്ല എന്നു വാശിപിടിച്ച് നിന്നു!!
"ആരേലുമാ പെങ്കൊച്ചിനെ വലിച്ചെഴുന്നേപ്പിക്കെടാ..മിഴിച്ചു നിക്കാതെ."ഞാന്‍ കാമറക്ക് പിറകില്‍ നിന്നലറി!!
പിടിച്ചെഴുന്നേല്‍പ്പിച്ചു.
കണ്ണേതാ മൂക്കെതാ എന്നു തിരിച്ചറിയാനാവുന്നില്ല!!
വെള്ളച്ചാട്ടത്തിന്റെ താഴെ നിറുത്തി മൂക്ക് കണ്ടുപിടിച്ച് അതിന്റെ അടഞ്ഞുപോയ വഴി താത്കാലികമായി തുറന്നു!!
ആമാശയത്തിലും സ്വാസകോസത്തിലും പോയ കരി ഓയില്‍ റിമൂവ് ചെയ്യാന്‍ ഡോക്ടേഴ്സിനെ കൂടാതെ എണ്ണക്കിണറില്‍ എഞ്ചിനീയറായ അവളുടെ ഡാഡും മൂന്നുനാലു അസിസ്റ്റന്റു മാരും അബുദാബിയില്‍ നിന്ന് വരേണ്ടി വന്നു!!
ഇതിനെല്ലാമിടയിലെപ്പോഴോ കലാസംവിധായകന്‍ കസിന്‍ പറഞ്ഞു."നല്ല പ്യൂര്‍ ബ്ളാക്കിന് ആ ഒരു സംഭവമേ കിട്ടിയൊള്ളൂ.ഞാനെന്നാ ചെയ്യാനാ?ടെക്നിക്കല്‍
പെര്‍ഫെക്ഷനുവേണ്ടിയല്ലേ?"