കട്ടിയായ കോടയില്ലെങ്കിലും തണുപ്പിന്റെ ചുളുചുളുപ്പന്‍ കാറ്റുള്ള പ്രഭാതമാണ്.ഉത്തരവാദിത്വമുള്ളൊരു അള്‍ത്താരബാലനെന്ന നിലയില്‍ ആറേകാലിന്റെ കുര്‍ബാനക്ക് പത്തുമിനുട്ടു മുന്‍പേ പള്ളിയിലെത്തണം.കാടും പടലും നിറഞ്ഞ വിജനമായതെങ്കിലും
കണ്ണടച്ചും വേണമെങ്കില്‍ നടക്കാവുന്നത്ര ചിരപരിതമായ വഴിയിലൂടെ പ്രകൃതിയൊരുക്കിയ കാഴ്ചകളൊക്കെ കണ്ട് സാമാന്യം വേഗത്തിലാണ് നടപ്പ്.
പടിഞ്ഞാറേ ചക്രവാളത്തിലതാ ചുവന്നു തിളങ്ങുന്ന ഒരു പൊട്ട്.പൊട്ടു വളര്‍ന്ന് വിചിത്രരൂപമാകാന്‍ അധികം സമയമെടുത്തില്ല.ഐഡന്റിഫൈ ചെയ്യാനാവാത്തതിനാല്‍ സംഗതി അണ്‍ഐഡന്റിഫൈഡ് ഫോറിന്‍ ഒബ്ജക്ട് തന്നെ.നല്ല ശാസ്ത്രബോധമുള്ളതുകൊണ്ട് പെട്ടെന്ന് കാര്യം മനസ്സിലായി.
മനസ്സിലാക്കലിന്റെ പ്രക്രിയ തീരുന്നതിന് മില്ലീസെക്കന്റുകള്‍ക്കപ്പുറം ആ ബൃഹുത്തായ പേടകത്തിന്റെ അപൂര്‍വ്വവെളിച്ചം എന്നെ പൊതിഞ്ഞു!!നിറമെന്തെന്ന് മനസ്സിലാകാത്ത ആ വെളിച്ചത്തില്‍ ചലനമറ്റ് മെസ്മറൈസ്ഡായി ഞാനും!
പ്രതീക്ഷിച്ചതുപോലെ തന്നെ നൊടിയിടയില്‍ ആ അഭൗമപ്രകാശത്തിന്റെ അജ്ഞാതസംവിധാനത്തിലൂടെ ഞാനാ പേടകത്തിനകത്തെത്തി.
വിവരിക്കാനാവാത്തവണ്ണം വിചിത്രമായ ജീവികളും സജ്ജീകരണങ്ങളും.പരീക്ഷണനിരീക്ഷണങ്ങളാണ് അവരുടെ ലക്ഷ്യമെന്നത് വ്യക്തം.
സ്കാനിങ്ങുകള്‍ പലതു കഴിഞ്ഞു.
അടുത്ത പരീക്ഷണ സെറ്റപ്പിലേയ്ക്കു കടക്കും മുന്‍പ് എന്റെ യൂറിനറി ബ്ളാഡര്‍ കാലിയാക്കേണ്ടതുണ്ട്.അതിനും അനുയോജ്യമായ യന്ത്രസംവിധാനങ്ങളുണ്ട്.
അതിശയം!ഞാന്‍ പോലുമറിയാതെ ബ്ളാഡര്‍ കാലിയായി.
അടുത്ത മെയിന്‍ പരീക്ഷണ സെറ്റപ്പില്‍ എന്റെ ശരീരത്തിന്റെ നിര്‍മ്മാണവസ്തുക്കള്‍ പരിശോധിക്കലാണ് നടന്നു കൊണ്ടിരിക്കുന്നത്.ചെറിയ തട്ടലുകളും തടവലുകളും എനിക്ക് അനുഭവഭേദ്യമാവുന്നുണ്ട്.
പെട്ടെന്നാണ്,പൃഷ്ഠഭാഗത്തിന് താഴെയായി നാട്ടു ഭാഷയില്‍ 'അകംതുട' എന്നു വിളിക്കുന്നിടത്ത് ശക്തിയേറിയ ഒരു താഢനമേറ്റത്.ശക്തിയുള്ള എന്തോ ലോഹഭാഗം കൊണ്ടാണ് താഢനം.അതാ വീണ്ടും..ലോഹമല്ല.വലിയ തഴമ്പില്ലാത്ത കൈപ്പടമാണ്.
"മുള്ളീട്ട് കെടന്നൊറങ്ങാന്‍ ഡെയ്ലി പറഞ്ഞോര്‍മ്മിപ്പിക്കാന്‍ ഇള്ളക്കൊച്ചൊന്നുമല്ലല്ലോ!നേരേ ബെഡ്ഷീറ്റും പൊതപ്പുമെടുത്ത് തോട്ടിലേയ്ക്ക് വിട്ടോ.ബെഡിന്റെ മണം പോകാനിനി എത്ര കാലമെടുക്കുമെന്ന് തമ്പുരാനറിയാം!"
"ബെഡ് വെറ്റിങ്ങ് സൈക്കളോജിക്കലായ പ്രശ്നങ്ങള്‍ക്കൊണ്ടാണെന്ന് ഞാനീയടുത്ത് വായിച്ചമ്മേ!ചേട്ടനെയേതെങ്കിലും നല്ല സൈക്ക്യാട്രിസ്റ്റിനെ കാണിച്ചാലോ!"പെങ്ങളുടെ വക.
"ആയുര്‍വേദത്തില്‍ നല്ല ചൂരല്‍ക്കഷായമുണ്ട്!"അമ്മയുടെ ചികിത്സാവിധി.
എന്നാലും ഇത്ര ഭാവനാസമ്പൂര്‍ണ്ണമായി സ്വപ്നത്തില്‍ കഥമെനഞ്ഞ് കിടക്ക നനയ്ക്കാനെങ്ങിനെ സാധിക്കുന്നു എന്നതായിരുന്നു തുണികളും പേറി തോടിന്റെ ആളൊഴിഞ്ഞ കടവിലേയ്ക്കു ഒളിച്ചും പാത്തും നടക്കുമ്പോഴാകെ മനസ്സിനെ ഭരിച്ച ചിന്ത.
No comments:
Post a Comment