കടല്‍ക്കരയിലാണ് ഞാനവനെ കാലങ്ങള്‍ക്കുശേഷം കണ്ടത്.തിരിച്ചറിയാന്‍ നന്നേ പാടുപെട്ടു.സമൃദ്ധമായുണ്ടായിരുന്ന താടി മീശകളിലൊക്കേ വെള്ളിനിറത്തിന്റെ കടന്നുകയറ്റം.മുഖമാകെ കരുവാളിച്ചിരിക്കുന്നു.ഗൂഢവും ഹൃദ്യവുമായ ആ പഴയ ചിരിക്കു മാത്രം വലിയ മാറ്റമില്ല.അതിലാണ് ആളെ മനസ്സിലായതും.
കടപ്പുറത്തെ തിരക്കും അഴുക്കും കണ്ട് ഇറങ്ങാന്‍ മടിച്ച് വണ്ടിയിലിരുന്നപ്പോഴാണ് തെല്ലു ദൂരെ കപ്പലണ്ടിക്കാരന്‍ കണ്ണില്‍പ്പെട്ടത്.കൈകാട്ടി വിളിച്ചു വരുത്തി.ഭംഗിയായി പൊതിഞ്ഞ പാക്കറ്റു വാങ്ങി കാശുകൊടുക്കാനായി മുഖമുയര്‍ത്തിയപ്പോഴാണ് ആ ചിരിയും ചിരിയുടെ ട്രേഡ് മാര്‍ക്ക് ഉടമസ്ഥനേയും കണ്ടത്.അമ്പരന്നു പോയി.
"എടാ നീ!"
"അതേ.ഞാന്‍"തറുതല മറുപടി.
അവനെന്നെ നേരത്തേ മനസ്സിലായിരിക്കണം.ഉറപ്പാണ്.പക്ഷേ അറിഞ്ഞ ഭാവം നടിച്ചില്ല.അതാണ് ജനുസ്സ്.അത് അങ്ങിനെയൊക്കെയാണെന്ന് എനിക്കും അറിയാവുന്ന കാര്യമായതിനാല്‍ അതിനെക്കുറിച്ച് പിന്നീട് സംസാരിച്ചില്ല.
"വിപ്ളവകാരിയെന്താണ് കപ്പലണ്ടിയുമായി കാറിനടുത്തേയ്ക്കൊക്കെ?"അമ്പരപ്പിന്റെ
മഞ്ഞുരുകാന്‍ ഒരു തമാശയടിച്ചു.
"വിപ്ളവം കലത്തിലിട്ടിട്ട് പഴയപോലെ കഞ്ഞിയാവുന്നില്ലല്ലോ.അതാണ്.ഇന്നിന്റെ തിരക്കുകാര്‍ കപ്പലണ്ടി തൊലി കളഞ്ഞ് ഗ്രൈന്ററിലരച്ച് ലായനിയാക്കി കുത്തിവെപ്പായി കിട്ടുമോ എന്നന്വേഷിക്കാറുണ്ട്.വണ്ടിയുടെ അരികില്‍ സേവനമെത്തിയില്ലെങ്കില്‍ അവര്‍ക്കല്ല,ഈയു്ള്ളവനല്ലേ കഷ്ടനഷ്ടങ്ങള്‍"
"തന്റെ ഭാഷയൊന്നും കൈമോശം വന്നിട്ടില്ലല്ലോ!എഴുതാറില്ലേ?പഴയ കൃതികളെല്ലാം ഇപ്പോളുമെന്റെ കൈയ്യിലുണ്ട്"
"എഴുത്തിന്റെ ലോകത്തും കപ്പലണ്ടി ഇന്‍ജക്ഷന്‍ കസ്റ്റമേഴ്സ് തന്നെയാണ്.പരമയാഥാര്‍ത്ഥ്യങ്ങളായ
ആകസ്മികതകളും വേദനകളും ആര്‍ക്കും വേണ്ട.കുറേ നിറം കലര്‍ത്തിയ നുണകളും മോട്ടിവേഷന്‍ ഭ്രമകല്‍പ്പനകളും നിറമുള്ള പുറംചട്ടകളും എഴുത്തുകാരുടെ കച്ചവടതന്ത്രങ്ങളും മാത്രമേ ഞാന്‍ കാണുന്നുള്ളൂ.മടുത്തു.പേന അടച്ചു."
എന്തു പറയണം,എങ്ങിനെ പറയണം എന്നറിയാതെ ഞാനുമൊരു നിമിഷം മൗനം ഭജിച്ചു.
"എടോ,പൈങ്കിളി കഥകളും നിറം കലര്‍ത്തിയ നുണകളും മാത്രം രുചിക്കുന്ന ഒരു വിഭാഗം അന്നും ഇന്നും എന്നും ഉള്ളതല്ലേ?!തന്റെ കണ്ണില്‍ അവര്‍ മാത്രമേ പെടുന്നുള്ളോ?"പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഒരല്‍പ്പം മൂര്‍ച്ച കൂടിയെന്ന് മനസ്സിലായത്.അവന്റെ ചിരി നിന്നു.മുഖം തിരിഞ്ഞു.
"കച്ചവടം നടക്കുന്ന തിരക്കിന്റെ സമയമാണ്"എന്നൊരു പരുക്കന്‍ ഒപചാരവാക്കിന്റെ സൗമനസ്യംകാട്ടി അവനാള്‍ക്കൂട്ടത്തിലലിഞ്ഞു.
No comments:
Post a Comment