മിഠായികള്‍ എപ്പോഴും മധുരമാവണമെന്നില്ലല്ലോ!അതിന് കുശുമ്പിന്റെ നീറ്റലും പുകച്ചിലുമൊക്കെ വമിപ്പിക്കാനും ശേഷിയുണ്ട്.
നമുക്കെല്ലാവര്‍ക്കും കാണുമല്ലോ അടിക്കടി കാണാനും ഒത്ത് സമയം ചിലവഴിക്കാനും ഒരുപാട് ഇഷ്ടമുള്ള സ്വന്തക്കാരും അവരുടെ കുടുംബവും.നമുക്കും കൂടി ഇഷ്ടമുളള എന്തെങ്കിലും ചെറിയ വിഭവങ്ങളുമായി അവിടെ ചെന്ന് അതൊക്കെ പങ്കുവെച്ച് അവരുടെ സന്തോഷത്തിലിങ്ങനെ അലിഞ്ഞില്ലാതാകാന്‍ എന്താ രസം!കടലമിഠായി അത്തരത്തില്‍ കുപ്രസിദ്ധമായ വിഭവമാണ്.കടലമിഠായി ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോയെന്നറിയില്ല!
കുപ്രസിദ്ധ സാധനത്തിന്റെ അഞ്ചാറ് കഷണങ്ങള്‍ കേരള കൗമുദിയുടെ ബ്ളാക്ക് ആന്റ് വൈറ്റ് ആശംസാപത്രത്തില്‍ പൊതിഞ്ഞ് ചാക്കുനൂലുകൊണ്ട് റിബണും കെട്ടി അങ്ങിനെ ആടിപ്പാടി നടന്നു ചെന്ന ഒരു ദിവസം.ഇഷ്ടവീട്ടിലെ കുട്ടികളുടെ കണ്ണുകള്‍ പൊതിയില്‍ കൊളുത്തി വലിക്കാനാരംഭിച്ചത് പൊടുന്നനേ ഫീലു ചെയ്തു തുടങ്ങി.
എന്നാലും....എല്ലാത്തിനും അതിന്റേതായൊരു സമയം ഉണ്ടല്ലോ!
'ആ സമയത്തി'നായുള്ള കാത്തിരിപ്പിനും കുശലാന്വേഷണങ്ങള്‍ക്കുമിടയിലാണ് ഇതാ രസംകൊല്ലിയെന്ന് മുഖത്ത് എഴുതിവെച്ച ഒരുത്തന്‍ കാറുമോടിച്ച് കയറി വന്നത്.
കടലമിഠായിയുടെ ചെറിയ പൊതിയിലെ ചൂണ്ടക്കൊളുത്തുകള്‍ പെട്ടെന്ന് അയഞ്ഞ് അങ്ങേരുടെ കൈയ്യിലെ വലിയ പ്ളാസ്റ്റിക് കവറിലേയ്ക്ക് ഉടക്കുന്നത് അറിവായി.
മൈക്രോണ്‍ കുറഞ്ഞ നിരോധിച്ച നിയമവിരുദ്ധ പ്ളാസ്റ്റിക് കവറാവും..കണ്ടാലേ അറിയാം!
എന്നിട്ടോ,യാതൊരു ഔചിത്യവുമില്ലാതെ നിയമവിരുദ്ധ കൂട്ടിലെ കുറേയധികം ഹല്‍വയെടുത്ത്
"വീട്ടിലമ്മയ്ക്കേറ്റവുമിഷ്ടപ്പെട്ട സാധമമാണ്.ഈത്തപ്പഴത്തിന്റെ അലുവ." എന്നും പറഞ്ഞ് വിതരണം ചെയ്യാനാരംഭിച്ചു.
"ഈന്തപ്പഴ അലുവായ്ക്കൊക്കെ നല്ല വെലയായി കാണും!എനിക്കറിയാം!ഇതൊന്നും വേണ്ടാരുന്നല്ലോ!'എന്ന് നമ്മുടെ പ്രിയജനത്തിന്റെ കമന്റും പിറകെ കത്തിയെടുക്കാന്‍ പിള്ളേരുടെ ഓട്ടവുമൊക്കെയായപ്പോഴേയ്ക്ക് കടലമിഠായിക്ക് അവഗണനയുടെ കയ്പുള്ള കാറ്റടിച്ചു തുടങ്ങി.
'ഓ!ഒരു ബല്യ ഊത്തപ്പഴം!ഇവിടെ കില്ലപ്പട്ടിയെ മച്ചിങ്ങ പെറുക്കി എറിയും പോലെ കാട്ടറബികള് കില്ല ഒട്ടകങ്ങളെ എറിഞ്ഞോടിക്കാനുപയോഗിക്കുന്ന സാധനമാണീ ഈന്തപ്പഴമെന്ന് ആര്‍ക്കാണറിയാത്തത്!'ഇവ്വിധ ചിന്തകളോടെ മനസ്സിന്റെ ചിറി കൊണ്ട് ഞാനാ ഈത്തപ്പഴ അലുവയെയും അതു കൊണ്ടുവന്ന അസ്മാദിയേയും കോക്രി കാട്ടി.
സത്യം പറയണമല്ലോ നിര്‍ബന്ധത്തിനു വശംവദനായി ചെറിയോരു കഷണം ഹല്‍വ തിന്നപ്പോള്‍ അപാര സ്വാദ്.മനസ്സിലാണെങ്കിലും സമ്മതിക്കാതെ തരമില്ല.
'എന്നാലുമീ വീട്ടുകാരെന്തു പോങ്ങന്‍മാരാണ്?രണ്ടാഴ്ചയിലൊന്നു കിറുകൃത്യമായെത്തുന്ന കടലമിഠായിയെ അവഗണിച്ച് പ്രപഞ്ചാരംഭം മുതല്‍ ഇന്നോളം ആദ്യമായും അവസാനമായും വന്ന ഈന്തപ്പഴ ഹല്‍വയുടെ പിറകെ പോയ ബുദ്ധിശൂന്യര്'ചിന്തകള്‍ കാടുകയറുമ്പോള്‍ കുശുമ്പിനാലുരുകി തുടങ്ങിയ കടലമിഠായി ലക്ഷ്യമാക്കി ഒരു ബറ്റാലിയന്‍ ഉറുമ്പുകള്‍ മാര്‍ച്ചു ചെയ്തു തുടങ്ങിയിരുന്നു.
No comments:
Post a Comment