Sunday, 1 September 2019

ബീയിങ്ങ് പര്‍ദേസി

അതൊരു ശപ്തമായ ഭാഗ്യമാണ്.ശാപമോ ഭാഗ്യമോ എന്നറിയാത്ത അവസ്ഥ.

ശാപം,ഭാഗ്യം എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ മനസ്സിലാക്കാനെളുപ്പത്തിനായി പറഞ്ഞു എന്നേ ഉള്ളൂ.സംഭവം പരദേശി മുഖഛായയാണ്.

സൗത്തിന്ത്യയിലായിരിക്കുമ്പോള്‍ നോര്‍ത്തിന്ത്യക്കാരനാണോയെന്നും നോര്‍ത്തിലായിരിക്കുമ്പോള്‍ സൗത്തനാണോയെന്നും വെറുമിന്ത്യേല് നില്‍ക്കുമ്പോള്‍ മംഗോളിയനാണോയെന്നും മംഗോളിയേല്‍ ചെന്നാല്‍ ഇന്ത്യനാണോയെന്നുമൊക്കെയുള്ള സംശയങ്ങളെ നേരിടേണ്ടി വരുന്ന ഒരു സ്ഥിരം പരദേശിയുടെ വിശേഷങ്ങള്‍.

അങ്ങിനെയൊരിക്കല്‍
പാണ്ഡ്യരാജാക്കള്‍ കെട്ടിപ്പൊക്കിയെടുത്ത തമിഴ്ദേശത്തെ കുളിരാര്‍ന്നൊരു വിനോദസഞ്ചാരമേഘലയിലും പര്‍ദേശിയെത്തിപ്പെട്ടു.ചുരുങ്ങിയ ചിലവില്‍ തണുപ്പടിക്കാത്തൊരു ഡോര്‍മിറ്ററി റൂമുണ്ടെന്ന് ആഗോളവിവരസാങ്കേതികവലയിലൂടെ(ഇന്റര്‍നെറ്റെന്നു വിവക്ഷ)അറിയാനിടയായതിനാല്‍ അവിടം ലക്ഷ്യമാക്കി ആഞ്ഞാഞ്ഞ് നടന്നു...തെല്ലൊന്ന് താമസിച്ചാലും പേടിക്കേണ്ടതില്ല...നെറ്റ് വലയിലൂടെ തന്നെ കട്ടിലില്‍ സ്ഥാനം പിടിച്ചുവെന്ന ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ രശീത് കൈയ്യിലുണ്ട്.

അജ്ഞതയുടെ ഇരുള്‍ മൂടിയ വിജനവീഥികളിലൂടെയുള്ള നടപ്പിനപ്പുറം കാണായ ഹോസ്റ്റലില്‍ കാര്യക്കാരന്റെ മുറി ഒഴിഞ്ഞു കിടക്കുന്നു.മാതൃഭാഷ തമിഴോ മലയാളമോ എന്നു വ്യക്തമാവാത്ത ഒരു വലിയ കുടുംബം മാത്രം ഫയര്‍ പ്ളേസിനരികെ കാഴ്ചയും കണ്ട് നിശബ്ദരായിരിപ്പുണ്ടായിരുന്നു.നാലഞ്ചു മിനുട്ടുകള്‍ക്കപ്പുറവും കാര്യക്കാരന്‍ വരായ്കയാല്‍ നിശബ്ദകുടുംബത്തോടു തന്നെ ആളെക്കുറിച്ച് പരദേശി ഇംഗ്ളീഷില്‍ വിവരമന്വേഷിച്ചു.ഇപ്പോള്‍ വരുമെന്ന അര്‍ത്ഥത്തില്‍ മറുപടിയും കിട്ടി.

അല്‍പ്പസമയത്തിനകം ആളെത്തി.നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.കുളിയും ഭക്ഷണവും കഴിഞ്ഞ് പെട്ടെന്നുറങ്ങാന്‍ കിടന്നു.ഫോണിന് മരുന്നിനുപോലും പരിധി (റേഞ്ച്) ഉണ്ടായിരുന്നില്ല എന്നതാണ് ഈ അച്ചടക്കപൂര്‍ണ്ണമായ ഉറക്കത്തിനു കാരണം എന്നത് പ്രസ്താവ്യമാണ്.ഫോണില്‍ സംസാരിക്കാത്തതിനാല്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന തമിഴ് മലയാള കുടുംബത്തിന് ഈയുള്ളവന്റെ മാതൃഭാഷയെക്കുറിച്ച് വലിയ ധാരണ കിട്ടിയില്ലെന്ന് മനസ്സിലായി.കുറേനേരം കുഞ്ഞുകുട്ടിപരാധീനങ്ങളുള്ള അവരുടെ സംസാരത്തിനു മാന്യത വിടാതെ ചെവിയോര്‍ത്ത് അങ്ങനങ്ങു ഉറക്കത്തെ പുല്‍കി.

വിശാലമായ കാന്‍വാസിലെ സൂര്യോദയവും പശ്ചാത്തലത്തിലെ മാമലകളും മരങ്ങളും കിളികളും മഞ്ഞുമൊക്കെ ഒട്ടും പാഴാക്കാതെ മുഴുവന്‍ കണ്ണുകൊണ്ട് ഭുജിക്കണമെന്ന അതിയായ ആഗ്രഹം പതിവുപോലെ അലാം ക്ളോക്കുപോലെ പര്‍ദേശിയെ അതിരാവിലെ വിളിച്ചുണര്‍ത്തി.മുറി ഹിന്ദി പറഞ്ഞു സോപ്പിട്ട വടക്കേയിന്ത്യക്കാരന്‍ റൂംബോയിയെക്കൊണ്ട് കിച്ചണ്‍ സമയത്തിനു മുന്‍പേ ഒരു കാപ്പിയും തരപ്പെടുത്തി ചാരുബെഞ്ചില്‍ സ്ഥാനം പിടിച്ചു.ഒട്ടും നിരാശപ്പെടേണ്ടി വന്നില്ല.കണ്ണു നിറയെ പ്രകൃതിയൊരുക്കിയ വര്‍ണ്ണക്കാഴ്ചകള്‍.

പിന്നേയും കുറേ നേരം വെളുത്തപ്പോള്‍ തമിഴ് മലയാളം ഫാമിലിയും മെല്ലെ കാഴ്ച കാണാനിറങ്ങിത്തുടങ്ങി.സംസാരത്തില്‍ നിന്ന് കുളിച്ചൊരുങ്ങി പെട്ടെന്ന് ചെക്കൗട്ട് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് മനസ്സിലായി.

അല്‍പ്പം സീനിയറായ ചേച്ചിമാര്‍ നമ്മുടെ മോന്തായം പകല്‍വെളിച്ചത്തില്‍ കണ്ട് തിരിച്ചറിയാന്‍ ഒരു ശ്രമം കൂടി നടത്തിയതായി തോന്നായ്കയില്ല.ഒരുങ്ങിക്കഴിഞ്ഞവര്‍ പതിയെ എനിക്കടുത്തുള്ള ചാരുബെഞ്ചുകളില്‍ വന്നിരുന്നു.

കൂട്ടത്തിലൊരു കാര്യക്കാരിയായ സീനയര്‍ ചേച്ചി-വല്ല്യോരു പൊട്ടും മഞ്ഞസാരിയും കമ്പിളി ഷാളുമൊക്കെയായി പഴേ സിനിമയിലെ ശ്രീവിദ്യയെ ഓര്‍മ്മിപ്പിക്കുന്ന ആള്‍-മറ്റുള്ളവരെ കുളിച്ചൊരുങ്ങാന്‍ മോട്ടിവേറ്റ് ചെയ്യാനാരംഭിച്ചു'ബാത്ത്റൂം രണ്ടെണ്ണം പുറത്തും ഉണ്ടല്ലോ.അതും യൂസ് ചെയ്യാം.പെട്ടെന്ന് കക്കൂസേ പോയി കുളിച്ചോ.ഈ തണുപ്പത്ത് എന്നാ കക്കൂസേ പോകാനാ അല്ലേ!ഒരു കണ്ടി പോകാനെടുത്ത പാട്!കുളീം രണ്ട് കപ്പു വെള്ളത്തില്‍ മതി.സോപ്പൊന്നും തേക്കണ്ട"ഇവിടൊരു പരദേശി മലയാളി ഇതെല്ലാം കേട്ട് ചിരിയടക്കി ബലംപിടിച്ച് തൊട്ടരികെ.എന്തെല്ലാം കഷ്ടപ്പാടുകളാണല്ലേ?!

No comments:

Post a Comment